കർക്കിടകം 1 ജൂലൈ 17ന് ..  അറിയാം രാമായണം പാരായണം ചെയ്യേണ്ട വിധികള്‍.

കർക്കിടകം 1 ജൂലൈ 17ന് .. അറിയാം രാമായണം പാരായണം ചെയ്യേണ്ട വിധികള്‍.

പരമപുണ്യകരമായ രാമായണം ആര്‍ക്കും എപ്പോഴും പാരായണം ചെയ്യാം. കര്‍ക്കിടക മാസത്തിലേ രാമായണം പാരായണം ചെയ്യാവൂ എന്നില്ല. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ എങ്കിലും രാമായണം പാരായണം ചെയ്യണം. ഭഗവാന്‍ ശ്രീരാമന്‍ കര്‍ക്കിടക ലഗ്നത്തില്‍ ആണ് ജാതനായത്. അതിവര്‍ഷത്താലും ദാരിദ്ര്യത്താലും പഞ്ഞ മാസം എന്ന് പേരുദോഷം കേട്ട കര്‍ക്കിടകമാസം ആയുര്‍വേദ പ്രതിരോധ ചികിത്സയ്ക്കും ആധ്യാത്മിക ജീവനത്തിനും ഏറ്റവും അനുയോജ്യം തന്നെ.കര്‍ക്കിടകത്തില്‍ സാധാരണയായി 30, 31 ദിവസങ്ങള്‍ ഉണ്ടാകും. വർഷം കർക്കിടകത്തിൽ 31 ദിവസങ്ങൾ ആണുള്ളത്. ഈ ദിവസങ്ങള്‍ കൊണ്ട് ഖണ്ഡശ നിത്യേന പാരായണം ചെയ്ത് അവസാന ദിവസം പട്ടാഭിഷേക ഭാഗം പാരായണം ചെയ്ത് അധ്യാത്മ രാമായണ പാരായണം പൂര്‍ത്തിയാക്കുന്നതാണ് മാസ പാരായണ വിധി.

പാരായണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


കീറിയതോ കേടുവന്നതോ അക്ഷരങ്ങള്‍ അവ്യക്തമായതോ ആയ രാമായണം പാരായണത്തിനായി ഉപയോഗിക്കരുത്. രാമായണം വെറും തറയില്‍ വയ്ക്കരുത് പുസ്തക പീഠത്തിലോ മറ്റോ വയ്ക്കുക.വിളക്ക് കത്തിച്ചു വച്ചു മാത്രം പാരായണം നടത്തുക.
നിലവിളക്കിനെക്കാള്‍ പൊക്കം കുറഞ്ഞ ആവണപ്പലകയിലോ ആസനങ്ങളിലോ ഇരുന്നു വേണം പാരായണം ചെയ്യാന്‍. വടക്ക് തിരിഞ്ഞിരുന്നു വായിക്കുന്നത് ഏറ്റവും ഉത്തമം.
രാമസീതാ ഹനുമാന്മാരുടെ ചിത്രമോ പട്ടാഭിഷേക ചിത്രമോ വിളക്കിന്‍ പിന്നില്‍ വയ്ക്കുന്നത് നല്ലത്.​ ​ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവർ ഉൾപ്പെട്ട പട്ടാഭിഷേക ചിത്രമാണ് പൂർണ്ണമായത്.

പാരായണത്തിനു മുന്‍പായി ഗണപതി, സരസ്വതി മുതലായ ദേവകളെയും തുഞ്ചത്ത് ആചാര്യനെയും സ്മരിക്കുക.

“സാനന്ദ രൂപം സകല പ്രബോധം

ആനന്ദ ദാനാമൃത പാരിജാതം

മാനുഷ്യ പത്മേഷു രവിസ്വരൂപം

പ്രണാമി തുഞ്ചത്തെഴുമാര്യ പാദം”

എന്ന ശ്ലോകം ആചാര്യ സ്മരണയ്ക്കായി ഉപയോഗിക്കാം.

ആദ്യ ദിവസം ബാലകാണ്ഡം മുതല്‍ പാരായണം ആരംഭിക്കുക. ശുഭപര്യവസായിയായ കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഭാഗത്ത് പാരായണം അവസാനിപ്പിക്കുക.നിത്യേന 15 മുതല്‍ 20 താളുകള്‍ വായിച്ചാല്‍ ആയാസം കൂടാതെ ഒരു മാസം കൊണ്ട് പാരായണം പൂര്‍ത്തിയാക്കാം.
ഒരു ദിനം മുടങ്ങിയാല്‍ അതും കൂടെ അടുത്ത ദിനം വായിക്കുക.

ഒരാള്‍ വായിക്കുമ്പോള്‍ കുടുംബത്തിലെ എല്ലാവരും വിശിഷ്യാ കുട്ടികളും കൂടി കേള്‍ക്കുന്നു എന്ന് ഉറപ്പാക്കുക. (ഭാര്യ ടെലി വിഷന്‍ കാണുകയും കുട്ടികള്‍ കമ്പ്യൂട്ടര്‍ ഗെയിം കളിക്കുകയും വായിക്കുന്ന ആള്‍ മാത്രം പൂജാമുറിയില്‍ പാരായണം നടത്തുകയും ചെയ്യുന്നത് അഭികാമ്യമല്ല.)


ഒരു ദിനം കൊണ്ട് വായിച്ചു പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ പോലും പ്രാത:സന്ധ്യയില്യം, മധ്യാഹ്ന സന്ധ്യയിലും, സായം സന്ധ്യയിലും പാരായണം ഒഴിവാക്കുന്നത് നല്ലത്. എവിടെയെല്ലാം രാമനാമ സങ്കീര്‍ത്തനം ഉണ്ടോ അവിടെയെല്ലാം ഹനുമാന്‍ സ്വാമിയുടെ സാന്നിധ്യം ഉണ്ടാകും.

“യത്ര യത്ര രഘുനാഥ കീര്‍ത്തനം
തത്ര തത്ര കൃതമസ്തകാന്ജലിം
ബാഷ്പവാരി പരിപൂര്‍ണ്ണ ലോചനം
മാരുതിം നമത: രാക്ഷസാന്തകം.”

അദ്ദേഹത്തിന് സന്ധ്യാവേളകളില്‍ തര്‍പ്പണം ചെയ്യാന്‍ സമയം അനുവദിക്കാന്‍ ആണ് സന്ധ്യാ വേളകളില്‍ പാരായണം ഒരു മുഹൂര്‍ത്ത നേരം എങ്കിലും നിര്‍ത്തുന്നത്. ഇത് ചില നാടുകളിൽ തുടർന്ന് വരുന്ന നാട്ടാചാരം മാത്രമാണ്. മധ്യ തിരുവിതാംകൂറിൽ പല ഇടങ്ങളിലും ഇപ്രകാരം ചെയ്തു വരാറുണ്ട്. ഇതിന് താന്ത്രികമായതോ ഗ്രന്ഥ പ്രസ്താവ്യമായതോ ആയ അടിത്തറകൾ ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. സന്ധ്യക്ക് കുളിയും ജപവും തേവാരവും ഒക്കെ പതിവുള്ളവർക്ക് അതിനു മുടക്കം വരേണ്ട എന്ന സദുദ്ദേശവും ഉണ്ടാകാം.

കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ചു വേണം പാരായണം നടത്താന്‍.


മാസപാരായണം നടത്തുന്നവര്‍ കഴിവതും സാത്വിക ഭക്ഷണം ശീലമാക്കുക.

ആരോഗ്യം അനുവദിക്കുന്നവർ ഒരു നേരം മാത്രം അരിയാഹാരം ഭക്ഷിച്ച് വ്രതം അനുഷ്ഠിക്കുന്നതും ഉത്തമം.

ഓരോ ദിവസത്തെയും പാരായണ ശേഷം ക്ഷമാപണ സ്തോത്രം ശ്രീരാമ മംഗള ശ്ലോകം എന്നിവ ജപിക്കുക.

ഓം കര ചരണ കൃതം വാക് കായ ജം കർമ്മജം വാ
ശ്രവണ നയന ജം വാ മാനസം വാ പരാധം
വിഹിത മഹിതം വാ സർവ മേതത് ക്ഷമ സ്വ
ശിവ ശിവ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ

മംഗളം രാമചന്ദ്രായ മഹനീയ ഗുണാബ്‌ധയേ ചക്രവർത്തി തനൂജായ സാർവ്വ ഭൗമായ മംഗളം

മംഗളം സത്യ വാചായ ധർമ്മ സംസ്ഥിതി ഹേതവേ സീതാ മനോഭി രാമായ സീതായ പതയേ നമ:

അവസാന ദിനം പട്ടാഭിഷേക പാരായണം പുഷ്പാലങ്കാരം, നിവേദ്യം, കര്‍പ്പൂരാരതി തുടങ്ങിയവയാല്‍ ചൈതന്യവത്താക്കുക.

ഇതൊന്നും സാധിക്കാതെ വന്നാല്‍ മാനസപൂജയാല്‍ മനസ്സില്‍ ഇപ്രകാരം ഉള്ള അന്തരീക്ഷം ഒരുക്കി ശ്രീരാമ ചന്ദ്ര സ്മരണയോടെ രാമായണം പാരായണം ​ചെയ്തു പൂർത്തിയാക്കുക.

Rituals Specials