ജനിച്ച ദിവസം അറിയാമോ? എങ്കിൽ  നിങ്ങളുടെ ഭാവി അറിയാം !…

ജനിച്ച ദിവസം അറിയാമോ? എങ്കിൽ നിങ്ങളുടെ ഭാവി അറിയാം !…

ജനിച്ച തീയതിയും മാസവും സമയവുമെല്ലാം ജ്യോതിഷ ശാസ്ത്രമനുസരിച്ച് പലരും തങ്ങളുടെ ഭാവി നിർണയിക്കുന്ന ഘടകങ്ങളായി കരുതാറുണ്ട്. വിവാഹം കഴിച്ച ദിവസവും പിന്നീടുള്ള ജീവിതത്തിൽ നിർണായക ഘടകമാണെന്ന് സംഖ്യാ ജ്യോതിഷവും പറയുന്നു എന്നാൽ ഇവ മാത്രമല്ല ജനിച്ച ദിവസങ്ങളും നമ്മുടെ ഭാവി ജീവിതത്തെ സ്വാധീനിക്കുന്നുവെന്നാണ് ചൈനീസ് ന്യുമറോളജി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതനുസരിച്ച് വിവാഹിതരോ അവിവാഹിതരോ എന്നില്ലാതെ തങ്ങളുടെ ഭാഗ്യ നിർഭാഗ്യങ്ങളുടെ നിലവാരം നോക്കാൻ നിങ്ങൾക്ക് സാധിക്കും. ജീവിത വിജയത്തിനും ജനിച്ച ദിവസങ്ങളുമായി ബന്ധമുണ്ടെന്നാണ് ഈ പഠനം പറയുന്നത്. ശാസ്ത്രീയ വിശദീകരണങ്ങളില്ലെങ്കിലും ഇതിൽ ചില സത്യമൊക്കെയുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. ഇതാ ഞായർ മുതൽ ശനി വരെ ജനന ദിവസങ്ങളും ഭാവി ജീവിതവും. ( ചൈനീസ് ന്യൂമെറോളജി പ്രകാരം)

ഞായര്‍

ഈ ദിവസം ജനിച്ചവർക്ക് 19-ാം വയസ്സിനു ശേഷം 9 വര്‍ഷത്തിലൊരിക്കല്‍ ഏറ്റവും നല്ലൊരു സമയമുണ്ടാവും. ഈ അവസരത്തിൽ സമ്പത്തും മറ്റ്‌ ഐശ്വര്യങ്ങളും ഇവരിൽ വന്നുചേരും. ഇതി ജീവിതത്തിൽ തുടർച്ചയായി സംഭവിക്കുമെന്നും പഠനം പറയുന്നു. തങ്ങളുടെ വാക്കിന്‌ വില കല്‍പ്പിക്കുന്നവരായിരിക്കും ഈ ദിവസക്കാര്‍. ബന്ധുക്കളുടേയും സ്വജനങ്ങളുടേയും കാര്യത്തില്‍ ഇവര്‍ക്ക് പ്രത്യേക സ്‌നേഹവും താൽപര്യവുമുണ്ടാകും. ഒരു കാര്യം തീരുമാനിച്ചുറച്ച് മുന്നിട്ടിറങ്ങിയാൽ അതില്‍ വിജയം കാണുക തന്നെ ചെയ്യും.

തിങ്കള്‍

തിങ്കളാഴ്‌ച ജനിച്ചവർ ജീവിതത്തില്‍ ഇരുപതു വയസ്സു കഴിഞ്ഞാൽ 9 വര്‍ഷത്തിലൊരിക്കല്‍ ഭാഗ്യത്തിനും വിജയത്തിനും നല്ലകാലത്തിനും സാക്ഷിയാകും. സാവധാനമേ ജീവിതത്തിന്‍റെ ഉന്നതിയിലെത്തുകയുള്ളൂ, അതിനിടെ ജീവിതത്തില്‍ ചില പ്രധാന സംഭവങ്ങള്‍ അരങ്ങേറും. ആദ്യം സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടാലും ചെയ്യുന്ന തൊഴിലിലും ഉദ്യോഗത്തിലും നല്ല ലാഭം കൈവരിക്കും. സുഖലോലുപരായ ഇത്തരക്കാര്‍ എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നവരായിരിക്കും. വലുപ്പ ചെറുപ്പമില്ലാതെ ചുറ്റും നടക്കുന്ന നന്മ തിന്മകളെയും ന്യായത്തെയും പഠിച്ച് അത്തരത്തിൽ മാത്രമേ ഇക്കൂട്ടര്‍ സംസാരിക്കുകയുള്ളൂ. 2, 7, 11, 16, 20, 25, 29 എന്നീ തീയതികളാണ് ഇവർക്ക് ഭാഗ്യം നൽകുക.

ചൊവ്വ

ഇക്കൂട്ടര്‍ക്ക് പതിനെട്ടു വയസ്സു മുതല്‍ ഒമ്പതു വര്‍ഷത്തിലൊരിക്കല്‍ മാറ്റം അനുഭവപ്പെടും. വിദ്യാഭ്യാസം കഴിയുമ്പോൾ മുതൽ ഇവർക്ക് ജീവിതത്തില്‍ ഉന്നതിയും സമ്പത്തും ഭാഗ്യകാലങ്ങളുമുണ്ടാവുകയും ചെയ്യും. ഇക്കൂട്ടര്‍ അൽപം കര്‍ശന സ്വഭാവക്കാരായിരിക്കും. 9, 18, 27 എന്നീ തീയതികളില്‍ അവ ആരംഭിച്ചെങ്കിൽ മാത്രമേ ചൊവ്വാഴ്‌ച ജനിച്ചവര്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയപ്രദമാകുകയുള്ളൂ. ഈ തീയതികള്‍ ബുധനാഴ്‌ചയാണെങ്കില്‍ അതിവിശിഷ്‌ടമാണെന്നും കാണുന്നു. ഈ ഭാഗ്യ തീയതികള്‍ ഗൃഹനിര്‍മ്മാണം, ഭൂമിവാങ്ങല്‍, പുതിയ തൊഴില്‍ തുടങ്ങാന്‍, പുതിയ സുഹൃത്തുക്കളെ കാണൽ, പുതിയ കരാറുകളില്‍ ഒപ്പിടൽ എന്നീ കാര്യങ്ങൾക്ക് ശുഭകരമായി കാണുന്നു.

ബുധന്‍

ഏതുകാര്യത്തില്‍ പ്രവേശിച്ചാലും ഇവർ വിജയം കൈവരിക്കും. ഇരുപത്തിമൂന്നു വയസ്സു മുതല്‍ 9 വര്‍ഷത്തിലൊരിക്കല്‍ നല്ല കാലഘട്ടമുണ്ടാകുമെന്നും കാണുന്നു. ഏതു പദവിയിലിരുന്നാലും ഉയരങ്ങളിലെത്തുമെന്നത് തീര്‍ച്ച. ഡോക്‌ടര്‍, എഞ്ചിനീയര്‍, ജഡ്‌ജിമാര്‍ എന്നീ പദവികൾ അലങ്കിരിക്കുന്ന മിക്കവരും ബുധനാഴ്‌ചക്കാരായിരിക്കുമെന്നും ശാസ്ത്രം പറയുന്നു. ഇവര്‍ സൂക്ഷ്‌മ ബുദ്ധിക്ക്‌ ഉടമകളാണ്. മറ്റുള്ളവരോട്‌ വാക്ചാതുര്യത്തോടെ സംസാരിച്ച്‌ കാര്യം നേടാനുള്ള സാമര്‍ത്ഥ്യവും ഇക്കൂട്ടരിൽ കാണുന്നു. 5, 10, 14, 23 എന്നീ തീയതികള്‍ ഇവര്‍ക്ക്‌ വിജയം പ്രദാനം ചെയ്യുന്നു.

വ്യാഴം

പതിനെട്ടു വയസ്സു മുതല്‍ മൂന്നുവര്‍ഷങ്ങളിലൊരിക്കല്‍ ജീവിതത്തില്‍ ഭാഗ്യകരമായ മാറ്റങ്ങള്‍ ഇവർക്കു പ്രതീക്ഷിക്കാം. മറ്റുള്ളവര്‍ വിശ്വാസവഞ്ചന കാട്ടിയാച്ചാലും അവരോട്‌ ശാന്തവും സ്‌നേഹപൂര്‍വ്വവുമുള്ള സമീപനം ഇവര്‍ക്ക് പ്രകടമാക്കാൻ സാധിക്കും അത് അവരെ നേര്‍വഴിക്ക്‌ കൊണ്ടുവരാന്‍ സഹായകമാകും. ക്ഷമാ ശീലരായിരിക്കും പൊതുവേ ഇവർ. ആവശ്യസമയത്ത് സുഹൃത്തുക്കൾക്ക് സഹായവും സാന്ത്വനവും നല്‍കാൻ ഇവര്‍ മടിക്കില്ല. എല്ലാവരേയും സ്‌നേഹിക്കയും ബഹുമാനിക്കയും ചെയ്യുന്ന ഇക്കൂട്ടര്‍ പിടിവാശിക്കാരായിരിക്കുമെന്നതേ ഒരു കുറവായി കരുതാനാകൂ. ഇക്കൂട്ടർ 3, 6, 9, 12, 15, 18, 21, 24, 27, 30 എന്നീ തീയതികളിലും വെള്ളിയാഴ്‌ചയും ഏറ്റെടുക്കുന്ന കാര്യം വിജയപ്രദമാകുമെന്നാണ് കാണുന്നത്.

വെള്ളി

ഇവര്‍ക്ക്‌ ഇരുപത്തിരണ്ടു വയസ്സുമുതല്‍ നാലുവര്‍ഷത്തിലൊരിക്കല്‍ ജീവിതത്തില്‍ ഭാഗ്യങ്ങൾ വന്നു ചേരും. തത്വപരമായേ ഇവർ സംസാരിക്കയുള്ളൂ. വളരെ ശ്രദ്ധിച്ചു മാത്രമേ സൗഹൃദങ്ങളിൽ ഏർപ്പെടാറുള്ളൂ. എന്നാൽ സ്‌ത്രീകളെ പെട്ടെന്ന്‌ ആകർഷിക്കാൻ ഇക്കൂട്ടര്‍ക്ക് പ്രത്യേക കഴിവ് തന്നെയുണ്ട്. എല്ലാം അറിയുന്നവരെപ്പോലെ സംസാരിക്കുന്ന സമര്‍ത്ഥരാണ് ഇക്കൂട്ടര്‍. ഏത്‌ ദുര്‍ഘടാവസ്‌ഥയിലും പറഞ്ഞവാക്ക്‌ ഇവർ പിന്‍വലിക്കില്ല. 4, 8, 13, 17, 26, 31 തീയതികളില്‍ പുതിയ കാര്യങ്ങള്‍ തുടങ്ങിയാല്‍ വിജയിക്കും. ഈ തീയതികള്‍ തിങ്കളാഴ്‌ചയാണെങ്കില്‍ അതിവിശിഷ്‌ടമാണെന്നും കാണുന്നു.

ശനി

ശനിയാഴ്‌ച ജനിച്ചവര്‍ മുതിര്‍ന്നവരെ ബഹുമാനിക്കുന്നവരും ഗുരുക്കളെ ദൈവ തുല്യം കരുതുന്നവരും ആണ്. 22 വയസ്സുമുതല്‍ ഇവർക്ക് നല്ല കാലം എന്നാണ് പറയപ്പെടുന്നത്. 26, 31, 35, 40, 44, 53, 62, 67 എന്നീ വയസ്സുകൾ ഏറെ ഭാഗ്യകാലങ്ങളാണ്. ഇവ‍ര്‍ സമൂഹത്തിന്‍റെ വളര്‍ച്ചയ്‌ക്കായി എന്ത് ത്യാഗവും സഹിക്കുന്നവരാണ്. രാഷ്ട്രീയത്തിൽ എന്നും ഇവർ മികച്ച നേതാക്കന്മാരാകും. ഇവരെ അനാവശ്യമായ വിശ്രമവും അലസതയും അലട്ടുകയില്ല. ഏതുകാര്യവും ഉടന്‍ ചെയ്‌തു തീര്‍ക്കുന്ന ഉത്സാഹമതികളായ ഇക്കൂട്ടര്‍ സ്‌നേഹിച്ചാല്‍ അങ്ങേയറ്റം വരെ സ്‌നേഹം തിരിച്ചു നല്‍കുന്നവരായിരിക്കും. സിവിൽ സർവീസ് പോലുള്ളവ ഇക്കൂട്ടർക്ക് ശോഭിക്കും. 4, 8, 13, 17, 26, 31 എന്നീ തീയതികളില്‍ ഇവർക്ക് ഏത്‌ നല്ല കാര്യവും തുടങ്ങാൻ അത്യുത്തമമാണ്.

Vasthu-Numerology