ശനി ഇപ്പോൾ മകരം രാശിയിൽ തിരുവോണം നക്ഷത്രത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. 2021 മേയ് മാസം 23 ആം തീയതി മുതൽ ഒക്ടോബർ 11 വരെ ശനി വക്ര ഗതിയിൽ സഞ്ചരിക്കും. ഇത് ചില നക്ഷതക്കാർക്ക് ദോഷകരമായ അനുഭവങ്ങൾ വരുത്താൻ സാധ്യത കൂടുതലാണ്.
അതിൽ താരതമ്യേന ദോഷാധിക്യമുള്ളത് ശനി സഞ്ചരിക്കുന്ന തിരുവോണം നക്ഷത്രക്കാർക്കാണ് . കൂടാതെ തിരുവാതിര , പൂയം , വിശാഖത്തിന്റെ ആദ്യപാദക്കാർ , ഉത്തൃട്ടാതി ,പൂരാടം , ഭരണി , പൂരം , തൃക്കേട്ട , ആയില്യം തുടങ്ങിയ നക്ഷത്രക്കാരെയും ശനിയുടെ ഈ വക്രഗതി ഏറ്റക്കുറച്ചിലുകളോടെ പ്രതികൂലമായി ബാധിക്കുന്നതിന് ഇടയുണ്ട് . ജാതകത്തിലെ ശനിയുടെ ബലാബലവും ഇഷ്ടാനിഷ്ട സ്ഥിതിയും മറ്റും പരിഗണിച്ച് ഫലങ്ങളില് ചെറിയ വ്യതിയാനങ്ങൾ വരാവുന്നതാണ്. എങ്കിലും മുകളിൽ സൂചിപ്പിച്ച നാളുകാർക്ക് വരുന്ന നാലര മാസക്കാലം ദോഷങ്ങൾ പൊതുവിൽ എപ്രകാരം ആയിരിക്കുമെന്ന് പരിശോധിക്കാം.
തിരുവോണം :
ആരോഗ്യക്ലേശങ്ങൾ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. മന സംഘർഷം, ധനപരമായ പ്രശ്ങ്ങൾ, തൊഴിൽ രംഗത്ത് തടസ്സങ്ങൾ മുതലായവ അനുഭവിക്കും. മനസ്സിൽ ഉദ്ദേശിച്ച കാര്യങ്ങൾ യഥാസമയം നടപ്പിലാകുവാൻ പ്രയാസമാണ്. എല്ലാറ്റിനും പ്രാരംഭ തടസ്സങ്ങൾ ഉണ്ടാകും. കാര്യത്തോടടുക്കുന്ന ഘട്ടത്തിൽ പലതും കൈയിൽ നിന്നും വഴുതിപ്പോകുന്ന സാഹചര്യം വരാവുന്നതാണ്. .
തിരുവാതിര :
ആരോഗ്യ വൈഷമ്യങ്ങൾ വർധിക്കാൻ ഇടയുണ്ട്. ആശുപത്രി വാസത്തിനു സാധ്യത. നാഡീ സംബന്ധമായതും എല്ലുകളെ ബാധിക്കുന്നതും ആയ രോഗങ്ങൾ കലശലാകാൻ ഇടയുണ്ട്.
ഭരണി :
കട ബാധ്യതകൾ വർധിക്കാൻ ഇടയുണ്ട്. പുതിയ ബാധ്യതകൾ ഏറ്റെടുക്കേണ്ടി വരും. തൊഴിലിൽ പ്രതികൂല മാറ്റങ്ങൾക്ക് സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം.
ഉത്തൃട്ടാതി :
ആരോഗ്യം അത്ര മെച്ചമായിരിക്കുകയില്ല. നിയമ സംബന്ധമായ കാര്യങ്ങളിൽ തിരിച്ചടികൾ വരൻ ഇടയുണ്ട്. അടുത്ത് പ്രവർത്തിച്ചിരുന്നവരുമായി അസുഖകരമായ ബന്ധം വരാൻ സാധ്യത. പ്രധാന കാര്യങ്ങളിൽ വിദഗ്ധ ഉപദേശം തേടാൻ മടിക്കരുത്.
മകം :
വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കുറയും. സാമ്പത്തിക ക്ലേശം വർധിക്കും. വ്യാപാരത്തിൽ ലാഭം കുറയാൻ സാധ്യത. യാത്രകൾ തടസപ്പെടും. അനാവശ്യമായ തർക്കങ്ങളിൽ പങ്കാളിയാകേണ്ടി വരും.
പൂരം :
ബന്ധു മിത്രാദികളിൽ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വരും. മാനസിക സംഘർഷം വർധിക്കും. അനാവശ്യ ധന ചിലവുകൾ മൂലം സാമ്പത്തിക ക്ലേശം വർധിക്കും. മുൻ തീരുമാനിച്ച കാര്യങ്ങളിൽ അവസാന നിമിഷം മാറ്റങ്ങൾ വേണ്ടിവരും.
വിശാഖത്തിന്റെ ആദ്യപാദം :
തൊഴിൽ മാറാനുള്ള ശ്രമം നന്നല്ല. പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്കും ഇക്കാലം അനുകൂലമല്ല. ഊഹക്കച്ചവടം ഒഴിവാക്കണം. സർക്കാർ കാര്യങ്ങൾ പ്രതികൂലമാകാൻ സാധ്യത.
പൂയം :
അനാവശ്യ കാര്യങ്ങളാൽ മാനസിക സമ്മർദം വർധിക്കും. തൊഴിലിൽ അധ്വാന ഭാരവും ക്ലേശവും വർധിക്കും. വാഹന ഇടപാടുകളിൽ നഷ്ട സാധ്യത. വ്യവഹാരങ്ങളിൽ പ്രതികൂല തീരുമാനങ്ങൾ വരാം.
ആയില്യം :
വീഴ്ചകൾ, ക്ഷതങ്ങൾ മുതലായവയ്ക്ക് സാധ്യത. ഇരുചക്ര വാഹന ഉപയോഗം കരുതലോടെയും സുരക്ഷാ മാർഗങ്ങൾ അവലംബിച്ചും വേണം. വേണ്ടാത്ത കാര്യങ്ങളിൽ ഇടപെടുന്നത് ഗുണം ചെയ്യില്ല. മാനസിക സംഘർഷം വർധിക്കുന്ന അനുഭവങ്ങൾ ഉണ്ടാകാം.
പൂരാടം :
സാമ്പത്തിക കാര്യങ്ങളിൽ തടസ്സനുഭവങ്ങൾക്ക് സാധ്യത. തൊഴിലിനോ താമസ സ്ഥലത്തിനോ ഒക്കെ മാറ്റങ്ങൾ വരാവുന്ന സമയമാണ്. ദീർഘകാല രോഗങ്ങൾ ഉള്ളവർ കരുതൽ പുലർത്തണം.
തൃക്കേട്ട:
ശത്രു ശല്യം വർധിക്കും. വ്യാപാരത്തിൽ മത്സരം നേരിടേണ്ടി വരും. തനിക്കോ ജീവിത പങ്കാളിക്കോ ആരോഗ്യ ക്ലേശങ്ങൾക്കും സാധ്യത. വാക്കുകളും പ്രവൃത്തികളും തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്.
ഈ നാളുകാർ ശനിയാഴ്ച വ്രതം അനുഷ്ടിച്ചു ശാസ്താ ക്ഷേത്രത്തിലോ ശിവ ക്ഷേത്രത്തിലോ ദർശനം നടത്തുകയും നീരാഞ്ജനം, എള്ള് സമർപ്പണം, മുതലായ വഴിപാടുകൾ നടത്തുകയും ശനി പീഡാഹര സ്തോത്രം ജപിക്കുകയും മറ്റും ചെയ്താൽ ദോഷ കാഠിന്യം കുറയും.