പൂജാമുറി നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!

പൂജാമുറി നിർമ്മിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം..!

ഒരു വീടിന്‍റെ സകലവിധ ഐശ്വര്യങ്ങൾക്കും കുടുംബാംഗങ്ങളുടെ ആയുരാരോഗ്യത്തിനും ആധാരം ആ വീട്ടിലെ ഈശ്വരാധീനമാണ്. പറ്റുമ്പോഴെല്ലാം ക്ഷേത്ര ദര്‍ശനം നടത്തുന്നതും വീട്ടിൽ പൂജാമുറിയൊരുക്കി പ്രാര്‍ത്ഥിക്കുന്നതും ഐശ്വര്യപ്രദമായി കണക്കാക്കുന്നു. ഒരു വീടിനെ സംബന്ധിച്ച് പ്രാധാന്യം നൽകേണ്ട പ്രധാന ഇടം പൂജാമുറി യാണെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ പൂജാമുറിയുടെ നിർമാണത്തിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് മിക്ക വീടുകൾ നിർമിക്കുമ്പോഴും പൂജാമുറിക്ക് പ്രാധാന്യം നൽകുന്നതായി കാണാൻ കഴിയും. എന്നാൽ പലപ്പോഴും മറ്റുള്ളവരുടെ മുന്നിൽ ആഢംബരവും പൊങ്ങച്ചവും കാണിക്കാനായി പൂജാമുറി പലപ്പോഴും മാറുന്നുവെന്നതാണ് യാഥാർത്ഥ്യം. വീടുകളിൽ വിളക്ക് വയ്ക്കുവാനും പ്രാർത്ഥിക്കുവാനും സമയം കണ്ടെത്താൻ കഴിയാത്തവർ പൂജാമുറി നിർമിക്കാത്തതു തന്നെയാണ് നല്ലത്.

പൂജാമുറിയുടെ യോജ്യ സ്ഥാനം


വീടിന്‍റെ വടക്ക്- കിഴക്ക് ഭാഗം, മദ്ധ്യഭാഗം, ഈശാനകോണിന്‍റെ കിഴക്ക് ഭാഗം എന്നിവിടങ്ങളിലാണ് സാധാരണയായി പൂജാമുറിയുടെ സ്ഥാനം. ക്ഷേത്രത്തിന്‍റെ അളവുകളെ ആധാരമാക്കി പൂജാമുറി നിര്‍മിക്കാൻ പാടില്ല. തെക്ക്-പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് എന്നീ ദിക്കുകൾ വീട്ടിൽ ആരാധനാ സ്ഥാനങ്ങളായി ഉപയോഗിക്കാൻ പാടില്ല എന്നാണ് ശാസ്ത്രം. ദര്‍ശനം പടിഞ്ഞാറോ കിഴക്കോ ആയി വേണം പൂജാമുറി പണിയാൻ. പടങ്ങളും പ്രതിമകളും പടിഞ്ഞാറോട്ടും നമ്മൾ കിഴക്കോട്ടും നിന്ന് തൊഴുന്നതാണ് ഏറ്റവും ഉത്തമം. വിദ്യാര്‍ത്ഥികളായിട്ടുള്ളവര്‍ പ്രാര്‍ത്ഥിക്കുന്നത് വടക്കുഭാഗത്ത് അഭിമുഖമായി വേണമെന്നും ശാസ്ത്രമുണ്ട്. ജോലി, വിദ്യാഭ്യാസം എന്നിവയ്‌ക്ക് വടക്കുഭാഗമാണ് ഉത്തമം എന്ന കാരണത്താലാണിത്.

പൂജാമുറിക്കകത്ത് ശൈവം, വൈഷ്ണവം, ശാക്തേയം എന്നിങ്ങനെ വേര്‍തിരിവില്ലാതെ ചിത്രങ്ങൾ വെക്കാവുന്നതാണ്. മരണമടഞ്ഞവരുടെ ഫോട്ടോകൾ, ദുര്‍ദേവതകളുടെ ചിത്രങ്ങൾ, ഭീതി തോന്നിപ്പിക്കുന്ന ചിത്രങ്ങൾ മുതലായവ പൂജാമുറിയിൽ വെക്കരുത്. ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രസാദങ്ങൾ എന്തെങ്കിലും പാത്രത്തിലിട്ട് അടച്ച് ഭദ്രമായി പൂജാമുറിയിൽ വെക്കാം. ഒന്നോ മൂന്നോ വിളക്കുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. തൂക്കുവിളക്കുകൾ അലങ്കാരത്തിനായി മാത്രം പൂജാമുറിയിൽ ഉപയോഗിക്കാം. ചിത്രപ്പണികൾ പൂജാമുറിയുടെ വാതിലിൽ കൊടുക്കുന്നതിൽ തെറ്റില്ല. പൂജാമുറിയില്‍ ഉടഞ്ഞ വിഗ്രഹങ്ങളും ദൈവങ്ങളുടെ കേടുപാടുള്ള ചിത്രങ്ങളും വെക്കാന്‍ പാടില്ല. പൂജാമുറിയിൽ കിടന്ന് ഉറങ്ങാനും പാടില്ല.

കക്കൂസിനും കുളിമുറിക്കും അടിയിലോ സമീപത്തോ, എതിരായോ ഒരു കാരണവശാലും പൂജാമുറി നിര്‍മ്മിക്കരുത്. അതുപോലെ അടുക്കളയ്‌ക്ക് സമീപവും സ്റ്റെയര്‍കേസിന് അടിയിലും പൂജാമുറി വരാന്‍ പാടില്ല.

അലക്കി വൃത്തിയാത്തിയ വസ്ത്രം വേണം ധരിക്കാൻ. കീറിയതും ഒരു തവണ ധരിച്ച് കഴുകാതെ വച്ചതുമായ വസ്ത്രങ്ങൾ ധരിച്ച് പൂജാമുറിയിൽ കയറരുത്. വെറും നിലത്തിരുന്ന് പൂജ ചെയ്യുന്നതും പ്രാർത്ഥിക്കുന്നതും ധ്യാനിക്കുന്നതും സ്തോത്രങ്ങളും മന്ത്രങ്ങളും മറ്റും ജപിക്കുന്നതും ഒഴിവാക്കണം. മരപ്പലക, പുൽപ്പായ മുതലായവ ഉപയോഗിക്കാം. പിച്ചള, ചെമ്പ്, മരം, വെള്ളി, ഈറ, മുള എന്നിവ കൊണ്ടുണ്ടാക്കിയ പാത്രങ്ങൾ പൂജയ്ക്കായി ഉപയോഗിക്കാം. കിഴക്കോട്ടും പടിഞ്ഞാട്ടും ഈരണ്ടു തിരികൾ വീതം ഇട്ട് രണ്ടു ജ്വാലകളായി വിളക്ക് തെളിക്കാം. വിശേഷ സാഹചര്യങ്ങളിൽ അഞ്ചു തിരിയും ആകാം. നെയ്യോ നല്ലെണ്ണയോ വെളിച്ചെണ്ണയോ വിളക്കിൽ ഒഴിക്കാം.

Vasthu-Numerology