മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

മഹാ ശിവരാത്രി വ്രതം ആചരിക്കേണ്ടതെങ്ങനെ?

Share this Post

ഈ വർഷം ശിവരാത്രി 2021 മാർച്ച് 11 -ആം തീയതി വ്യാഴാഴ്ചയാകുന്നു.

ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും  ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം . ശിവരാത്രി ദിവസത്തില്‍  പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്.ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും  അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും  ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക്   ഒരു നേരം അരി ആഹാരം ആകാം.അത്  ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം  ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല.

ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ  ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം,ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയ്യുക.  വൈകിട്ട് ക്ഷേത്രത്തില്‍ ശിവന്  അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.) 

പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രിദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട്. ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമ പൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത് , രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാല്‍  ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്നമഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു.

സര്‍വപാപഹരവും, സര്‍വാഭീഷ്ടപ്രദവും, സര്‍വൈശ്വര്യകരവുമാണ് ശിവരാത്രി വ്രതം. ശിവാരാധനയ്ക്ക്  ഏറ്റവും ഉചിതമായ  ദിവസവും ഇത് തന്നെ.
ബ്രാഹ്മണ ശാപം, ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം അനുഷ്ടിക്കുന്നതിലൂടെ  ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

പാലാഴിമഥനസമയം വാസുകിയുടെ വായില്‍ നിന്നും   അത്യുഗ്രമായ  ഹലാഹലവിഷം പുറത്തുന്നു.  ലോകനാശകാരകമായ ആ വിഷം ലോക രക്ഷാര്‍ത്ഥംപരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതീ ദേവി  ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാൻ മഹാവിഷ്ണു വായയും അടച്ചുപുടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ ഉറഞ്ഞുഞ്ഞുകൂടി നീലവര്‍ണ്ണമായി. അങ്ങനെ ശിവന്‍ നീലകണ്ഠൻആയി മാറി. അന്ന് പാർവതിദേവി ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്റെ പ്രതീകമായാണ് നാം ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്.

പാലാഴി മഥനം കഥ നാം ഉപരിപ്ലവമായി വീക്ഷിക്കേണ്ട ഒന്നല്ല. അതില്‍ അന്തര്‍ ഗതമായ വലിയ ഒരു സന്ദേശമുണ്ട്. പാലാഴി എന്നത് മനുഷ്യമനസ്സ് തന്നെയാണ്. ആ മനസ്സിലുള്ള സദ്‌ ഗുണങ്ങള്‍ ദേവകളും തമോ ഗുണങ്ങള്‍ അസുരന്മാരും ആകുന്നു. ഈ ഗുണങ്ങളെ തിരിച്ചറിഞ്ഞു കൊണ്ട്, രണ്ടു കൂട്ടരെയും രണ്ടു ഭാഗത്തായി അണി നിരത്താനുള്ള കഴിവാണ് വിശേഷ ബുദ്ധി.

ഈ പാലാഴിയെ  നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി  കടയണം, അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഈ മഥനം തന്നെയാണ് യഥാര്‍ഥ  മനനം.  ഈ പ്രക്രിയ തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധയാകുന്ന മന്ഥര പര്‍വതം  മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ അഭിരമിച്ചു പോയെന്നു വരാം. അങ്ങിനെ വരുമ്പോള്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്‍ത്തിയെടുക്കണം, പാലാഴി മഥനം തുടരണം.

( മനസ്സ്, ബുദ്ധി, ബോധം  എന്നിവ യഥാക്രമം ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ എന്നിവര്‍ തന്നെ ആകുന്നു) ഇങ്ങനെ നിരന്തരമായ കടയല്‍ കൊണ്ട്  നമ്മുടെ ഉള്ളിലെ തിന്മയാകുന്ന ഹലാഹലം (കാളകൂടം) എന്ന വിഷത്തെ നമുക്ക് പുറന്തള്ളാന്‍ കഴിയും.  അത്  നമ്മുടെ ഉള്ളില്‍ തന്നെയുള്ള ഭഗവാന്‍ ശിവന്‍ സ്വീകരിക്കും. പകരം നമുക്ക് അമരത്വപ്രദമായ അമൃത് നല്‍കി അനുഗ്രഹിക്കും. ഇപ്രകാരമാണ് നാം പാലാഴി മഥനം കഥയെ കാണേണ്ടത്. 

വിനോദ് ശ്രേയസ്, തിരുവനന്തപുരം

2019 ഫെബ്രുവരി

BOOK YOUR POOJA ONLINE

Share this Post
Focus Rituals