ഈ വർഷം തുലാമാസത്തിൽ രണ്ട് ആയില്യം വരുന്നതിനാൽ അവസാന ആയില്യ ദിനമായ മറ്റന്നാൾ 16.11.2022 നു മണ്ണാറശാല ആയില്യമായി ആചരിക്കുന്നു. ആയില്യങ്ങളിൽ കന്നി, തുലാ മാസ ആയില്യങ്ങൾക്ക് സവിശേഷ പ്രാധാന്യമുണ്ട്.
27 നക്ഷത്രക്കാരും നാഗ പ്രീതിക്കായി ആയില്യ ദിനത്തിൽ നാഗ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ ചെയ്യണം. എങ്കിലും രാഹു അനിഷ്ട സ്ഥാനത്തു നില്‍ക്കുന്നവര്‍ നാഗദോഷ പരിഹാര കര്‍മങ്ങള്‍ വിശേഷമായി അനുഷ്ടിക്കണം. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം, തിരുവോണം എന്നീ നക്ഷത്രക്കാര്‍ വിശേഷിച്ചും രാഹുപ്രീതി വരുത്തണം. ആയില്യം, ചതയം എന്നീ നാളുകാരും നാഗ പ്രീതി വരുത്തുന്നത് ജീവിത അഭിവൃദ്ധിക്ക് പ്രത്യേകിച്ച് വളരെ ഗുണകരമാണ്.
ജാതകത്തില്‍ ശുക്രനോ ഏഴാം ഭാവാധിപനോ രാഹു സംബന്ധം വരുന്നത് വിവാഹ കാലതാമസത്തിനും ദാമ്പത്യ വൈഷമ്യങ്ങള്‍ക്കും കാരണമായെന്ന് വരാം, അങ്ങിനെയുള്ള ഗ്രഹനിലയില്‍ ജനിച്ചവര്‍ നാഗ ദേവതകളെ പ്രീതിപ്പെടുത്തുന്നത് വിവാഹ സംബന്ധമായ തടസ്സങ്ങള്‍ അകലാന്‍ സഹായിക്കും.
രാഹുര്‍ ദശയും അപഹാരവും അനുഭവിക്കുന്നവർ നിര്‍ബന്ധമായും നാഗപ്രീതി വരുത്തണം.
അറിഞ്ഞോ അറിയാതെയോ നാഗങ്ങളെ ഉപദ്രവിക്കുക, കാവിലെ മരങ്ങള്‍ നശിപ്പിക്കുക മുതലായ ദോഷങ്ങള്‍ ചെയ്തു പോയവരും നാഗ പ്രായശ്ചിത്തം ചെയ്യണം.ജാതകത്തില്‍ കാള സര്‍പ്പദോഷം ഉള്ളവര്‍ ജന്മ നക്ഷത്രങ്ങളിലും ആയില്യം നാളുകളിലും നാഗ ക്ഷേത്ര ദര്‍ശനം നടത്തി പ്രാര്‍ഥിക്കുന്നത് അഭിവൃദ്ധികരമാണ്. രാഹുവിൻ്റേയും കേതുവിൻ്റേയും ഇടയില്‍ ആയി മറ്റു ഗ്രഹങ്ങള്‍ എല്ലാം സ്ഥിതി ചെയ്യുന്ന ഗ്രഹസ്ഥിതി ആണ് കാളസര്‍പ്പ ദോഷം.
അവരവരുടെ ജന്മനക്ഷത്രത്തില്‍ നാഗ ദേവതകള്‍ക്ക് നിത്യ പൂജയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദോഷ പരിഹാര വഴിപാടുകള്‍ നടത്തുക. രാഹുദോഷം ഏതു വഴിക്കാണ് വന്നതെന്ന് ഒരു ഉത്തമ ജ്യോതിഷിയില്‍ നിന്നും മനസ്സിലാക്കി അതിനുവേണ്ട പരിഹാരങ്ങള്‍ നടത്തുന്നതാണ് അഭികാമ്യം.
കൂടാതെ എല്ലാ ആയില്യത്തിനും വ്രതം അനുഷ്ടിക്കുക. പന്ത്രണ്ട് ആയില്യങ്ങള്‍ തുടര്‍ച്ചയായി വ്രതം അനുഷ്ടിക്കുന്നത് നാഗ ദോഷങ്ങള്‍ അകലാന്‍ വളരെ ഗുണകരമാണ്.നാഗ പഞ്ചമി വ്രതം അനുഷ്ടിക്കുന്നതും വളരെ നല്ലതാണ്. ഈ വ്രതം അനുഷ്ടിക്കുന്നവര്‍ക്ക് ഒരു വർഷം ആയില്യ വ്രതം നോറ്റ ഫലം ലഭിക്കും എന്നാണു വിശ്വാസം. ശ്രാവണ മാസത്തിലെ ശുക്ല പക്ഷ പഞ്ചമിയാണ് നാഗ പഞ്ചമി. കന്നി, തുലാം എന്നീ മാസങ്ങളിലെ ആയില്യത്തിനും സവിശേഷ പ്രാധാന്യമുണ്ട്. കന്നി മാസ ആയില്യം വെട്ടിക്കോട്ട് ആയില്യമെന്നും തുലാമാസ ആയില്യം മണ്ണാറശാല ആയില്യമെന്നും അറിയപ്പെടുന്നു.
ആയില്യവ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ ?
സർപ്പ പ്രീതിക്കും സർപ്പദോഷപരിഹാരത്തിനും ആയില്യ വ്രതം അനുഷ്ഠിച്ചു പ്രാർഥിക്കാവുന്നതാണ്. ആയില്യത്തിന്റെ തലേന്നു മുതൽ വ്രതം ആരംഭിക്കണം . ഒരിക്കൽ വ്രതം അനുഷ്ഠിക്കണം. അതായത് ഒരുനേരം ധാന്യ ഭക്ഷണവും മറ്റുനേരം പാല്, പഴങ്ങൾ മുതലായ ലഘു ഭക്ഷണം. പകലുറക്കം പാടില്ല .ആയില്യം നാളിൽ നാഗരാജ ക്ഷേത്രങ്ങളിലോ നാഗം ഉപദേവതയായുള്ള ക്ഷേത്രത്തിലോ ആയില്യപൂജ വഴിപാടായി സമർപ്പിക്കാം . സർവദോഷ പരിഹാരത്തിനും സർവ ഐശ്വര്യത്തിനും നടത്തുന്ന വഴിപാടാണ് ആയില്യപൂജ. ദോഷങ്ങളകലാൻ നാഗദൈവങ്ങള്‍ക്ക് മഞ്ഞള്‍പൊടിയും പാലും സമര്‍പ്പിക്കുകയോ നൂറും പാലും നിവേദിക്കുകയോ ചെയ്യാം. ആയില്യത്തിന്റെ പിറ്റേന്ന് നാഗ ക്ഷേത്രദർശനമോ ശിവക്ഷേത്ര ദർശനമോ നടത്തി തീർഥം സേവിച്ച് വ്രതമാവസാനിപ്പിക്കണം .
അഷ്ടനാഗ മന്ത്രം
ഓം അനന്തായനമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാര്‍ക്കോടകായ നമ:
ഓം ഗുളികായനമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:
ഈ മന്ത്രങ്ങൾ ആയില്യം നാളിൽ 12 തവണ ജപിക്കുക. നമ ശിവായ മന്ത്രവും 108 ഉരു ജപിക്കുക. ഏതു നാഗദോഷവും അകലും. നിശ്ചയം..!