നമ്മുടെ മിക്ക മഹാക്ഷേത്രങ്ങളിലേയും പ്രസാദങ്ങള്‍ക്ക് മഹാരോഗങ്ങളെപ്പോലും അകറ്റാനുള്ള അത്ഭുത സിദ്ധിയുണ്ടെന്നതാണ് അതിഹ്യവും അനുഭവവും. നമുക്ക് അത്തരം ചില ക്ഷേത്രങ്ങളിലെ പ്രസാദങ്ങളും അവയുടെ ഫലവും.
കുന്നത്തൂർ മുക്കുടി
പാലക്കാട് നഗരത്തിലെ കുന്നത്തൂര്‍ മേട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി നടത്തപ്പെടുന്ന ജന്മപൂജ; ഏറെ പ്രസിദ്ധമാണ്. ഈ പൂജയിലെ നിവേദ്യത്തെ മുക്കുടി എന്നാണ് പറയുക. ചുക്ക്, തിപ്പലി, പെരുങ്കായം,ഏലക്കായ്, അയമോദകം, ശര്‍ക്കര എന്നിവ ചേര്‍ത്താണ് മുക്കുടി തയ്യാറാക്കുന്നത്. മുക്കുടി ഭഗവാന് നേദിച്ച ശേഷം അത് പ്രസാദമായി ഭക്തര്‍ക്ക് നല്‍കുന്നു. ഈ പ്രസാദം സേവിച്ചാല്‍ പല രോഗങ്ങളും അകലുമെന്നാണ് ഭക്തജന വിശ്വാസം
കാളികാംബാളിന്റെ തേന്‍പ്രസാദം
തിരുച്ചിറപ്പള്ളിയില്‍ വെക്കാളിയമ്മന്‍ ക്ഷേത്രത്തിനടുത്തുള്ള കാളികാംബാള്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച തോറും രാഹുകാല വേളയില്‍ ദുര്‍ഗ്ഗയ്ക്ക് ഇഞ്ചിനീരും തേനും ചേര്‍ത്ത് അഭിഷേകം ചെയ്ത്, ആ അഭിഷേകദ്രവ്യം കുട്ടികളുടെ നാക്കില്‍ തടവുന്നു. തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ സംസാരശേഷിയില്ലാത്ത കുട്ടികള്‍ സംസാരിച്ചുതുടങ്ങുമത്രെ.
പുതുക്കോട്ട പാവയ്ക്കായ് പ്രസാദം
തമിഴ്നാട്ടില്‍ പുതുക്കോട്ട ജില്ലയിലെ ആവുടയാര്‍ ക്ഷേത്രത്തിലെ അര്‍ദ്ധയാമ പൂജാവേളയില്‍ പാവക്കാ കറിയോടുകൂടി ചോറു നേദിച്ച് പ്രസാദമായി നല്‍കപ്പെടുന്നു. തുടര്‍ച്ചയായി നാല് ആഴ്ച ഇവിടെ ദര്‍ശനം നടത്തി മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പ്രസാദവും കഴിച്ചുപോന്നാല്‍ പ്രമേഹത്തിന് ശമനം കിട്ടുമെന്നാണ് വിശ്വാസം.
തിരുവിഴയിലെ വിഷമുറി പ്രസാദം
ആലപ്പുഴയ്ക്കടുത്തുള്ള തിരുവിഴാശിവക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ള വിഷം പുറത്തുകളയാനുള്ള ശക്തി ഇവിടുത്തെ മുറിപ്രസാദത്തിനുണ്ട്. ക്ഷേത്രത്തിനുചുറ്റും പരിസരങ്ങളിലും വളരുന്ന പ്രത്യേകതരം മൂലികാ ചെടിയുടെ നീര് ശിവനെ പൂജിച്ച പാലില്‍ കലര്‍ത്തി ആവശ്യക്കാരെക്കൊണ്ട് കുടിപ്പിക്കുന്നു. ഈ പ്രസാദം കുടിച്ചശേഷം ക്ഷേത്രപ്രദക്ഷിണം വെയ്ക്കണം. അപ്പോള്‍ ഛര്‍ദ്ദിയുണ്ടാവുകയും വിഷം പുറത്തുവരുമെന്നുമാണ് വിശ്വാസം.
അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിലെ വിഷചികിത്സ
വിഷഹാരിയാണ് അച്ചൻകോവിൽ ശാസ്താവെന്നാണ് വിശ്വാസം. ശാസ്താവിന്റെ കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സർപ്പവിഷത്തിനെതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയിൽ അവശ്യമാത്രയിൽ നടതുറക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. വിഷമേറ്റു വരുന്നവർക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിൽ പോലും സഹായമഭ്യർത്ഥിക്കാം. വിഷമേറ്റു വരുന്നവർക്ക് ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീർത്ഥത്തിൽ ചാലിച്ച് നൽകും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോൾ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.
ഗുരുവായൂരെ അഭിഷേക എണ്ണ
തലേ ദിവസത്തെ മാല്യങ്ങൾ മാറ്റിയ ശേഷം ബിംബത്തിൽ എള്ളെണ്ണകൊണ്ട് അഭിഷേകം നടത്തുന്നു.ആടിയ ഈ എണ്ണ ഭക്തർക്ക് പ്രസാദമായി നൽകുന്നു. ഗുരുവായൂരപ്പന് ആടിയ എണ്ണ വാതരോഗശമനത്തിന് ഉത്തമമായി കണക്കാക്കപ്പെടുന്നു.