ആദിത്യദേവന്റെ പ്രീതി നേടുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മന്ത്രമാണ് ആദിത്യഹൃദയ മന്ത്രം. അതീവ ഫലസിദ്ധിയും ശക്തിയുമുള്ള ഈ മന്ത്രം ജപിക്കുന്നതിലൂടെ ആത്മ വിശ്വാസ വർധനവും വ്യക്തി വികാസവും തൊഴിൽ വിജയവും ധന നേട്ടവും കീർത്തിയും കൈവരും. പ്രഭാതത്തിൽ ഉദയ സമയമാണ് ജപത്തിന് ഏറ്റവും അനുയോജ്യം. കിഴക്കോട്ടു തിരിഞ്ഞുനിന്നുവേണം ഈ മന്ത്രം ജപിക്കാന്‍. ദിവസവും 12 തവണ ജപിക്കുവാൻ കഴിഞ്ഞാൽ ഏറ്റവും ഉത്തമം.
അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലാണ് ആദിത്യഹൃദയത്തെക്കുറിച്ച് പരാമർശിക്കുന്നത്. രാമരാവണയുദ്ധ സമയത്ത് ഭഗവാൻ ശ്രീരാമൻ ദിവസങ്ങളോളം യുദ്ധം ചെയ്തിട്ടും രാവണനെ വധിക്കുവാൻ കഴിഞ്ഞില്ല. ഈ സമയത്ത് അഗസ്ത്യമുനി ഭഗവാന്റെ തേർത്തട്ടിൽ പ്രത്യക്ഷനാകുകയും ശത്രുക്ഷയം വരുത്തുന്നതിനായി അതീവ ദിവ്യമായ ആദിത്യഹൃദയമന്ത്രം ജപിക്കാന്‍ ഉപദേശിക്കുകയും അതെ തുടര്‍ന്ന് ശ്രീരാമദേവന്‍ രാവണനെ വധിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
ആദിത്യഹൃദയ മന്ത്രം ഹൃദിസ്ഥമാക്കി ജപിക്കുന്നത് ഉത്തമമാണ്. ഞായറാഴ്ചകളിലെ ജപം അതീവ പുണ്യദായകമാണ്. സൂര്യാസ്തമയശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങള്‍, ജപിക്കുന്നത് ഉചിതമല്ല.
വാത്മീകി രാമായണത്തിലെ ആദിത്യഹൃദയം (മൂലം) അതീവ സുന്ദരമാണ്. എന്നാൽ അതിലെ സാരാംശമത്രയും എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണത്തിലെ ഈ സ്തോത്രത്തിൽ മനോഹരമായി സ്വാംശീകരിച്ചിരിക്കുന്നതിനാൽ ഈ സ്തോത്രം ജപിക്കുന്നതും അതീവ ഫലദായകമാണ്.
ആദിത്യഹൃദയം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ