നമ്മുടെ മിക്ക മഹാക്ഷേത്രങ്ങളിലേയും പ്രസാദങ്ങള്‍ക്ക് മഹാരോഗങ്ങളെപ്പോലും അകറ്റാനുള്ള അത്ഭുത സിദ്ധിയുണ്ടെന്നതാണ് അതിഹ്യവും അനുഭവവും. നമുക്ക് അത്തരം ചില ക്ഷേത്രങ്ങളിലെ പ്രസാദങ്ങളും അവയുടെ ഫലവും.
കുന്നത്തൂർ മുക്കുടി
പാലക്കാട് നഗരത്തിലെ കുന്നത്തൂര്‍ മേട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി നടത്തപ്പെടുന്ന ജന്മപൂജ; ഏറെ പ്രസിദ്ധമാണ്. ഈ പൂജയിലെ നിവേദ്യത്തെ മുക്കുടി എന്നാണ് പറയുക. ചുക്ക്, തിപ്പലി, പെരുങ്കായം,ഏലക്കായ്, അയമോദകം, ശര്‍ക്കര എന്നിവ ചേര്‍ത്താണ് മുക്കുടി തയ്യാറാക്കുന്നത്. മുക്കുടി ഭഗവാന് നേദിച്ച ശേഷം അത് പ്രസാദമായി ഭക്തര്‍ക്ക് നല്‍കുന്നു. ഈ പ്രസാദം സേവിച്ചാല്‍ പല രോഗങ്ങളും അകലുമെന്നാണ് ഭക്തജന വിശ്വാസം
കാളികാംബാളിന്റെ തേന്‍പ്രസാദം
തിരുച്ചിറപ്പള്ളിയില്‍ വെക്കാളിയമ്മന്‍ ക്ഷേത്രത്തിനടുത്തുള്ള കാളികാമ്പാള്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച തോറും രാഹുകാല വേളയില്‍ ദുര്‍ഗ്ഗയ്ക്ക് ഇഞ്ചിനീരും തേനും ചേര്‍ത്ത് അഭിഷേകം ചെയ്ത്, ആ അഭിഷേകദ്രവ്യം കുട്ടികളുടെ നാക്കില്‍ തടവുന്നു. സംസാര വൈകല്യം മാറാൻ ഇത് അത്യുത്തമമാണ്. തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ സംസാരശേഷിയില്ലാത്ത കുട്ടികള്‍ പോലും സംസാരിച്ചുതുടങ്ങുമത്രെ.
പുതുക്കോട്ട പാവയ്ക്കായ് പ്രസാദം
തമിഴ്നാട്ടില്‍ പുതുക്കോട്ട ജില്ലയിലെ ആവുടയാര്‍ ക്ഷേത്രത്തിലെ അര്‍ദ്ധയാമ പൂജാവേളയില്‍ പാവക്കാ കറിയോടുകൂടി ചോറു നേദിച്ച് പ്രസാദമായി നല്‍കപ്പെടുന്നു. തുടര്‍ച്ചയായി നാല് ആഴ്ച ഇവിടെ ദര്‍ശനം നടത്തി മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പ്രസാദവും കഴിച്ചുപോന്നാല്‍ പ്രമേഹത്തിന് ശമനം കിട്ടുമെന്നാണ് വിശ്വാസം.
തിരുവിഴയിലെ വിഷമുറി പ്രസാദം
ആലപ്പുഴയ്ക്കടുത്തുള്ള തിരുവിഴാശിവക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ള വിഷം പുറത്തുകളയാനുള്ള ശക്തി ഇവിടുത്തെ മുറിപ്രസാദത്തിനുണ്ട്. ക്ഷേത്രത്തിനുചുറ്റും പരിസരങ്ങളിലും വളരുന്ന പ്രത്യേകതരം മൂലികാ ചെടിയുടെ നീര് ശിവനെ പൂജിച്ച പാലില്‍ കലര്‍ത്തി ആവശ്യക്കാരെക്കൊണ്ട് കുടിപ്പിക്കുന്നു. ഈ പ്രസാദം കുടിച്ചശേഷം ക്ഷേത്രപ്രദക്ഷിണം വെയ്ക്കണം. അപ്പോള്‍ ഛര്‍ദ്ദിയുണ്ടാവുകയും വിഷം പുറത്തുവരുമെന്നുമാണ് വിശ്വാസം.
തകഴിയിലെ വലിയെണ്ണ പ്രസാദം
തകഴി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നല്‍കപ്പെടുന്ന പ്രസാദമായ എണ്ണ വാതരോഗമകറ്റുന്ന ദിവ്യാ ഔഷധമായിട്ടാണ് കരുതപ്പെടുന്നത്. ഈ ക്ഷേത്രസന്നിധിയില്‍ ജീവിച്ചുപോന്ന അണക്കേഴത്ത് വല്യച്ഛന്‍ എന്നയാളുടെ സ്വപ്നത്തില്‍ അയ്യപ്പന്‍ പ്രത്യക്ഷനായി വാതരോഗത്തിനുള്ള ദിവ്യ ഔഷധമായ വലിയ എണ്ണ കാച്ചാനുള്ള കൂട്ടുകളുടെ രഹസ്യം പറഞ്ഞുകൊടുത്തുവത്രെ. അതുപ്രകാരം അദ്ദേഹം എണ്ണ കാച്ചിയെടുത്തു. ക്ഷേത്രമണി മുഴങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ എണ്ണ പാകപ്പെട്ടുവെന്നത് മനസ്സിലാക്കിയതോടൊപ്പം അന്നേദിവസം നേദിച്ച ശര്‍ക്കര പായസത്തില്‍ എണ്ണയുടെ സുഗന്ധം അനുഭവപ്പെട്ടുവെന്നുമാണ് ചരിത്രം.
ഓതറ മലമ്പ്രദേശത്തുള്ള എണ്‍പത്തിനാല് തരം പച്ചിലമൂലികകളും എണ്ണകളും ചേര്‍ത്താണ് ഈ എണ്ണ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ കഠിനമായ പഥ്യവും നിര്‍ദ്ദേശിക്കപ്പെടുന്നു. ഈ പ്രസാദ എണ്ണ നാവിലോ, പല്ലുകളിലോ തട്ടാതെ ശംഖുകൊണ്ട് തൊണ്ടയില്‍ ഒഴിക്കുന്നതാണ് പതിവ്. ഏഴുദിവസം ഇവിടെ താമസിച്ച് പ്രാര്‍ത്ഥിച്ച് ഈ മരുന്ന് കഴിച്ചശേഷം ക്ഷേത്രത്തില്‍ നിന്നും നല്‍കുന്ന ചോറ് ഇന്തുപ്പും കുരുമുളകും ചേര്‍ത്ത് കഴിക്കണം. വെള്ളം, ചായ എന്നിവ വര്‍ജ്ജിക്കണം. മിഥുനം, കര്‍ക്കിടകം മാസങ്ങളിലാണ് ഈ എണ്ണ തയ്യാറാക്കുക. ഈ കാലമാണ് ഈ മരുന്ന് സേവിക്കാന്‍ ഉത്തമം. പൂര്‍ണ്ണഭക്തിയോടെ അയ്യപ്പനോട് മനസ്സുരുകി പ്രാര്‍ത്ഥിച്ച് ഈ മരുന്ന് കഴിച്ചാല്‍ എത്ര കടുത്ത വാതരോഗത്തിനും ശമനം കിട്ടുമെന്നാണ് ഭക്തവിശ്വാസവും അനുഭവങ്ങളും.
മരുത്തോർവട്ടത്തെ താള്‍കറി പ്രസാദം
ആലപ്പുഴ ജില്ലയില്‍ മരുത്തോര്‍ വട്ടം ശ്രീ ധന്വന്തരീക്ഷേത്രത്തില്‍ ഒരു പ്രത്യേക വഴിപാടു നടത്തപ്പെടുന്നു. എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വഴിപാട് പ്രസാദത്തിന് രക്തസംബന്ധിയായ രോഗങ്ങളെ അകറ്റാനുള്ള അത്ഭുത ശക്തിയുണ്ട്. സ്വാതിതിരുനാള്‍ താള്‍കറി പ്രസാദം സേവിച്ച് രോഗമുക്തി നേടിയതായും പറയപ്പെടുന്നു. കര്‍ക്കിടകത്തിലെ കറുത്തവാവിന്‍ നാളിലാണ് ഈ താള്‍കറി നിവേദിക്കപ്പെടുന്നത്. കാട്ടുചേമ്പില തണ്ട് ശേഖരിച്ച് നന്നായി അരിഞ്ഞ് ഒപ്പം ചില പച്ചിലകളും ചേര്‍ത്താണ് ഈ കറി ചെയ്യപ്പെടുന്നത്. വഴിപാടു കഴിഞ്ഞയുടന്‍ ഭക്തര്‍ക്ക് നേദ്യത്തോടൊപ്പം താള്‍കറിയും നല്‍കപ്പെടുന്നു.
വൈക്കത്തപ്പന്റെ അടുക്കള പ്രസാദം
അന്നദാനപ്രഭുവായ വൈക്കത്തപ്പന്‍റെ ക്ഷേത്രത്തില്‍ നല്‍കപ്പെടുന്ന പ്രധാനപ്പെട്ട പ്രസാദം അടുക്കള വിഭൂതി പ്രസാദമാണ്. വില്വമംഗല സ്വാമിയ്ക്ക് ക്ഷേത്രത്തിന്‍റെ അടുക്കളയില്‍ വെച്ച് ദര്‍ശനം നല്‍കി അടുപ്പിലെ ചാമ്പല്‍ വിഭൂതി പ്രസാദമായി നല്‍കിയെന്നാണ് ചരിത്രം. ഈ വിഭൂതി വൈക്കത്തപ്പനെ ഭക്തിപൂര്‍വ്വം നിനച്ച് ധരിച്ചാല്‍ എല്ലാവിധ ചിത്തരോഗങ്ങളും മാറുമെന്നാണ് വിശ്വാസം.
ദക്ഷിണ മൂകാംബിയിലെ സാരസ്വത ഘൃതം
ദക്ഷിണാമൂകാംബി എന്നറിയപ്പെടുന്ന കോട്ടയം ജില്ലയിലെ ചിങ്ങവനത്തിന് സമീപമുള്ള പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്.