കുങ്കുമവും കുങ്കുമാര്‍ച്ചനയും

കുങ്കുമവും കുങ്കുമാര്‍ച്ചനയും

ദേവീതത്ത്വത്തിന്റെ പ്രതീകമാണ്‌ കുങ്കുമം. കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും  മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ, പുരിക മധ്യത്തിലോ  കുങ്കുമം തൊടാം. സ്ഥൂലമായ    ആത്മാവില്‍ സൂക്ഷ്മ  ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് എല്ലാറ്റിനേയും നയിക്കുന്ന ശക്തിയെ സൂചിപ്പിക്കാനാണ് ഇത് ഒരു ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. 

കുങ്കുമം ചന്ദനത്തോട് ചേര്‍ത്ത് തൊടുന്നത് വൈഷ്ണവ  പ്രതീകവും, കുങ്കുമം ഭസ്മത്തോട് ചേര്‍ത്ത് തൊടുന്നത് ശിവശക്തി പ്രതീകവും , മൂന്നും ചേര്‍ത്തു  തൊടുന്നത് ത്രിപുര സുന്ദരീ  സൂചകവും ആകുന്നു  എന്ന് കരുതപ്പെടുന്നു. ജ്യോതിഷപരമായി ചിന്തിക്കുമ്പോള്‍   ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ കുങ്കുമംകൊണ്ട്‌ പതിവായി തിലകം ധരിക്കാം. അതാത്‌ ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ തിലകധാരണമാവാം. ചന്ദ്രന് ദുര്‍ഗയും ചൊവ്വയ്ക്ക്‌ ഭദ്രയും, ശുക്രന് മഹാലക്ഷ്മിയും, കേതുവിന് ചാമുണ്ഡിയും അധിദേവിമാരാകുന്നു.

ആ ദേവതകളുടെ ക്ഷേത്രങ്ങളില്‍ കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി ആ കുങ്കുമം കൊണ്ടും നിത്യേന തിലകമണിയാം. നെറ്റിയില്‍ ആര്‍ക്കും തിലകം തൊടാം. സീമന്തരേഖയില്‍ സുമംഗലിമാര്‍ മാത്രമേ കുങ്കുമം അണിയാറുള്ളൂ.

ദൃഷ്ടി ദോഷങ്ങള്‍ ബാധിക്കാതിരിക്കാനും ആത്മവിശ്വാസം വര്‍ദ്ധിക്കുവാനും ഐശ്വര്യാദികള്‍ വര്‍ദ്ധിക്കുവാനും കുങ്കുമ ധാരണം സഹായിക്കും. 

സീമന്തരേഖയില്‍ സിന്ദൂരം തൊടുന്നതിന്റെ പ്രസക്തി 

വിവാഹിതയായ ശേഷം സ്ത്രീകള്‍ മുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്‌. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും ആകുന്നു. ജീവത്മാവിണ്റ്റെ പരിധി അവസാനിക്കുന്നത്‌ പരമാത്മാവിലാണല്ലോ. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്‌ എന്നതാണ് സങ്കല്പം.   ചുവപ്പ്‌ രജോഗുണ പ്രധാനവുമാണ് . 

നിങ്ങള്‍ ധരിക്കുന്ന കുങ്കുമം കുങ്കുമം തന്നെയോ ?

കടകളില്‍  ലഭിക്കുന്ന  കളര്‍പൊടികള്‍ പലതും ചിലപ്പോള്‍ കുങ്കുമം ആകണമെന്നില്ല.  ഒന്നു മിനക്കെട്ടാല്‍ യഥാര്‍ഥ കുങ്കുമം നമുക്കും വീട്ടില്‍ തയാര്‍ ചെയ്യാവുന്നതേ ഉള്ളൂ.
ശുദ്ധമായ മ‍ഞ്ഞള്‍പൊടി – 500 ഗ്രാം    
ചെറുനാരങ്ങാ നീര്- 350ഗ്രാം
പപ്പടക്കാരം- 75ഗ്രാം
ആലം- 5ഗ്രാം

തയാറാക്കുന്ന വിധം

ചേരുവകളെല്ലാം നന്നായി പൊടിയ്ക്കുക.
നാരങ്ങാ നീരിലേക്ക് ആലവും കാരവും കൂട്ടി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കണം. പത്തുമിനുട്ടോളം ഇളക്കണം. അപ്പോഴേക്കും ഈ മിശ്രിതത്തിന് ചുവപ്പ് നിറമായിട്ടുണ്ടാകും. ഇത് വാഴയിലയിലോ കമുകിന്‍പാളയിലോ നിരത്തി  തണലില്‍  ഉണക്കണം. ഇപ്രകാരം ഏഴ് ദിവസം ഉണക്കണം. നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പൊടിച്ച് അരിച്ച് സൂക്ഷിക്കുക.


കര്‍മതടസ്സം ഒഴിവാകുവാനും സര്‍വൈശ്വര്യ സിദ്ധിക്കും കുടുംബാഭിവൃദ്ധിക്കും ശ്രീ ഭഗവതിക്ക് കുങ്കുമാര്‍ച്ചന നടത്തുന്നത് അതി വിശേഷമാണ്. മംഗല്യതടസ്സം മാറുന്നതിനും ഈ വഴിപാട് വളരെ ഗുണകരമാണ്. രാസവസ്തുക്കള്‍ ചേര്‍ക്കാതെ ശുദ്ധമായ മഞ്ഞള്‍പ്പൊടി ഉപയോഗിച്ച് തയാറാക്കുന്ന വിശിഷ്ട കുങ്കുമം മാത്രം ഈ വഴിപാടിനായി ഉപയോഗിക്കുന്നു. നിങ്ങളുടെ ജന്മ നക്ഷത്ര ദിവസമോ ചൊവ്വ, വെള്ളി ദിവസങ്ങളിലോ ഈ വഴിപാട് നടത്തുന്നത് വളരെ ഉത്തമമാകുന്നു. കുങ്കുമാര്‍ച്ചന യുടെ പ്രസാദ കുങ്കുമം പതിവായി നെറ്റിയില്‍ തൊടുന്നത് പുരുഷന്മാര്‍ക്ക് ആയുരാരോഗ്യ ഐശ്വര്യത്തിനും  സീമന്ത രേഖയില്‍ അണിയുന്നത് സുമംഗലിമാര്‍ക്ക് ദീര്‍ഘ മംഗല്യ ത്തിനും സഹായിക്കും. 

Rituals Specials