വിഷ്ണുവിന്റെ ഓരോ അവതാരത്തെയും ആരാധിച്ചാൽ വിവിധങ്ങളായ ഫലസിദ്ധി..

വിഷ്ണുവിന്റെ ഓരോ അവതാരത്തെയും ആരാധിച്ചാൽ വിവിധങ്ങളായ ഫലസിദ്ധി..

Share this Post

ത്രിമൂർത്തികളിൽ സ്ഥിതിയുടെയും പരിപാലനത്തിന്റെയും മൂർത്തിയാണ് മഹാവിഷ്‌ണു. അങ്ങനെയുള്ള മഹാവിഷ്‌ണുവിന്റെ പൂർണ്ണാവതാരങ്ങളെ ആരാധിക്കുന്നതും അവതാര കീർത്തനം ചൊല്ലുന്നതും ഐശ്വര്യവും കീർത്തിയും ഉണ്ടാക്കുന്നു. ഗുരുവായൂർ ഉൾപ്പെടെയുള്ള വിഷ്‌ണു പ്രതിഷ്ഠയുള്ള മഹാ ക്ഷേത്രങ്ങളിലെല്ലാം ദശാവതാരച്ചാർത്ത് നടത്താറുണ്ട്. കേരളത്തിൽ മഹാവിഷ്‌ണുവിന്റെ ദശാവതാരങ്ങലും അംശാവതാരങ്ങളും പ്രധാന പ്രതിഷ്‌ഠയായി വരുന്ന ക്ഷേത്രങ്ങളും ഉണ്ട്. അങ്ങനെയുള്ള പ്രധാന ക്ഷേത്രങ്ങളും ഓരോ അവതാര മൂർത്തിയേയും ആരാധിച്ചാലുള്ള ഫലസിദ്ധിയുമാണിനി പറയുന്നത്.

മത്സ്യാവതാരം

മഹാവിഷ്ണുവിന്റെ ആദ്യത്തെ അവതാരം. മത്സ്യാവതാര മൂർത്തിയെ ആരാധിച്ചാൽ വിദ്യാലബ്‌ധിയും കാര്യസിദ്ധിയുമുണ്ടാകും. വേദങ്ങൾ വീണ്ടെടുക്കാനാണ് ഭഗവാൻ മത്സ്യാവതാരമായി ജന്മമെടുത്തത്. വയനാട്ടിലെ മീനങ്ങാടി മത്സ്യാവതാര മഹാവിഷ്‌ണു ക്ഷേത്രമാണ് കേരളത്തിലെ പ്രധാന മത്സ്യാവതാര ക്ഷേത്രമായി അറിയപ്പെടുന്നത്. കൂടാതെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലും മത്സ്യമൂർത്തി ഉപദേവ പ്രതിഷ്ഠയായിട്ടുണ്ട്.

കൂർമാവതാരം

വിഘ്ന നിവാരണത്തിനും ഗൃഹലാഭത്തിനുമാണ് കൂർമാവതാരത്തെ പൂജിക്കേണ്ടത്. പാലാഴിമഥന സമയത്ത് ആമയുടെ പുറത്തു നിന്നു കൊണ്ടാണ് മന്ഥര പർവതത്തെ രക്ഷിച്ചത്. കോഴിക്കോട് ആമമംഗലം മഹാവിഷ്‌ണു ക്ഷേത്രം കൂർമാവതാര പ്രതിഷ്ഠയുള്ള ക്ഷേത്രമാണ്. കൂർമാവതാരപ്രതിഷ്ഠയുള്ള വേറെയും ക്ഷേത്രങ്ങൾ ഉണ്ട്.


വരാഹാവതാരം
ഭൂമി ലാഭത്തിനും വ്യവസായ പുരോഗതിക്കും വരാഹമൂർത്തി ഭജനം ഉത്തമമായി കരുതുന്നു. പ്രസിദ്ധമായ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിലെ പ്രധാന വഴിപാടും ഭൂമി പൂജയാണ്. ഹിരണ്യാക്ഷനെ വധിച്ചു സമുദ്രത്തിൽ നിന്നു ഭൂമിയെ ഉയർത്തിക്കൊണ്ടു വരാനാണ് ഭഗവാൻ വരാഹാവതാരം കൈക്കൊണ്ടത്. തിരുവനന്തപുരത്തെ ലക്ഷ്‌മി വരാഹ ക്ഷേത്രം, ചേറായിലെ വരാഹ സ്വാമി ക്ഷേത്രം, വാരാപ്പുഴ ശ്രീ വരാഹ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ വരാഹ പ്രതിഷ്ഠയ്ക്കു പേരു കേട്ടതാണ്.

നരസിംഹാവതാരം
നരസിംഹമൂർത്തിയെ ഭജിച്ചാൽ പേടി മാറും. ശത്രുദോഷം ഇല്ലാതാകും. ആയുസ്സാരോഗ്യലബ്‌ധിയും കൈവരും. ഹിരണ്യകശിപുവിനെ നിഗ്രഹിച്ചു ഭക്തനായ പ്രഹ്ളാദനെ രക്ഷിക്കാനാണ് മഹാവിഷ്‌ണു നരസിംഹമൂർത്തിയായി അവതരിച്ചത്. അയ്മനം നരസിംഹസ്വാമി ക്ഷേത്രം, പെരുമ്പള്ളി നരസിംഹസ്വാമിക്ഷേത്രം, ആനയടി നരസിംഹസ്വാമിക്ഷേത്രം, കാടമുറി നരസിംഹസ്വാമിക്ഷേത്രം, മാങ്ങാനം നരസിംഹസ്വാമിക്ഷേത്രം തുടങ്ങി ഒട്ടേറെ നരസിംഹസ്വാമി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.

വാമനാവതാരം

മഹാവിഷ്‌ണുവിന്റെ പത്തവതാരങ്ങളിൽ ആദ്യത്തെ മനുഷ്യാവതാരമാണ് വാമനൻ. ഭക്തനായ ബലിയുടെ അഹങ്കാരം നശിപ്പിക്കാനാണ് ഭഗവാൻ വാമനനായി അവതരിച്ചത്. തൃക്കാക്കര വാമന ക്ഷേത്രമാണ് കേരളത്തിലെ പ്രധാന വാമന ക്ഷേത്രം. വാമനപ്രതിഷ്ഠയുള്ള വേറെയും ക്ഷേത്രങ്ങളുണ്ട്.വാമനമൂർത്തിയെ ഭജിച്ചാൽ പാപനാശവും മോക്ഷലബ്‌ധിയുമാണ് ഫലം.


പരശുരാമാവതാരം
ചിരഞ്ജീവിയായി അറിയപ്പെടുന്ന അവതാരമൂർത്തിയാണ് പരശുരാമൻ. അനീതിയെയും അക്രമത്തെയും തടഞ്ഞ് ലോകത്തെ രക്ഷിക്കാനാണ് പരശുരാമൻ അവതരിച്ചത്. പരശുരാമനെ ആരാധിച്ചാൽ കാര്യസിദ്ധിയും ശത്രുനാശവുമുണ്ടാകും. തിരുവല്ലം പരശുരാമ ക്ഷേത്രം ബലിതർപ്പണത്തിനു പേരുകേട്ട ക്ഷേത്രം കൂടിയാണ്.

ശ്രീരാമാവതാരം
നന്മയുടെ ദൈവമായി കാണുന്ന മര്യാദാപുരുഷോത്തമനായ ശ്രീരാമനെ ഭജിക്കുന്നവർക്കു ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാവില്ല എന്നാണു പറയുന്നത്. കൂടാതെ മോക്ഷപ്രാപ്‌തിയുമുണ്ടാകും. രാവണ നിഗ്രഹത്തിനാണ് ഭഗവാൻ ശ്രീരാമാവതാരം കൈക്കൊണ്ടത്. തൃപ്രയാർ ശ്രീരാമക്ഷേത്രം, വെന്നിമല ശ്രീരാമ ലക്ഷ്‌മണ ക്ഷേത്രം തുടങ്ങി ഒട്ടേറെ ശ്രീരാമക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.

ബലരാമാവതാരം
ബലരാമസ്വാമിയെ ഭജിച്ചാൽ കൃഷിയിൽ അഭിവൃദ്ധിയുണ്ടാകും. കൂടാതെ മോക്ഷലബ്ധിയും ദുരിത ശാന്തിയും കൈവരും. പാലക്കാട് ജില്ലയിലെ നെന്മിനി ബലരാമക്ഷേത്രം, നറുകുളങ്ങര ബലരാമ ക്ഷേത്രം തുടങ്ങിയവ പ്രസിദ്ധമായ ബലരാമക്ഷേത്രങ്ങളാണ്. മഹാവിഷ്ണുവിന്റെ സഹായത്തിനായി അവതരിച്ച ബലരാമൻ ആദിശേഷന്റെ അംശാവതാരം കൂടിയാണ്.

ശ്രീകൃഷ്‌ണാവതാരം
ധർമലോപം സംഭവിച്ചപ്പോൾ ഭൂമി ദേവിയുടെ അപേക്ഷപ്രകാരം ധർമസംരക്ഷണത്തിനായി മഹാവിഷ്‌ണു ശ്രീകൃഷ്‌ണനായി അവതരിച്ചു. വിവാഹലബ്‌ധി, ഈശ്വരാധീനം, ആഗ്രഹസിദ്ധി എന്നിവയാണ് ശ്രീകൃഷ്ണനെ ആരാധിച്ചാലുള്ള ഫലങ്ങൾ. ഗുരുവായൂർ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രം, തിരുവാർപ്പ് ശ്രീകൃഷ്‌ണ ക്ഷേത്രം തുടങ്ങിയവ പ്രസിദ്ധമായ ശ്രീകൃഷ്ണാവതാര ക്ഷേത്രങ്ങളാണ്. എണ്ണിയാൽ തീരാത്തത്ര ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെയുണ്ട്.

കൽക്കിയവതാരം
കലിയുഗത്തിൽ ധർമസംരക്ഷണത്തിനായും മ്ലേച്ഛന്മാരെ ഇല്ലാതാക്കാനും മഹാവിഷ്ണു കൽക്കിയായി അവതരിക്കും. കൽക്കി അവതാരത്തെ ആരാധിച്ചാൽ വിജയവും മോക്ഷപ്രാപ്‌തിയും കൈവരും അതോടൊപ്പം മനസ്സുഖവും ഉണ്ടാകുമെന്ന് ആചാര്യന്മാർ പറയുന്നു.

ദശാവതാര കീർത്തനം

വേദോദ്ധാരവിചാരമതേ സോമകദാനവസംഹരണേ .
മീനാകാരശരീര നമോ ഹരിഭക്തം തേ പരിപാലയ മാം .. 1..

മന്ഥാനാചലധാരണഹേതോ ദേവാസുരപരിപാല വിഭോ .
കൂർമാകാരശരീര നമോ ഹരിഭക്തം തേ പരിപാലയ മാം .. 2..

ഭൂചോരകഹര പുണ്യമതേ ക്രീഡോദ്ധൃതഭൂദേശഹരേ .
ക്രോഢാകാരശരീര നമോ ഹരിഭക്തം തേ പരിപാലയ മാം .. 3..

ഹിരണ്യകശിപുച്ഛേദനഹേതോ പ്രഹ്ലാദാഭയധാരണഹേതോ .
നരസിംഹാച്യുതരൂപ നമോ ഹരിഭക്തം തേ പരിപാലയ മാം .. 4..

ബലിമദഭഞ്ജന വിതതമതേ പാദദ്വയകൃതലോകകൃതേ .
വടുപടുവേഷ മനോജ്ഞ നമോ ഹരിഭക്തം തേ പരിപാലയ മാം .. 5..

ക്ഷിതിപതിവംശസംഭവമൂർതേ ക്ഷിതിപതിരക്ഷാക്ഷതമൂർതേ .
ഭൃഗുപതിരാമ വരേണ്യ നമോ ഹരിഭക്തം തേ പരിപാലയ മാം .. 6..

സീതാവല്ലഭ ദാശരഥേ ദശരഥനന്ദന ലോകഗുരോ .
രാവണമർദന രാമ നമോ ഹരിഭക്തം തേ പരിപാലയ മാം .. 7..

കൃഷ്ണാനന്ത കൃപാജലധേ കംസാരേ കമലേശ ഹരേ .
കാലിയമർദന കൃഷ്ണ നമോ ഹരിഭക്തം തേ പരിപാലയ മാം .. 8..

ത്രിപുരസതീ മാനവിഹരണാ ത്രിപുരവിജയമാർഗനരൂപാ .
ശുദ്ധജ്ഞാനവിബുദ്ധ നമോ ഭക്താം തേ പരിപാലയ മാം .. 9..

ശിഷ്ടജനാവന ദുഷ്ടഹര ഖഗതുരഗോത്തമവാഹന തേ .
കൽകിരൂപപരിപാല നമോ ഭക്താം തേ പരിപാലയ മാം .. 10..

നാമസ്മരണാദന്യോപായം ന ഹി പശ്യാമോ ഭവതരണേ .
രാമ ഹരേ കൃഷ്ണ ഹരേ തവ നാമ വദാമി സദാ നൃഹരേ .. 11..

ഇതി ദശാവതാരസ്തോത്രം സമ്പൂർണം .


Share this Post
Rituals Specials