ശ്രീകൃഷ്ണ ജാതകം- ഒരു ജ്യോതിഷ പരിചിന്തനം

ശ്രീകൃഷ്ണ ജാതകം- ഒരു ജ്യോതിഷ പരിചിന്തനം

Share this Post

ഇരുപത്തിയെട്ടാം  മഹായുഗത്തിലെ ദ്വാപരയുഗത്തിലാണ്  ശ്രീ കൃഷ്ണജനനമെന്ന് വിഷ്ണുപുരാണത്തില്‍ പരാമര്‍ശിക്കുന്നു. കൃഷ്ണന്‍ 125 വര്‍ഷം ജീവിച്ചതായി ഭാഗവതം ദ്വിതീയസ്‌കന്ധം ആറാം അധ്യായത്തില്‍   പറയുന്നു. ഭാഗവതം രണ്ടാം സ്‌കന്ധം ഏഴാം അദ്ധ്യായത്തിലെ  രണ്ടാം ശ്ലോകത്തില്‍  കൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്തപ്പോഴാണ് കലി ഭൂമിയില്‍ പ്രവേശിച്ചതെന്നു പറയുന്നു. 3102 ബിസിയില്‍ നിന്ന് 126 വര്‍ഷം പിന്നിലേക്ക് എടുത്താണ് 3228 ലാണ് കൃഷ്ണ ജനനമെന്നു പറയുന്നതിന്റെ യുക്തി ഇതാണ്.  പ്രകാരം എന്നാല്‍  ബിസി 3102  ഫെബ്രുവരി 17നും 18നും ഇടയില്‍ ഉജ്ജയിനിയിലെ അര്‍ധരാത്രിക്കാണ് കലിയുഗാരംഭം എന്ന് ആര്യഭടീയകാരകന്‍ സമര്‍ഥിക്കുന്നു .(ഭഗവാന്‍  ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത ഉടനെയല്ല, യുധിഷ്ഠിരന്‍ മഹാപ്രസ്ഥാനത്തിനു പോയ വ്യാഴാഴ്ച മുതല്‍ക്കാണ്  കലിയുഗാരംഭം എന്ന് ആര്യഭടീയം)

ബി. സി 3228 ജൂലൈ മാസം 19 ആം തീയതിയാണ്  ശ്രീകൃഷ്ണന്റെ ജനന തീയതി എന്ന് പ്രശസ്ത ജ്യോതിഷി ഡോ. ബി.വി.രാമനും അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ജന്മസ്ഥലം മധുര അക്ഷാംശം 27 ഡി 25 മി വടക്ക്, രേഖാംശം 77 ഡി 41 മി.

ശുക്രക്ഷേത്രമായ ഇടവലഗ്നത്തില്‍ ജനനം. ലഗ്നത്തിലെ  ചന്ദ്രസ്ഥിതി, അവിടേക്ക് ശനിയുടെ ദൃഷ്ടി എന്നിവ ഭഗവാന്റെ രൂപസൗന്ദര്യത്തെയും കാര്‍മേഘ വര്‍ണത്തേയും സാധൂകരിക്കുന്നു. ഇടവം ലഗ്നത്തിന് 9,10 എന്നീ ഭാവങ്ങളുടെ ആധിപത്യമുള്ള  ശനി യോഗകാരകനാകുന്നു. (ഒരു കേന്ദ്ര രാശിയുടെയും ഒരു ത്രികോണ രാശിയുടെയും ആധിപത്യമുള്ള ഗ്രഹം യോഗകാരകനാണ്)  ശനി ലഗ്നത്തിലേക്കു കൂടാതെ നാലിലേക്കും ഒന്‍പതിലേക്കും ദൃഷ്ടി ചെയ്യുന്നു. 

മൂന്നില്‍ നീചഭംഗം ചെയ്ത ചൊവ്വ നില്‍ക്കയാലാണ് ഭഗവാന്‍ വലിയ യുദ്ധനിപുണനും രാഷ്ട്ര തന്ത്രജ്ഞനും നയകോവിദനും ആയത് എന്ന് ചിന്തിക്കാം. ചന്ദ്രന്റെ ഉച്ചസ്ഥിതി അദ്ദേഹത്തിന്‍റെ മാനസിക വലിപ്പവും മനോ ബലവും കാണിക്കുന്നു. എന്നാല്‍ ചന്ദ്രന് മൂന്നാം ഭാവത്തിന്റെ ആധിപത്യം  ലഭിക്കയാല്‍ മനക്ളേശവും മനസമ്മര്‍ദ്ദവും പല അവസരത്തിലും അനുഭവിക്കേണ്ടി വന്നു.

മൂലത്രികോണ രാശിയില്‍ ബലവാനായി നില്‍ക്കുന്ന വിദ്യാകാരകനായ ബുധന്റെ സ്ഥിതി അനിതര സാധാരണമായ ബുദ്ധിയും വാഗ് വൈഭവവും നല്‍കുന്നു. ഭഗവത് ഗീത ഉപദേശിച്ച ഭഗവാന്‍റെ വാഗ്വിലാസത്തെ എത്ര വാഴ്ത്തിയാലും മതിയാകില്ല. 64 വിദ്യകളും ഭഗവാന്‍  64 ദിവസങ്ങള്‍ കൊണ്ട് സ്വായത്തമാക്കി എന്ന് പുരാണങ്ങള്‍ പറയുന്നു.

യോഗകാരക ദൃഷ്ടിയോടെ നാലില്‍ നില്‍ക്കുന്ന രവിയും ഗുരുവും യോഗവിദ്യയിലും ആധ്യാത്മിക ജ്ഞാനത്തിലും ഭഗവാനുള്ള ഔന്നത്യത്തെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ലഗ്‌നാധിപനായ ശുക്രനും പന്ത്രണ്ടാം ഭാവാധിപനായ ചൊവ്വയും രാഹുവോടൊപ്പം നില്‍ക്കുന്നതുകൊണ്ടാണ് കൃഷ്ണജനനം കാരാഗൃഹത്തിലായതെന്ന് ബി.വി.രാമന്‍ വിശദീകരിക്കുന്നു. അതുമാത്രമല്ല ഏഴാം ഭാവാധിപത്യമുള്ള ചൊവ്വയ്ക്ക്‌ രാഹു സംബന്ധം വന്നതിനാലാണ് ആയുധം കൊണ്ട് മരണപ്പെടെണ്ടി വന്നതെന്നും അദ്ദേഹം അനുമാനിക്കുന്നു. വൃശ്ചികത്തില്‍ ശനി നിന്നാല്‍ ബന്ധനവും വധവും അനുഭവമാകും എന്ന് പല ജ്യോതിഷ ഗ്രന്ഥങ്ങളിലും പരാമര്‍ശം ഉണ്ട്.

കളത്ര കാരകനായ ശുക്രനും ഏഴാം ഭാവാധിപനായ കുജനും രാഹുവിനോടൊപ്പം നില്‍ക്കയാല്‍ ഭഗവാന്‍ സ്ത്രീകള്‍ക്ക് വളരെ പ്രിയപ്പെട്ടവനായി എന്നു കരുതാം. എന്നാല്‍ തിരിച്ച്  ഭഗവാന്‍ ഒരിക്കലും അങ്ങനെ ആയിരുന്നില്ല. ലൗകിക ജീവിതത്തെ സൂചിപ്പിക്കുന്ന കുജന്‍ നീചം ഭവിച്ച് നില്‍ക്കയാല്‍ സത്യത്തില്‍ ഭഗവാന് ഒന്നിലും വൈകാരിക ആസക്തികള്‍ ഉണ്ടായിരുന്നില്ല എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാകും. 

“കൃഷ്ണായ വാസുദേവായ 

ഹരയേ പരമാത്മനേ

പ്രണത ക്ലേശ നാശായ 

ഗോവിന്ദായ നമോ നമ:”



Share this Post
Astrology