ജാതക പൊരുത്തം നോക്കുന്നതെന്തിന് ? അറിയാം ഓരോ പൊരുത്തത്തിന്റെയും പ്രയോജനങ്ങൾ..

ജാതക പൊരുത്തം നോക്കുന്നതെന്തിന് ? അറിയാം ഓരോ പൊരുത്തത്തിന്റെയും പ്രയോജനങ്ങൾ..

Share this Post

അപരിചിതരായ രണ്ടു വ്യക്തികൾ തമ്മിൽ വിവാഹം കഴിക്കുമ്പോൾ വിവഹ ജീവിതം എപ്രകാരം ആയിരിക്കും എന്ന ആകാംക്ഷ രക്ഷിതാക്കൾക്ക് ഉണ്ടാകുക സ്വാഭാവികമാണല്ലോ. അതിനുള്ള ഒരു ഉപായം എന്ന നിലയ്ക്കാണ് ജ്യോതിഷ പരമായ ജാതക വിചിന്തനത്തിലൂടെ ജാതക പൊരുത്തം നിർണ്ണയിക്കുന്ന രീതി സാർവത്രികമായത്. പത്തു പൊരുത്തങ്ങൾ പ്രധാനമായും ചിന്തിക്കുന്നു. അതിൽ മധ്യമ രജ്ജു, വേധം എന്നീ പൊരുത്തങ്ങൾ ഇല്ലെങ്കിൽ മറ്റെന്തെല്ലാ പൊരുത്തങ്ങളും ഉണ്ടെങ്കിലും വിവാഹം നടത്താതിരിക്കുകയാണ് ഉചിതം. പത്തു പൊരുത്തങ്ങളും അവയുടെ പ്രയോജനങ്ങളും പരിശോധിക്കാം.

ശരീരപ്രകൃതി, യോജിപ്പ്, സ്നേഹം, വിശ്വസനീയത, സ്ത്രീയെ സംരക്ഷിക്കാനുള്ള പുരുഷൻ്റെ ആരോഗ്യം, മാനുഷിക പെരുമാറ്റം, ദാമ്പത്യസുഖം, ആയുർദൈർഘ്യം ഇത്തരം കാര്യങ്ങളെ ഗണം, യോനി, സ്ത്രീദീർഘം, രജ്ജു, വേധം, രാശി, രാശ്യധിപൻ, വശ്യം, മാഹേന്ദ്രം എന്നീ പത്ത് പൊരുത്തങ്ങളിൽ കൂടി മനസിലാക്കി തരുന്നു.

പൊരുത്ത പരിശോധനയിൽ നക്ഷത്ര അടിസ്ഥാനത്തിലുള്ള പൊരുത്തങ്ങൾക്കൊപ്പം സ്ത്രീപുരുഷന്മാരുടെ ജാതകങ്ങൾ സശ്രദ്ധം പരിശോധിച്ച് പാപസാമ്യം കൂടി കണക്കിലെടുത്ത് വേണം വിവാഹബന്ധം യോജിപ്പിക്കുവാൻ.

നക്ഷത്രപൊരുത്തങ്ങൾ

  • രാശി പൊരുത്തം

ഈ പൊരുത്തം സ്ത്രീ പുരുഷന്മാരുടെ ശരീര പ്രകൃതിയെ കാണിക്കുന്നു. ഈ പൊരുത്തം മറ്റു പല പൊരുത്ത ദോഷത്തെയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.

  • രാശ്യധിപപൊരുത്തം

ഈ പൊരുത്തം സ്ത്രീ പുരുഷന്മാരുടെ യോജിപ്പിനെയാണ് പ്രകടമാക്കുന്നത്.

  • വശ്യ പൊരുത്തം

ഈ പൊരുത്തം സ്ത്രീ പുരുഷന്മാർ തമ്മിലുള്ള ആകർഷണീയതയെ ആണ് കാണിക്കുന്നത്. ഗണം, രാശി, രാശി-ഈശ പൊരുത്തങ്ങളുടെ അഭാവത്തെ ഈ പൊരുത്തം ദോഷ വിമുക്തമാക്കുന്നു.

  • മാഹേന്ദ്ര പൊരുത്തം

ഈ പൊരുത്തം സ്ത്രീയെ സംരക്ഷിക്കാനുള്ള പുരുഷൻ്റെ കായിക ക്ഷമതയെയും ആരോഗ്യപരവും സാമ്പത്തികവും മാനുഷികവുമായ കഴിവിനെയും കാണിക്കുന്നു

  • ഗണപൊരുത്തം

ഗണം ഒന്നായാൽ ഗുണം പത്ത് എന്ന് പറയുന്നു. ഈ പൊരുത്തം ദാമ്പത്യസുഖം, സ്നേഹബന്ധം ഇവയെ കാണിക്കുന്നു.

  • യോനിപൊരുത്തം

ഈ പൊരുത്തം ലൈംഗിക അഭിലാഷം, വികാരം, സംതൃപ്തി ഇവയെ കാണിക്കുന്നു.

  • സ്ത്രീ ദീർഘപൊരുത്തം

സ്ത്രീയുടെ സുമംഗലിത്വത്തെയാണ് ഈ പൊരുത്തം പ്രധാനമായും സൂചിപ്പിക്കുന്നത്.

  • രജ്ജുപൊരുത്തം

മധ്യമ രജ്ജുവിൽ ഉള്ള നാളുകളായ ഭരണി, മകയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്ത്രിട്ടാതി ഈ നക്ഷത്രക്കാർ അന്യോന്യം വിവാഹം കഴിക്കുവാൻ പാടുള്ളതല്ല.

  • വേധപൊരുത്തം

ഈ പൊരുത്തം ദമ്പതികളുടെ ആയുസ്സിനെ കാണിക്കുന്ന വേധമുള്ള നാളുകൾ തമ്മിൽ ചേർക്കാൻ പാടില്ല.

  • ദിനപൊരുത്തം

ഈ പൊരുത്തം ദമ്പതികളുടെ മാനസികമായ യോജിപ്പിനെയും സുഖജീവിതത്തെയും കാണിക്കുന്നു. എന്നാൽ രാശി പൊരുത്തം, യോനി പൊരുത്തം എന്നിവ ഉണ്ടെങ്കിൽ ദിനപൊരുത്തം ഇല്ലായ്മ കണക്കാക്കേണ്ടതില്ല.

പാപസാമ്യം

സ്ത്രീ ജാതകത്തിൽ എത്രത്തോളം ദോഷങ്ങൾ ഭർത്രുനാശാകരമായിട്ടുണ്ടോ അത്രത്തോളം പുരുഷ ജാതകത്തിലും ഭാര്യനാശകരമായ ദോഷങ്ങൾ ഉണ്ടാകണം. എങ്കിൽ മാത്രമേ പാപസാമ്യം ശരിയാകുകയുള്ളൂ. സ്ത്രീജാതകത്തിലോ പുരുഷ ജാതകത്തിലോ പപഗ്രഹസ്ഥിതിക്ക് ഏറ്റക്കുറച്ചിൽ കണ്ടാൽ – അതായത് ദോഷക്കൂടുത്തൽ ഉണ്ടായാൽ വേർപാടോ അല്ലെങ്കിൽ വിവാഹ മോചനമോ ഉണ്ടാകാം. പാപസാമ്യം ജാതകത്തിൽ വേണമെന്നതിൻ്റെ പൊതുതത്വം ഇതാണ്.

ദശാസന്ധി

ദമ്പതികളുടെ ജാതകത്തിലെ ശിഷ്ടദശകളെത്തുടർന്ന് ഓരോ ദശകൾ കൂട്ടുമ്പോൾ രണ്ടു പേർക്കും ഒരേ സമയത്ത് ദശ അവസാനിക്കുന്നത് നല്ലതല്ല. ഒരു ദശ അവസാനിച്ച് അടുത്ത ദശ തുടങ്ങുന്ന സമയത്തെയാണ് ദശ സന്ധി എന്ന് പറയുന്നത്. ഈ ഘട്ടം രണ്ടുപേർക്കും ഒരേ സമയത്ത് വന്നാൽ വേർപിരിയുകയോ, അനിഷ്ട അനുഭവങ്ങളോ സംഭവിക്കാം. അഥവാ അതിദയനീയമായ ജീവിതാവസ്ഥകളിൽ ചെന്നെത്താം.

Image

Share this Post
Astrology