നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയാണ് സാധാരണ വിവാഹ പൊരുത്തം ചിന്തിക്കുന്നത്. കൂടാതെ ഗ്രഹനിലകൾ പരിശോധിച്ച് പാപ സാമ്യത്തെയും ചിന്തിക്കണം പൊരുത്തങ്ങള്‍ അനേകമുണ്ടെങ്കിലും പ്രധാനമായും പത്തെണ്ണമാണ് ഇന്നു സാധാരണയായി പരിശോധിക്കുന്നത്. പത്തില്‍ എട്ടെണ്ണം പൊരുത്തങ്ങളും രണ്ടെണ്ണം പൊരുത്ത ദോഷങ്ങളുമാണ്. ഇവയില്‍ ഏറ്റവും പ്രധാനമായതാണ് വശ്യപ്പൊരുത്തം.
ജനനസമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയെ കൂറ് എന്ന് വിളിക്കുന്നു. നമ്മള്‍ ജനിച്ച കൂറുകളെ അടിസ്ഥാനമാക്കിയുള്ള നക്ഷത്രപ്പൊരുത്ത നിര്‍ണ്ണയത്തില്‍ വശ്യപ്പൊരുത്തത്തിന് പ്രാധാന്യം ഉണ്ട്. ഓരോ രാശിക്കും സ്വാഭാവികമായ ചില ഗുണങ്ങളും വിശേഷതകളുമുണ്ട്.
മേടം രാശിക്ക് ചിങ്ങവും വൃശ്ചികവും വശ്യരാശികളാണ്. ഇടവത്തിന് കര്‍ക്കടകം, തുലാം എന്നിവയും മിഥുനത്തിന് കന്നിയും, കര്‍ക്കടകത്തിന് ധനു, വൃശ്ചികം എന്നിവയും, ചിങ്ങത്തിന് തുലാം, കന്നിക്ക് മിഥുനം, മീനം എന്നിവയും, തുലാത്തിന് കന്നി, മകരം എന്നിവയും, വൃശ്ചികത്തിന് കര്‍ക്കടകവും, ധനുവിന് മീനവും മകരത്തിന് കുംഭം, മേടം എന്നിവയും, കുംഭത്തിന് മേടവും, മീനത്തിന് മകരവും വശ്യരാശികളാണ്. സ്ത്രീ ജനിച്ച കൂറിന്റെ വശ്യരാശിയില്‍ പുരുഷന്‍ ജനിച്ചാല്‍ വശ്യപ്പൊരുത്തമായി.
പുരുഷന്റെ വശ്യരാശിയിൽ സ്ത്രീ ജനിച്ചാലും വശ്യപ്പൊരുത്തം പറയാമെന്നും അഭിപ്രായമുണ്ട്. ദൃഢമായ അനുരാഗത്തോടുകൂടിയതും പരസ്പര ആകർഷണത്തോടുകൂടിയതും ആയ ദാമ്പത്യമാണ് ഇതിന്റെ ഫലം. ചുരുക്കത്തിൽ വശ്യപ്പൊരുത്തം ദാമ്പത്യത്തെ വശ്യമാക്കുന്നു. എന്തെല്ലാം അഭിപ്രായ ഭിന്നതകളും പിണക്കങ്ങളും ഉണ്ടായാലും അവ താത്ക്കാലികമായിരിക്കുമെന്നല്ലാതെ സ്ഥിരമായ അനൈക്യമോ, കലഹമോ, അകൽച്ചയോ, വേർപിരിയലോ ഉണ്ടാകുകയില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
സ്ത്രീ പുരുഷന്മാര്‍ വശ്യരാശികളില്‍ ജനിച്ചവരാണെങ്കില്‍ അതിന്റേതായ ഒരു ആകര്‍ഷകത്വവും മാനസിക ഐക്യവും അവരിലുണ്ടാകുമെന്നതിനാല്‍ മറ്റുപല പൊരുത്തമില്ലായ്മകൊണ്ടുള്ള ദോഷങ്ങളും ഇതിനാല്‍ പരിഹരിക്കപ്പെടും
സ്ത്രീപുരുഷ ദാമ്പത്യ ഐക്യത്തെ സൂചിപ്പിക്കുന്ന മറ്റു പൊരുത്തങ്ങള്‍ ഇല്ലാതിരിക്കുമ്പോഴും വശ്യപ്പൊരുത്തമുണ്ടെങ്കില്‍ അവ സ്വീകരിക്കാമെന്നാണ് പണ്ഡിതമതം. എന്നാല്‍ മദ്ധ്യമരജ്ജു, വേധം മുതലായ ദോഷങ്ങൾക്ക് വശ്യപ്പൊരുത്തം പരിഹാരമാകണമെന്നില്ല.