എനിക്കിപ്പോള്‍ ഏതു ദശാകാലമാണ്?

എനിക്കിപ്പോള്‍ ഏതു ദശാകാലമാണ്?

Share this Post

ദശാപഹാരങ്ങളെക്കുറിച്ച് ശരിയായ ധാരണ വേണം. പലരും ഗോചരനിലയെ ദശയായും ധരിക്കാറുണ്ട്. ഏഴരശനിയും കണ്ടകശനിയും  അനുഭവിച്ചവർ ചിലർ പറയാറുള്ളത് എനിക്ക് കഴിഞ്ഞ കുറെക്കാലം ശനിദശയായിരുന്നുവെന്ന്. ഏഴര ശനിയും കണ്ടകശനിയും ദശയല്ലെന്നും ദശയും ചാരവശാലുള്ള അനുഭവങ്ങളും  വ്യത്യസ്തമാണെന്നും സാധാരണ ജനങ്ങള്‍ക്കറിഞ്ഞുകൂടാ. ദശാകാലങ്ങള്‍ ജന്മ നക്ഷത്രത്തെ കൊണ്ടും ചാരഫലങ്ങള്‍ ജനിച്ച കൂറിനെ കൊണ്ടും ആണ് കണക്കാക്കുന്നത്.

ഒരാള്‍ ജനിക്കുന്ന സമയത്തെ  ദശയൊഴിച്ച് ബാക്കി ദശകൾ പൂർണമായിരിക്കും. ആദ്യത്തെ ദശയെ ജനനശിഷ്ടം, ജന്മശിഷ്ടം എന്നൊക്കെ രേഖപ്പെടുത്തും. ആദ്യത്തെ ദശ പൂർണമായി ലഭിക്കണമെന്നില്ല. അവരവർ ജനിച്ച സമയത്ത് ജന്മനക്ഷത്രം എത്ര സഞ്ചരിച്ചു കഴിഞ്ഞുവോ അതിനു ശേഷമുള്ളതാണു ജീവിതദശയായി കണക്കാക്കുന്നത്. ജന്മ നക്ഷത്രം അനുസരിച്ചാണ് ഒരാള്‍ ഏതു ദശയില്‍ ആണ് ജനിക്കുന്നത് എന്ന് കണ്ടെത്തുന്നത്.

അതാണ് ആദ്യത്തെ ദശയെ ചിലയിടത്ത് ഗർഭശിഷ്ടം എന്നു എഴുതാറുണ്ട്. ഗർഭത്തിൽ കിടന്ന കുഞ്ഞ് ജനിച്ച വേളയിൽ നക്ഷത്രം ബാക്കിയുള്ളത് – ഗർഭാവസ്ഥയിൽ ആയിരുന്ന സമയം മാറ്റി ജനനസമയത്ത് നക്ഷത്രം ശേഷിച്ചിരിക്കുന്നതിനെ ഗണിച്ചാണ് ആദ്യദശ കണ്ടെത്തുന്നത്. ഈ ആദ്യ ദശയും കൂടെ പിന്നെ ഓരോ ദശയുടെ പൂർണവർഷവും കൂട്ടിയാണു കണക്കാക്കുന്നത്.
അശ്വതി, മകം, മൂലം നക്ഷത്രക്കാർ കേതുദശയിലും ഭരണി, പൂരം, പൂരാടം നക്ഷത്രക്കാർ ശുക്രദശയിലും കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാർ സൂര്യദശയിലും രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാർ ചന്ദ്രദശയിലും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാർ ചൊവ്വാദശയിലും തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർ രാഹുദശയിലും പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാർ വ്യാഴദശയിലും പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ ശനിദശയിലും ആയില്യം, തൃക്കട്ടേ, രേവതി നക്ഷത്രക്കാർ ബുധദശയിലുമാണു ജനിക്കുന്നത്. ഇതിൽ ആദ്യത്തെ ദശ അറിഞ്ഞാൽ പിന്നെ എളുപ്പമായി.

ഉദാഹരണത്തിന് അശ്വതി നക്ഷത്രക്കാർക്കു ജനിക്കുമ്പോഴുള്ള ദശ കേതുവാണ്. കേതുവിന് മൊത്തം 7 വർഷമാണ്. എന്നാൽ അശ്വതിക്കാരൻ ജനിച്ചപ്പോൾ അശ്വതി നക്ഷത്രം പകുതി സഞ്ചരിച്ചു കഴിഞ്ഞുവെങ്കിൽ ഇയാൾക്ക് ആദ്യത്തെ ദശ 3 വർഷവും 6 മാസവും മാത്രമേ ലഭിക്കൂ. ഈ 3 വർഷം 6 മാസത്തിന്റെ കൂടെ ശുക്രദശയുടെ കാലം കൂട്ടണം. ശുക്രന് 20 വർഷം. അപ്പോൾ ഈ അശ്വതിക്കാരന് 23 വയസ്സും 6 മാസവും വരെ ശുക്രദശയാണെന്ന് ഉറപ്പാകും.

ഇപ്രകാരം സ്വന്തം ദശ ഏതുപ്രായത്തിലും അറിയാം.


Share this Post
Astrology