രാഹു -കേതു രാശിമാറ്റം വരുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു നല്ലത്…

രാഹു -കേതു രാശിമാറ്റം വരുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു നല്ലത്…

Share this Post

മറ്റു ഗ്രഹങ്ങൾ ഘടികാര ദിശയിൽ സഞ്ചരിക്കുമ്പോൾ രാഹുകേതുക്കൾ പ്രതി ഘടികാര ദിശയിൽ സഞ്ചരിക്കുന്നു എന്നതു മാത്രമല്ല, മറ്റു ഗ്രഹങ്ങളെ പോലെ യഥാർഥ ഗ്രഹങ്ങളല്ല; മറിച്ച് ഇവ രണ്ടു നിഴൽ ബിന്ദുക്കൾ മാത്രമാണ് എന്നതാണ് ഇവയുടെ പ്രാധാന്യം. സൂര്യ ചന്ദ്ര പാതയിലെ ഗ്രഹണ കാരകങ്ങളായ രണ്ടു ബിന്ദുക്കളാണിവ. സപ്തഗ്രഹങ്ങളെ കൂടാതെ രാഹു കേതുക്കളെയും പരിഗണിച്ചാണ് നവഗ്രഹങ്ങൾ എന്ന സങ്കൽപം ഭാരതീയ ജ്യോതിഷത്തിൽ സ്വീകരിച്ചിരിക്കുന്നത് എന്നതും ഇവരുടെ പ്രാധാന്യം സൂചിപ്പിക്കുന്നു.

രാശിചക്രത്തിൽ 18 മാസത്തിൽ ഒരിക്കൽ രാശിമാറുന്ന ഈ നിഴൽ ഗ്രഹങ്ങളാണ് യഥാർത്ഥത്തിൽ ഗ്രഹണങ്ങൾക്ക് കാരണമാകുന്നത് .ജ്യോതിഷ വിശകലനത്തിലും ഫല ചിന്തനയിലും ഇവരുടെ സ്ഥിതി പലപ്പോഴും വളരെ പ്രാധാന്യമർഹിക്കുന്നു.

ക്രിസ്തുവർഷം 2022 ഏപ്രിൽ 12 ന് രാഹു മേടത്തിലേക്കും കേതു തുലാത്തിലേക്കും രാശി മാറുകയാണ്. രാഹുകേതുക്കൾ ഉപചയ ഭാവങ്ങളായ 3, 6, 11 ഭാവങ്ങളിൽ ചന്ദ്രാൽ സ്ഥിതി ചെയ്യുമ്പോഴാണ് അനുകൂല ഫലങ്ങൾ നൽകുന്നത്. നക്ഷത്ര ദശാപഹാരകാലങ്ങളും അനുകൂലമാവുകയും വ്യാഴത്തിന്റെയും ശനിയുടെയും ചാരവശാലുള്ള അനുകൂല സ്ഥിതികൂടി ഉണ്ടാവുകയും ആണെങ്കിൽ രാഹു കേതു മാറ്റത്തിലെ ദോഷങ്ങൾ പ്രായോഗികമായി ഗുരുതരമായി ബാധിക്കാൻ ഇടയില്ല. ജാതകത്തിലെ ഗ്രഹബലങ്ങളും യോഗങ്ങളും ഇത്തരുണത്തിൽ ചിന്തനീയമാണ്.

രാഹുകേതു മാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണദോഷ പ്രദമാകുമെന്ന് സാമാന്യമായി ചിന്തിക്കാം.

മേടക്കൂർ

(അശ്വതി , ഭരണി, കാർത്തിക 1/4 )

മേടക്കൂറുകാർക്ക് രാഹു ജന്മത്തിലും കേതു ഏഴിലും സഞ്ചരിക്കുന്ന കാലം ആയതിനാൽ സാഹസിക കർമങ്ങളിൽ നിന്നും അറിവില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്നും വിട്ടു നിൽക്കുക. ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തണം. പ്രണയബന്ധങ്ങൾ ആരോഗ്യകരമാക്കുക. അനാവശ്യ യാത്രകൾ കുറക്കുക. അടുത്തു പെരുമാറുന്നവർ എല്ലാം നമ്മുടെ നന്മ ആഗ്രഹിക്കുന്നവരാണ് എന്ന് ചിന്തിക്കരുത്. അല്പം ശത്രു ദോഷങ്ങളും അസൂയ മൂലമുള്ള വിഷമതകളും ഒക്കെ നേരിടാൻ കരുതലോടെ ഇരിക്കുക. ജാഗ്രതയും സൂക്ഷ്മതയും പുലർത്തിയാൽ വലിയ പ്രതിസന്ധികൾ വരികയില്ല.

ഇടവക്കൂർ

(കാർത്തിക 3/4 , രോഹിണി , മകയിരം 1/2)

ഇടവക്കൂറുകാർക്ക് രാഹു പന്ത്രണ്ടിലും കേതു ആറിലും സഞ്ചരിക്കുന്ന കാലമായതിനാൽ അനുഭവങ്ങൾ ഗുണദോഷ സമ്മിശ്രമായിരിക്കും. തൊഴിൽ രംഗത്തു വിചാരിക്കാത്ത വിഷമതകൾ വരാവുന്നതാണ്. അലച്ചിലും ക്ലേശവും അധിക ചിലവും മൂലം വിഷമതകൾ വരാം. ആവശ്യമില്ലാത്ത വാഗ്ദാനങ്ങളിൽ പെട്ട് വഞ്ചിക്കപ്പെടാൻ ഇടയുണ്ട്. ബാധ്യതകൾ വരുത്തി വച്ചാൽ ഭാവി വിഷമകരമാകും. എന്നാൽ പ്രവർത്തനങ്ങളിലെ മികവ് കണ്ടു അധികാരികൾ പോലും പ്രശംസിക്കാൻ സാധ്യതയുള്ള സമയമാണ്. നയാ ചാതുര്യത്തോടെ ഇടപെട്ടാൽ കാര്യങ്ങൾ അനുകൂലമാകും. ഊഹ കച്ചവടം, ഭാഗ്യപരീക്ഷണം, അവധി വ്യാപാരം മുതലായവ നഷ്ടം ചെയ്യും.

മിഥുനക്കൂർ

( മകയിരം 1/2 തിരുവാതിര, പുണർതം 3/4)

മിഥുനക്കൂറുകാർക്ക് രാഹു പതിനൊന്നിലും കേതു അഞ്ചിലും സഞ്ചരിക്കുന്നു. കാലം പൊതുവിൽ അനുകൂലമാകും. മാതാപിതാക്കളും ഗുരുജനങ്ങളും അനുകൂലരാകും.വളരെക്കാലമായി നിലനിന്നിരുന്ന കേസുകളും വഴക്കുകളും വ്യവഹാരവും മറ്റും അവസാനിക്കും. കുടുംബ ക്ലേശങ്ങൾ അകലും. അപ്രതീക്ഷിത സഹനങ്ങൾ ലഭ്യമാകും. പിണക്കം മറന്നു ബന്ധുക്കൾ അടുത്തുവരും. ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും. അർഹതതപ്പെട്ട സ്ഥാന കയറ്റം ലഭിക്കും. ആനുകൂല്യങ്ങൾ വർധിക്കും. പുതിയ സംരംഭങ്ങൾക്കുള്ള പരിശ്രമങ്ങൾ വിജയിക്കും. അല്പം ആരോഗ്യ ക്ലേശങ്ങൾ ഒഴിച്ചാൽ കാര്യങ്ങൾ പൊതുവിൽ അനുകൂലമാകും. ഉദര രോഗികൾ വിശേഷിച്ചും ശ്രദ്ധിക്കണം.

കർക്കടകക്കൂർ

( പുണർതം 1/4 പൂയ്യം, ആയില്യം)

കർക്കടകക്കൂറുകാർക്ക് രാഹു പത്തിലും കേതു നാലിലുമായി സഞ്ചരിക്കുന്ന കാലമായതിനാൽ ജീവിത ക്ലേശം വര്ധിച്ചിരിക്കും. അധ്വാനഭാരം വർധിക്കും. തൊഴിൽ മാറാനുള്ള ശ്രമങ്ങൾ ആലോചനയുടെ വേണം. അക്കരപ്പച്ച എന്നു ചിന്തിക്കുന്നത് പലപ്പോഴും ദോഷം ചെയ്യും. എന്നാൽ ചിന്തിച്ചു പ്രവർത്തിച്ചാൽ തൊഴിലിലും ലാഭം സിദ്ധിക്കും. സ്വന്തം കാര്യത്തെ നേരിട്ട് ബാധിക്കാൻ ഇടയില്ലാത്ത ഒരു കാര്യത്തിലും ഇടപെടാൻ പോകാതിരുന്നത് പേരുദോഷം ഒഴിവാകും.. അധികാരികളോട് അപ്രിയമായി സംസാരിക്കുന്നത് ദോഷം ചെയ്യും. സാമ്പത്തിക അച്ചടക്കം പാലിക്കണം. മാതാവിനോ മാതൃ ബന്ധുക്കൾക്കോ അല്പം ആരോഗ്യ ക്ലേശങ്ങൾ വരാവുന്ന സമയമാണ്. കാര്യങ്ങളെ സമചിത്തതയോടെ സമീപിച്ചാൽ വലിയ ദോഷങ്ങൾ ഒഴിവാകും.

ചിങ്ങക്കൂർ

(മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറുകാർക്ക് രാഹു ഭാഗ്യത്തിലും കേതു മൂന്നിലുമായി സഞ്ചരിക്കുന്ന കാലമായതിനാൽ ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. എടുത്തുചാടിയുള്ള പരിശ്രമങ്ങൾ പലപ്പോഴും പരാജയമാകാൻ ഇടയുള്ളതിനാൽ കരുതണം. തൊഴിൽ അന്വേഷകർക്ക് തൊഴിൽ അവസരങ്ങൾ വർധിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ പലവിധ സഹായങ്ങളും ലഭിക്കും. പ്രതിസന്ധികളെ യുക്തിസഹമായി മറികടക്കാൻ കഴിയും. വീഴ്ചകളിൽ പതറാതെ മുന്നോട്ടു പോകണം. ശാരീരിക വ്യാധികൾ കരുതണം. സ്വത്തു തർക്കങ്ങൾ നീണ്ടു പോകുവാൻ ഇടയുണ്ട്. വിലപ്പെട്ട വസ്തുക്കളോ നഷ്ടമാകാതെ സൂക്ഷിക്കുക. സ്വന്തം ചുമതലകൾ അന്ധമായി മറ്റുള്ളവരെ ഏൽപ്പിക്കരുത്.

കന്നിക്കൂർ

(ഉത്രം 3/4 അത്തം, ചിത്തിര 1/2)

രാഹു എട്ടിലും കേതു രണ്ടിലുമായി സഞ്ചരിക്കുന്ന കാലമായതിനാൽ പൊതുവിൽ എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ബോധ്യമില്ലാത്ത നിക്ഷേപങ്ങൾ ഒഴിവാക്കണം. പുതിയ ധനകാര്യ സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല. വ്യാപരത്തിൽ ലാഭം കുറഞ്ഞെന്നു വരാം. പഴയ ലാഭം നില നിർത്താൻ പതിവിലും വരവിനേക്കാൾ ചെലവ് കൂടും. സ്വജനങ്ങളുമായി കലഹത്തിന് സാധ്യത ഉള്ളതിനാൽ വാക്ക് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ശത്രുദോഷത്തിനു സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. മനസമ്മർദം നിയന്ത്രിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ വേണം. രക്ത സമ്മർദ സംബന്ധിയായ രോഗങ്ങൾ ഉള്ളവർ സവിശേഷ ശ്രദ്ധ ആരോഗ്യകാര്യങ്ങളിൽ പുലർത്തണം.

തുലാക്കൂർ

(ചിത്തിര 1/2 , ചോതി , വിശാഖം 3/4)

തുലാക്കൂറുകാർക്ക് രാഹു ഏഴിലും കേതു ജന്മത്തിലുമായി സഞ്ചരിക്കുന്ന കാലമായതിനാൽ ദാമ്പത്യ വൈഷമ്യങ്ങൾക്കും ബന്ധു കലഹങ്ങൾക്കും സാധ്യതയുള്ള സമയമാണ്. ചിന്തകൾ തെളിമയുള്ളതായി രിക്കുവാൻ ശ്രദ്ധിക്കണം. നീർദോഷ-അലർജി സംബന്ധമായ വ്യാധികൾ ഉള്ളവർക്ക് ആരോഗ്യ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്.അനാവശ്യ കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് മനഃസന്തോഷം കളയരുത്. പ്രശ്നങ്ങൾക്ക് അനുകൂലമായ പരിഹാരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഓഹരി വിപണിയിലും ഭാഗ്യക്കുറികളിലും അമിതമായി പണം മുടക്കരുത്. ബിസിനെസ്സിൽ ആനുകാലികമായ വിപണി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാൽ ലാഭം കുറയില്ല. പ്രണയ ബന്ധങ്ങൾ സജീവമാകും.

വൃശ്ചികക്കൂറ്

(വിശാഖം 1/4 അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് രാഹു ആറിലും കേതു പന്ത്രണ്ടിലുമായി സഞ്ചരിക്കുന്ന കാലമാണ്. കടബാധ്യതകൾക്ക് സ്ഥായിയായ പരിഹാരം ഉണ്ടാകും. മനസ്സിനെ അലട്ടിയിരുന്ന പല പ്രശ്നങ്ങളും സ്വാഭാവികമായി പരിഹരിക്കപ്പെടും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. അനുകൂല സ്ഥാനക്കയറ്റം,ആനുകൂല്യ വർദ്ധനവ് മുതലായവ പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ സമയം അനുകൂലം. ഉദ്യോഗാർത്ഥികൾ മത്സര പരീക്ഷയിൽ മികച്ച വിജയം നേടും. നയപരമായും പ്രായോഗിക ബുദ്ധിയോടെയും പെരുമാറിയാൽ അപ്രതീക്ഷിത വിജയങ്ങൾ സ്വന്തമാക്കാം. എന്നാൽ ആരോഗ്യ കാര്യങ്ങളിൽ അലംഭാവമരുത്.

ധനുക്കൂർ

(മൂലം, പൂരാടം , ഉത്രാടം 1/4)

ധനുക്കൂറുകാർക്ക് രാഹു അഞ്ചിലും കേതു പതിനൊന്നിലും സഞ്ചരിക്കുന്നകാലമായതിനാൽ കുടുംബ കാര്യങ്ങളിലും സന്താന വിഷയങ്ങളിലും ബുദ്ധിമുട്ടുകൾ വരാവുന്നതാണ്. വാഗ്ദാനങ്ങൾ ബാധ്യതയായി മാറാതെ ശ്രദ്ധിക്കണം. സ്വന്തം കാര്യം കഴിഞ്ഞേ മറ്റെന്തും ഉള്ളൂ എന്ന് താൽക്കാലികമായെങ്കിലും ചിന്തിക്കണം. അല്ലെങ്കിൽ ധനവും കഴിവുകളും ചൂഷണം ചെയ്യപ്പെടും. അപ്രതീക്ഷിത ഇടപെടലുകൾ മൂലം തൊഴിൽ ക്ലേശങ്ങൾ പരിഹരിക്കപ്പെടും. ഹനുമാൻ സ്വാമിയേ ഉപാസിക്കണം. വലിയ ലാഭം ഉണ്ടാകുകയില്ലെങ്കിലും ആഗ്രഹിച്ച പദ്ധതികൾ തുടങ്ങി വയ്ക്കുവാൻ കഴിയും. പ്രവർത്തനങ്ങൾ വിജയിക്കുവാൻ പതിവിലും അധികം പരിശ്രമം വേണ്ടി വരും. എന്നാൽ മാന്യവും മിതവുമായ പ്രതിഫലം പ്രതീക്ഷിക്കാം. അപകടങ്ങൾ വഴിമാറിപ്പോകും.

മകരക്കൂർ

(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)

മകരക്കൂറുകാർക്ക് രാഹു നാലിലും കേതു പത്തിലും സഞ്ചരിക്കുന്ന കാലമായതിനാൽ പല കാര്യങ്ങളിലും അമിത അധ്വാനം വേണ്ടിവരും. അലച്ചിലും ക്ലേശങ്ങളും വർധിക്കും. അടുത്ത സുഹൃത്തുക്കൾ അകന്നുപോകുന്നത് മനഃക്ലേശം സൃഷ്ടിക്കും. തൊഴിലിൽ വിരക്തി അനുഭവപ്പെടും. ദുരഭിമാനം മൂലം പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്. അറിയാത്ത കാര്യങ്ങളിൽ ഇടപെടുന്നത് പരിമിതപ്പെടുത്തുക. കുടുംബ ക്ലേശം, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള സമയമാണെന്ന് കരുതി സംസാരം നിയന്ത്രിച്ചാൽ വലിയ ബുദ്ധിമുട്ടുകൾ വരികയില്ല. ക്ഷമാ സ്വഭാവം സ്വഭാവത്തിൽ നിലനിർത്തുക. എന്നാൽ പ്രാർത്ഥനകൾക്ക് ഫലപ്രാപ്തി നിശ്ചയമാണ്.

കുംഭക്കൂർ

(അവിട്ടം 1/2 ചതയം പൂരൂരുട്ടാതി 3/4)

കുംഭക്കൂറുകാർക്ക് രാഹു മൂന്നിലും കേതു ഒൻപതിലും സഞ്ചരിക്കുന്ന കാലമാണ്. തടസ്സപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. പൊതുരംത്ത് അംഗീകാരം വർധിക്കും. സ്ഥാനക്കയറ്റം ലഭിക്കും . പ്രാരംഭ തടസ്സം വന്നാലും മിക്കവാറും എല്ലാ കാര്യങ്ങളും അപ്രതീക്ഷിത വിജയത്തിൽ എത്തും. കുടുംബാന്തരീക്ഷം അനുകൂലമാകും. പൊതുവിൽ ധനസ്ഥിതി അനുകൂലമാകും. പൂർവിക സ്വത്തുക്കൾ അനുഭവത്തിൽ വന്നുചേരും. വിദ്യർഥികൾക്ക് പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം ഉണ്ടാകും. എന്നാൽ ഉദരസംബന്ധമായും നേത്ര സംബന്ധമായും അസുഖങ്ങൾ ഉള്ളവർക്ക് ആശുപത്രിവാസമോ ശസ്ത്രക്രിയയോ വേണ്ടി വന്നേക്കാം. ധന്വന്തരിയെയും മൃത്യുഞ്ജയനെയും ഉപാസിക്കുന്നത് അധിക ഗുണം ചെയ്യും.

മീനക്കൂർ

( പൂരൂരുട്ടാതി 1/4 ഉത്യട്ടാതി , രേവതി )

മീനക്കൂറുകാർക്ക് രാഹു രണ്ടിലും കേതു എട്ടിലും സഞ്ചരിക്കുന്ന കാലമായതിനാൽ എല്ലാ കാര്യത്തിലും ജാഗ്രത വേണം. മറ്റുള്ളവരുടെ പണം കൈകാര്യം ചെയ്യുന്ന ജോലിയിൽ ഉള്ളവർ സാമ്പത്തിക നഷ്ടം വരാതെ ശ്രദ്ധിക്കണം. അസമയത്തും അനാവശ്യവുമായ യാത്രകൾ പരിമിതമാക്കുക.നമ്മുടേതല്ലാത്ത കാരണങ്ങളാൽ പേരുദോഷം ഉണ്ടായെന്നു വരാം. എല്ലാ കാര്യങ്ങളും രണ്ടു വട്ടം ചിന്തിച്ചു ചെയ്യുക. കുടുംബ ബാധ്യതകൾ മൂലം സാമ്പത്തിക വിഷമതകൾ വരാവുന്നതാണ്. അധ്വാനം വെറുതെയാകില്ല. വൈകിയാലും അംഗീകാരവും പ്രതിഫലവും ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയും താല്പര്യവും കുറയാൻ ഇടയുണ്ട്. ആയതിനാൽ മാതാപിതാക്കൾ ശ്രദ്ധിക്കണം.

രാഹുദോഷപരിഹാരത്തിനായി രാഹുവിന്റെ ദേവതകളായ നാഗ ദേവതകൾക്ക് പാൽ, മഞ്ഞൾ സമർപ്പണം, നൂറും പാലും, ആയില്യപൂജ, സർപ്പ സൂക്ത പുഷ്പാഞ്ജലി, പുള്ളുവൻ പാട്ട് മുതലായവയും കേതു പ്രീതിക്കായി ഗണപതിക്ക്‌ കറുകമാല, അപ്പം നിവേദ്യം, ക്ലേശഹര പുഷ്പാഞ്ജലി എന്നിവയും ചാമുണ്ടീ ഭഗവതിക്ക് രക്ത പുഷ്പാഞ്ജലി, പായസ നിവേദ്യം മുതലായവയും നടത്തുന്നത് ദോഷ കാഠിന്യം കുറയ്ക്കുവാൻ പര്യാപ്തമാകും.


Share this Post
Predictions