ഏത് പുണ്യകർമ്മത്തിന്റെ ആരംഭത്തിലും ഗണപതിയെ വന്ദിക്കണമെന്നാണ് ഹിന്ദുമതാചാര പ്രകാരമുള്ള വിശ്വാസം. ഗണപതി വന്ദനത്തിൽ ഏറ്റവും പ്രധാനമാണ് ഗണപതി ഹോമം. വിഘ്‌നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങൾ വർദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. ഗണപതി പ്രീതിക്കായി വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങൾ നടത്തുക പതിവാണ്.
ഏറ്റവും വേഗത്തിൽ ഫലം തരുന്ന കർമ്മമാണ് ഗണപതി ഹോമം. ജീവിതത്തിൽ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും ഗണപതി ഹോമത്തിലൂടെ സാധിക്കും എന്നാണ് വിശ്വാസം.
ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയിൽ പോലും ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്. എട്ട് നാളീകേരം കൊണ്ട് അഷ്‌ടദ്രവ്യം ചേർത്ത് അഷ്‌ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കിൽ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേൻ, ശർക്കര, അപ്പം, മലർ എന്നിവയാണ് അഷ്‌ടദ്രവ്യങ്ങൾ.
നാളീകേരത്തിന്റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യയുടെ കണക്ക്. ഗണപതി ഹോമത്തിന്റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേർത്ത് ഹോമിച്ചാൽ ഫലസിദ്ധി പരിപൂർണ്ണമായിരിക്കും എന്നാണ് വിശ്വാസം.
ഗണപതിഹോമവും ഫലങ്ങളും
ഭക്തർ പല കാര്യങ്ങൾക്കായി ഗണപതി ഹോമങ്ങൾ നടത്താറുണ്ട്. മംഗല്യ സിദ്ധിക്കും, സന്താന ഭാഗ്യത്തിനും, ഇഷ്‌ടകാര്യങ്ങൾ സാധിക്കാനും, കലഹങ്ങൾ ഒഴിയാനും പരസ്പര വശ്യത്തിനും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്.
വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്നു പരിശോധിക്കാം :
അഭീഷ്‌ടസിദ്ധി : അഭീഷ്‌ട സിദ്ധി ക്കായിഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയിൽ കൂടുതൽ നെയ് ഹോമിക്കുക.
ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തിൽ മുക്കി ഹോമിക്കുക.
മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യിൽ മുക്കി സ്വയംവര മന്ത്രാർച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടർച്ചയായി ചെയ്‌താൽ മംഗല്യ ഭാഗ്യം സിദ്ധിക്കും.
സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേർക്കാത്ത പാൽപ്പായസം ഹോമിക്കുക.
ഭൂമിലാഭം : താമര മൊട്ടിൽ വെണ്ണ പുരട്ടി ഹോമിക്കുക
ദാമ്പത്യ കലഹം തീരാൻ : ഭാര്യയുടെയും ഭർത്താവിന്റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടർച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശർക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേൻ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.
ആകർഷണത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തിൽ ഹോമിച്ചാൽ മതി. ത്രയംബക മന്ത്രം കൊണ്ട് തെറ്റിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം