ഗുളികൻ ദോഷകാരിയോ? അറിയണം ഇക്കാര്യങ്ങൾ..

ഗുളികൻ ദോഷകാരിയോ? അറിയണം ഇക്കാര്യങ്ങൾ..

Share this Post

ഭാരതീയ ജ്യോതിഷത്തിലെ ജ്യോതിഷഫലഭാഗത്തിൽ അദൃശ്യമായ ചില ഉപഗ്രഹങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. കാല, പാരിധി, ധൂമ, അർദ്ധപ്രഹര, യമകണ്ടക, ഇന്ദ്രജാല, ഗുളികൻ (മാന്ദി), വ്യതിപാത, ഉപകേതു തുടങ്ങിയവയാണത്. ഇത് കൂടാതെ, ഉഷ്ണശിഖ, വിഷ്ടി, ഏകാർഗ്ഗളം തുടങ്ങിയ ഉപഗ്രഹങ്ങളെയും ഫലപ്രാപ്ത മുഹൂർത്താദികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉപഗ്രഹങ്ങളിൽ ഏറ്റവും പ്രധാനിയാണ് ഗുളികൻ അഥവാ മാന്ദി. ഗുളികൻ ഏറ്റവും ശക്തമായ പാപിയും, മറ്റ് ഉപഗ്രഹങ്ങളെ  നയിപ്പിക്കുന്നവനുമാകുന്നു. ശനിയുടെ പുത്രനായി സങ്കല്പിച്ചിട്ടുള്ള ഗുളികൻ, പാപത്തിന്റെയും ക്രൂരതയുടെയും മൂർത്തീഭാവമാകുന്നു. അവൻ നാശത്തെയും മരണത്തെയും പ്രതിനിധീകരിക്കുന്നു.

അദൃശ്യനായ ഗുളികൻ, ഓരോ ദിവസവും, പകലും രാത്രിയുമായി രണ്ട് പ്രാവശ്യം ഉദിക്കുന്നു. ഗുളികന്റെ ഉദയം ഓരോ ദിവസവും സൂര്യോദയത്തിൽ നിന്നും, അസ്തമനത്തിൽ നിന്നും ഒരു നിശ്ചിത സമയത്താകുന്നു.

ദിവസംപകൽരാത്രി
ഞായർ26 നാഴിക10 നാഴിക
തിങ്കൾ22 നാഴിക6 നാഴിക
ചൊവ്വ18 നാഴിക2 നാഴിക
ബുധൻ14 നാഴിക26 നാഴിക
വ്യാഴം10 നാഴിക22 നാഴിക
വെളളി6 നാഴിക18 നാഴിക
ശനി2 നാഴിക14 നാഴിക

പകൽ 30 നാഴികയും രാത്രി 30 നാഴികയും എന്ന കണക്കിലാണ് മുകളിലത്തെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യഥാർത്ഥ ദിനമാനം, രാത്രിമാനം എന്നിവയനുസരിച്ച് ഗുളികോദയ സമയത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്.

ഗുളികൻ സൂര്യനോട് ചേർന്നുനിന്നാൽ പിതാവിന് ദോഷം, ചന്ദ്രനോട് ചേർന്നുനിന്നാൽ അമ്മയ്ക്ക് ബുദ്ധിമുട്ട്, ചൊവ്വയോട് ചേർന്നുനിന്നാൽ സഹോദരങ്ങളുമായി വേർപാട് എന്നിവയൊക്കെയാണ് ഫലം.

ബുധനുമായി ചേർന്നുനിന്നാൽ മാനസിക അസുഖവും, ശുക്രനോട് ചേർന്നുനിന്നാൽ വിഷങ്ങളിൽ നിന്നുളള ഉപദ്രവവും, വ്യാഴത്തോട് ചേർന്നുനിന്നാൽ കപടനാട്യവും, കേതുവുമായി ചേർന്നുനിന്നാൽ അംഗഹീനത്വവും ഉണ്ടാകാം.

മറ്റ് ഗ്രഹങ്ങളുമായി ചേരുമ്പോൾ മാന്ദി അവയുടെ ഗുണങ്ങളെ നശിപ്പിക്കുകയും, ദോഷങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലുമുളള അസുഖങ്ങളും, കഷ്ടതകളും ഉണ്ടാക്കുന്ന മാന്ദി അത് നിൽക്കുന്ന ഭാവത്തിനെ നശിപ്പിക്കുകയും ചെയ്യുന്നു. മാന്ദി നിൽക്കുന്ന രാശിയുടെ അധിപൻ ഒരു പാപിയായിത്തീരുമെന്നാണ് ചില ജ്യോതിഷ ആചാര്യന്മാർ പറയുന്നത്.

മാന്ദി നിൽക്കുന്ന ത്രികോണരാശികളിൽ ഒന്നിലോ, ഗുളികനവാംശക രാശിയിലോ ആയിരിക്കും സാധാരണയായി ജനനം സംഭവിക്കുന്നത്.

സർവ്വ പാപങ്ങളുടെയും ദോഷങ്ങളുടെയും ഉറവിടമായാണ് സാധാരണയായി ഗുളികകാലത്തെ കണക്കാക്കുന്നത്. എന്നാൽ, കച്ചവടം, വേദപഠനം, ഗൃഹപ്രവേശം, ഔഷധസേവ, ധാന്യശേഖരണം, കടം തീർക്കൽ, ആഭരണ ധാരണം തുടങ്ങിയ ചില പ്രത്യേക കർമ്മങ്ങൾക്ക് ഗുളികകാലം ശുഭകരമാണെന്നും പറയപ്പെടുന്നു.

ഗുളികൻറെ ഭാവസ്ഥിതി ഫലങ്ങൾ


ലഗ്നത്തിലെ ഗുളികൻ ക്രൂരത, കപടത, കലഹസ്വഭാവം, പാപപൂർണ്ണമായ ദൃഷ്ടി, നിരീശ്വരത്വം, അമിതാഹാരം, സന്താന അഭാവം, അല്പായുസ്സ് എന്നിവ സൂചിപ്പിക്കുന്നു.

രണ്ടിൽ: കലഹപ്രിയം, നിഷ്ഫലമായ വാക്കുകൾ, ദുരദേശവാസം എന്നിവ ഫലം.

മൂന്നിൽ: നിർഭയത്വം, അഹങ്കാരം, ദേഷ്യം, സഞ്ചാര ശീലം, ദീനത, സഹോദര നാശം എന്നിവ സൂചിപ്പിക്കുന്നു.

നാലിൽ: മാതൃലാളന ഇല്ലായ്മ, സ്വജനങ്ങളിൽ നിന്നും സ്‌നേഹക്കുറവ് എന്നിവ ഫലം.

അഞ്ചിൽ: ദുർവിചാരം, ചഞ്ചലമനസ്സ്, അല്പായുസ്സ്, സന്താനഅഭാവം.

ആറിൽ: ധൈര്യം, എല്ലാ കാര്യങ്ങൾക്കും സാമർത്ഥ്യം, ശത്രുനാശം, സൽസന്താനം, മായാജാലങ്ങളിൽ താൽപര്യം.

ഏഴിൽ: വിദ്യാഹീനത, സമൂഹത്തിന് ദോഷം ചെയ്യുന്ന ആൾ, നന്ദി ഇല്ലായ്മ, കലഹസ്വഭാവം, പരസ്ത്രീ സംഗമം.

എട്ടിൽ: കുറിയ ശരീരം, വൈരൂപ്യം, വികലനേത്രം, ജന്മനാ അംഗവൈകല്യം.

ഒൻപതിൽ: തത്ത്വജ്ഞാനി, വിദേശവാസി, ഗുരുക്കന്മാരിൽ നിന്നും പണ്ഡിതന്മാരിൽ നിന്നും അനുഗ്രഹം ഇല്ലായ്മ, സർപ്പദോഷം, ബാധകൾ.

പത്തിൽ: സ്വാർത്ഥത, ദുഃഖപര്യവസായിയായ കർമ്മങ്ങളിലുള്ള താൽപ്പര്യം.

പതിനൊന്നിൽ: ആകർഷണീയമായ ശരീരം, സൽസന്താന ലാഭം, ബുദ്ധഗുണം, സുഖം.

പന്ത്രണ്ടിൽ: ഭൗതീക കാര്യങ്ങളിൽ അശ്രദ്ധ, ചഞ്ചലത, അതിവ്യയം.


Share this Post
Astrology