ഗുണങ്ങൾ ഇല്ലാതാക്കുന്ന ഗുളികൻ

ഗുണങ്ങൾ ഇല്ലാതാക്കുന്ന ഗുളികൻ

Share this Post

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു.

അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.

ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്. മാന്ദി, കാലൻ , അന്തകൻ, യമൻ, എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.

മലബാറിലെ തെയ്യക്കോലങ്ങളിൽ ഒരു പ്രധാന ദേവത ഗുളികനാണ്. ദേവസ്ഥാന വാസ്തുവിന്റെ സംരക്ഷകനായി ഗുളികനെ കരുതി വരുന്നു. പൌരാണിക കാലത്ത് മഹര്‍ഷിമാരാല്‍ വിരചിതമായ ഗ്രന്ഥങ്ങളിലൊന്നും ഗുളികനേക്കുറിച്ച് കാര്യമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ കേരളീയ ജ്യോതിഷ സമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ദശാധ്യായിയിലും പ്രശ്നമാര്‍ഗ്ഗത്തിലും ഗുളികനെ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ജ്യോതിഷികള്‍ ഫലപ്രവചനത്തിന് ഗുളികന്റെ സ്ഥിതിയും വിശകലനം ചെയ്യുന്നുണ്ട്.

പരാശരഹോര എന്ന ജ്യോതിഷഗ്രന്ഥത്തിൽ ഗുളികനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. രാത്രിയും പകലും ഗുളികൻ വ്യത്യസ്ത രാശികളിൽ ഉദിച്ച് അസ്തമിക്കുന്നു. തെക്കേ ഇന്ത്യയിൽ വിശേഷിച്ചും കേരളീയ ജ്യോതിഷത്തിൽ ആണ് ഗുളികന് ഏറ്റവും അധികം പ്രാധാന്യം കൊടുത്തു കാണുന്നത്. രാശിപ്രശ്നങ്ങളുടെ ആരംഭത്തിൽ ആദ്യം പരിശോധിക്കുന്നത് ഗുളികസ്ഫുടം ആണ്. പ്രശ്നമാർഗം, പ്രശ്നാനുഷ്ഠാന പദ്ധതി എന്നീ ജ്യോതിഷ ഗ്രന്ഥങ്ങളിൽ ഗുളികന്റെ പ്രമാണങ്ങളും പ്രയോഗങ്ങളും ധാരാളം കാണാണ് കഴിയും.

ഗുളികന്റെ കാരക വസ്തുക്കൾ

എള്ള്, കറുക, പുല്ല്, വിറക്, കോടിവസ്ത്രം, മരണാനന്തര കർമ്മ വസ്തുക്കൾ, ആഭിചാര മാരണയന്ത്രങ്ങൾ, ദുർമ്മന്ത്രവാദം, തലയോട്ടികൾ, നീച പ്രേതങ്ങൾ, നീചഭൂതങ്ങൾ ഇടിഞ്ഞ് പൊളിഞ്ഞ കെട്ടിടങ്ങൾ, നീചന്മാരുടെ വാസസ്ഥലം, ഉച്ഛിഷ്ടം, മാലിന്യങ്ങൾ, മുള്ള്, വള്ളികൾ, ചൊറിയുന്ന വസ്തുക്കൾ, അഴുക്ക് ചാലുകൾ, എലി, ചേര, തേൾ മതലയ ജീവികൾ, പൊട്ടക്കുളം, ദുർഗ്ഗന്ധ – വിഷ പുഷ്പങ്ങൾ, മദ്യം, മാംസം, മത്സ്യം എന്നിവയുടെ വിൽപനശാലകൾ, പ്രേതമന്ത്രങ്ങൾ, പ്രേത ബിംബങ്ങൾ, ശവങ്ങൾ, ശവഗന്ധം, ശവനിർമ്മാല്യം, ശ്മശാനം, അസ്ഥികൾ, ഭൂതപിശാചുക്കൾ, എല്ലാം ഗുളികനുമായി ബന്ധപ്പെട്ടവയാണ്.

ഗുളികൻ വലത് കണ്ണിനാൽ ഗുളികൻ നിൽക്കുന്ന രാശിയുടെ 2ാം ഭാവത്തെയും ഇടത് കണ്ണിനാൽ 12ാം ഭാവത്തെയും മധ്യദൃഷ്ടിയിൽ 7ാം ഭാവത്തെയും വീക്ഷിക്കുന്നു. ഗുളിക വീക്ഷണം ലഭിക്കുന്ന രാശികളുടെ ഗുണങ്ങൾ നശിച്ച് ദോഷഫലം ലഭിക്കുന്നു. കൂടാതെ ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപനും ദോഷപ്രദനാകും. ഇതിന് ഗുളിക ഭവനാധിപത്യ ദോഷം എന്ന് പറയും. ഉദാഹരണം മിഥുനം, കന്നി രാശികളിൽ ഗുളികൻ നിന്നാൽ ഗുളിക ഭവനാധിപൻ ബുധൻ.

ഗുരുവിനോടൊപ്പം ഗുളികൻ നിന്നാൽ ഗുളികന്റെ ശക്തി ക്ഷയിക്കും. ധനു, മീനം എന്നീ വ്യാഴത്തിന്റെ രാശികളിൽ ഗുളികൻ നിന്നാലും ദോഷം കുറയും. പക്ഷേ ഗുരുവിന് ഗുളിക ഭവനാധിപത്യം വരും. ശനിയോടൊപ്പം നിന്നാൽ ഗുളികന്റെ ശക്തി വർധിക്കും.

ജാതകത്തിലെ ഗുളികസ്ഥിതി ഫലങ്ങൾ

ഗ്രഹനിലയിൽ ഗുളികനെ “മാ” എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. (ഗുളികന് മാന്ദി എന്നും പേരുണ്ട്) ലഗ്നം (ല) ഒന്ന് എന്ന് എണ്ണിക്കൊണ്ട് ഘടികാര ദശയിൽ എത്രാമത്തെ കളത്തിലാണ് മാ എന്ന് എഴുതിയിരിക്കുന്നത് എന്ന് ജാതകം പരിശോധിച്ചു മനസിലാക്കാം. ഉദാഹരണമായി ‘ല’ മുതൽ നാലാമത്തെ കള്ളിയിലാണ് ‘മാ’ എന്ന് എഴുതിയിരിക്കുന്നതെങ്കിൽ ഗുളികൻ ലഗ്നാൽ നാലാം ഭാവത്തിൽ നിൽക്കുന്നു എന്നർത്ഥം.

∙ ലഗ്നത്തിൽ ഗുളികൻ നിന്നാൽ, രോഗം, ബുദ്ധിമാന്ദ്യം, വഞ്ചനാസ്വഭാവം, കാമശീലം, ദുരാചാരശീലം, (ലഗ്നത്തിൽ ഗുളികൻ തനിച്ചു നിന്നാൽ രാജയോഗം എന്നും അഭിപ്രായം ഉള്ളവർ ഉണ്ട്)

∙ രണ്ടാം ഭാവം-സംസാരത്തിൽ വൈകല്യം വരാം. പറയുന്നതു ഫലിക്കും. യാത്രാസ്വഭാവം, വിടുവായത്തം, വിഷയസുഖങ്ങളിൽ അമിത താൽപര്യം, ഗുളികനോടൊപ്പം ശനി, ചൊവ്വ, രാഹു, കേതു എന്നീ പാപഗ്രഹങ്ങൾ 2ാം ഭാവത്തിൽ യോഗം ചെയ്താൽ ധാരാളിത്തം, അമിത ധനവ്യയം, വിദ്യാഹീനത്വം, വിദ്യാഭ്യാസം പൂർത്തീകരിക്കാതിരിക്കൽ, എന്നിവ ഫലം.

∙ മൂന്നാം ഭാവം- ധനത്തിൽ അമിത ആസക്തി, വിരഹദുഃഖം, അഹങ്കാരം, കോപിഷ്ഠൻ, ഒന്നിലും കൂസലില്ലാത്തവൻ, സഹോദര നാശമോ, സഹോദര ശത്രുതയോ അനുഭവിക്കുന്നവൻ.

∙ നാലാം ഭാവം- മാതാവിനെ ദ്രോഹിക്കുക, വിദ്യാഹീനത്വം, ധനനാശം, ബന്ധുഗുണക്കുറവ്, ബന്ധുശല്യം, കുടുംബ ക്കുറവ്, അമിത സംസാരം, വാഹന ങ്ങൾ കൊണ്ട് ദുരിതാനുഭവങ്ങൾ, എന്നിവ ഫലം

∙ അഞ്ചാം ഭാവം- ലഹരികളിൽ അനിയന്ത്രിത ആസക്തി, വർധിച്ച ജീവിതദുരിതങ്ങൾ, നിലയ്ക്കും വിലയ്ക്കും ചേരാത്ത സ്വഭാവം, അൽപായുസ്, സന്താനദുരിതം, തീവ്ര സ്വഭാവം.

∙ആറാം ഭാവം- ശത്രുനാശത്തിന് വേണ്ടി പരക്കം പാച്ചിൽ, ഭൂതപ്രേത പിശാചുക്കളിൽ താൽപര്യം, ദുർമ്മന്ത്രവാദം, അതിശൗര്യം, അതിനീചസ്വഭാവം, സ്വന്തം പ്രവൃത്തി കൊണ്ട് ശത്രുക്കളെ സൃഷ്ടിക്കൽ, ബഡായി പറച്ചിൽ.

∙ഏഴാം ഭാവം-കലഹ സ്വഭാവം, ദാമ്പത്യക്ലേശം, എല്ലാറ്റിലും വിരോധവും അതൃപ്തിയും കണ്ടെത്തൽ, നന്ദിയില്ലായ്മ, തൊഴിൽ നാശം, പരസ്ത്രീ-പരപുരുഷ പ്രണയം മൂലം വിനാശകരമായ അനുഭവങ്ങൾ.

∙ എട്ടാം ഭാവം-നേത്രരോഗമോ വൈകല്യമോ, പൊതുവിൽ ഉയരം കുറഞ്ഞ ശരീരം, ഏതെങ്കിലും തരത്തിലുള്ള വികലാംഗത്വം, അപകട സാധ്യത

∙ഒൻപതാം ഭാവം- പിതൃദ്രോഹം, ഗുരുക്കന്മാരെ അപഹസിക്കൽ, എളുപ്പത്തിൽ ലഭിക്കാവുന്ന അവസരങ്ങൾ പോലും നിഷേധിക്കപ്പെടുക, നീചകർമ്മങ്ങളിൽ താല്പര്യം, രാജ്യത്തിനോ സമൂഹത്തിനോ ദ്രോഹംചെയ്യൽ, നിയമ നിഷേധ പ്രവർത്തനങ്ങൾ, പാരമ്പര്യ നിന്ദ, മറ്റുള്ളവരെ അകാരണമായി അപഹസിക്കുന്ന സ്വഭാവം.

∙ പത്താം ഭാവം-അശുഭകരമായ കർമ്മങ്ങൾ ചെയ്യുക, സ്വഭാവനാശം, പാരമ്പര്യ നിഷേധം, നാസ്തിക സ്വഭാവം, വിചിത്രമായ വേഷഭൂഷാദികളും പെരുമാറ്റവും തൊഴിലിൽ ഉറച്ചു നിൽക്കാതിരിക്കൽ, അലസത. സർക്കാർ ജോലി സാധ്യതയും പറയാം.

∙ പതിനൊന്നാം ഭാവം- ധനവാൻ, സുഖിമാൻ, പൊതു- രാഷ്ട്രീയ പ്രവർത്തനത്തിൽ വിജയം, സൗന്ദര്യവും രൂപഭംഗിയും. ഭാവഭേദം വരാതെ സംസാരിക്കാനും പെരുമാറാനും കഴിവ്, ജ്യേഷ്ഠസഹോദരന് അപ്രിയം ചെയ്യുന്ന പ്രകൃതം, അവിചാരിതമായ അധികാര ലബ്ധി , വാഗ്ദാനം നൽകി ആളുകളെ മയാക്കാനുള്ള കഴിവ്.

∙ പന്ത്രണ്ടാം ഭാവം- പണം ഉണ്ടെങ്കിലും അതിനു തക്കതായ രീതിയിൽ ജീവിക്കാതിരിക്കുക, മലിന വേഷം, ദൈന്യസംസാരം, ദാമ്പത്യത്തിൽ താൽപര്യം ഇല്ലായ്മ, ജീവിത വിരക്തി, പഴയ കാര്യങ്ങളും ഇല്ലായ്മയും മറ്റും പറഞ്ഞു വിലപിക്കുക.

ഗുളിക ദോഷ പരിഹാരം

ഗുളിക ദോഷത്തിൽ നിന്നു മുക്തി നേടാനായി ഓം ഗുളികായ നമഃ എന്ന് 16 തവണ ജപിക്കുന്നത് നല്ലതാണ്. സമയം അനുവദിക്കുമെങ്കിൽ 108 സംഖ്യ ജപിക്കുക. ഗുളികൻ നിൽക്കുന്ന നക്ഷത്രത്തിന്റെ അധിദേവതയ്ക്കും കുടുംബ പര ദേവതയ്ക്കുംഭക്തിയോടെ പക്കപ്പിറന്നാൾ തോറും ഇഷ്ട വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുക. ഗുളികൻ അഞ്ച്, ഏഴ്, എട്ട് എന്നിവിടങ്ങളിൽ നിൽക്കുന്നവർ പക്ക പിറന്നാൾ തോറും മൃത്യുഞ്ജയ പുഷ്പാഞ്ജലിയും വയസ്സ് തികഞ്ഞു വരുന്ന പിറന്നാളിന് മൃത്യുഞ്ജയ ഹോമവും നടത്തുക.


Share this Post
Astrology