ഓരോ വ്യക്തിയും ജനിച്ച സമയത്ത് ചന്ദ്രൻ നിൽക്കുന്ന നക്ഷത്രമാണ് ആ വ്യക്തിയുടെ ജന്മനക്ഷത്രം. ചന്ദ്രൻ നിൽക്കുന്ന രാശിയാണ് അയാളുടെ ജന്മക്കൂറ്. ജ്യോതിഷ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഒരു ദിവസം ഒരു നക്ഷത്രം എന്ന കണക്കില്‍ ചന്ദ്രന്‍ 27 ദിവസം കൊണ്ട് ഓരോ നക്ഷത്രമേഖലയില്‍ കൂടി സഞ്ചരിക്കുന്നു. ഇത്തരത്തില്‍ 27 ദിവസങ്ങള്‍ക്ക് ശേഷം ചന്ദ്രന്‍ വീണ്ടുമെത്തുന്ന ദിവസത്തിനും പ്രാധാന്യമുണ്ട്. അതാണ് അയാളുടെ പക്കപ്പിറന്നാൾ.
ആ ദിനത്തില്‍ പ്രസ്തുത വ്യക്തി അനുഷ്ഠിക്കുന്ന ഗ്രഹദോഷ പരിഹാര കര്‍മ്മങ്ങള്‍ കൂടുതല്‍ ഫലപ്രദമാകും എന്നത് നിശ്ചയമാണ്. ജനിച്ച നക്ഷത്രത്തില്‍ ചന്ദ്രന്‍ എത്തുന്ന ദിവസത്തോടൊപ്പം സൂര്യന്‍ ജനന സമയത്തെ സൂര്യസ്ഥിത രാശിയില്‍ത്തന്നെ വീണ്ടും എത്തുന്ന ദിവസത്തേയാണ് ആണ്ടുപിറന്നാള്‍ അഥവാ ജന്മദിനമെന്ന് വിളിക്കുന്നത്. ലളിതമായി പറഞ്ഞാൽ ജനിച്ച മലയാള മാസത്തിലെ ജന്മ നക്ഷത്രദിനമാണ് ഒരാളുടെ ആണ്ടു പിറന്നാൾ. ഈ ദിനത്തിന് വ്യക്തിയുടെ ജീവിതത്തിൽ അതീവ പ്രാധാന്യമുണ്ട്.
പിറന്നാള്‍ ദിനത്തിലും ജന്മനക്ഷത്ര ദിനത്തിലും അതികാലത്തുണരുക, പ്രഭാതസ്നാനം, സാത്ത്വിക ജീവിതരീതി, അഹിംസ, വ്രതശുദ്ധി തുടങ്ങിയവ ശീലിക്കേണ്ടതാണ്. എണ്ണതേച്ചുള്ള കുളി, ക്ഷൗരം, മൈഥുനം, ശ്രാദ്ധം, ചികിത്സ, യാത്രാരംഭം, വിവാഹം, ശസ്ത്രക്രിയ, ഉപനയനം, സീമന്തം, വാഹനാരോഹണം, പ്രേതക്രിയകള്‍, സാഹസകര്‍മ്മങ്ങള്‍, കലഹം, മാംസ മദ്യാദിസേവ തുടങ്ങിയവയൊന്നും പാടില്ല എന്നാണ് വിധി.
ക്ഷേത്രദര്‍ശനം, പുണ്യകര്‍മ്മങ്ങള്‍, പൂജാദികാര്യങ്ങള്‍, പുതുവസ്ത്രാഭരണാദി ധാരണം, പുത്തരിയൂണ് തുടങ്ങിയവ ഈ ദിനത്തില്‍ ആകാം. ആണ്ടുപിറന്നാള്‍ ദിനത്തില്‍ ദാനകര്‍മങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ഇതില്‍ ഏറ്റവും ശ്രേഷ്ടം അന്നദാനമാകുന്നു.
ഉദയസമയം മുതല്‍ ആറ് നാഴികയെങ്കിലും നക്ഷത്രമുള്ള ദിവസമാണ് ജന്മനക്ഷത്രമായി കണക്കാക്കുക. ജന്മനക്ഷത്രം ആറ് നാഴികയില്‍ കുറവാണെങ്കില്‍ തലേദിവസം ജന്മനാളായി എടുക്കണം.
ഓരോ ആഴ്ച ദിവസങ്ങളില്‍ പിറന്നാള്‍ വന്നാല്‍ അതിന് പ്രത്യേക ഫലം പറയുന്നുണ്ട്. ഞായറാഴ്ച- ദൂരയാത്ര, തിങ്കളാഴ്ച-മൃഷ്ടാന്ന ഭോജനം, ചൊവ്വാഴ്ച- മഹാവ്യാധി, ബുധനാഴ്ച- വിദ്യാലാഭം, വ്യാഴാഴ്ച- വിശേഷവസ്ത്രലാഭം, വെള്ളിയാഴ്ച-സൗഭാഗ്യം, ശനിയാഴ്ച- മാതാപിതാക്കള്‍ക്ക് അരിഷ്ടത.
ഇതില്‍ ദോഷഫലങ്ങള്‍ പരിഹരിക്കുന്നതിനായി പിറന്നാള്‍ ദിവസം ആഴ്ചയുടെ അധിപനായ ഗ്രഹത്തെകൂടി പൂജിക്കുക.
ഞായറാണെങ്കില്‍ സൂര്യനെയും, തിങ്കളെങ്കില്‍ ചന്ദ്രനെയും, ചൊവ്വയെങ്കില്‍ കുജനെയും, ബുധനെങ്കില്‍ ബുധനെയും, വ്യഴമെങ്കില്‍ ഗുരുവിനെയും വെള്ളിയെങ്കില്‍ ശുക്രനെയും ശനിയെങ്കില്‍ ശനിയെയും പൂജിക്കുന്നത് ഉത്തമമാണ്. നവഗ്രഹ പ്രതിഷ്ഠയിങ്കൽ ഗ്രഹങ്ങളെ പൂജിക്കുന്നതിനൊപ്പം അവയുടെ അധി ദേവതകളെയും ആരാധിക്കുക. ശക്തിക്കൊത്ത വഴിപാടുകൾ നടത്തുക.
സൂര്യന് ശിവനും ചന്ദ്രന് ദുർഗ്ഗയും, കുജന് സുബ്രഹ്മണ്യനും ഭദ്രകാളിയും, ബുധന് അവതാര വിഷ്ണുവും, വ്യാഴന് മഹാവിഷ്ണുവും, ശുക്രന് മഹാലക്ഷ്മിയും ഗണപതിയും, ശനിക്ക് ശാസ്താവും ഹനുമാനും ദേവതമാരാകുന്നു.
മാസത്തില്‍ രണ്ടു തവണ അപൂര്‍വ്വമായി ഒരേ നക്ഷത്രം വരാറുണ്ട്. എങ്കില്‍ രണ്ടാമത്തെ നക്ഷത്രമാണ് പിറന്നാളിന് എടുക്കേണ്ടത്
പിറന്നാള്‍ ദിനത്തിലും ജന്മനക്ഷത്ര ദിവസവും നക്ഷത്രത്തിന്റെ മൃഗം, പക്ഷി എന്നിവയ്ക്ക് ആഹാരം കൊടുക്കുന്നതും, വൃക്ഷം നടുന്നതും വളര്‍ത്തുകയും, പരിപാലിക്കുകയും ചെയ്യുന്നതും ഐശ്വര്യവും, ആയുസും കൊണ്ടുവരും. ഈ ദിവസം നക്ഷത്രാധിപനെ ഭജിക്കുന്നതും ദോഷശാന്തിക്ക് ഉത്തമമാണ്.