ഭാവി വരന്റെ സ്വഭാവം എങ്ങിനെയായിരിക്കും? അറിയാൻ ജ്യോതിഷ മാർഗങ്ങൾ ഉണ്ട്..

ഭാവി വരന്റെ സ്വഭാവം എങ്ങിനെയായിരിക്കും? അറിയാൻ ജ്യോതിഷ മാർഗങ്ങൾ ഉണ്ട്..

Share this Post

വധുവിൻ്റെ ജാതകം പരിശോധിച്ചാൽ ലഭിക്കാൻ പോകുന്ന വരൻ്റെ സ്വഭാവം എപ്രകാരം ഉള്ളതായിരിക്കും എന്നതിനെ കുറിച്ച് ഏറെക്കുറെ കൃത്യമായ സൂചനകൾ ലഭിക്കും. ദാമ്പത്യത്തിൽ വരാവുന്ന ഗുണദോഷങ്ങളെക്കുറിച്ചും ഒരു ഏകദേശ ധാരണ ലഭിക്കുന്നതിനും സാധിക്കും. ഓരോ പെൺകുട്ടിയുടേയും ഉള്ളിൽ തന്‍റെ ഭാവി വരൻ എപ്രകാരം ഉള്ള ആളായിരിക്കും എന്ന ആകാംക്ഷയുണ്ടാകും. സ്നേഹമുള്ള ആളായിരിക്കുമോ, തന്നെ സംരക്ഷിക്കുമോ, കുടുംബാംഗങ്ങളുമായി ഉള്ള ഇടപെടൽ എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങളിലെല്ലാം ആശങ്കകളുണ്ടായിരിക്കുക സ്വാഭാവികമാണ്. ഒരാളുടെ ജാതകം പരിശോധിച്ച് അയാളുടെ സ്വഭാവം എങ്ങനെയായിരിക്കും എന്ന് മനസ്സിലാക്കാനാകും. അതു പോലെത്തന്നെ വധുവിൻ്റെ ജാതകം പരിശോധിച്ചാൽ വരാൻ പോകുന്ന വരൻ്റെ സ്വഭാവം എപ്രകാരം ഉള്ളതായിരിക്കും എന്നതിനെ കുറിച്ച് ചില സൂചനകൾ ലഭിക്കും. ദാമ്പത്യത്തിൽ വരാവുന്ന ഗുണദോഷങ്ങളെക്കുറിച്ചും ഒരു പരിധി വരെ അറിയാൻ സാധിക്കും. അതിനനുസരിച്ച് പങ്കാളിയുമായുള്ള ഭാവി ജീവിതത്തിൽ വേണ്ട ധാരണകൾ പുലർത്തുകയും ദോഷ പരിഹാരങ്ങൾ യഥാവിധി നടത്തുകയും ചെയ്താൽ ഭാര്യാ ഭര്‍ത്താകന്മാര്‍ക്കിടയിൽ ഉണ്ടാകുന്ന പൊരുത്തക്കേടുകൾ വലിയ അളവിൽ പരിഹരിച്ച് ദാമ്പത്യ ജീവിതം സന്തോഷ പൂര്‍ണമായി കൊണ്ടു പോകാവുന്നതാണ്.

സ്ത്രീ ജാതകത്തിലെ ഏഴാം ഭാവവും ശുക്രരാശിയും യുഗ്മ രാശികളായ ഇടവം, കര്‍ക്കടകം, കന്നി, വൃശ്ചികം മകരം മീനം, ഇവയിൽ ഏതെങ്കിലും ഒന്ന് ആവുകയും അതിന് ശുഭഗ്രഹയോഗ ദൃഷ്ടികൾ ഉണ്ടാവുകയും ചെയ്താൽ ഭര്‍ത്താവ് സൽസ്വഭാവിയും അല്പം മൃദുവായ സ്ത്രൈണ സ്വഭാവമുള്ളവനുമായിരിക്കും. എന്നാൽ ഓജ രാശികളായ മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം ഇവയിൽ ഒന്നാവുകയും പാപയോഗ ദൃഷ്ടി ഉണ്ടാവുകയും ചെയ്താൽ ഭര്‍ത്താവ് ഗൗരവമുള്ളവാനും പുരുഷ പ്രകൃതിയും പാപകര്‍മങ്ങൾ ചെയ്യുന്നതിൽ മടി ഇല്ലാത്തവനും ആകാൻ ന്യായമുണ്ട്.

ഏഴാം ഭാവം ശുഭ ക്ഷേത്രമാവുകയും അവിടെ ശുഭ ഗ്രഹം നിൽക്കുകയോ അംശിക്കുകയോ ചെയ്താൽ ഭര്‍ത്താവ് സുന്ദരനും സൽകീര്‍ത്തിമാനും വിദ്വാനും ധനികനുമായിരിക്കും. ഏഴാം ഭാവം പാപക്ഷേത്രമാവുകയും അവിടെ പാപഗ്രഹം നിൽക്കുകയോ അംശിക്കുകയോ ചെയ്താൽ ഭര്‍ത്താവ് വേണ്ടവിധം വീണ്ടു വിചാരത്തോടെ പ്രവർത്തിക്കാത്തവനും സാമ്പത്തിക അച്ചടക്കം കുറഞ്ഞവനും ശരാശരി വിദ്യാഭ്യാസവും ധനവും ഉള്ളവനും അകാൻ ഇടയുണ്ട്. അവര്‍ക്ക് വിവാഹ വിയോഗവും ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഏഴിൽ ശുഭന്മാര്‍ കൂടി നിന്നാൽ പുനര്‍ വിവാഹത്തിന് ഇടയാക്കും.

സൂര്യക്ഷേത്രമായ ചിങ്ങം ഏഴാമിടവാവുകയോ ഏഴിൽ സൂര്യാശംകം വരികയോ ചെയ്താൽ ശരീര- മനസ്സുകൾക്ക് മാര്‍ദ്ദവമുള്ളവനും അധികമായി കര്‍മം ചെയ്യുന്നവനും വിശപ്പ് സഹിക്കാൻ കഴിയുന്നവനും ഗൗരവക്കാരനും ആരേയും വകവെക്കാത്ത പ്രകൃതവും ലൈംഗിക കാര്യങ്ങളിൽ താൽപര്യ കുറവുള്ളവനും, എരിവുള്ള ആഹാരം ഇഷ്ടപ്പെടുന്നവനുമായിരിക്കും.
ഏഴാമിടം ചാരരാശിയായാൽ ഭര്‍ത്താവ് എന്നും യാത്രയിലായിരിക്കും. ബുധമന്ദന്മാര്‍ ഏഴാം ഭാവത്തിൽ നിന്നാൽ ഭര്‍ത്താവിന് സ്ത്രീ-പുരുഷ സമ്മിശ്ര പ്രകൃതിയായിരിക്കും. ചന്ദ്രക്ഷേത്രമായ കര്‍ക്കടകം ഏഴാമിടമാവുകയോ ചന്ദ്രാംശകം ഏഴിൽ വരികയോ ചെയ്താൽ ഭര്‍ത്താവ് രതിക്രിയകളിൽ അതീവ തൽപരനായിരിക്കും. തന്ത്രശാലിയും പരമാർത്ഥം മറച്ചു വച്ച് പെരുമാറുന്നവനായും കാര്യ സാധ്യത്തിന് ഏത് മാർഗവും സ്വീകരിക്കുന്നവനും മധുരമായി സംസാരിക്കുന്നവനും സ്നിഗ്ധമായ പെരുമാറ്റമുള്ളവനുമായിരിക്കും. കുജ ക്ഷേത്രമായ മേടം വൃശ്ചികം എന്നിവ ഏഴാം ഭാവമായി വരികയോ ഏഴിൽ കുജാംശകം വരികയും ചെയ്താൽ ഭര്‍ത്താവ് സ്ത്രീകളിൽ തല്പരനായും ദൃഢശരീരവും സാഹസികത ഇഷ്ടപ്പെടുന്നവനും കോപം നിയന്ത്രിക്കാൻ കഴിയാത്തവനും എരിവുള്ള ഭക്ഷണങ്ങളിൽ താൽപര്യമുള്ളവനും സ്വന്തം താൽപര്യങ്ങൾ മറ്റുള്ളവരിൽ നിന്നും മറച്ചു വെക്കുന്നവനുമായിരിക്കും.

ബുധക്ഷേത്രമായ മിഥുനമോ കന്നിയോ ഏഴാം ഭാവമായി വരികയോ ഏഴിൽ ബുധാംശകം വരികയോ ചെയ്താൽ ഭര്‍ത്താവ് ഒന്നിലധികം വിഷയങ്ങളിൽ അറിവുള്ളവനും സാഹിത്യ കലാ അഭിരുചിയുള്ളവനും സുഖഭോഗങ്ങളിൽ താല്‍പര്യമുള്ളവനും. ഹാസ്യരസപ്രിയനും സംസാരത്തിൽ മറ്റൊരാൾക്ക് ജയിക്കാൻ കഴിയാത്തവനും മധുര വസ്തുക്കളിൽ താൽപര്യമുള്ളവനുമായിരിക്കും. വ്യാഴ ക്ഷേത്രമായ ധനുവോ മീനമോ ഏഴാം ഭാവം ആവുകയോ ഏഴിൽ വ്യാഴാംശകം വരികയോ ,ചെയ്താൽ ഭര്‍ത്താവ് സൽഗുണ സമ്പന്നനും അച്ചടക്കവും ഒതുക്കവും ഉള്ളവനും വിനയത്തോടെ പെരുമാറുന്നവനും സുഖഭോഗങ്ങളിൽ തൽപരനും സമൂഹത്തിൽ ഉന്നത രീതിയിൽ ജീവിക്കുവാൻ ശ്രമിക്കുന്നവനും മധുര രസമുള്ള ആഹാരങ്ങളിൽ തൽപരനുമായിരിക്കും.

ശുക്ര ക്ഷേത്രമായ ഇടവമോ തുലാമോ ഏഴാമിടമാവുകയോ അവിടെ ശുക്രന് അംശകം വരികയോ ചെയ്താൽ ഭര്‍ത്താവ് സുന്ദരനും വളരെ ഭാഗ്യവാനുമായിരിക്കും. വിചിത്ര വസ്ത്രങ്ങളിൽ താൽപര്യവും കാമ വികാരം കൂടിയവനും അന്യര്‍ക്ക് വേണ്ടി അധ്വാനിക്കുന്നവനും പുളിരസമുള്ള ആഹാരങ്ങളിൽ താൽപര്യമുള്ളവനുമായിരിക്കും.

ശനിക്ഷേത്രമുള്ള മകരമോ കുംഭമോ ഏഴമിടമാവുകയും ശനി ഏഴിൽ അംശിക്കുകയോ ചെയ്താൽ ഭര്‍ത്താവ് പ്രായം കൊണ്ടു യോജിക്കാത്തവനോ വാസ്തവത്തിൽ ഉള്ള വയസ്സിനെക്കാൾ പ്രായം തോന്നിക്കുന്നവനോ ആകാം. മെലിഞ്ഞ ശരീര പ്രകൃതി, ലുബ്ധ്, മുൻകോപം എന്നിവ ഉണ്ടായാലും അത്ഭുതമില്ല. വിദേശങ്ങളിലും ദൂരദേശങ്ങളിലും സഞ്ചരിക്കേണ്ടി വരുന്നവനും ആയിരിക്കും.


Share this Post
Focus Specials