ഇന്ന് ബുധ പ്രദോഷം.. ഈ സ്തോത്രം കൊണ്ട് സന്ധ്യാ സമയം ശിവനെ സ്തുതിച്ചാൽ ഭഗവൽ പ്രീതി..!

ഇന്ന് ബുധ പ്രദോഷം.. ഈ സ്തോത്രം കൊണ്ട് സന്ധ്യാ സമയം ശിവനെ സ്തുതിച്ചാൽ ഭഗവൽ പ്രീതി..!

Share this Post

പൊതുവേ പ്രദോഷ ദിനത്തെ പുണ്യകർമ്മങ്ങൾ ചെയ്യാനുള്ള ഏറ്റവും ഉത്തമമായ ദിവസമായാണു കരുതുന്നത്. ദാരിദ്ര്യദുഃഖ ശമനം, കീര്‍ത്തി, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത്. പ്രഭാതസ്‌നാനശേഷം വെള്ള വസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തി വ്രതം ആരംഭിക്കണം. ശേഷം ഉപവാസവും പഞ്ചാക്ഷരീ മന്ത്ര ജപവും നിര്‍ബന്ധമാണ്. സ്‌നാന ശേഷം സന്ധ്യയ്ക്കു ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തി കൂവളമാല സമര്‍പ്പിക്കുകയും ചെയ്യണം. ഈ സമയത്ത് കൂവളത്തിന്റെ ഇലകൊണ്ട് അര്‍ച്ചന നടത്തുന്നതും വിശേഷമാണ്.കൂടാതെ പ്രദോഷത്തിലെ വിധിപ്രകാരമുള്ള വ്രതമനുഷ്ഠാനം സകല പാപങ്ങളെയും നശിപ്പിക്കുമെന്നാണ് വിശ്വാസം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധി ലഭിക്കുന്നതിന് വളരെ നല്ലതാണ് എന്നാണ് വിശ്വാസം. 

ഈ വ്രതം സ്ത്രീ പുരുഷ ഭേദമില്ലാതെ അനുഷ്ഠിക്കാവുന്നതാണ്. ശിവസഹസ്രനാമം, ശിവസ്‌തോത്രങ്ങള്‍ എന്നിവ ജപിച്ചും ശിവക്ഷേത്ര ദര്‍ശനം നടത്തിയും വേണം വ്രതം നോക്കാൻ. പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍ പാർവ്വതി ദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.ആ പുണ്യവേളയില്‍ സരസ്വതി ദേവി വീണ വായിക്കും, ബ്രഹ്മാവ് താളം പിടിക്കും, ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതും, മഹാലക്ഷ്മി ഗീതം ആലപിക്കും, മഹാവിഷ്ണു മൃദംഗം വായിക്കും, നന്ദിയും ഭൃംഗിയും നടനം ചെയ്യും, സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കും, ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കും എന്നിങ്ങനെയാണ് വിശ്വാസം. 

പ്രദോഷ സന്ധ്യാവേളയില്‍ മഹാദേവനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.

പ്രദോഷ ദിനത്തിൽ ജപിക്കാവുന്ന അതി ദിവ്യമായ ഒരു ശിവ കീർത്തനമാണ് ശങ്കരധ്യാന പ്രകാരം. ശിവന്റെ കേശാദി പാദമുള്ള വർണ്ണന അതിമനോഹരവും ഭക്തി ജനകവുമാണ്. പ്രദോഷ സന്ധ്യയിൽ ജപിച്ച് ശിവപ്രീതി നേടുക..

ശങ്കരധ്യാന പ്രകാരം

ശങ്കരധ്യാനപ്രകാരം ഗ്രഹിക്ക നീ

തിങ്കൾക്കലാഞ്ചിതം കോടീരബന്ധനം

ഗംഗാഭുജംഗവും നെറ്റിത്തടം തന്നി-

ലംഗജാന്മാവിനെച്ചുട്ടോരു നേത്രവും

അർക്കചന്ദ്രന്മാർക്കിരിപ്പിടമായുള്ള

തൃക്കണ്ണുരണ്ടും തിരുനാസികാഭയും

സ്വർണ്ണപ്രഭാ ഭോഗികുണ്ഡലാലംകൃതം

കർണദ്വയം ചാരുഗണ്ഡഭാഗങ്ങളും

ബിംബാധരോഷ്ഠവും ദന്തരത്നങ്ങളും

ബിംബോകലീലാവലോക സ്മിതങ്ങളും

ആനനാംഭോജവും കാളകൂടപ്രഭാ-

മാനനീയോജ്ജ്വലം കണ്ഠപ്രദേശവും

വക്ഷസ്ഥലോജ്ജ്വലത്സർപ്പഹാരം ലോക-

രക്ഷാകരങ്ങളാം നാലു തൃക്കൈകളും

മാനും മഴുവും വരദാഭയങ്ങളും

ധ്യാനിക്കിലാനന്ദമേകും സനാതനം

ആലിലയ്ക്കൊത്തോരുദരപ്രദേശവും

ചാലവേ രോമാദികാളികാഭംഗിയും

ഭംഗ്യാ പുലിത്തോലുടുത്തോരു ശോഭയും

തുംഗം കടീതടം ഭോഗീകാഞ്ചിതം

ഊരുദ്വയം ചാരുജാനുയുഗ്മങ്ങളും

പേരും കണങ്കാലടിത്താർവിലാസവും

ശ്രീപാദയുഗ്മേ വിളങ്ങും നഖങ്ങളും

ലോപംവരാതെ മനസ്സിലോർത്തീടണം

കേശാദിപാദവും പാദാദികേശവും

ഈശാനുരൂപം നിരൂപണം ചെയ്തുടൻ

അർച്ചനംതർപ്പണം നാമസങ്കീർത്തനം

തച്ചരണാംബുജെ വന്ദനമർപ്പണം

ഭക്ത്യാ ശിവോഹംശിവോഹമെന്നിങ്ങനെ

ഭക്തിപൂർവ്വം സ്തുതിചെയ്യുന്നവൻ ശിവൻ

സായൂജ്യമെങ്കിലും സാരൂപ്യമെങ്കിലും

ശ്രീഭൂതനാഥന്റെ സാമീപ്യമെങ്കിലും

മർത്യൻനിരൂപിച്ചു പൂജചെയ്തീടുകി-

ലായുരന്തേ ലഭിച്ചീടുമറിക നീ

പാർവ്വതീദേവിയെക്കൂടെ സ്മരിക്കണം

സർവ്വകാലം മഹാദേവന്റെ സന്നിധൗ

ദന്തിവദനനും താരകാരാതിയു-

മന്തികേ മേവുന്ന ദേവവൃന്ദങ്ങളും

ഭൂതഗണങ്ങളും പോറ്റിതൻ കൂറ്റനും

ചേതസി വന്നുവിളങ്ങേണമെപ്പൊഴും

സന്തതിസൌഖ്യം വരുത്തേണമീശ്വര!

സന്താപമൊക്കെയൊഴിക്കേണമീശ്വര!

ബന്ധുക്കളുണ്ടായ് വരേണമെന്നീശ്വര!

ബന്ധമോക്ഷം വരുത്തീടണമീശ്വര!

കീർത്തികല്യാണം വരേണമെന്നീശ്വര!

ആർത്തിദുഖങ്ങളകറ്റേണമീശ്വര!

മൂർത്തിസൗന്ദര്യം വരുത്തേണമീശ്വര!

ഇത്ഥം നിജാഗ്രഹം പ്രാർത്ഥിച്ചുകൊണ്ടുടൻ

കൃത്തിവാസസ്സിനെസ്സേവചെയ്താൽ ശുഭം.

ഭദ്രനൈവേദ്യമുണ്ടാക്കി നിരക്കവേ

ഭദ്രസമ്പൽക്കരമായിട്ടു ചേരുവാൻ

അപ്പം മലരവിൽ നാളികേരം ഗുളം

പാൽപ്പായസം നല്ല ശർക്കരപ്പായസം

പാലിളന്നീരും പഴങ്ങളും മോദകം

കാലാരിപൂജയ്ക്കു വേണ്ടുന്നതൊക്കവേ

ആകുലംകൂടാതെ പൂജിച്ചു വിപ്രരെ

പാരണം ചെയ്തു ഭുജിപ്പിച്ചു മൃഷ്ടമായ്

വസ്ത്രാദിസർവ്വം യഥാശക്തി ദക്ഷിണ

തത്രാപി ഭക്തിക്കു തക്കവണ്ണം ഫലം.

സായന്തനം കഴിഞ്ഞാരാധന കഴി-

ച്ചായവണ്ണം ദ്വിജപ്രീതിയും ചെയ്തുടൻ

തന്മൂലമായുള്ള ദോഷങ്ങൾ നീങ്ങുവാൻ

മാരാരിയെ പ്രണമിച്ചു പതുക്കവേ

പാരണചെയ്തു സുഖിച്ചു വസിക്ക നീ.


Share this Post
Rituals Specials