വ്യാഴ ദോഷ പരിഹാരത്തിന്  ഇതിലും  ഫലപ്രദമായ  വഴിപാട്‌ ഇല്ല…!

വ്യാഴ ദോഷ പരിഹാരത്തിന് ഇതിലും ഫലപ്രദമായ വഴിപാട്‌ ഇല്ല…!

വ്യാഴ ദോഷ പരിഹാരത്തിന് ഇത്രയേറെ ഫലപ്രദമായ മറ്റൊരു വഴിപാട്‌ ഇല്ലയെന്നു തന്നെ പറയാം. ഭൂലോക വൈകുണ്ഡമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുമ്പളങ്ങയും കയറും സമര്‍പ്പിക്കുക എന്നതാണ് ഈ വഴിപാട്. കുമ്പളങ്ങയും കയറും കൊണ്ട് പടിഞ്ഞാറേ നട വഴി ക്ഷേത്രത്തില്‍ പ്രവേശിക്കുകയും കൊടിമര ചുവട്ടില്‍ അവ സമര്‍പ്പിക്കുകയും എന്റെ വ്യാഴ ദോഷങ്ങള്‍ തീര്‍ത്തു നല്‍കേണമേ ഭഗവാനേ എന്ന് പ്രാര്‍ഥിക്കുകയും ചെയ്ത ശേഷം   പുറത്തെ പ്രദക്ഷിണ വഴിയില്‍ കൂടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കണം. തുടര്‍ന്ന് ദര്‍ശനം നടത്തി പുഷ്പാഞ്ജലി മുതലായ വഴിപാടുകളും കഴിച്ച് ഇടത്തരികത്ത് കാവിനു സമീപത്തുള്ള നടയിലൂടെ പുറത്തിറങ്ങുക. ഭഗവാനെ അമ്മ ഉരലില്‍ കെട്ടിയിട്ട കഥയുമായി ബന്ധപ്പെട്ടതാണ് ഈ വഴിപാട്‌ എന്ന് കരുതപ്പെടുന്നു.

ഒരാളുടെ ജാതകത്തിലെ ഭാഗ്യം, ദൈവാധീനം, അനുഭവ യോഗങ്ങള്‍, ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവസ്ഥ മുതലായവയെല്ലാം വ്യാഴത്തെ കൊണ്ട് ചിന്തിക്കാവുന്നതാണ്. മറ്റെല്ലാ ഗ്രഹ സ്ഥിതികളും അനുകൂലമാണെങ്കിലും വ്യാഴത്തിന്റെ സ്ഥിതി ദോഷകരമാണെങ്കില്‍ അനുഭവ ഗുണം കുറയും. ഏര്‍പ്പെടുന്ന എല്ലാ  കാര്യങ്ങളിലും ഒരു ദൈവാധീനക്കുറവ്  അനുഭവപ്പെടും.

വ്യാഴം ജാതകത്തില്‍ ആറ് എട്ട്, പന്ത്രണ്ട് തുടങ്ങിയ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് നന്നല്ല. ജീവിത വിജയം കിട്ടാതെ ഗതികെട്ടു നാട് വിടുന്നവരെ  പന്ത്രണ്ടാം വ്യാഴക്കാരന്‍ എന്ന് നാട്ടു ഭാഷയില്‍  പറഞ്ഞു വരാറുണ്ടല്ലോ.

ആറാമിടത്ത് വ്യാഴം നിന്നാല്‍ ദേഹ സുഖവും ദാമ്പത്യ സുഖവും കുറഞ്ഞിരിക്കും. ബലഹീനതയും അലസതയും മുഖമുദ്രയായിരിക്കും. ജാതകന്റെ മാതാവിനും ദേഹസുഖം കുറഞ്ഞിരിക്കാന്‍ ഇടയുണ്ട്. ആറിൽ വ്യാഴം നില്‍ക്കുന്നവന് ആരോഗ്യപരമായ ക്ലേശങ്ങള്‍ അല്ലാതെ ജീവിത വിജയത്തില്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും നേരിടേണ്ടി വരണമെന്നില്ല എന്നതാണ് എന്റെ അനുഭവം.

വ്യാഴം അഷ്ടമത്തില്‍ നിന്നാല്‍ മനസുഖം കുറയും. അഷ്ടമം വ്യാഴന്റെ ക്ഷേത്രമോ ഉച്ച ക്ഷേത്രമോ ആയാല്‍ ദീര്‍ഘായുസ്സും നല്‍കും. കടബാധ്യതകള്‍ മൂലം വൈഷമ്യം അനുഭവിക്കേണ്ടി വരും. സന്താന സംബന്ധമായി മനോവിഷമം വരാനും ന്യായമുണ്ട്.

വ്യാഴം പന്ത്രണ്ടില്‍ വന്നാല്‍ ദൈവാധീനക്കുറവ്, അടുത്ത ആളുകള്‍ മൂലം ചതിയിലോ വഞ്ചനയിലോ അകപ്പെടുക, ദുരിത പൂര്‍ണ്ണമായ വാര്‍ധക്യം, പാരമ്പര്യ സ്വത്തുക്കള്‍ അനുഭവിക്കാന്‍ യോഗമില്ലായ്ക, ഉള്ള സ്വത്തുക്കള്‍ തന്നെ അന്യാധീനപ്പെട്ടു പോകുക,സന്താന ഭാഗ്യക്കുറവ് മുതലായ അനുഭവങ്ങള്‍ വരാം. പന്ത്രണ്ടാം വ്യാഴക്കാരന്‍ മരണശേഷം  സത് ഗതിയെ പ്രാപിക്കും. എന്നാല്‍ സ്ത്രീകള്‍ക്ക് പന്ത്രണ്ടിലെ വ്യാഴം ഗുണകരമായി കണ്ടു വരുന്നു.

വ്യാഴം സ്വക്ഷേത്രങ്ങളിലോ മിത്ര ക്ഷേത്രങ്ങളിലോ ഉച്ച ക്ഷേത്രത്തിലോ സ്ഥിതി ചെയ്യുകയാണെങ്കില്‍ ദോഷാനുഭവങ്ങള്‍ വളരെയധികം കുറഞ്ഞിരിക്കും. ഗജ കേസരി യോഗം ഉള്ളവര്‍ക്കും വ്യാഴന്റെ അനിഷ്ട സ്ഥിതി മൂലമുള്ള പ്രശ്നങ്ങള്‍ കുറഞ്ഞിരിക്കും. വ്യാഴത്തിനു ചൊവ്വയുമായോ ആദിത്യനുമായോ യോഗം വരുന്നതും ദോഷഫലം കുറയാന്‍ സഹായിക്കും. എന്നാല്‍ വ്യാഴനു രാഹുയോഗം വരുന്നത് അത്യന്തം കഷ്ടമാണ്. ഇതിനു ഗുരു ചണ്ഡാലയോഗം എന്ന് പറയും. ഇത്തരക്കാര്‍ ഒന്നിലും താല്പര്യം പ്രകടിപ്പിക്കാത്തവരും അലസന്മാരും ആയി കണ്ടു വരുന്നു.

വ്യാഴദോഷ പരിഹാരം 

വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കണം. അന്നേ ദിവസം മത്സ്യ മാംസാദികള്‍ വര്‍ജിച്ച് മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച് വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. നാരായണീയം, നാരായണ കവചം, ലക്ഷ്മീനാരായണ സ്‌തോത്രം, വിഷ്ണു സഹസ്രനാമം മുതലായ സ്‌തോത്രങ്ങള്‍ ഭക്തിപൂര്‍വം പാരായണം ചെയ്യുക.

തിരുപ്പതി വെങ്കടാചലപതിയെ ഉപാസിക്കുന്നത് വ്യാഴപ്രീതിക്ക് അത്യുത്തമമാണ്. മഹാവിഷ്ണുവിന് മഞ്ഞ പട്ടുടയാട സമര്‍പ്പിക്കുന്നതും ലക്ഷ്മീ നാരായണ പൂജ നടത്തുന്നതും സാളഗ്രാമത്തിന് ക്ഷീരാഭിഷേകം നടത്തുന്നതും ഗുരുദോഷ പരിഹാരത്തിന് വളരെ ഗുണകരമാണ്.

വ്യാഴന്റെ സംഖ്യായന്ത്രം, പുഷ്യരാഗ രത്‌നം എന്നിവ ധരിക്കുന്നതും, ഗുരുഗായത്രി, വ്യാഴ അഷ്‌ടോത്തരം എന്നിവ ജപിക്കുന്നതും, പഞ്ചസാര, മഞ്ഞള്‍, മഞ്ഞ നിറമുള്ള ധാന്യങ്ങള്‍, നാരങ്ങ, മഞ്ഞ വസ്ത്രങ്ങള്‍ മുതലായവ ദാനം ചെയ്യുന്നതും ഒക്കെ ഗുരുദോഷശാന്തിക്ക് സഹായകമായ കര്‍മങ്ങളാണ്.

BOOK POOJA ONLINE
Focus Specials