ഓം ഹ്രീം നമഃശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രത്തിന്റെ ധ്യാനസ്വരൂപം ആണ് ഇത്.
മൂലേ കല്പദ്രുമസ്യ ദ്രുതകനകനിഭം ചാരുപത്മാസനസ്ഥം
വാമാങ്കാരൂഢ ഗൗരീ നിബിഢകുചഭരാ ഭോഗഗാഡോപഗൂഢം
നാനാലങ്കാരയുക്തം മൃഗപരശുവരാഭീതിഹസ്തം ത്രിനേത്രം
വന്ദേ ബാലേന്ദുമൗലീം ഗജവദനഗുഹാശ്ലിഷ്ടപാര്‍ശ്വം മഹേശം
ഈ സ്തോത്രം ശിവകുടുംബത്തെ വർണ്ണിക്കുന്നു. കല്പവൃക്ഷത്തിന്റെ ചുവട്ടിൽ ഭംഗിയുള്ള താമരപ്പൂവിൽ ഇരിക്കുന്നവനും ഉരുകിയ സ്വർണ്ണം പോലെയുള്ള ദേഹമുള്ളവനും, ഇടത്തെ തുടമേൽ ഇരിക്കുന്ന ശ്രീപാര്‍വതിയുടെ ഘനതരങ്ങളായ കുജകുംഭങ്ങളാൽ ഗാഢ മാകും വിധം ആലിംഗനം ചെയ്യപ്പെടുന്നവനും അനേകം അലങ്കാരങ്ങളെക്കൊണ്ട് ശോഭിതനും, വരദവും വെണ്മഴുവും മാനും അഭയവും ധരിച്ച നാല് കൈകളുള്ളവനും, ത്രിനേത്രനും ശിരസിൽ ബാല ചന്ദ്രിക ധരിച്ചവനും, ഇരുവശത്തും സുബ്രഹ്മണ്യനോടും ഗണപതിയോടും കൂടിയവനുമായിരിക്കുന്ന ശിവനെ ഞാൻ വന്ദിക്കുന്നു എന്ന് അർഥം.
ഈ ധ്യാന ശ്ലോകം അർഥം മനസ്സിലാക്കി നിത്യവും ജപിക്കുന്ന വീടുകളിൽ കുടുംബ ഭദ്രതയും ഐശ്വര്യവും കളിയാടും. എല്ലാ വീടുകളിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ചിത്രമാണ് ശിവ കുടുംബത്തിന്റേത്.
ശിവം എന്നാൽ മംഗളം എന്നാണർത്ഥം. അതുകൊണ്ട് തന്നെ ഭാര്യ പുത്ര സമേതമുള്ള ശിവ ചിത്രം കുടുബ ജീവിതത്തിന്റെ അടിസ്ഥാന സങ്കൽപം എന്താവണമെന്ന് നമ്മെ കാട്ടിത്തരുന്നു.
മഹാദേവന്റെയും പാർവ്വതീദേവിയുടെയും ഇരുവശത്തായി പുത്രന്മാരായ ഗണപതിയും, സുബ്രഹ്മണ്യനും ഉപവിഷ്ടരായിരിക്കുന്നു .ബന്ധ വൈരികളായ കാളയും സിംഹവും മയിലും പാമ്പും ഒന്നിച്ചു വാഴുന്ന ഇടം. അതായത് മഹാദേവന്റെ വാഹനം കാളയാണ്. ദേവിയുടേത് സിംഹവും.
പുത്രന്മാരിൽ ഗണപതിയുടെ വാഹനം എലിയും സ്കന്ദന്റെ വാഹനം മയിലുമാണ്.ശിവന്റെ കണ്ഠാഭരണമാണ് നാഗം, നാഗമാണ് മയിലിന്റെ ഭഷണം, നാഗത്തിന്റെ ഇര എലിയും എന്നിട്ടും അവ ഒന്നിച്ചു ജീവിക്കുന്നു.
കലഹങ്ങള്‍ ഒന്നുമില്ലാതെ കഴിയുന്ന ശിവകുടുംബം കുടുംബജീവിതത്തിന്റെ പവിത്രത എടുത്തുകാട്ടുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം ഭവനത്തിൽ ഐശ്വര്യം പ്രദാനം ചെയ്യും.