സർപ്പകോപം മാറാൻ പരിഹാരങ്ങൾ

സർപ്പകോപം മാറാൻ പരിഹാരങ്ങൾ

ജീവിതത്തിലെ മാറാ ദുരിതങ്ങളില്‍നിന്നും രക്ഷ നേടുവാൻ സര്‍പ്പദേവതാപ്രീതിപോലെ ഫലപ്രദമായ മറ്റൊരു മാർഗമില്ല. മാറാവ്യാധികള്‍, ശമനം വരാത്ത അസുഖങ്ങള്‍, സന്താനദുരിതം, അകാലമൃത്യു, ബന്ധുജനകലഹം തുടങ്ങിയ ദുരിതങ്ങള്‍ ആർക്കും പ്രയാസമുണ്ടാക്കുന്നതാണ്. ഇത്തരം ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കുവാന്‍ സര്‍പ്പദേവതാ പ്രീതിയാണ് ഏക അവലംബം.

സർപ്പ ദോഷത്തിന്റെ കാരണങ്ങൾ

ഹൈന്ദവ വിശ്വാസ പ്രകാരം സകലദേവതകളുടേയും ‘ഭൂഷണമാണ് സര്‍പ്പങ്ങള്‍. ശിവനും, ഗണപതിയും, ഭഗവതിമാരുമെല്ലാം ശ്രേഷ്ഠനാഗങ്ങളെ ധരിക്കുന്നവരാണ്. നാഗദേവതകളെ ശക്തിയുടെയും, സത്യത്തിന്‍റേയും പ്രതീകമായിട്ടാണ് കരുതുന്നത്. ശിവന്റെ ആഭരണങ്ങൾ നാഗങ്ങളാണ്. വിഷ്ണുവിന്റെ തല്പം അനന്തൻ എന്ന നാഗമാണ്. ദേവിയുടെ ശിരസിലെ കൊണ്ടക്കെട്ട് തിരുകുന്നത് നാഗമാണ്. നാഗദേവതകള്‍ ഉഗ്രമൂര്‍ത്തികളാണ്. ഇവരുടെ കോപം സംഭവിച്ചാല്‍ പരിഹാരം അസാദ്ധ്യം തന്നെയാണ്. പരീക്ഷിത്തിന്റെ കഥ തന്നെ ഉദാഹരണം. നാഗദംശനം ഭയന്ന് കടലിന്‍റെ നടുവില്‍ ഒറ്റത്തൂണില്‍ കൊട്ടാരം കെട്ടി അഭയം തേടിയാണ് പരീക്ഷിത്ത് മഹാരാജാവ്. എന്നിട്ടും തക്ഷക ദംശനം ഒഴിവായില്ല. ഇതാണ് സര്‍പ്പകോപത്തിന്‍റെ കാഠിന്യം. സര്‍പ്പകോപത്തിന്‍റെ ഭവിഷ്യത്ത് ദുര്‍മരണം (പാമ്പ് കടിച്ച് മരിക്കുക) തന്നെയാണ്. സന്താനവിഷയത്തിലും ദുരിതവിഷയത്തിലും തെളിയുന്ന സര്‍പ്പദോഷങ്ങള്‍ സര്‍പ്പദേവതകളുടെ കോപദൃഷ്ടി മാത്രമാണ്.

സര്‍പ്പകോപം സംഭവിക്കുന്നതെങ്ങിനെ?

സര്‍പ്പക്കാവുകള്‍ വെട്ടിനശിപ്പിക്കുന്നതാണ് സര്‍പ്പകോപത്തിന് കാരണമായി പൊതുവേ പറയുന്നത്. ഇത് സത്യം തന്നെയാണ്. എന്നാല്‍ മറ്റ് പലകാരണങ്ങളും സര്‍പ്പകോപത്തിന് കാരണമായിട്ടുണ്ട്. ഭ്രൂണഹത്യ സര്‍പ്പകോപത്തിന് കാരണമാണ്. തലമുറകള്‍ നീളുന്ന സര്‍പ്പകോപത്തിന് കാരണമാണ് ഭ്രൂണഹത്യ. ചതി, വഞ്ചന, ഭാര്യയെ ഉപേക്ഷിക്കുക എന്നിവ സര്‍പ്പകോപത്തിന് കാരണമാണ്. പൂര്‍വ്വജന്മദുരിതത്തിന് ആവര്‍ത്തനവും സര്‍പ്പകോപകാരണമാണ്.

സര്‍പ്പകോപം മൂലം സംഭവിക്കുന്ന ദുരിതങ്ങള്‍

ത്വഗ്രോഗങ്ങളാണ് സര്‍പ്പകോപം മൂലം സംഭവിക്കുന്ന ദൃഷ്ടാന്തരോഗം. അടുത്തത് സന്താനദുരിതം തന്നെയാണ്. സന്താനം ഉണ്ടാകാതിരിക്കുക. അംഗവൈകല്യം സംഭവിക്കുക. വിവാഹം നടക്കാതിരിക്കുക എന്നിവയാണ് സര്‍പ്പദൃഷ്ടി കോപത്താല്‍ സംഭവിക്കുക. ഉഗ്രമായ സര്‍പ്പകോപം സര്‍പ്പദംശനം തന്നെയാണ്.

ആയില്യപൂജകള്‍

കന്നിമാസത്തിലും തുലാം മാസത്തിലേയും ആയില്യം നാളുകള്‍ സര്‍പ്പപ്രീതിക്ക് അത്യുത്തമമാണ്. ഇന്നേദിവസങ്ങളില്‍ സര്‍പ്പദേവതകളുടെ സാന്നിധ്യം ഭൂമിയുടെ ഉപരിതലത്തില്‍ നിറഞ്ഞുനില്‍ക്കുന്നു എന്നാണ് വിശ്വാസം. ഭൂമിയെ പ്രളയനിധിയില്‍നിന്നും സര്‍പ്പദേവതകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ദിനമായി കന്നിമാസആയില്യത്തെ കരുതുന്നു. തുലാമാസ ആയില്യത്തില്‍ ഭൂമിയുടെ അധിപന്മാരായി നാഗദേവതകള്‍ അവരോധിച്ച ദിനമായും വിശ്വസിക്കുന്നു. ഇന്നേദിവസം സര്‍പ്പപ്രീതി അതി ശ്രേഷ്ഠംതന്നെയാണ്. സര്‍പ്പകോപ ദുരിതങ്ങള്‍ നീങ്ങാന്‍ ഉത്തമദിനമാണിത്. മനുഷ്യര്‍ക്ക് നഗ്നനേത്രം കൊണ്ട് കാണാവുന്ന ദേവതകളാണ് സര്‍പ്പദേവതകള്‍.

ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍, വൈകുന്നേരമാണെങ്കില്‍ സര്‍പ്പക്കാവിന്റെ വേലിക്ക് അടുത്തേയ്ക്ക് പോകുന്നത് ഉചിതമല്ല. ദൂരെനിന്ന് തൊഴുകമാത്രമേ ആകാവൂ. രാവിലെ കാവിനു സമീപം വരെ പോകാവുന്നതാണ്. കാവിനുള്ളില്‍ കടക്കാതിരിക്കുന്നതാണ് നല്ലത്. സർപ്പപ്രീതിക്കായി നൂറും പാലും, മഞ്ഞള്‍പ്പൊടി; നിവേദ്യം, അര്‍ച്ചന എന്നിവ പതിവുണ്ട്. സ്വന്തം നാളില്‍ ഇത്തരം പൂജകള്‍ നടത്തുന്നത് ഉത്തമം.അല്ലെങ്കിൽ കുറഞ്ഞത് ഒരുപിടി മഞ്ഞള്‍പ്പൊടി ഇലയില്‍ സമര്‍പ്പിക്കുന്നതും ഉത്തമം . ഇവിടെ പറയുന്ന കാര്യങ്ങള്‍, സര്‍പ്പബിംബ പ്രധാന പ്രതിഷ്ഠയുള്ള മേക്കാട്, മണ്ണാറശാല, പാതിരിക്കാട്ട് തുടങ്ങിയ ക്ഷേത്രങ്ങളിലെ ആരാധനാവിധികളല്ല. സാധാരണക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കാവുകളെക്കുറിച്ചാണ്. ഇത്തരം കാവുകളില്‍ വൈകുന്നേരം സര്‍പ്പപ്രീതി പാടില്ല. പുലര്‍ന്ന് ഇരുപത് നാഴികയ്ക്ക് ശേഷം സര്‍പ്പക്കാവില്‍ അര്‍ച്ചനാദി നിവേദ്യങ്ങള്‍ പാടില്ല.

സര്‍പ്പദേവതകള്‍ രണ്ടുവിധം

സര്‍പ്പദേവതകളെ പൊതുവേ രണ്ടായി തരം തിരിച്ചിരിക്കുന്നു. വൈഷ്ണവമെന്നും, ശൈവമെന്നും, കിഴക്കോട്ട് ബിംബപ്രതിഷ്ഠ വൈഷ്ണവനാഗങ്ങൾക്കും പടിഞ്ഞാറ് ബിംബപ്രതിഷ്ഠ ശൈവനാഗങ്ങൾക്കുമാണ് . ശൈവനാഗങ്ങൾ ഉഗ്രമൂര്‍ത്തികളും, ഉഗ്രകോപികളുമാണ്. എന്നാല്‍ ഇവര്‍ ക്ഷിപ്രപ്രസാദികളുമാണ്. വൈഷ്ണവ നാഗ ദേവതകള്‍ക്ക് പൂക്കുലയും മഞ്ഞള്‍പ്പൊടിയുമാണ് നെറുകയില്‍ വയ്ക്കുക. ശൈവനാഗങ്ങൾക്ക് പൂക്കുലയും ചുവന്ന ചെത്തിപ്പൂവുമാണ് പതിവ്.

ഇഷ്ടപുഷ്പങ്ങള്‍

കറയുള്ള പൂക്കളാണ് സര്‍പ്പപ്രീതിക്ക് ഏറെ ഉത്തമം. അരളിപ്പൂവ്(മഞ്ഞകരവീര്യം); നന്ത്യാര്‍വട്ടം; വെളുത്ത എന്നാല്‍ എരിക്കന്‍പൂവ് (എരിക്കിന്‍ തളിരിലയും ചിലദിക്കില്‍ സര്‍പ്പപൂജയ്ക്ക് പതിവുണ്ട്) പാരിജാതം, ചെത്തിപ്പൂവ്, താമര, പവിഴമല്ലി എന്നിവ സര്‍പ്പദേവതകള്‍ക്ക് സമര്‍പ്പിച്ചാല്‍ സര്‍പ്പദോഷം നീങ്ങിക്കിട്ടും. വൈഷ്ണവകലയുള്ള കാവില്‍ വിഷ്ണുസംബന്ധമായ ശ്ലോകങ്ങളും കീര്‍ത്തനങ്ങളും ജപിക്കാവുന്നതാണ്. ശിവസംബന്ധമായ കാവില്‍ നമഃശിവായ ആദികള്‍ ജപിക്കാവുന്നതുമാണ്.സര്‍പ്പദേവതകളുടെ ചിത്രം വീട്ടിനുള്ളില്‍ വയ്ക്കുകയോ ആരാധിക്കുകയോ പതിവില്ല.

നാഗദേവതയെ ബഹുമാനിക്കുക എന്നതുതന്നെയാണ് നാഗദേവതാ പ്രീതിക്കുള്ള പ്രാര്‍ത്ഥന. മറ്റ് ദേവതകളെ പ്രാര്‍ത്ഥിക്കുന്നതുപോലെ ഉഗ്രജപമൊന്നും ആവശ്യമില്ല സര്‍പ്പപ്രീതിക്ക്. സര്‍പ്പക്കാവിന് അല്‍പ്പം ദൂരെ മാറിനിന്ന് മനസ്സിൽ സ്മരിച്ചാല്‍ തന്നെ ഈ ദേവതകള്‍, ആയിരം ഫണം നിവര്‍ത്തി നമ്മെ അനുഗ്രഹിക്കും. പുള്ളുവന്‍ പാട്ട് സര്‍പ്പപ്രീതിക്ക് ഉത്തമംതന്നെയാണ്. സ്വന്തം വീടുകളില്‍ പുള്ളുവരെ വരുത്തി പാട്ട് പാടിക്കാന്‍ കഴിയുമെങ്കില്‍ വളരെ ശ്രേഷ്ഠം തന്നെ.

Book your Pooja Online

നാഗവഴിപാടുകളും ഫലസിദ്ധികളും

  1. സമ്പല്‍സമൃദ്ധി: വെള്ളരി, ആയില്യപൂജ, നൂറും പാലും
  2. വിദ്യക്കും സല്‍കീര്‍ത്തിക്കും: പുള്ളുവന്‍ പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍
  3. ആരോഗ്യം വീണ്ടുകിട്ടാന്‍: ഉപ്പ്
  4. വിഷനാശത്തിന്: മഞ്ഞള്‍
  5. ത്വക്ക് രോഗശമനത്തിന്: ചേന
  6. പലവിധ രോഗശമനത്തിന്: കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ വഴിപാടായി സമർപ്പിക്കാം
  7. ദീര്‍ഘായുസ്സിന്: നെയ്‌
  8. സര്‍പ്പദോഷ പരിഹാരത്തിന്: സര്‍പ്പരൂപം, പുറ്റും മുട്ടയും തുടങ്ങിയവ വഴിപാടായി സമർപ്പിക്കാം
  9. ഇഷ്ടകാര്യസിദ്ധി : പാല്, കദളിപ്പഴം, നെയ് പായസം
  10. സന്താനലാഭത്തിന് : നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി കമഴ്ത്തല്‍
  11. സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്: പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക്
Rituals Specials