അനിഷ്ടങ്ങൾ അകലാൻ അഘോര ശിവ ഭജനം

അനിഷ്ടങ്ങൾ അകലാൻ അഘോര ശിവ ഭജനം

Share this Post

അഘോരന്‍ എന്നതിന് ഘോരനല്ലാത്തവന്‍, അതായത് സൗമ്യന്‍ എന്നും യാതൊരുവനെക്കാള്‍ ഘോരനായി മറ്റൊരുവന്‍ ഇല്ലയോ അവന്‍, അതായത് ഏറ്റവും ഘോരന്‍, എന്നും രണ്ടു വ്യുത്പത്തികളുണ്ട്. ഭക്തന്മാര്‍ക്ക് സൌമ്യനായും ദുഷ്ടന്മാര്‍ക്ക് അത്യന്തഘോരനായും സങ്കല്പിതനായിരിക്കുന്ന ശിവന് ഇവ രണ്ടും അനുയോജ്യവുമാണല്ലോ.

ശിവന്റെ പഞ്ചമുഖങ്ങള്‍ യഥാക്രമം ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, സദ്യോജാതം എന്നിവയാണ്. മധ്യത്തിലത്തേതായ അഘോരരൂപത്തെ ആശ്രയിച്ചാണ് അഘോരശിവന്‍ എന്ന നാമം ശിവനു ലഭിച്ചിട്ടുള്ളത്.

Image

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ അഘോരശിവന്റേതാണ്. ഖരപ്രകാശമഹര്‍ഷിയാണ് ആദ്യം അവിടെ ഈ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. പിന്നീട് ഒരു ബ്രാഹ്മണന്റെ ശാപംനിമിത്തം ക്ഷേത്രം കാടായിക്കിടന്നുവെന്നും വളരെക്കാലം കഴിഞ്ഞ് വില്വമംഗലം സ്വാമിയാര്‍ ആണ് ഈ സ്ഥലം കണ്ടുപിടിച്ച് ദേവനെ പുനഃപ്രതിഷ്ഠിച്ചതെന്നും ഈ കഥ തുടരുന്നു. ഭാദ്രപദമാസത്തിലെ (കന്നി) കൃഷ്ണ ചതുര്‍ദശി അഘോരശിവനെ സംബന്ധിച്ച ഒരു പുണ്യദിനമായതുകൊണ്ട് ആ തിഥിക്ക് അഘോര എന്ന പേര് സിദ്ധിച്ചത് എന്നും പ്രശസ്തമാണ്.

അഘോരമന്ത്രം
അഘോരശിവോപാസനയ്ക്ക് അഘോരമന്ത്രം ഉപയോഗിക്കുന്നു. ഇതിന്റെ ഋഷി അഘോരനും, ഛന്ദസ്സ് ത്രിഷ്ടുപ്പും, ദേവത അഘോരരുദ്രനും ആകുന്നു. 51 അക്ഷരങ്ങളുള്ള അഘോരമന്ത്രം:

ധ്യാനം
‘കാലാഭ്രാഭഃ കരാഗ്രൈഃ പരുശുഡമരുകൌ
ഖണ്ഗഖേടൌ ച ബാണേ-
ഷ്വാസൌ ശൂലം കപാലം ദധദതിഭയദൌ
ഭീഷണാസ്യസ്ത്രിണേത്രഃ
രക്താകാരാംബരോ∫ഹിപ്രവരഘടിതഗാ-
ത്രോ∫ഹിനാഗഗ്രഹാദീന്‍
ഖാദന്നിഷ്ടാര്‍ഥദായീ ഭവദനഭിമത-
ച്ഛിത്തയേ സ്യാദഘോരഃ’.

(കാര്‍മേഘംപോലെ കറുത്ത നിറത്തോടുകൂടിയവനും കൈകളില്‍ പരശു, ഡമരു, ഖഡ്ഗം, ഖേടം, ബാണം, വില്ല്, ശൂലം, കപാലം എന്നിവ ധരിച്ചവനും അതിഭയങ്കരമായ മുഖത്തോടും മൂന്നു കണ്ണുകളോടും കൂടിയവനും ചുവന്ന വസ്ത്രം സര്‍പ്പാഭരണങ്ങള്‍ എന്നിവയണിഞ്ഞവനും ദുഷ്ടഗ്രഹാദികളെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നവനുമായ അഘോരശിവന്‍ നിങ്ങളുടെ അനിഷ്ടങ്ങളെ നശിപ്പിക്കട്ടെ).

അഘോരമന്ത്രം

‘ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര
ഘോര ഘോരതരതനുരൂപ
ചട ചട പ്രചട പ്രചട
കഹ കഹ വമ വമ
ബന്ധ ബന്ധ ഖാദയ ഖാദയ ഹും ഫട്’

ദിവസവും അഘോരമന്ത്രം ഉച്ചരിച്ചുകൊണ്ട് ഭസ്മം ധരിക്കുന്നവനെ ദുഷ്ടഗ്രഹാദികളും രോഗങ്ങളും പീഡിപ്പിക്കുകയില്ല; ആഗ്രഹ പ്രാപ്തിയുണ്ടാകും എന്നെല്ലാം ഭക്തന്മാർക്ക് അനുഭവമാണ്. മന്ത്ര സാധനയിൽ തല്പരർ അല്ലാത്തവർ ശിവക്ഷേത്രത്തിൽ അഘോര മന്ത്രം കൊണ്ട് ശിവന് പുഷ്പാഞ്ജലി നടത്തിയാലും മതിയാകുന്നതാണ്.


Share this Post
Specials