അക്ഷയ തൃതീയ എന്ന് കേള്‍ക്കുമ്പോള്‍ സ്വര്‍ണ്ണ വ്യാപാര ശാലകള്‍ക്കു മുന്‍പില്‍ വരി നില്‍ക്കാന്‍ തിക്കിത്തിരക്കുന്ന മലയാളികളെയാണ് ഓര്‍മ്മ വരിക. സത്യത്തില്‍ ഈ പുണ്യ ദിവസവും സ്വര്‍ണ്ണം വാങ്ങുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
പരമപുണ്യകാരകമായ വൈശാഖ മാസത്തിലെ ശുക്ല പക്ഷ തൃതീയ തിഥിയാണ് അക്ഷയ തൃതീയ. അന്ന് ചെയ്യുന്ന ദാന ധര്‍മാദികള്‍, ഹോമപൂജാദികള്‍ മുതലായവ അക്ഷയമായ ഫലത്തെ നല്‍കുന്നു എന്ന് മാത്രമേ പുരാണങ്ങളില്‍ പരാമര്‍ശം ഉള്ളൂ. ചതുര്‍ യുഗങ്ങളില്‍ ആദ്യത്തേതായ കൃതയുഗം ആരംഭിച്ചത് ഈ തിഥിയില്‍ ആണ് എന്ന് പരാമര്‍ശം ഉണ്ട്. ബാലരാമ ജയന്തി മുതലായ പുണ്യ ദിനങ്ങളും അന്നാണ്. ഭഗീരഥന്‍ ആകാശ ഗംഗയെ താഴെ എത്തിച്ചതും ശങ്കരാചാര്യര്‍ കനകധാരാ സ്തോത്ര ജപത്താല്‍ സ്വര്‍ണ്ണ നെല്ലിക്ക പെയ്യിച്ചതും ഈ ദിവസമാണ് എന്ന് കരുതപ്പെടുന്നു. ഇതായിരിക്കാം ഒരുപക്ഷെ സ്വര്‍ണവും അക്ഷയ ത്രിതീയയും ആയി ബന്ധപ്പെടുത്തി പറയാവുന്ന ഏക കാര്യം. വേദവ്യാസന്‍ മഹാഭാരത രചന ഭഗവാന്‍ ഗണപതിയുടെ സഹായത്തോടെ സമാരംഭിച്ചതും ഇതേ ദിവസം തന്നെ. ഈ വർഷം 03.05.2021ചൊവ്വാഴ്ചയാണ് അക്ഷയ തൃതീയ.
അക്ഷയ തൃതീയയില്‍ ചെയ്യേണ്ടത്.
അക്ഷയ തൃതീയയില്‍ ദാന ധര്‍മങ്ങള്‍ ചെയ്‌താല്‍ അതിന്റെ ഫലം ഒരിക്കലും ക്ഷയിക്കുകയില്ല. ഒരു ഗ്ലാസ് വെള്ളം ദാഹിച്ചു വലഞ്ഞു വരുന്നവര്‍ക്ക് കൊടുക്കുന്നതു പോലും എത്രയോ പുണ്യമാണ്. അപ്പോള്‍ അര്‍ഹതയുള്ളവര്‍ക്ക് അന്നദാനവും മറ്റും ചെയ്‌താല്‍ ലഭിക്കുന്ന പുണ്യം പറയാനുണ്ടോ?
വിഷ്ണു പൂജയ്ക്കും ഉപാസനയ്ക്കും ഏറ്റവും ഉത്തമമായ ദിനമാണ് അക്ഷയ തൃതീയ. മഹാ ലക്ഷ്മിയെയും കുബേരനെയും പൂജിക്കുവാനും ഈ ദിവസം ഉത്തമമാണ്. എന്തെന്നാല്‍ കുബേരന്‍ ശിവനെ സംപ്രീതനാക്കി അപാരമായ ധനം സ്വന്തമാക്കി ധനത്തിന്റെ ദേവതയായതും ഇതേ ദിവസമാണ് എന്ന് കരുതപ്പെടുന്നു. അക്ഷയ തൃതീയയില്‍ കുബേര മന്ത്രം, മഹാ ലക്ഷ്മീ മന്ത്രം എന്നിവയാല്‍ ലക്ഷ്മീ കുബേര പൂജ നടത്തുന്നവര്‍ക്ക് അക്ഷയമായ ധനം കൈവരും എന്ന കാര്യത്തില്‍ സംശയം വേണ്ട. അക്ഷയ തൃതീയയില്‍ മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഭാഗ്യ സൂക്ത പുഷ്പാഞ്ജലി, വിഷ്ണുപൂജ എന്നിവ നടത്തുന്നതും അക്ഷയമായ ഭാഗ്യാനുഭവങ്ങള്‍ നല്‍കും.