താന്‍ ഏര്‍പ്പെടുന്ന തൊഴില്‍ മേഖലയില്‍ വിജയശ്രീലാളിതനാകുമോ എന്നറിയാന്‍ ഏവരും ആഗ്രഹിക്കുന്നു. ഇക്കാര്യം ഒരാളുടെ ജാതകത്തിന്‍റെ സൂക്ഷ്മപരിശോധനയിലൂടെ വ്യക്തമാകും. ഒരു ജാതകത്തിലെ അഞ്ചും ഒന്‍പതും ഭാവങ്ങള്‍ നോക്കിയാണ് തൊഴില്‍രംഗത്തെ വിജയം നിര്‍ണ്ണയിക്കുന്നത്.
അഞ്ചാം ഭാവത്തില്‍ ഏതെല്ലാം ഗ്രഹങ്ങള്‍ നിന്നാല്‍ ശുഭഫലദായകമെന്ന് ജ്യോതിഷാചാര്യന്മാര്‍ പറഞ്ഞിരിക്കുന്നു:-
5-ല്‍ സൂര്യന്‍ നിന്നാല്‍ സന്താനങ്ങള്‍ മുഖേന ശ്രേയസ്സുണ്ടാകും. നല്ല സുഹൃത്ബന്ധങ്ങള്‍ ലഭിക്കും. നിധിലാഭം, ലോട്ടറി, നിക്ഷേപങ്ങള്‍ എന്നിവ ലഭിക്കും. മനസ്സിന് സന്തോഷമുണ്ടാകുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടും. ധിഷണാശാലിയും പണ്ഡിതനുമാകും. ധൈര്യശാലിയും ബുദ്ധിമതിയും ആകും. ഉദരരോഗം ഉണ്ടാകാതെ കരുതിയിരിക്കണം.
5 ല്‍ ചന്ദ്രന്‍ നിന്നാല്‍ അയാള്‍ ബുദ്ധിശാലിയും നര്‍മ്മബോധമുള്ളവനും, ശാന്തനും, ഉദാരഹൃദയനും ആയിരിക്കും. വ്യവസായ വാണിജ്യരംഗത്ത് ശോഭിക്കും. സമുദായത്തില്‍ ഉന്നതപദവികള്‍ അലങ്കരിക്കും. അന്യരില്‍ മികച്ച സ്വാധീനം ചെലുത്താന്‍ ശക്തിയുള്ള ഗ്രഹമാണ് ചന്ദ്രന്‍. അതിനാല്‍ തൊഴില്‍രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കും. ഏവരെയും ഹൃദയപൂര്‍വ്വം സ്നേഹിക്കും. ഉത്തമസുഹൃത്തുക്കളെ സമ്പാദിക്കും. സന്താനങ്ങള്‍ ഉന്നതപദവികളില്‍ എത്തും. കവിത്വശക്തിയും ഭാവനാവിലാസവും ഏറും.
കുജന്‍ 5 ല്‍ നിന്നാല്‍ കഠിനചിത്തനും, ചിന്താകുലനും ആയിരിക്കും. ബിസിനസ്സില്‍ അത്രമേല്‍ വിജയിയാകുകയില്ല. സന്താനങ്ങള്‍ കുറഞ്ഞിരിക്കും. ശത്രുക്കളില്‍ നിന്ന് ദുരിതം ഉണ്ടാകും. ഉദരരോഗം ഉണ്ടാകും. അന്യരോടുള്ള പെരുമാറ്റത്തില്‍ പരുക്കന്‍ മട്ടുകാണിക്കും. ധാരാളം ഭക്ഷിക്കും തന്മൂലം രോഗിയാകും.
5 ല്‍ ബുധന്‍ നിന്നാല്‍ ബുദ്ധിശാലിയായിരിക്കും. തൊഴില്‍രംഗത്ത് മാറ്റങ്ങള്‍ വരുത്തും. സര്‍ഗ്ഗാത്മകഭാവന ഉണ്ടാകും. 5 ല്‍ ബുധന്‍ വ്യാഴത്തോടോ ചന്ദ്രനോടോ ചേര്‍ന്നുനിന്നാല്‍ പ്രസിദ്ധനായ ഒരു കവിയോ, എഴുത്തുകാരനോ ആകും. കീര്‍ത്തിയും ധനവും ലഭിക്കും. സല്‍സന്താനലാഭം ഉണ്ടാകും. ഐശ്വര്യപൂര്‍ണ്ണമായ ജീവിതം നയിക്കും.
5 ല്‍ ശുക്രന്‍ നിന്നാല്‍ പ്രണയരംഗത്ത് വിജയിക്കും. ജീവിതസൗഭാഗ്യങ്ങള്‍ മുഴുവന്‍ ആസ്വദിക്കും. ചലച്ചിത്ര സീരിയല്‍ നാടകനൃത്ത മേഖലകളില്‍ ശോഭിക്കും. ധാരാളം ധനം സമ്പാദിക്കും. കീര്‍ത്തി വര്‍ദ്ധിക്കും. സന്താനങ്ങള്‍ പ്രശസ്തരാകും. നല്ല സംഭാഷണപാടവവും സഹൃദയനുമായിരിക്കും. ബിസിനസ്സ് രംഗത്ത് നന്നായി ശോഭിക്കും. വളരെ ബുദ്ധിശാലിയും ഉദാരമതിയും ആയിരിക്കും. സമുദായത്തില്‍ സമുല്‍കൃഷ്ടമായ സ്ഥാനം അലങ്കരിക്കും.
വ്യാഴം 5 ല്‍ നിന്നാല്‍ ബിസിനസ്സില്‍ അത്ഭുതകരമായ വിജയം നേടും. ഏത് രംഗത്തും തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കും. സഹൃദയനും ഉദാരമതിയും ദയാലുവുമായിരിക്കും. ധാരാളം സമ്പത്തുണ്ടാകും. സല്‍സന്താനലാഭം ഉണ്ടാകും. സന്താനങ്ങള്‍ ഉന്നതപദവികളിലെത്തിച്ചേരും. പ്രവര്‍ത്തികളിലെല്ലാം ദൈവാധീനം ഉണ്ടാകും. ആദ്ധ്യാത്മികമണ്ഡലത്തില്‍ ശോഭിക്കും.
ശനി 5 ല്‍ നിന്നാല്‍ ജീവിതരംഗത്ത് വിജയം കൈവരിക്കുമെങ്കിലും എല്ലാറ്റിനും കാലതാമസം നേരിടും. ശനിയോട് ചേര്‍ന്ന് വ്യാഴം നില്‍ക്കുകയാണെങ്കില്‍ ഏത് കാര്യത്തിലും സമര്‍ത്ഥനായിത്തീരും. സത്യസന്ധനായിരിക്കും. ജോലിയില്‍ ആത്മാര്‍ത്ഥ കാണിക്കും. ശനി തനിച്ച് 5 ല്‍ നിന്നാല്‍ സന്താനങ്ങള്‍ വളരെ കുറവായിരിക്കും.
രാഹുകേതുക്കള്‍ 5 ല്‍ നിന്നാല്‍ സാമ്പത്തികരംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍മേഖലയില്‍ ശോഭിക്കും. നൂതനവിദ്യകള്‍ കണ്ടുപിടിക്കും സന്താനദുരിതം ഉണ്ടാകാം.
കര്‍മ്മഭാവം
പത്താം ഭാവത്തിന് കര്‍മ്മസ്ഥാനം എന്ന് പറയുന്നു. ജീവനോപായം, തൊഴില്‍, വാണിജ്യം, വ്യവസായം, വിജയം, അധികാരസ്ഥാനങ്ങള്‍, നല്ല പെരുമാറ്റം, ബഹുമതികള്‍, ത്യാഗമനോഭാവം, അര്‍പ്പണബോധം, ആജ്ഞാശക്തി, സദ്ഗുണങ്ങള്‍, ധനം, ജ്ഞാനം, കര്‍മ്മരംഗം, ഇവയെല്ലാം പത്താം ഭാവം കൊണ്ടറിയാം. ഒരു ജാതകത്തിലെ അത്യുന്നത സ്ഥാനമാണിത്. മനുഷ്യന്‍റെ ഭൗതിക നേട്ടങ്ങള്‍ക്കെല്ലാം ആധാരശിലയാണിത്. ഒരു വ്യക്തിയുടെ പൊതുജീവിതത്തിനും സമുദായത്തിലെ ഉന്നതിക്കും ഈ സ്ഥാനമാണ് നിദാനം. ലോകരംഗത്തെ പ്രവര്‍ത്തനങ്ങളും സദാചാരബോധവും എല്ലാം ഇതിനെ അവലംബമാക്കിയാണ് വര്‍ത്തിക്കുന്നത്.
ഭാവങ്ങളും തൊഴില്‍രംഗങ്ങളും
ഒരാളിന്‍റെ തൊഴില്‍രംഗത്തെ ഉയര്‍ച്ച കര്‍മ്മഭാവത്തെ ആശ്രയിച്ചാണിരിക്കുക. ജാതകത്തിലെ 2, 6, 10 ഭാവങ്ങള്‍ ചേര്‍ന്നാണ് ഒരു വ്യക്തിയുടെ കര്‍മ്മരംഗത്തിന്‍റെ വിജയം അളക്കുന്നത്. ധനപരമായ എല്ലാ നേട്ടങ്ങളും രണ്ടാം ഭാവം കൊണ്ടറിയാം. ധനസമ്പാദനവ്യഗ്രത, കൈവശമുള്ള ധനം, ധനസമ്പാദനത്തിനുള്ള കഴിവ്, മിച്ചം വയ്ക്കാനുള്ള ശീലം എന്നിവയെല്ലാം 2-ാം ഭാവം നോക്കി മനസ്സിലാക്കാം. കീഴ്ജീവനക്കാര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരോടുള്ള പെരുമാറ്റം, 6-ാം ഭാവം വെളിപ്പെടുത്തുന്നു. മേലധികാരികള്‍, സര്‍ക്കാര്‍, തൊഴിലുടമ എന്നിവയെ സൂചിപ്പിക്കുന്നത 10-ാം ഭാവമാണ്. ‘പത്തില്‍ പാമ്പും നില്‍ക്കണം’ എന്നാണ് പ്രമാണം. പത്താം ഭാവം ശൂന്യമാകരുത്. ഏത് ഗ്രഹവും 10-ാം ഭാവത്തില്‍ ശോഭനമാണ്.
പത്തില്‍ നില്‍ക്കുന്ന ഗ്രഹം
10 ല്‍ കുജനോ ആദിത്യനോ നിന്നാല്‍ വളരെ പെട്ടെന്ന് ഔദ്യോഗികസ്ഥാനത്ത് അത്യുന്നത പദവിയിലെത്തും. വിജയസോപാനത്തിന്‍റെ ചിഹ്നമാണിത്. ബഹുമതികള്‍, പൊതുജനപ്രീതി, അത്യുന്നത പദവികള്‍, ഐശ്വര്യം എന്നിവയുണ്ടാകും. 10 ല്‍ നില്‍ക്കുന്ന ആദിത്യന് കുജദൃഷ്ടി മിഴിവേകുന്നു. 10 ലെ സൂര്യന്‍ അധികാരപ്രാപ്തി, ഭരണനൈപുണ്യം, സര്‍ക്കാര്‍ ആനുകൂല്യം എന്നിവയെ സൂചിപ്പിക്കുന്നു. ബിസിനസ്സ് രംഗത്ത് അസൂയാര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാകും. ഭരണനിര്‍വ്വഹണശേഷി, ഉറച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ്, അസാധാരണമായ മനോബലം, നീതിനിര്‍വ്വഹണത്തിലുള്ള അഭിവാഞ്ഛ, അത്യുത്സാഹം എന്നിവ 10 ലെ കുജന്‍ സൃഷ്ടിക്കുന്നു. ബിസിനസ്സ് രംഗത്ത് സ്വന്തമായ ഒരു സാമ്രാജ്യം തന്നെ അവര്‍ പടുത്തുയര്‍ത്തുന്നു. 10 ല്‍ ആദിത്യനോട് ചേര്‍ന്ന് രാഹു നില്‍ക്കുകയാണെങ്കില്‍ ആ വ്യക്തി അതിവേഗം ജീവിതരംഗത്ത് അത്യുന്നതസ്ഥാനത്തെത്തും. ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ, മികച്ച ബിസിനസ്സുകാരനോ, പ്രമുഖരാഷ്ട്രീയനേതാവോ ആകും.
10 ല്‍ വ്യാഴം നിന്നാല്‍ വ്യാഴം ഒരു ശുഭഗ്രഹമാണ്. സര്‍വ്വേശ്വരനാണ്. പരിശുദ്ധനാണ്. ജ്ഞാനനിധിയാണ്. സത്യസന്ധമായ രീതിയില്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്തും. സമുല്‍കൃഷ്ട പദവിയിലിരിക്കുന്ന ഭിഷഗ്വരന്മാര്‍, അഭിഭാഷകര്‍, വ്യാപാരപ്രമുഖന്മാര്‍, പ്രഭാഷകന്മാര്‍ എന്നിവരുടെ ഗ്രഹനിലയില്‍ 10 ലെ വ്യാഴം തിളക്കമാര്‍ന്ന നേട്ടങ്ങള്‍ നല്‍കുന്നു.
10 ല്‍ ശുക്രന്‍ നിന്നാല്‍ കലാസാഹിത്യരംഗങ്ങളില്‍ ശോഭിക്കും. സംഗീതവാസന ഉണ്ടാകും. സിനിമാസീരിയല്‍ നാടകനൃത്തരംഗങ്ങളില്‍ പ്രശസ്തി നേടും. ചലച്ചിത്ര സംവിധാനം, സൗണ്ട് എഞ്ചിനീയറിംഗ്, സ്വര്‍ണ്ണവ്യാപാരം, വസ്ത്രവ്യാപാരം, ഹോട്ടല്‍ എന്നിവയില്‍ നേട്ടങ്ങളുണ്ടാകും.
ശനി 10 ല്‍ നിന്നാല്‍ ഏത് രംഗത്തും ശോഭിക്കും. അധികാരത്തിന്‍റെ ഉന്നതമേഖലകളില്‍ വിരാജിക്കും. തികഞ്ഞ ഉത്കര്‍ഷേച്ഛകളായിരിക്കും. എഞ്ചിനീയറിംഗ്, വാസ്തുശില്‍പ്പം, ലോഹ പദാര്‍ത്ഥങ്ങളുടെ വ്യാപാരം എന്നിവയില്‍ വിജയിക്കും. 10 ലെ ശനിക്ക് ചന്ദ്രയോഗം കൂടി വരികയാണെങ്കില്‍ ആദ്ധ്യാത്മിക മണ്ഡലത്തില്‍ പ്രശസ്തി നേടും. വിശ്വപ്രശസ്തരായ ആദ്ധ്യാത്മികതേജസ്സുകളുടെ ജാതകത്തില്‍ ഈ യോഗം ഉണ്ട്.
സ്വാമി വിവേകാനന്ദന്‍, സ്വാമി ശിവാനന്ദ എന്നിവരുടെ ഗ്രഹനിലകള്‍ ഉദാഹരണം.
10 ല്‍ ചന്ദ്രന്‍ കറകളഞ്ഞ സ്വഭാവശുദ്ധി ഉള്ളവനും ധനികരും ആയിരിക്കും. ബിസിനസ്സ് രംഗത്ത് ശോഭിക്കും. ചന്ദ്രനോട് ചേര്‍ന്ന് വ്യാഴം നിന്നാല്‍ ദീര്‍ഘായുസ്സുള്ളവരും, കര്‍മ്മരംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങള്‍ ഉളവാക്കുന്നവരും ആയിരിക്കും. സമസ്തസൗഭാഗ്യങ്ങളും ഇവര്‍ക്കുണ്ടാകും.
10 ല്‍ ബുധന്‍ നിന്നാല്‍ തൊഴില്‍രംഗത്ത് മികവുകാട്ടും. ബാങ്ക് മാനേജര്‍, കോളേജ് അദ്ധ്യാപകന്‍, വ്യവസായ പ്രമാണി, ശാസ്ത്രജ്ഞന്‍, എഞ്ചിനീയര്‍ തുടങ്ങി പല പ്രവൃത്തികള്‍ ഉണ്ടാകാം. കവിത, നിരൂപണം, നോവല്‍ തുടങ്ങി സാഹിത്യത്തിന്‍റെ വിവിധ മേഖലകളില്‍ സഞ്ചരിക്കുന്നവരുടെ ഗ്രഹനിലയില്‍ ബുധന്‍ പ്രധാനിയാണ്.
പ്രാഫ. ചന്ദ്രശേഖര വാരിയര്‍