ഏകാദശിവ്രത മഹാത്മ്യത്തിന് ഉത്തമ ഉദാഹരണമാണ് അംബരീക്ഷ മഹാരാജാവിന്റെ ഒരുവര്‍ഷത്തെ കഠിനവ്രതാനുഷ്ഠാനം. അംബരീക്ഷ മഹാരാജാവ് ഏകാദശി വ്രതാനുഷ്ഠാനത്തിന് യമുനാനദീതീരത്തെ മധുവനത്തിലെത്തി. ശുക്ലപക്ഷ ഏകാദശികൂടി അനുഷ്ഠിച്ചാല്‍ രാജാവ് ഒരുവര്‍ഷത്തെ 24 ഏകാദശിവ്രതങ്ങള്‍ പൂര്‍ത്തിയാക്കും. ഇതില്‍ അസൂയമൂത്ത ദേവേന്ദ്രന്‍ അതിന് ഭംഗംവരുത്തുവാന്‍ രാജാവിന്റെ അടുത്തേയ്ക്ക് ഉഗ്രകോപിഷ്ഠനായ മുനിശ്രേഷ്ഠന്‍ ദുര്‍വ്വാസാവിനെ പറഞ്ഞയച്ചു. രാജാവിന്റെ സംവത്സരികവ്രതം അവസാനിയ്ക്കുന്ന ദ്വാദശിയില്‍ മഹര്‍ഷി ദുര്‍വ്വാസാവ് അവിടെ എത്തിച്ചേര്‍ന്നു. അങ്ങയെ കാല്‍ക്കഴുകിച്ചൂട്ടിയ ശേഷം വേണമെനിക്ക് പാരണ നടത്തി വ്രതമവസാനിപ്പിക്കാനെന്ന് മഹര്‍ഷിയെ രാജാവ് അറിയിച്ചു.
മഹര്‍ഷി അതിനു സമ്മതിച്ച് സ്‌നാനം ചെയ്യുന്നതിന് യമുനാനദീതീരത്തേയ്ക്കുപോയി. രാജാവിന്റെ വ്രതത്തിന് ഭംഗം വരുത്തുന്നതിന് മഹര്‍ഷി ദ്വാദശി കഴിയുന്നതുവരെയും എത്തിച്ചേര്‍ന്നില്ല. ധര്‍മ്മസങ്കടത്തിലായ മഹാരാജാവ് ദ്വാദശി അവസാനിയ്ക്കുവാനുള്ള സമയത്ത് ഈശ്വരധ്യാനത്തില്‍ മുഴുകി അല്പം തുളസീ തീര്‍ത്ഥമെടുത്ത് സേവിച്ചു. മഹര്‍ഷി എത്തുന്നതിനുമുന്‍പ് രാജാവ് പാരണവീട്ടിയതെന്നറിഞ്ഞ മഹര്‍ഷി കുപിതനായി തന്റെ തലയില്‍നിന്നും ജടപറിച്ചെടുത്ത് നിലത്തടിച്ചു. അതില്‍നിന്നും രൂപം കൊണ്ട ദുര്‍ഭൂതം ഈശ്വരധ്യാനത്തില്‍ മുഴുകിയ രാജാവിന്റെ അടുത്തേയ്ക്ക് കുതിച്ചു.
ഈ സമയം അന്തരീക്ഷത്തില്‍ നിന്ന് മഹാവിഷ്ണുവിന്റെ സുദര്‍ശനചക്രം പാഞ്ഞെത്തി ദുര്‍ഭൂതത്തെ ഭസ്മീകരിച്ചു. തുടര്‍ന്ന് മഹര്‍ഷിയുടെ അടുത്തേക്ക് നീങ്ങിയ ചക്രത്തെ കണ്ട് ഭയന്നോടിയ മഹര്‍ഷി ശ്രീ ബ്രഹ്മാവിന്റെയും, ശ്രീ പരമേശ്വരന്റെയും, ശ്രീ മഹാവിഷ്ണുവിന്റെയും അടുത്തെത്തി അഭയം തേടി. ഒടുവില്‍ മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശാനുസരണം അംബരീക്ഷമഹാരാജാവിന്റെ അടുത്തെത്തി മഹര്‍ഷി മാപ്പപേക്ഷിച്ച ശേഷമാണ് സുദര്‍ശനചക്രം പിന്‍വലിഞ്ഞത്. ഏകാദശി കഠിനവ്രതമനുഷ്ഠിച്ചതിന്റെ മഹത്വം ബോധ്യപ്പെട്ട മഹര്‍ഷി വ്രതാനുഷ്ഠാനത്തിന് മംഗളം നേര്‍ന്ന് അംബരീക്ഷ മഹാരാജാവിനെ അനുഗ്രഹിച്ചു.
ഏകാദശി വ്രതാനുഷ്ഠാനം ഇന്നത്തെ ജീവിതസാഹചര്യത്തിനനുസൃതമായി വളരെ ചുരുങ്ങിയ ആചാരരീതിയിലാണ് ഇവിടെ വിവരിക്കുന്നത്. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ
വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.
ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം.
ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം.
നാളെ അപരാ ഏകാദശി (02.06.2024 ഞായര്‍)
സ്വർണ്ണം, ഗോക്കൾ, കുതിര, ആന എന്നിവ ദാനം കൊടുത്താൽ ലഭിക്കുന്ന പുണ്യത്തിന് സമം അപരാ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തനും ലഭിക്കുന്നു. ഈ ദിവസം വിഷ്ണുവിന്റെ 5–ാമത്തെ അവതാരമായ വാമനഭഗവാനെ പൂജിക്കുന്നു. മറ്റെല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതുപോലെ നെല്ലരി ചോറും അരികൊണ്ടുള്ള പദാർത്ഥങ്ങളും ഉപേക്ഷിക്കേണ്ടതാണ്. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ്ണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പൂർണ്ണ ഉപവാസം സാധ്യമല്ലാത്തവർക്ക് പാലും പഴങ്ങളും കഴിക്കാവുന്നതാണ്. പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചതിനുശേഷം ഭക്ഷണം കഴിക്കാവുന്നതാണ്. ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്. ഏകാദശി ദിവസം വിഷ്ണു സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്.
അപരാഏകാദശിവ്രതം അനുഷ്ഠിക്കുന്ന ഭക്തരിൽ, പുത്രനില്ലാത്തവർക്ക് പുത്രനേയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കുന്നതാണ്. എങ്ങനെയാണോ സൂര്യൻ അന്ധകാരത്തെ ഇല്ലാതാക്കി വെളിച്ചത്തെ പ്രദാനം ചെയ്യുന്നത് അതുപോലെ അപര ഏകാദശി നോൽക്കുന്ന ഭക്തരുടെ സകലപാപങ്ങളേയും കഴുകി കളഞ്ഞ് പുണ്യത്തെ നൽകി വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നു. അപരാ ഏകാദശി ദിവസം വ്രതം എടുത്ത് വിഷ്ണുവിനെ ഭജിച്ച് വിഷ്ണുപൂജ ചെയ്യുന്ന ഭക്തരുടെ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും ദൂരീകരിച്ച് അവർക്ക് വളരെയധികം ധനവും, പുണ്യവും, കീർത്തിയും നൽകി തന്റെ ഭക്തരെ വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നതാണ്.
അപരാ ഏകാദശി ദിനത്തിൽ നാരായണ സൂക്തം കൊണ്ട് ഭഗവാനെ ഭജിച്ചാൽ അത്യധികമായ പുണ്യവും ജീവിത ഐശ്വര്യവും ഫലമാകുന്നു.