ചിങ്ങമാസത്തിൽ വരുന്ന കൃഷ്ണപക്ഷ അഷ്ടമിയാണ് ജന്മാഷ്ടമിയായി കണക്കാക്കുന്നത്, ഈ വർഷം ആഗസ്റ്റ് 26 കൊല്ലവർഷം 1200 ചിങ്ങം 10 നാണ് ശ്രീകൃഷ്ണ ജയന്തി. തിഥി പ്രകാരമാണ് അഷ്ടമിരോഹിണി ആചരിക്കേണ്ടത്.
ഭക്തവത്സലനായ കൃഷ്ണന്റെ പിറന്നാൾ ദിനം വ്രതാനുഷ്ഠാനത്തോടെ ആചരിക്കുന്നത് ജന്മാന്തര പാപമോക്ഷത്തിനും ഐശ്വര്യ ലബ്ധിക്കും കാരണമാകുന്നു.
ലളിതമായി ശ്രീകൃഷ്ണ ജയന്തി വ്രതം എങ്ങെനെ ആചരിക്കണം എന്ന് അറിയാം.
ശ്രീകൃഷ്ണ ജയന്തിയുടെ തലേന്ന് അതായത് സപ്തമിദിനത്തിലെ സൂര്യാസ്തമനം മുതൽ വ്രതം ആരംഭിക്കണം.
മത്സ്യമാംസാദികൾ, അരിയാഹാരം എന്നിവ വർജ്ജിക്കുക. കുളിച്ച് ശുദ്ധിയായി നാമജപത്തോടെ രാവിലെയും വൈകിട്ടും ക്ഷേത്രദർശനം നടത്തുക. പകലുറക്കം ഒഴിവാക്കുക പറ്റുമെങ്കിൽ പാലും പഴ വർഗ്ഗങ്ങളും മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഭാഗവതം, നാരായണീയം തുടങ്ങിയവ പാരായണം ചെയ്യുക. വിഷ്ണു സഹസ്രനാമം, വിഷ്ണു ഗായത്രി എന്നിവ ചൊല്ലുക .പാൽപ്പായസം, തൃക്കൈവെണ്ണ, ഉണ്ണിയപ്പം, ത്രിമധുരം, കദളിപ്പഴം എന്നിവയിലേതെങ്കിലും അന്നേ ദിവസം നേദ്യമായി ഭഗവാനു സമർപ്പിക്കാം.
ഭക്തവത്സലനായ കൃഷ്ണന്റെ പിറന്നാൾ ദിനം വ്രതാനുഷ്ഠാനത്തോടെ ആചരിക്കുന്നത് ജന്മാന്തര പാപമോക്ഷത്തിനും ഐശ്വര്യ ലബ്ധിക്കും കാരണമാകുന്നു.
ഭഗവാന് ഏറ്റവും പ്രിയപ്പെട്ട തുളസിമാല ജന്മാഷ്ടമി ദിനത്തിൽ സമർപ്പിക്കുന്നത് ധനാഭിവൃദ്ധിയ്ക്ക് അതിവിശിഷ്ടമാണ്. ഭാഗ്യലബ്ധിക്കായി ഭാഗ്യസൂക്ത അർച്ചന, സമ്പൽ സമൃദ്ധിക്കായി രാജഗോപാല മന്ത്രാർച്ചന, ഐശ്വര്യലബ്ധിക്കായി വിഷ്ണു സഹസ്രനാമ അർച്ചന, സന്താനലബ്ധിക്കായി സന്താനഗോപാല മന്ത്രാർച്ചന ഇവയിലേതെങ്കിലും ക്ഷേത്രത്തിൽ വഴിപാടായി കഴിക്കാവുന്നതാണ്. ജന്മാഷ്ടമി ദിനത്തിൽ നെയ്‌വിളക്ക് സമർപ്പിച്ചാൽ കുടുംബ ജീവിത ഭദ്രത കൈവരും എന്നാണ് വിശ്വാസം.
ജാതക പ്രകാരം വ്യാഴം പ്രതികൂലമായി നിൽക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഏറ്റവും ഉത്തമമാർഗ്ഗമാണ് ജന്മാഷ്ടമി വ്രതം. ‘‘ഓം നമോ ഭഗവതേ വാസുദേവായ’’ എന്ന ദ്വാദശ മന്ത്രമാണ് വ്രതദിവസം ചൊല്ലേണ്ടത്. ഭഗവാന്റെ അവതാര സമയമായ അർദ്ധരാത്രിവരെ ഭഗവൽ നാമജപത്തോടെ വ്രതമനുഷ്ഠിച്ചു പിറ്റേന്ന് പുലർച്ചെ ക്ഷേത്രദർശനം നടത്തി തുളസീ തീർത്ഥം സേവിച്ച് പാരണ വിടാവുന്നതാണ്.
വിഷ്ണുഗായത്രി മന്ത്രം
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോഃ വിഷ്ണു പ്രചോദയാത്.
(ഒൻപത് പ്രാവശ്യം എങ്കിലും വിഷ്ണുഗായത്രി മന്ത്രം ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർദ്ധനവും സാമ്പത്തിക ഉന്നമനവും ലഭ്യമാകും.)