ദശാവതാര മൂർത്തികൾക്ക് ഈ പുഷ്പവും  നിവേദ്യവും സമർപ്പിച്ചാൽ വ്യത്യസ്ത ഫലങ്ങൾ

ദശാവതാര മൂർത്തികൾക്ക് ഈ പുഷ്പവും നിവേദ്യവും സമർപ്പിച്ചാൽ വ്യത്യസ്ത ഫലങ്ങൾ

Share this Post

ദശാവതാര മൂർത്തികളിൽ നരസിംഹം, ശ്രീരാമൻ, ശ്രീകൃഷ്ണൻ എന്നിവരുടെ ക്ഷേത്രങ്ങൾ ധാരാളമായി ഉണ്ടെങ്കിലും മറ്റ് അവതാര മൂർത്തികളുടെ ക്ഷേത്രങ്ങൾ തുലോം എണ്ണത്തിൽ കുറവാണ്. ആയതിനാൽ തന്നെ വിഷ്ണു ക്ഷേത്രങ്ങളിൽ ദശാവതാര ചാർത്ത് എന്ന പേരിൽ പത്തു ദിവസങ്ങളിൽ പത്ത് അവതാര രൂപത്തിൽ ദേവന് ചന്ദനം ചാർത്തി പൂജകൾ കഴിക്കാറുണ്ട്. അതുപോലെ ഭാഗവത യജ്ഞ വേദികളിൽ അവതാരങ്ങൾ പാരായണം ചെയ്യുമ്പോഴും ഇപ്രകാരം ആരാധിച്ചു വരുന്നു. ഓരോ അവതാര മൂർത്തികൾക്കും തന്ത്ര വിധി പ്രകാരം ഓരോ ദർശന ഫലങ്ങളും പുഷ്പങ്ങളും, നൈവേദ്യങ്ങളും പറയപ്പെട്ടിരിക്കുന്നു. അവ ഏതൊക്കെയെന്നു പരിശോധിക്കാം.

മൽസ്യാവതാര ദർശനം.

ബ്രഹ്മമുഖങ്ങളിൽ നിന്നും വേദങ്ങളെ അപഹരിച്ച് സാഗരപ്രാന്തത്തിൽ ഒളിപ്പിച്ച അസുരൻമാരെ വധിച്ച് വംശവൃദ്ധിക്കായി മനുഷ്യകുലത്തിന് ദാനം ചെയ്യുവാൻ ഭഗവാൻ കൈക്കൊണ്ട അവതാര രൂപം.

ദർശന ഫലം :രോഗവിമുക്തി, ദീർഘായുസ്സ് ,വിദ്യാവർദ്ധന. പ്രധാന നിവേദ്യം :നെയ്യ്പായസം, പുഷ്പം: മന്ദാരം

കൂർമ്മാവതാര ദർശനം

ധർമ്മ സംരംക്ഷണത്തിനായി നടന്ന പാലാഴിമഥനത്തിനിടയിൽ കടകോലായി ഉപയോഗിച്ച മന്ഥരപർവ്വതത്തെ ഉയർത്താൻ ഭഗവാൻ കൈക്കൊണ്ട അവതാരം.

ദർശന ഫലം :വിഘ്നനിവാരണം, ഉദ്ദിഷ്ടകാര്യസിദ്ധി. നിവേദ്യം :തൃമധുരം. പുഷ്പം: തെച്ചിമൊട്ട്.

വരാഹാവതാര ദർശനം


മാനവകുലത്തിന്റെയും സർവ്വ ജീവജാലങ്ങളുടെയും രക്ഷയ്ക്കായ് ഭൂമിദേവിയെ അസുരൻമാരിൽ നിന്നും മോചിപ്പിക്കാൻ ഭഗവാൻ കൈക്കൊണ്ട അവതാരരൂപം.

ദർശന ഫലം: പാപനാശം, ഐശ്വര്യലബ്ധി.
നിവേദ്യം: അപ്പം ,പുഷ്പം : തുളസിക്കതിർ.

നരസിംഹാവതാരദർശനം

ഹിരണ്യകശിപുവിനെ വധിച്ച് ഭക്തോത്തമനായ പ്രഹ്ലാദനെ രക്ഷിച്ച ആശ്രിതവത്സലനായ ഭഗവാൻ മഹാവിഷ്ണുവിന്റെ ഉഗ്രാവതാരം.

ദർശനഫലം: ശത്രുനാശം, പാപവിമുക്തി.
നിവേദ്യം: പാൽപായസം, പാനകം .
പുഷപം: ചെത്തിപ്പൂവ്.

വാമനാവതാര ദർശനം

മഹാബലിയിൽ നിന്നും ഭൂദാനം സ്വീകരിച്ച് സുതലത്തിലേക്ക് മോക്ഷം നൽകിയ അവതാര രൂപം.

ദർശനഫലം: ബുദ്ധിശക്തി, വിഘ്ന നിവാരണം.
നിവേദ്യം: കദളിപ്പഴം, പാൽപായസം.
പുഷപം: വാടാംകുറിഞ്ഞിപ്പൂവ്.

പരശുരാമാവതാര ദർശനം.

ക്ഷത്രിയകുല സംഹാരത്തിനായി അവതരിച്ച് ശ്രീപരമശിവന്റെ ശിഷ്യനായി ഭഗവാൻ ദുഷ്ടശക്തിയെ നിഗ്രഹിച്ചു

ദർശനഫലം – ശത്രുനാശം, മോക്ഷലബ്ധി.
നിവേദ്യം – അവൽ.

ശ്രീരാമാവതാര ദർശനം


ദശരഥപുത്രനായി ധർമ്മസംരക്ഷണാത്ഥം ദുഷ്ടനായ രാവണനെ വധിച്ച് ലോകത്ത് നീതിയും സമാധാനവും നടപ്പിലാക്കുവാൻ ശ്രീരാമവതാരം കൈക്കൊണ്ടു.

ദർശന ഫലം: ദുരിതശാന്തി, ഐകമത്യം.
നിവേദ്യം – പാൽപായസം
പുഷ്പം -മുല്ലമൊട്ട്, രാമതുളസി.

ബലരാമാവതാരദർശനം.


ദുഷ്ടനിഗ്രഹം, ശിഷ്ടജനപരിപാലനം എന്നിവയ്ക്കായി ശ്രീ കൃഷ്ണ അവതാരത്തോടൊപ്പം ഭഗവാൻ ബലരാമാവതാരമെടുത്തു.

ദർശന ഫലം – ഐകമത്യം, കാർഷികാഭിവൃദ്ധി.
നിവേദ്യം: പിഴിഞ്ഞു പായസം.

ശ്രീകൃഷ്ണാവതാര ദർശനം.


കംസനിഗ്രഹവും മറ്റനവധി ദുഷ്ട നിഗ്രഹം ചെയ്യുകയും തന്റെ ദിവ്യലീലകൾ കൊണ്ട് ലോകത്തെ ആകർഷിച്ച് മാനവരാശിക്ക് ഗീതോപദേശം നൽകിയ ഭഗവാന്റെ പൂർണാവതാരം..

ദർശന ഫലം: സൽസന്താനലബ്ധി, വിവാഹലബ്ധി, ആരോഗ്യ ലബ്ധി….
നിവേദ്യം: പാൽ,വെണ്ണ.
പുഷ്പം: കൃഷ്ണ തുളസി, താമരമൊട്ട്.

കൽക്കിയവതാര ദർശനം.


കലിയുഗത്തിൽ സത്യധർമ്മാദി സംരക്ഷണാർത്ഥം വാജി വാഹനനായി ഖഡ്ഗ പാണിയായി ഭഗവാൻ കൈക്കൊണ്ട അവതാരം.

ദർശന ഫലം: ശത്രുനാശം, കാര്യവിജയം, മോക്ഷം
നിവേദ്യം: തേൻ

പുഷ്പം: നന്ത്യാർവട്ടം.


Share this Post
Focus Rituals