പലര്‍ക്കും പല പ്രായത്തില്‍ വിവാഹം നടക്കുന്നു. ഇപ്പോഴും 25 വയസ്സിനു മുന്പ് വിവാഹം നടക്കുന്ന പുരുഷന്മാര്‍ ഉണ്ട്. നാല്പത്തി അഞ്ചാം വയസ്സിലും വിവാഹ ആലോചന പുരോഗമിക്കുന്ന പുരുഷന്മാരുണ്ട്. അതുപോലെ തന്നെ വളര ചെറു പ്രായത്തില്‍ വിവാഹം നടക്കുന്ന സ്ത്രീകള്‍ ഉണ്ട്. (18 വയസ്സില്‍ തന്നെ വിവാഹം നടക്ക മൂലം വിദ്യാഭ്യാസവും തൊഴില്‍ ഉയര്‍ച്ചയും മുരടിച്ചു പോയ ഹതഭാഗ്യരായ വനിതകളും ഉണ്ട്.) മുപ്പതുകളുടെ അവസാനത്തിലും വിവാഹം ആലോചിച്ചു തളര്‍ന്ന സ്ത്രീകളുടെ മാതാപിതാക്കളും ഉണ്ട്. ഓരോ കാര്യവും നടക്കാന്‍ ജാതകത്തില്‍ യോഗം വേണം. അതിനു യോഗ്യമായ സമയത്ത് മാത്രമേ ആ കാര്യം ജീവിതത്തില്‍ നടക്കുകയും ഉള്ളൂ. വിവാഹം സമയത്ത് നടക്കാത്തതിന് പല കാരണങ്ങളും ജ്യോതിഷപരമായി ഉണ്ട്.അതില്‍ പ്രധാനമായും മംഗല്യ ഭാവമായ ഏഴില്‍ പാപ ഗ്രഹങ്ങളുടെ സാന്നിധ്യമാണ്. വിശേഷിച്ചും കുജന്‍, ശനി, രാഹു എന്നിവര്‍. പാപഗ്രഹം ഏഴില്‍ വന്നു എന്നതിനാല്‍ മാത്രം വിവാഹം വൈകുകയില്ല. ആ ഭാവം പാപന്മാര്‍ക്കും അനിഷ്ട കരമായിരിക്കുകയും വേണം. ഏഴാം ഭാവാധിപന് പാപ സംബന്ധം വന്നാലും വിവാഹം താമസിക്കാം. വിവാഹ കാരകനായ ശുക്രന് പാപ മധ്യ സ്ഥിതി (ശുക്രന്റെ രണ്ടിലും പന്ത്രണ്ടിലും പാപന്മാര്‍) വന്നാലും വിവാഹം വൈകാം. ശുക്രനോടു കൂടി മറ്റു പാപഗ്രഹങ്ങള്‍ നിന്നാലും ഏതാണ്ട് ഇതേ അവസ്ഥ ഉണ്ടാകാം. ശുക്രന് മൌഡ്യം വന്നാലും ശുക്രന്‍ നീച രാശിയായ കന്നിയില്‍ നിന്നാലും ഫലം വ്യത്യസ്തമല്ല. ഒന്നിലധികം പാപന്മാര്‍ ഏഴില്‍ അനിഷ്ടന്മാരായി വന്നാല്‍ വിവാഹം താമസിക്കും എന്ന് മാത്രമല്ല, നടക്കുന്ന വിവാഹം അനുഗുണമായി വരാതിരിക്കാനും ഇടയുണ്ട്.
ഏഴാം ഭാവാധിപന്‍ ശുഭഗ്രഹമായി വരികയും ആ ശുഭന് പാപ സംബന്ധം വരികയും ലഗ്നാല്‍ ത്രികോണ ഭാവങ്ങളില്‍ നില്‍ക്കുകയും ചെയ്യുന്നതും വിവാഹ കാല താമസത്തിന് ഹേതുവായി ഭവിക്കും. എന്റെ അനുഭവത്തിലും ഭൂരിഭാഗം ജാതകങ്ങളിലും വിവാഹ കാലതാമസം വന്നതിന് ഇതായിരുന്നു കാരണം. ഇപ്രകാരമുള്ള ഗ്രഹസ്ഥിതികള്‍ ഒന്നും ഇല്ലെങ്കിലും വിവാഹ യോഗ്യമായ പ്രായത്തില്‍ വിവാഹത്തിനു യോജിക്കാത്ത ദാശാപഹാരങ്ങള്‍ വന്നാലും വിവാഹം വൈകാം.
പരിഹാരം
സ്ത്രീ ആയാലും പുരുഷന്‍ ആയാലും വിവാഹ തടസ്സത്തിന് പരിഹാരം തേടേണ്ടത് ശിവ പാര്‍വതിമാരില്‍ നിന്നാണ്. അര്‍ദ്ധ നാരീശ്വരനായ ഭഗവാനെ അല്ലാതെ ആരെയാണ് ഇക്കാര്യത്തിന് ഉപാസിക്കേണ്ടത്? ഉമാ മഹേശ്വര പൂജ, സ്വയംവര പുഷ്പാഞ്ജലി എന്നിവ വിധിപ്രകാരം നടത്തുന്നതിലൂടെ വിവാഹ തടസ്സം മറികടക്കാന്‍ ആകും. ഉമാ മഹേശ്വര യന്ത്രം ധരിക്കുന്നതും , വിവാഹ തടസ്സ കാരകനായി ഗ്രഹനിലയില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ ദേവതയെ പ്രീതിപ്പെടുത്തുന്നതും, വിശദ ജാതക പരിശോധന നടത്തി അനുയോജ്യ രത്നം ധരിക്കുന്നതും എല്ലാം വിവാഹ തടസ്സം മാറാന്‍ ഉത്തമമാകുന്നു.