മാർച്ച് 03 നു  ആമലകീ ഏകാദശി. ഈ മന്ത്രങ്ങൾ ജപിച്ചാൽ വിഷ്ണുപ്രീതിയും ഐശ്വര്യവും…

മാർച്ച് 03 നു ആമലകീ ഏകാദശി. ഈ മന്ത്രങ്ങൾ ജപിച്ചാൽ വിഷ്ണുപ്രീതിയും ഐശ്വര്യവും…

ഏകാദശി വിഷ്ണുപ്രീതികരമായ വ്രതമാണ്. വരുന്ന ഏകാദശി ആമലകീ ഏകാദശി എന്നും അറിയപ്പെടുന്നു. ഫാൽഗുന മാസത്തിലെ ശുക്ലപക്ഷ ഏകാദശി തിഥിയാണ് ഇത്. ഈ ദിനത്തിൽ നെല്ലി മരത്തിനു പ്രദക്ഷിണം ചെയ്യുന്നതും നെല്ലിക്ക് വെള്ളം ഒഴിക്കുന്നതും പുണ്യകരമാകുന്നു. ഈ ഏകാദശയിൽ വിഷ്ണുവിനോടൊപ്പം ചിലയിടങ്ങളിൽ പരശുരാമ സ്വാമിയെയും പൂജിച്ചു വരുന്നു. ആമലകീ ഏകാദശി നോൽക്കുന്നവരുടെ ഇഹപര പാപങ്ങൾ എല്ലാം നശിക്കും. സർവ പുണ്യ തീർത്ഥങ്ങളിലും സ്നാനം ചെയ്ത ഫലവും ലഭിക്കുമെന്ന് കരുതപ്പെടുന്നു.

ഏകാദശിയുടെ തലേന്ന് ദശമി ദിവസം ഒരിക്കലൂണ്. ഏകാദശി ദിനം പൂർണ്ണമായി ഉപവസിക്കുകയോ, അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കുക, തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്ക് മൂന്ന് പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക. നാളത്തെ ഏകാദശി ആമലകീ ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ദിനത്തിൽ നെല്ലി മരത്തിനു പ്രദക്ഷിണം ചെയ്യുന്നതും നെല്ലിക്ക് വെള്ളം ഒഴിക്കുന്നതും പുണ്യകരമാകുന്നു. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. പിറ്റേന്ന് ദ്വാദശി ദിവസം ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ച് പാരണ വിടുക.
ഏകാദശി വ്രത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ മോക്ഷം ‌ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കുകയുളളൂ.ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഏകാദശി വ്രതം ഉത്തമമാണ്.

ഈ വർഷം മാർച്ച് മൂന്നാം തീയതി വെളുപ്പിന് 02.35 മുതൽ പകൽ 03.48 വരെ ഹരിവാസര സമയമാകുന്നു.

എന്താണ് ഹരിവാസരസമയം?

ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്. ഭഗവൽ സാന്നിധ്യം ഏറ്റവും കൂടുതലായുള്ള ഹരിവാസരസമയത്ത് പൂർണ ഉപവാസമനുഷ്ഠിക്കുന്നത് അത്യുത്തമം.

തുളസിത്തറയ്ക്കു പ്രദക്ഷിണം ചെയ്യുമ്പോൾ ഈ മന്ത്രം ചൊല്ലുക.

പ്രസീദ തുളസീദേവി പ്രസീത ഹരിവല്ലഭേ

ക്ഷീരോദ മഥനോ‌ദ്ഭുതേ

തുള‌സീ ത്വം നമാമ്യഹം

വിഷ്ണു സ്തോത്രം (വ്യാഴദശാകാല ദോഷമനുഭവിക്കുന്നവർ ദിനവും 4 തവണ ജപിക്കുക)

ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവ‍ര്‍ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭി‍ര്‍ ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സ‍ര്‍വ്വലോകൈകനാഥം


ശാന്തസ്വരൂപനും, സര്‍പ്പത്തിന്മേല്‍ ശയിക്കുന്നവനും, നാഭിയില്‍ താമരപ്പൂവുള്ളവനും, ദേവന്മാരുടെ ഈശ്വരനും, ലോകത്തിനാധാരവും, ആകാശസദൃശനും, മേഘവര്‍ണ്ണനും, സുന്ദരങ്ങളായ ശരീരാവയവ ങ്ങളുള്ളവനും, ലക്ഷ്മീപതിയും, പങ്കജനേത്രനും, യോഗികള്‍ ധ്യാനത്തിലൂടെ പ്രാപിക്കുന്നവനും, സകലലോകങ്ങളുടെയും ഒരേ ഒരു രക്ഷകനും, ഭവഭയത്തെ അകറ്റുന്നവുനുമായ വിഷ്ണുവിനെ ഞാന്‍ വന്ദിക്കുന്നു.

ഈ മന്ത്രങ്ങൾ ജപിക്കാം… വിഷ്ണുകടാക്ഷം നേടാം..

ഗുരുവിന്റെ ഉപദേശമില്ലാതെ ജപിക്കാവുന്നതാണ്. ശരീര ശുദ്ധി, മന:ശുദ്ധി, ഏകാഗ്രത എന്നിവയോടെ നിഷ്ഠയോടെ ജപിക്കണം.

കലി സന്തരണ മഹാമന്ത്രം
ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ
കൃഷ്ണ ഹരേ ഹരേ

വിഷ്ണു ഗായത്രി
(ദിനവും കുറഞ്ഞത് 9 തവണ ഭക്തിയോടെ ജപിച്ചാൽ കുടുംബ ഐക്യവും ഐശ്വര്യവർദ്ധനവും സാമ്പത്തിക ഉന്നമനവും ലഭ്യമാകും)

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.

വിഷ്ണുമൂലമന്ത്രം

ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്‌ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കണം.

അഷ്‌ടാക്ഷരമന്ത്രം – “ഓം നമോ നാരായണായ”

ദ്വാദശാക്ഷരമന്ത്രം – “ഓം നമോ ഭഗവതേ വാസുദേവായ”

Focus Rituals