ദൈവാധീനകാരകനായ വ്യാഴം ഏപ്രിൽ 22 നു  രാശി മാറുന്നു. അറിയാം 27 നാളുകാരുടെയും ഗുണദോഷങ്ങൾ.

ദൈവാധീനകാരകനായ വ്യാഴം ഏപ്രിൽ 22 നു രാശി മാറുന്നു. അറിയാം 27 നാളുകാരുടെയും ഗുണദോഷങ്ങൾ.

Share this Post

2023 ഏപ്രിൽ 22 ന് വ്യാഴം മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് രാശി മാറുന്നു. നവ ഗ്രഹങ്ങളില്‍ വച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരു ജാതകത്തിലെ അനുഭവഗുണം, ഭാഗ്യം, ദൈവാധീനം എന്നിവയെല്ലാം വ്യാഴത്തെ കൊണ്ടാണ് ചിന്തിക്കുന്നത്. രാഹു നിലവിൽ മേടം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. വ്യാഴവും രാഹുവും ചേരുന്നത് ഗുരു ചണ്ഡാല യോഗത്തിന് (ദോഷത്തിന്) കാരണമാകും. ഇത് ഒക്ടോബർ അവസാനം വരെ തുടരുകയും ചെയ്യും. അതിനാൽ, ജാതകത്തിൽ വ്യാഴത്തിന് ബലക്കുറവ് ഉള്ളവർക്ക് ഈ വ്യാഴമാറ്റത്തിന്റെ ആനുകൂല്യങ്ങൾ പൂർണ്ണ തോതിൽ ലഭിക്കുവാൻ ഒക്ടോബർ കഴിയും വരെ കാത്തിരിക്കണം. ദോഷഫലങ്ങൾ വരുന്നവർക്ക് ആദ്യ മാസങ്ങളിൽ ദോഷാനുഭവങ്ങൾ താരതമ്യേന കൂടുകയും ചെയ്യാൻ ന്യായമുണ്ട്.

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)

ജന്മ രാശിയിൽ വ്യാഴം സ്ഥിതി ചെയ്യുവാൻ പോകുകയാണ്. ഏറ്റവും ശ്രദ്ധ വേണ്ടത് ആരോഗ്യ കാര്യങ്ങളിലാണ്. വൈദ്യോപദേശവും പഥ്യവും ഒക്കെ കർശനമായി പിന്തുടരണം. വിശേഷിച്ചും വാതം , രക്ത സമ്മർദം പോലെയുള്ള ദീർഘകാല രോഗങ്ങൾ ഉള്ളവർക്ക് സമയം അത്ര അനുകൂലമായിരിക്കുകയില്ല. തൊഴിലിൽ വലിയ ക്ലേശങ്ങൾക്കു സാധ്യതയില്ല. എന്നാൽ പലപ്പോഴും പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കാൻ പ്രയാസമാകും. പുതിയ മുതൽമുടക്കുകൾക്കും സംരംഭങ്ങൾക്കും സമയം അനുകൂലമല്ല. പുതിയ വസ്തുവോ വാഹനമോ വാങ്ങാനും സമയം അനുകൂലമല്ല. സാഹസിക കർമ്മങ്ങൾ , അസമയത്തും അനാവശ്യവുമായ യാത്രകൾ മുതലായവ പരിമിതപ്പെടുത്തണം. വിദ്യാർഥികൾ, കലാകാരൻമാർ എന്നിവർക്ക് വലിയ ദോഷാനുഭവങ്ങൾ ഇല്ല. വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് പ്രാരംഭ ബുദ്ധിമുട്ടുകളും യാത്രാ തടസ്സങ്ങളും വരുമെങ്കിലും ലക്ഷ്യ പ്രാപ്തി ഉണ്ടാകും.

ദോഷ പരിഹാര നിർദേശം: തിങ്കളാഴ്ചകളിൽ മഹാദേവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി. ജന്മ നക്ഷത്രം തോറും മഹാവിഷ്ണുവിന് സുദർശന മന്ത്ര പുഷ്പാഞ്ജലി. വ്യാഴാഴ്ച വ്രതം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)

വ്യാഴം പന്ത്രണ്ടിലേക്കു വരുന്നു. സാമ്പത്തിക കാര്യങ്ങളിലാണ് ഏറ്റവും ബുദ്ധിമുട്ടുകൾ വരാൻ പോകുന്നത്. ചിലവുകൾ അനിയന്ത്രിതമാകും. വരുമാനം വർദ്ധിക്കുമെങ്കിലും സാമ്പത്തിക നീക്കിബാക്കി വരുവാൻ പ്രയാസമാകും. വേണ്ടത്ര മുന്നൊരുക്കങ്ങളും സാധ്യതകളും ഇല്ലാതെ തൊഴിൽ മാറാൻ ഒരിക്കലും ശ്രമിക്കരുത്. വിലപ്പെട്ട വസ്തുക്കൾ, രേഖകൾ മുതലായവ കൈമോശം വരാൻ സാധ്യത കൂടുതലാണ്. യാത്രകളും അലച്ചിലും വർധിക്കും. എന്നാൽ പുതിയ ഗൃഹമോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം സാധിക്കും. ഗൃഹ നിർമ്മാണത്തിൽ പുരോഗതി ഉണ്ടാകും. അവിവാഹിതർക്ക് അനുകൂല വിവാഹ ആലോചനകൾ, വിവാഹ നിശ്ചയം മുതലായവയ്ക്കുംസാധ്യതയുള്ള സമയമായിരിക്കും.

ദോഷ പരിഹാര നിർദേശം: ജന്മ നക്ഷത്രങ്ങളിൽ രാജഗോപാല മന്ത്രാർച്ചന, വ്യാഴാഴ്ചകളിൽ നാരായണ കവച ജപം.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

വ്യാഴം അനുകൂല ഭാവമായ പതിനൊന്നിലേക്കാണ് വരുന്നത്. ഒന്നും കരുതി വയ്ക്കാതെ തന്നെ പല ആഗ്രഹങ്ങളും സാധിക്കുന്ന സമയമാണ്. അനുകൂല ബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തികസ്ഥിതി മെച്ചമാകും. കടബാധ്യതകൾ വലിയ അളവിൽ പരിഹരിക്കാൻ കഴിയുന്നത് ആശ്വാസം നൽകും. ദാമ്പത്യ സൗഖ്യവും സന്താനനന്മയും അനുഭവമാകും. അകന്നു നിന്നവർ അനുകൂലരായി അടുത്തുവരും. തൊഴിലിൽ സ്ഥാനക്കയറ്റം, ആനുകൂല്യ വർദ്ധനവ്, അനുകൂല സ്ഥലംമാറ്റം മുതലായവ പ്രതീക്ഷിക്കാം. ജീവിതത്തിൽ പുതിയ ഉണർവും അനുകൂലതയും ദൃശ്യമാകും. വാഹനം വാങ്ങാൻ സമയം അനുകൂലം. പ്രണയ കാര്യങ്ങളിൽ വിജയം ഉണ്ടാകും. പൊതുവിൽ ഭാഗ്യവും ദൈവാധീനവും വർധിക്കും. എന്നാൽ അമിത ആത്മവിശ്വാസം ചില അവസരങ്ങളിൽ ദോഷം ചെയ്യാൻ ഇടയുണ്ട്.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

കർമ്മ വ്യാഴക്കാലമാണ്‌ വരാൻ പോകുന്നത്. ചാരവശാൽ പത്തിൽ വ്യാഴം സഞ്ചരിക്കുന്ന സമയം തൊഴിൽ പരമായ തിരിച്ചടികളുടെ കാലമാണ്. തൊഴിൽ മാന്ദ്യമോ സ്തംഭനാവസ്ഥയോ നേരിടേണ്ടി വന്നേക്കാം. ധനപരമായി വലിയ ദോഷം വരണമെന്നില്ല. തൊഴിൽ, വ്യാപാരം തുടങ്ങിയ കാര്യങ്ങളിൽ മനഃക്ലേശവും സമ്മർദവും വർധിക്കും. സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസമോ അസ്വാരസ്യമോ ഉടലെടുക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ബന്ധത്തിലും ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നു വരാം. വിഷ്ണുപ്രീതിയോടെ കാര്യങ്ങൾ ചെയ്താൽ നന്നായിരിക്കും. വാഹനം കൈകാര്യം ചെയ്യുന്നത് ശ്രദ്ധയോടെ ആകണം. ജീവിത പങ്കാളിക്കും തൊഴിൽ വിഷമതകൾ ഉണ്ടായെന്നു വരാം.

ദോഷ പരിഹാര നിർദേശം: നിത്യേന രാജഗോപാല മന്ത്രജപം, ജന്മ നക്ഷത്രം തോറും ശ്രീകൃഷ്ണന് കദളിപ്പഴം,വെണ്ണ നിവേദ്യ സഹിതം രാജഗോപാല മന്ത്രാർച്ചന, നരസിംഹ മൂർത്തിക്കു പാനക നിവേദ്യ സഹിതം പുഷ്പാഞ്ജലി.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

വ്യാഴം ഭാഗ്യസ്ഥാനത്തു സഞ്ചരിക്കാൻ പോകുന്നു. ഭാഗ്യവും ദൈവാധീനവും വർധിക്കും. ആഗ്രഹങ്ങൾ പലതും സാധിക്കും. ദീർഘകാലമായി അവിവാഹിതരായി തുടരുന്നവർക്ക് വിവാഹ ബന്ധങ്ങൾ വന്നുചേരും. വിവാഹിതർക്കു സന്തോഷകരമായ ദാമ്പത്യ അനുഭവങ്ങൾ ഉണ്ടാകും. കുടുംബ സമേതം യാത്രകൾ നടത്താൻ കഴിയും. ഗൃഹത്തിൽ മംഗള സാഹചര്യങ്ങൾ നിലനിൽക്കും. പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ സര്‍വരുടെയും അഭിനന്ദനവും ആദരവും നേടിയെടുക്കും. തൊഴിലില്‍ വലിയ പുരോഗതി ദൃശ്യമാകും. ഗൃഹോപകരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങും. ഗൃഹം മോടി പിടിപ്പിക്കും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. കുടുംബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും. ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹൃത മാകും. സാമുദായിക-പൊതു സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് നേതൃസ്ഥാനം ലഭിക്കും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

അഷ്ടമവ്യാഴക്കാലമാണ്. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. രോഗവും ക്ലേശങ്ങളും വർധിക്കാവുന്ന സമയമാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ മുതിരരുത്. തൊഴില്‍ രംഗത്തും പരാജയങ്ങള്‍ക്ക് സാധ്യതയുണ്ട്. ധനവരവ് കുറയും. കടബാധ്യതകള്‍ വര്‍ദ്ധിക്കുവാനും സാധ്യതയുണ്ട്. കുടുംബത്തില്‍ അനിഷ്ടാനുഭവങ്ങളും അസ്വസ്ഥതകളും ഉണ്ടായെന്നു വരാം. സാമ്പത്തിക ക്രയ വിക്രയത്തില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ധനനഷ്ടം വരാം. വിലപ്പെട്ട വസ്തുക്കള്‍ കൈമോശം വരാനും സാധ്യതയുണ്ട്. ആരോഗ്യ ക്ലേശങ്ങള്‍ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വ്രതവും തിങ്കളാഴ്ചവ്രതവും അനുഷ്ടിക്കുക. കലഹ സാധ്യത ഉള്ളതിനാല്‍ കോപ സ്വഭാവം നിയന്ത്രിക്കുക. എന്നാൽ വിവാഹത്തിനു തയാറെടുക്കുന്നവർക്കു സമയം അനുകൂലമാണ്. സ്ഥിര വരുമാനമുള്ള തൊഴിലിനു അപേക്ഷിച്ചു കാത്തിരിക്കുന്നവർക്കും ഈ സമയം ആഗ്രഹസാദ്ധ്യം ഉണ്ടാകും. നാരായണ കവചം പതിവായി ജപിക്കുക.

ദോഷ പരിഹാര നിർദേശം: തിങ്കളാഴ്ചകളിൽ മഹാദേവന് മൃത്യുഞ്ജയ പുഷ്പാഞ്ജലി. ജന്മ നക്ഷത്രം തോറും മഹാവിഷ്ണുവിന് സുദർശന മന്ത്ര പുഷ്പാഞ്ജലി. വ്യാഴാഴ്ച വ്രതം.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

വ്യാഴം ഏഴിലേക്ക് മാറുന്നു. സര്‍വാഭീഷ്ടങ്ങളും സാധിക്കുന്ന സമയമാണ്. പ്രത്യേകിച്ച് കര്‍മ്മരംഗത്ത് വലിയ വളര്‍ച്ച ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും വിജയിപ്പിക്കുവാനും കഴിയും. ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യും. ഗൃഹ നിര്‍മ്മാണം തുടങ്ങും. വളരെക്കാലമായി വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധിക്കുന്നതാണ്. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകും. സന്താന ഗുണം പ്രതീക്ഷിക്കാം. പൂര്‍വിക സ്വത്തുക്കള്‍ അനുഭവത്തില്‍ വരും. മന സന്തോഷവും ഉല്ലാസ അനുഭവങ്ങളും ഉണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ വരും. വ്യക്തി ബന്ധങ്ങള്‍ സൌഹൃദപരമാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കാനുണ്ടായിരുന്ന തടസ്സങ്ങൾ ഒഴിയും. വളരെക്കാലമായി തടസ്സപ്പെട്ടിരുന്നു പല കാര്യങ്ങളും പുനരാരംഭിക്കുവാൻ കഴിയും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴം ആറിലേക്ക് വരുന്നു. ചാരവശാല്‍ ആറിലെ വ്യാഴം അനുകൂലനല്ല. ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായും ജീവിത പങ്കാളിയുമായി പോലും അഭിപ്രായ വ്യത്യാസങ്ങള്‍ വരാം. പെരുമാറ്റത്തില്‍ ബോധപൂര്‍വമായ ക്ഷമാഭാവം നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ കലഹ സാധ്യത കുറയും. ആറില്‍ വ്യാഴം വരുന്ന കാലത്ത് പൊതുവില്‍ ദൈവാധീനവും ഭാഗ്യവും കുറയും. ആയതിനാല്‍ പുതിയ സംരംഭങ്ങളില്‍ ഒരു വര്‍ഷക്കാലത്തേക്ക് ഇടപെടുന്നത് ഗുണകരമാകില്ല. ചിലവുകള്‍ വര്‍ധിക്കും. ദീര്‍ഘ കാല രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം. സര്‍ക്കാര്‍- കോടതി കാര്യങ്ങള്‍ പ്രതികൂലമാകും. തൊഴിൽ നഷ്ടത്തിന് സാധ്യതയുള്ളതിനാൽ ഉത്തരവാദിത്വങ്ങളിൽ ജാഗ്രത പുലർത്തണം. ജാതകത്തില്‍ വ്യാഴം ധനു മീനം, കര്‍ക്കിടകം തുടങ്ങിയ ഇഷ്ട ഭാവങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് ദോഷം താരതമ്യേന കുറഞ്ഞിരിക്കും.

ദോഷ പരിഹാര നിർദേശം: ജന്മ നക്ഷത്രം തോറും നരസിംഹ മൂർത്തിക്കു പാനക നിവേദ്യ സഹിതം പുഷ്പാഞ്ജലി. ഭദ്രകാളിക്ക് രക്ത പുഷ്പാഞ്ജലി.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ധനു രാശിക്കാര്‍ക്ക് വ്യാഴം അനുകൂല ഭാവമായ അഞ്ചിലേക്ക് മാറുന്നു. കുടുംബത്തിലെ അസ്വസ്ഥതകൾ അവസാനിക്കും. തർക്കങ്ങളിലും വ്യവഹാരങ്ങളിലും വിജയം ഉണ്ടാകും. സന്താനങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. വര്‍ഷങ്ങളായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. തൊഴില്‍ മേഖലയില്‍ നിങ്ങളുടെ അധ്വാനത്തിന് അംഗീകാരം ലഭിക്കും. ജോലിയില്‍ ഉണ്ടായിരുന്ന മന സ്വസ്ഥതയ്ക്ക് പരിഹാരം ലഭിക്കും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യം പ്രതീക്ഷിക്കാം. ഭൂമി ക്രയ വിക്രയത്തിലും ഗൃഹ നിര്‍മാണ കാര്യങ്ങളിലും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക രംഗം പുഷ്ടിപ്പെടും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയും. ശത്രുക്കള്‍ പരാജിതരാകും. വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം ലഭ്യമാകും. തൊഴിലില്‍ സ്ഥാനകയറ്റം ലഭിക്കും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

മകരക്കൂറുകാര്‍ക്ക് വ്യാഴമാറ്റം കാര്യമായ ഗുണഫലങ്ങള്‍ നല്‍കുകയില്ല. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കുടുംബ ബന്ധങ്ങളിൽ അകൽച്ച വരാം. പല കാര്യങ്ങളിലും തടസ്സാനുഭവങ്ങള്‍ വരാം. ദാമ്പത്യപരമായ ക്ലേശങ്ങള്‍ വര്‍ദ്ധിക്കാം. തൊഴില്‍ രംഗത്തും പ്രതികൂല അനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ടതായ സാഹചര്യം സംജാതമായി എന്ന് വരാം. ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം എന്നിവ ഒഴിവാക്കണം. സാഹസിക പ്രവൃത്തികളില്‍ നിന്നും വിവാദങ്ങളില്‍ നിന്നും ബോധപൂര്‍വം ഒഴിഞ്ഞു നില്‍ക്കണം. പൊതുവിൽ കുടുംബ സ്വസ്ഥത കുറയാന്‍ ഇടയുണ്ട്.

ദോഷ പരിഹാര നിർദേശം: ജന്മ നക്ഷത്രം തോറും മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ഗണപതിക്ക്‌ കറുകമാല.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

കുംഭ കൂറുകാര്‍ക്ക് വ്യാഴം മൂന്നിലേക്ക് വരുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. തൊഴിലില്‍ അനുകൂലമല്ലാത്ത മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നല്ലതിന് വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും പരാജയത്തില്‍ കലാശിച്ചു എന്ന് വരാം. എല്ലാ കാര്യങ്ങളിലും പ്രാരംഭ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. സുഹൃത്ത് സംസര്‍ഗം മൂലം അപഖ്യാതി കേള്‍ക്കാന്‍ സാധ്യതയുണ്ട്. ഇഷ്ട ജനങ്ങള്‍ക്ക് രോഗാദി ദുരിതങ്ങള്‍ ഉണ്ടായി എന്ന് വരാം. വരുമാനത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും നഷ്ട സാധ്യതയില്ല. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാത്ത പ്രവൃത്തികള്‍ മൂലം മനോ വൈഷമ്യം വരാന്‍ ഇടയുണ്ട്. വീഴ്ചകൾ, ക്ഷതങ്ങൾ, രോഗങ്ങൾ മുതലായവയ്ക്ക് സാധ്യത വളരെ കൂടുതലാണ്. വേണ്ടാത്ത കാര്യങ്ങളിലേക്ക് മനസ്സ് ആകർഷിക്കപ്പെടാനും ഇടയുണ്ട്.

ദോഷ പരിഹാര നിർദേശം: ജന്മ നക്ഷത്രം തോറും മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി, ഗണപതിക്ക്‌ കറുകമാല. വ്യാഴാഴ്ച വ്രതം സഹിതം നാരായണ കവച മന്ത്രജപം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

വ്യാഴത്തിന്റെ രണ്ടിലെ സ്ഥിതി മീനക്കൂറുകാര്‍ക്ക് പൊതുവില്‍ ഗുണകരമാണ്. മുന്‍കാലങ്ങളില്‍ അനുഭവപ്പെട്ടിരുന്ന പല തടസ്സങ്ങള്‍ക്കും പരിഹാരമാകും. പുതിയ സംരംഭങ്ങള്‍ വിജയകരമാകും. ധനപരമായ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും. വ്യാപാര ലാഭം വര്‍ധിക്കും. ആഗ്രഹങ്ങള്‍ സഫലമാകും. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കും. നഷ്ടമായി എന്ന് കരുതിയ ധനം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യാഴ അഷ്ടോത്തരം വ്യാഴാഴ്ചകളില്‍ പതിവായി ജപിക്കുന്നത് കൂടുതല്‍ സത്ഫലങ്ങള്‍ ഉണ്ടാക്കും. ഗൃഹ നിർമാണത്തിന് സമയം അനുകൂലം. സ്വത്തുക്കൾ, വാഹനം മുതലായവ വാങ്ങാൻ കഴിയും. രോഗങ്ങൾക്ക് അതിവേഗം ശമനമുണ്ടാകും.


Share this Post
Astrology Predictions