കുബേര പ്രീതിക്കായി പണ്ടു കാലം മുതലേ പൂജാമുറികളില്‍ വെള്ളിയാഴ്ചകളില്‍ അരിപ്പൊടി കൊണ്ട് കുബേര കോലം വരച്ച് ആ കോലത്തിന്റെ കളങ്ങളില്‍ നാണയവും ചുവന്ന പൂവും സമര്‍പ്പിച്ച് ദീപാരാധന ചെയ്ത് ആരാധിക്കുന പതിവ് ഉണ്ടായിരുന്നു. അത് ഇപ്പോഴും തുടരുന്ന ഗൃഹങ്ങള്‍ ഉണ്ട്. അവിടങ്ങളില്‍ ഇന്നും ധനധാന്യ സമൃദ്ധിക്ക് ഒരു മുട്ടും ഇല്ല എന്നത് അനുഭവമാണ്.
തലങ്ങും വിലങ്ങും കൂട്ടിയാലും 72 എന്ന സംഖ്യ ലഭിക്കുന്ന ഒരു മാന്ത്രിക സംഖ്യയാണ് കുബേര മാന്ത്രികചതുരം അല്ലെങ്കില്‍ കുബേര സംഖ്യാ യന്ത്രം. ഏഴും രണ്ടും വീണ്ടും കൂട്ടിയാല്‍ ദേവ സംഖ്യയായ 9 ലഭിക്കുന്നു. സംഖ്യായന്ത്രം നിര്‍മ്മിക്കുന്നതിനായി ആദ്യം നെടുകെയും കുറുകെയും മുമ്മൂന്നു രേഖകള്‍ വരയ്ക്കുകയും തുടര്‍ന്ന് 27,20,25,22,24,26,23,28,21, എന്ന് ഇടത്ത് നിന്നും വലത്തേക്ക് എന്ന ക്രമത്തില്‍ 9 കള്ളികളിലായി സംഖ്യകള്‍ എഴുതുകയും വേണം. ഓരോ കളത്തിലും ഓരോ നാണയം വച്ച് അതോടൊപ്പം ചുവന്ന നിറത്തില്‍ ഉള്ള പൂവും വച്ച് ദീപം വച്ച് കുബേര മന്ത്രത്താല്‍ ആരാധിക്കുക. എന്നാല്‍ ധന സമൃദ്ധി നിശ്ചയം. കുബേര പൂജാനാണയം വയ്ക്കുന്നത് അത്യുത്തമം. ഇല്ലെങ്കില്‍ സാധാരണ നാണയവും ആകാം.
ഓംശ്രീം ഓംഹ്രീം ശ്രീംഓം ഹ്രീംശ്രീം ക്ലീം വിത്തേശ്വരായ നമ: എന്നതാണ് കുബേര മന്ത്രം, വടക്ക് തിരിഞ്ഞിരുന്നു ജപിക്കുക. ജപസംഖ്യ 108 ഉത്തമം.
കുബേര കോലം അല്ലെങ്കിൽ കുബേര സംഖ്യാ യന്ത്രം വരച്ച് ആരാധിക്കുന്നതിന്റെ പകരമായി ഈ കുബേര കോലം ഒരു ചെറിയ സമചതുര കടലാസ്സിൽ മേല്പറഞ്ഞ ക്രമത്തിൽ തന്നെ വരച്ച് കുബേര മന്ത്രം ജപിച്ചു കൊണ്ട് പേഴ്സിലോ ധനം സൂക്ഷിക്കുന്ന സ്ഥലത്തോ സൂക്ഷിക്കുനത് സമ്പല്‍ സമൃദ്ധികരമാണ്. കുബേര കോലം അല്ലെങ്കിൽ സംഖ്യാ യന്ത്രം കുബേര മാന്ത്രിക ചതുരം എന്നും അറിയപ്പെടുന്നു. അതിനാൽ തന്നെ ഇത് മടക്കി സൂക്ഷിക്കുന്നത് ഉചിതമല്ല. പേഴ്സിൽ വയ്ക്കാൻ ഉദ്ദേശിക്കുന്നവർ അതിനു യോജിച്ച ചെറിയ വലിപ്പത്തിൽ കട്ടിയുള്ള കടലാസ്സ് സമചതുരമാക്കി എടുത്ത് 3 *3 = 9 കളങ്ങൾ വരച്ച് മേല്പറഞ്ഞ ക്രമത്തിൽ അതിൽ അക്കങ്ങൾ എഴുതുക. ഒരു കാര്യം പറയട്ടെ. ഈ സംഖ്യാ യന്ത്രം വരച്ചു സൂക്ഷിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് നിധിയോ ഭാഗ്യക്കുറിയോ ഒന്നും ലഭിക്കണം എന്നില്ല. എന്നാല്‍ നിങ്ങള്‍ക്ക് അര്‍ഹമായതും അതേസമയം കൈയില്‍ വന്നു ചേരാന്‍ തടസ്സം നേരിടുന്നതുമായ ധനം നിങ്ങള്‍ക്ക് ലഭ്യമാകും. ദുര്‍വ്യയം ഒഴിവായി ധനബാക്കി വരുത്തുവാന്‍ കുബേരന്‍ നിങ്ങളെ അനുഗ്രഹിക്കും.