ആഴ്ചയിൽ ഓരോ ദിവസും ആരാധിക്കേണ്ട ദേവീ ദേവന്മാർ

ആഴ്ചയിൽ ഓരോ ദിവസും ആരാധിക്കേണ്ട ദേവീ ദേവന്മാർ

ഹൈന്ദവ വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകൾക്കുള്ള ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്പങ്ങളുടെയും ജ്യോതിഷ സംബന്ധിയായ അറിവുകളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഇപ്രകാരം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും ഉപാസനയും ഈ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ചാണ് അനുഷ്ഠിച്ചുവരുന്നത്. ഇനി പറയുംവിധമാണ് ദിവസങ്ങളും അന്ന് ഉപാസിക്കേണ്ട ദേവതകളും.

ഞായർ

സൂര്യഭഗവാനെ ഉപാസിക്കേണ്ട ദിവസമാണ് ഞായർ. ഞായർ ‘രവിവാര’മാണ്. ‘രവി’ എന്നാല് ‘സൂര്യൻ എന്നർഥം. ഗ്രഹങ്ങളിൽ രാജ സ്ഥാനത്തുള്ള സൂര്യഭഗവാനെ പ്രാര്ത്ഥിച്ചാൽ ആയുസ്സും ആരോഗ്യവും നേടാനാകുമെന്നാണ് വിശ്വാസം. പുതിയ സംരംഭങ്ങള് ആരംഭിക്കുന്നതിനുള്ള അനുഗ്രഹങ്ങൾക്കുവേണ്ടിയും സൂര്യനെ ഭജിക്കുന്നതു നല്ലതാണ്. ആഗ്രഹസാഫല്യമാണ് സൂര്യഭഗവാന് നല്കുന്ന അനുഗ്രഹം. ചുവന്ന പൂക്കളാണ് അർപ്പിക്കേണ്ടത്. നെറ്റിയില് രക്തചന്ദനക്കുറി അണിയുന്നതും നല്ലതാണ്. സുര്യന്റെ അധിദേവത ശിവനാണ്. അതിനാൽ ഒപ്പം മഹാദേവനെയും ഭജിക്കുക.

തിങ്കൾ

ശിവഭജനത്തിനു തിങ്കളാഴ്ച ഉത്തമം. ഉഗ്രകോപിയാണെങ്കിലും ക്ഷിപ്രപ്രസാദി കൂടിയാണ് ഭഗവാൻശിവൻ. മംഗല്യമാകാത്ത പെൺകുട്ടികൾ ഉത്തമ ഭർത്താവിനെ ലഭിക്കാൻ ശിവനെ പ്രാർത്ഥിക്കാറുണ്ട്. വിവാഹിതർ ദീർഘമാംഗല്യത്തിനു വേണ്ടിയും മഹാദേവനെ പ്രാർഥിക്കുകയും തിങ്കളാഴ്ച വ്രതം നോല്ക്കുകയും ചെയ്യുന്നു. കുടുംബ ഭദ്രതയ്ക്കും മന ശാന്തിക്കും ആഗ്രഹസാഫല്യത്തിനും തിങ്കളാഴ്ച ഭജനം ഉത്തമം. തിങ്കൾ എന്നാൽ ചന്ദ്രൻ അതിനാൽ ചന്ദ്രന്റെ ദേവതയായ ദുർഗാ ഭഗവതിയെക്കൂടി തിങ്കളാഴ്ചകളിൽ ഭജിക്കണം. ദുർഗ്ഗാസൂക്തം തിങ്കളാഴ്ചകളിൽ ജപിക്കുന്നത് അത്യുത്തമം.

ചൊവ്വ

ഗണപതി, ദുർഗ, ഭദ്രകാളി, ഹനുമാൻ എന്നീ ദേവതകളെ ഉപാസിക്കാൻ ഉത്തമമായ ദിവസമാണ് ചൊവ്വ. വിശേഷിച്ചും, ഹനുമാനെ. പ്രശ്നകാരകനായ ചൊവ്വയെ ഭജിക്കുന്നതുവഴി ദോഷഫലങ്ങള് കുറയ്ക്കാനാണ് ചൊവ്വാഴ്ച വ്രതം നോല്ക്കുന്നത്. ചുവപ്പാണ് ഈ ദിവസത്തെ സൂചിപ്പിക്കുന്ന നിറം. ചൊവ്വാഴ്ച ഹനുമാനു വേണ്ടി സമർപ്പിക്കപ്പെട്ടതാണെങ്കിലും ചില പ്രദേശങ്ങളില് മുരുകനെയും ഭജിക്കുന്നു. ദമ്പതികള് സല്സന്താനലബ്ധിക്കുവേണ്ടിയും കുടുംബൈശ്വര്യത്തിനു വേണ്ടിയുമാണ് ചൊവ്വാഴ്ച വ്രതം നോല്ക്കുന്നത്. ജാതകപ്രകാരം ചൊവ്വാദോഷമുള്ളവര്ക്ക് ആപത്തുകൾ കുറയ്ക്കാനും ചൊവ്വാവ്രതം സഹായിക്കുന്നു. കാളീ കവചം കൊണ്ട് ഭദ്രകാളിയെയും ദുർഗാസൂക്തം കൊണ്ട് ദുർഗ്ഗയെയും ഗുഹപഞ്ചകം കൊണ്ട് സുബ്രഹ്മണ്യനെയും ഭജിക്കുന്നത് ഉത്തമം.

ബുധൻ

അവതാര വിഷ്ണുവാണ് ബുധനാഴ്ചയിലെ ഉപാസനാമൂർത്തി. വിശേഷിച്ചു ബുധനാഴ്ചകളിൽ ശ്രീകൃഷ്ണഭജനം ഉത്തമം. ചിലയിടങ്ങളില് മഹാവിഷ്ണുവിനെയുയും ആരാധിക്കുന്നുണ്ട്. സമാധാനപൂർണമായ കുടുംബജീവിതമാണ് ബുധനാഴ്ചയിലെ ശ്രീകൃഷ്ണോപാസനയുടെ ഫലം. പച്ചനിറമാണ് ഈ ദിവസത്തെ സൂചിപ്പിക്കുന്നത്.

വ്യാഴം

മഹാവിഷ്ണുവിനും ദേവഗുരു ബൃഹസ്പതിക്കും വേണ്ടിയാണ് വ്യാഴാഴ്ചകളിലെ ഉപാസന. മഞ്ഞപുഷ്പങ്ങളും ഫലങ്ങളുമാണ് അന്ന് അർപ്പിക്കേണ്ടത്. ധനാഗമവും സന്തോഷകരമായ ജീവിതവുമാണ് വ്യാഴാഴ്ച വ്രതത്തിന്റെ ഫലം. വ്യാഴാഴ്ച മഹാവിഷ്ണു വേഷപ്രച്ഛന്നനായി ഭക്തരുടെ സമക്ഷം എത്താറുണ്ടെന്നാണ് വിശ്വാസം. ചിലയിടങ്ങളില്, ദേവഗുരു ബൃഹസ്പതി ഭക്തരെ സന്ദർശിച്ച് അനുഗ്രഹങ്ങള് നൽകാനെത്തുന്നെന്നാണ് വിശ്വാസം. ഹനുമത് ഭജനത്തിനും വ്യാഴാഴ്ചകൾ യോഗ്യം തന്നെ. വിഷ്ണു സഹസ്രനാമ ജപത്തിനും നാരായണകവച ജപത്തിനും വ്യാഴാഴ്ചകൾ അതീവ യോജ്യം.

വെള്ളി

ഭഗവതി ഉപാസനയ്ക്ക് പ്രാധാന്യം നല്കുന്ന ദിവസമാണ് വെള്ളി. വെള്ളിയാഴ്ചകളില് ദേവീക്ഷേത്ര ദർശനം ഉത്തമം. വെളുത്ത പുഷ്പങ്ങൾ ദുർഗയ്ക്കും ചുവന്ന പുഷ്പങ്ങൾ ഭദ്രയ്ക്കും വെള്ളിയാഴ്ച ദേവിക്ക് സമർപ്പിക്കാന്‍ ഉത്തമം. തടസങ്ങള് നീക്കാനും സന്താനലബ്ധിക്കും സന്തോഷകരമായ കുടുംബജീവിതത്തിനും വെള്ളിയാഴ്ചകളില് ദേവിയെ ഭജിക്കുന്നത് ഉത്തമം. ഐശ്വര്യവും സമ്പത്തും നല്കുന്ന ശുക്രനും വെള്ളിയാഴ്ച പ്രധാനമാണ്. ഗണപതി, മഹാലക്ഷ്മി എന്നിവരെ ഭജിക്കുവാനും വെള്ളിയാഴ്ചകൾ ഉത്തമം.ലളിത സഹസ്രനാമം ജപം വെള്ളിയാഴ്ചകളിൽ അത്യുത്തമമായ ദേവീ പ്രീതികരമായ കർമമാണ്.

ശനി

വിശ്വാസികൾ ഏറെ ഭയത്തോടെ വീക്ഷിക്കുന്ന ഗ്രഹമാണ് ശനി. ശനിദോഷങ്ങള് അകലാൻ ശനിയെയും ശനിയുടെ അധിപനായ ശാസ്താവിനെയും ഭജിക്കുന്നത് ഉത്തമം. ഹനുമാൻസ്വാമിയുടെ അനുഗ്രഹം കൊണ്ടും ശനിദോഷങ്ങളില്നിന്നു മോചനം നേടാന് സാധിക്കുമെന്നു പുരാണങ്ങൾ പറയുന്നു. രാവണന്റെ പിടിയിൽ നിന്ന് ഒരിക്കല് ശനിയെ ഹനുമാന് മോചിപ്പിച്ചിട്ടുണ്ട്. ഹനുമാന് സ്വാമിയുടെ ഭക്തരെ ദ്രോഹിക്കില്ലെന്ന് അന്ന് ശനി ഹനുമാനു വാക്കു നല്കിയിരുന്നതായി രാമായണം പറയുന്നു. അതുകൊണ്ട് ശനിയാഴ്ച ഹനുമാനെ ഭജിക്കുന്നതും ഉത്തമമാണ്. കറുപ്പുനിറമാണ് ശനിയാഴ്ചയെ സൂചിപ്പിക്കുന്നത്. ശാസ്തൃസൂക്തം കൊണ്ട് ശാസ്താവിനേയും ഹനുമാൻ ചാലിസ കൊണ്ട് ഹനുമാനെയും ഭജിക്കാൻ ശനിയാഴ്ചകൾ ഉത്തമം.

Focus Rituals