ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആട്ടവിശേഷമാണ് കുംഭമാസത്തിലെ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നടക്കുന്ന ‘മകം തൊഴൽ’. ഈ വർഷം മാർച്ച് 06 തിങ്കളാഴ്ചയാണ് മകം തൊഴൽ.
ഈ ചടങ്ങ് തുടങ്ങാൻ കാരണമായ ഒരു കഥയുണ്ട്. ഇതേ കഥ തന്നെയാണ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് താഴ്ചയിൽ കാണപ്പെടുന്ന കീഴ്ക്കാവ് ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണം.
ഒരിയ്ക്കൽ, ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മാഹാത്മ്യം കേട്ടറിഞ്ഞ് പരമഭാഗവതനായ വില്വമംഗലം സ്വാമിയാർ ഇവിടെ വരാനിടയായി. കുംഭമാസത്തിൽ മകം നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസമാണ് അദ്ദേഹം ചോറ്റാനിക്കരയിലെത്തിയത്. ക്ഷേത്രദർശനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രക്കുളത്തിൽ കുളിയ്ക്കാനിറങ്ങിയ സമയത്ത് കാലിൽ എന്തോ തടയുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് അത് എടുത്തുനോക്കിയപ്പോൾ അതൊരു കാളി വിഗ്രഹമാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. തുടർന്ന്, അദ്ദേഹവും ശിഷ്യഗണങ്ങളും കൂടി വിഗ്രഹം കുളത്തിന്റെ കിഴക്കേക്കരയിൽ പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിച്ചു. അങ്ങനെയാണ് കീഴ്ക്കാവ് ഭദ്രകാളി ക്ഷേത്രം പിറവിയെടുത്തത്.
തുടർന്ന് മേൽക്കാവിലേയ്ക്ക് നോക്കിയ സ്വാമിയാർ കണ്ടത് അത്ഭുതകരമായ ഒരു ദൃശ്യമാണ്. സാക്ഷാൽ മഹാലക്ഷ്മിയായ ചോറ്റാനിക്കരയമ്മ ശ്രീനാരായണസമേതയായി പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു! സ്വാമിയാർ ദേവീപാദങ്ങളിൽ വീണ് നമസ്കരിച്ചു. ഈ സംഭവമുണ്ടായത് കുംഭമാസത്തിൽ മകം നാളിൽ ഉച്ചതിരിഞ്ഞ് മിഥുനം ലഗ്നത്തിലാണ്. ഈ സമയത്താണ് ഇന്നും മകം തൊഴൽ ദർശനം നടത്തിവരുന്നത്. ആഗ്രഹസാഫല്യത്തിനായുള്ള വഴിപാടായാണ് ഭക്തർ മകം തൊഴീൽ നടത്തുന്നത്. മകം തൊഴലിന്റെ പിറ്റേ ദിവസം വരുന്ന പൂരം തൊഴലും പ്രധാനമാണ്.
മകം തൊഴല്‍ ദിനത്തില്‍ മാത്രം ദേവി വലത് കൈകൊണ്ട് തന്റെ ഭക്തരെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.
ചോറ്റാനിക്കര മകം ദര്‍ശിക്കുന്ന ഭക്തരുടെ ജീവിത ദുഃഖങ്ങൾ ദേവി അകറ്റും. വിവാഹിതര്‍ക്ക് സല്‍പ്പുത്രഭാഗ്യവും, ദീര്‍ഘമാംഗല്യവും, അവിവാഹിതർക്ക് വിവാഹം ഭാഗ്യവും അഭീഷ്ടസിദ്ധിയും നൽകി ദേവി അനുഗ്രഹിക്കുന്നു.
ആ ദിവസം നേരിൽ ദേവീ ദർശനം സാധ്യമാകാത്തവർ മകം തൊഴൽ സമയം ഈ സ്തോത്രം കൊണ്ട് ദേവിയെ ഭജിക്കുക. അമ്മേ നാരായണാ, ദേവീ നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ എന്ന മന്ത്രവും കഴിയും തവണ ജപിക്കുക. ദേവീ കാരുണ്യം അനുഭവമാകും.
ശ്രീരാജരാജേശ്വര്യഷ്ടകം (അംബാഷ്ടകം)
അംബാ ശാംഭവി ചന്ദ്രമൗലിരബലാഽപർണാ ഉമാ പാർവതീ
കാളീ ഹൈമവതീ ശിവാ ത്രിനയനീ കാത്യായനീ ഭൈരവീ .
സാവിത്രീ നവയൗവനാ ശുഭകരീ സാമ്രാജ്യലക്ഷ്മീപ്രദാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 1..
അംബാ മോഹിനീ ദേവതാ ത്രിഭുവനീ ആനന്ദസന്ദായിനീ
വാണീ പല്ലവപാണിവേണുമുരലീഗാനപ്രിയാ ലോലിനീ .
കല്യാണീ ഉഡുരാജബിംബ വദനാ ധൂമ്രാക്ഷസംഹാരിണീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 2..
അംബാ നൂപുരരത്നകങ്കണധരീ കേയൂരഹാരാവലീ
ജാതീചമ്പകവൈജയന്തിലഹരീ ഗ്രൈവേയകൈരാജിതാ .
വീണാവേണുവിനോദമണ്ഡിതകരാ വീരാസനേ സംസ്ഥിതാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 3..
അംബാ രൗദ്രിണി ഭദ്രകാളി ബഗളാ ജ്വാലാമുഖീ വൈഷ്ണവീ
ബ്രഹ്മാണീ ത്രിപുരാന്തകീ സുരനുതാ ദേദീപ്യമാനോജ്വലാ .
ചാമുണ്ഡാ ശ്രിതരക്ഷപോഷജനനീ ദാക്ഷായണീ വല്ലവീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 4..
അംബാ ശൂലധനുഃ കുശാങ്കുശധരീ അർധേന്ദുബിംബാധരീ
വാരാഹീമധുകൈടഭപ്രശമനീ വാണീ രമാസേവിതാ .
മല്ലാദ്യാസുരമൂകദൈത്യമഥനീ മാഹേശ്വരീ ചാംബികാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 5..
അംബാ സൃഷ്ടിവിനാശപാലനകരീ ആര്യാ വിസംശോഭിതാ
ഗായത്രീ പ്രണവാക്ഷരാമൃതരസഃ പൂർണാനുസന്ധീ കൃതാ .
ഓങ്കാരീ വിനതാസുതാർചിതപദാ ഉദ്ദണ്ഡ ദൈത്യാപഹാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 6..
അംബാ ശാശ്വത ആഗമാദിവിനുതാ ആര്യാ മഹാദേവതാ
യാ ബ്രഹ്മാദിപിപീലികാന്തജനനീ യാ വൈ ജഗന്മോഹിനീ .
യാ പഞ്ചപ്രണവാദിരേഫജനനീ യാ ചിത്കലാ മാലിനീ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 7..
അംബാപാലിതഭക്തരാജദനിശം അംബാഷ്ടകം യഃ പഠേത്
അംബാലോലകടാക്ഷവീക്ഷ ലലിതം ചൈശ്വര്യമവ്യാഹതം .
അംബാ പാവനമന്ത്രരാജപഠനാദന്തേ ച മോക്ഷപ്രദാ
ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 8..
ഛന്ദഃപാദയുഗാ നിരൂക്താസുനഖാ ശിക്ഷാസുജംഘായുഗാ
ഋഗ്വേദോരൂയുഗാ യജുര സുജധനാം യാ സാമവേദോദരാ .
തർകാവിത്തികുചാ ശ്രുതി സ്മൃതികരാ കാവ്യരവിന്ദാനനാ
വേദാന്താമൃത ലോചനാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 9..
അംബാ ശാങ്കരീ ഭാരദ്വാജഗമനീ ആര്യാ ഭവാനീശ്വരീ
യാ അംബാ മഹിഷാസുരപ്രമഥിനീ വാക്ചാതുരീ സുന്ദരീ .
ദുർഗാഖ്യാ കമലാ നിശുംഭ ദമനീ ദുർഭാഗ്യ വിച്ഛേദിനീ
ചിദ്രുപാ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 10..
അംബാ ശ്യാമള ഏകദന്തജനനീ അത്യുന്നതികാരിണീ
കല്യാണീ വ്രജരാജപുത്രജനനീ കാമപ്രദാ ചന്ദ്രികാ .
പദ്മാക്ഷീ ത്രിദശേശ്വരീ സുരനതാ ദേദിപ്യമാനോജ്വലാ
ചിദ്രുപാ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 11..
യാ ദേവീ ശിവകേശവാദി ജനനീ യാ വൈ ജഗദ്രുപിണീ
യാ ബ്രഹ്മാദിപി പീലീകാന്ത ജഗതാ മാനന്ദസന്ദായിനീ .
യാ വൈ ച പ്രണവദ് വിരേഫജനനീ യാ ചിത്കലാമാലിനീ
സാ മായാ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 12..
ഇതി ശ്രീരാജരാജേശ്വര്യഷ്ടകം സമ്പൂർണം