നാളെ മകരച്ചൊവ്വ.. ഈ സ്തോത്രം ജപിച്ചാൽ നിശ്ചയ ഫലസിദ്ധി…

നാളെ മകരച്ചൊവ്വ.. ഈ സ്തോത്രം ജപിച്ചാൽ നിശ്ചയ ഫലസിദ്ധി…

മകരമാസത്തിലെ ആദ്യം വരുന്ന ചൊവ്വാഴ്ച്ചയെയാണ് മകരച്ചൊവ്വ എന്ന് പറയുന്നത്. നവഗ്രഹങ്ങളില്‍ പ്രധാനിയായ ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം. അതിനാല് തന്നെ മകര മാസത്തിൽ ചൊവ്വയ്ക്ക് ബലാധിക്യമുണ്ട്.

പൊതുവേ എല്ലാ മലയാള മാസത്തിലേയും ആദ്യത്തെ ചൊവ്വാഴ്ചയെ മുപ്പെട്ട് ചൊവ്വ എന്നു പറയുന്നു. മകരത്തിലെ ചൊവ്വ കേരളീയരും ഭക്തിപൂർവ്വം ആചരിക്കുന്നു. ചൊവ്വയുടെ അധിദേവതകള്‍ എന്നുപറയുന്നത് സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളീയുമാണ് . യുഗ്മരാശി ഭദ്രകാളിയേയും ഓജ രാശി സുബ്രഹ്മണ്യനും പ്രീതികരമാണ്.

ഈ ദിവസത്തില്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും മറ്റും നടത്താറുണ്ട്. അന്നേദിവസം ഭക്തിയോടെ ഭദ്രകാളീ ക്ഷേത്ര ദര്‍ശനവും കടുംപായസ വഴിപാടു സമര്‍പ്പണവും രക്ത പുഷ്പാഞ്ജലിയും മറ്റും കുടുംബൈശ്വര്യത്തിനു കാരണമാകും എന്നാണു പൊതുവേയുള്ള വിശ്വാസം.

ജാതക പ്രകാരം യുഗ്മരാശികളായ ഇടവം, കര്‍ക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം ഇവയില്‍ ചൊവ്വ നില്ക്കുന്നവര്‍ , ചൊവ്വ ദശാ കാലമുള്ളവര്‍ , അവിട്ടം, ചിത്തിര , മകയിരം നക്ഷത്രക്കാര്‍ ഭദ്രകാളിയെ ഭജിക്കുന്നത് ഉത്തമമാണ്.

ഈ പുണ്യ ദിനത്തിൽ ഭദ്രകാളിപ്പത്ത് എന്നറിയപ്പെടുന്ന കാളീ സ്തോത്രം ജപിക്കുന്നത് അത്യുത്തമമാണ്.

എത്ര കടുത്ത ആപത്തും ഭയവും ദുരിതവും അനുഭവപ്പെടുന്നവർക്ക് ഏറ്റവും ഉത്തമമാണ് ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന ഈ സ്തോത്രം. കഠിനമായ രോഗം, ദാരിദ്ര്യം, മൃത്യു ഭയം, കുടുംബ ദോഷം തുടങ്ങി എത്ര വലിയ ദുരിതം അനുഭവപ്പെടുന്നവർക്കും രക്ഷ നല്‍കുന്ന സ്തോത്രമാണിത്. അകാരണമായി മനസ്സിൽ ഭയം നിറയുക, തുടർച്ചയായ രോഗദുരിതങ്ങളും അനാരോഗ്യവും പിന്തുടരുക, ന്യായമായി ആർജ്ജിച്ച ധനം കൈയിൽ നിൽക്കാതെ ചോർന്നു പോവുക, കുടുംബ കലഹം , കലഹങ്ങൾ മൂലം കുടുംബത്തിൽ സ്വസ്ഥത നശിക്കുക, ലഹരിക്ക് അടിമപ്പെടുക തുടങ്ങി ഒട്ടനവധി സന്ദർഭങ്ങളിൽ സഹായകമാണ് ഭദ്രകാളിപ്പത്ത്. പേര് സൂചിപ്പിക്കും പോലെ പത്ത് ശ്ലോകങ്ങള്‍ ഉള്ള കാളീ സ്തോത്രമാണിത്. പതിവായി ജപിക്കുക. വീട്ടില്‍ വച്ച് ജപിക്കുന്നവര്‍ കുളിച്ച് ദേഹ ശുദ്ധിയോടെ നെയ്‌ വിളക്കോ നിലവിളക്കോ കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദര്‍ശനമായി ഇരുന്ന് ജപിക്കുക. കാളീ ക്ഷേത്ര നടയില്‍ നിന്ന് ജപിക്കുന്നതാണ് ഏറ്റവും പ്രയോജനകരമായി പറയുന്നത്.

കണ്ഠേകാളി ! മഹാകാളി!
കാളനീരദവര്‍ണ്ണിനി !
കാളകണ്ഠാത്മജാതേ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 1


ദാരുകാദി മഹാദുഷ്ട —
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ 2

ചരാചരജഗന്നാഥേ !
ചന്ദ്ര, സൂര്യാഗ്നിലോചനേ!
ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 3

മഹൈശ്വര്യപ്രദേ ! ദേവി !
മഹാത്രിപുരസുന്ദരി !
മഹാവീര്യേ ! മഹേശീ ! ശ്രീ
ഭദ്രകാളി ! നമോസ്തുതേ! 4


സര്‍വ്വവ്യാധിപ്രശമനി !
സര്‍വ്വമൃത്യുനിവാരിണി!
സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 5

പുരുഷാര്‍ഥപ്രദേ ! ദേവി !
പുണ്യാപുണ്യഫലപ്രദേ!
പരബ്രഹ്മസ്വരൂപേ ശ്രീ
ഭദ്രകാളി നമോസ്തുതേ! 6

ഭദ്രമൂര്‍ത്തേ ! ഭഗാരാധ്യേ

ഭക്തസൗഭാഗ്യദായികേ!
ഭവസങ്കടനാശേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 7

നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ
നിരപായേ ! നിരാമയേ !
നിത്യശുദ്ധേ ! നിര്‍മലേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ! 8

പഞ്ചമി ! പഞ്ചഭൂതേശി !
പഞ്ചസംഖ്യോപചാരിണി!
പഞ്ചാശല്‍ പീഠരൂപേ!
ശ്രീഭദ്രകാളി നമോസ്തുതേ! 9

കന്മഷാരണ്യദാവാഗ്നേ !
ചിന്മയേ ! സന്മയേ ! ശിവേ!
പത്മനാഭാഭിവന്ദ്യേ ! ശ്രീ
ഭദ്രകാളി നമോസ്തുതേ ! 10

ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽ ജവം
ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും
പ്രാപ്തമാം സർവ മംഗളം

ശ്രീ ഭദ്രകാള്യൈ നമഃ

Rituals