ഓരോ മനുഷ്യൻ്റേയും ജീവിതത്തിൽ വിവാഹം ഒരു പ്രധാന പരിവർത്തനത്തിന്റെ നാഴികക്കല്ലാണ്. അതിനാൽ ഓരോ വ്യക്തിയും തൻ്റെ വിവാഹത്തിനായി ആകാംക്ഷയോടെ തന്നെയായിരിക്കും കാത്തിരിക്കുക. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാവനമായ ബന്ധമായാണ് ഭാരതീയർ വിവാഹത്തെ കാണുന്നത്. അതുകൊണ്ട് തന്നെ ശരിയായ വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനമാണ്, കാരണം വിവാഹ ജീവിതത്തിൻ്റെ സന്തോഷവും വിജയവും ആത്യന്തികമായി ഇണയെ ആശ്രയിച്ചാണിരിക്കുന്നത്. ഉയർച്ച താഴ്ചകളിൽ പരസ്പരം താങ്ങായിരിക്കേണ്ടവരാണ് വിവാഹ പങ്കാളികൾ.തെറ്റായ തിരഞ്ഞെടുക്കൽ ജീവിതകാലത്തിലുടനീളം മാനസിക സംഘർഷങ്ങൾക്കും പ്രശ്നങ്ങൾക്കും കാരണമായേക്കും.
വിവാഹ ജീവിതത്തിൻ്റെ വിജയത്തേയും ദാമ്പത്യജീവിതത്തിൽ കാത്തിരിക്കുന്ന പല നിർണ്ണായക കാര്യങ്ങൾളേയും വിവാഹ തീയതികൾക്ക് വലിയ തോതിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. അതിനാൽ, ഒരു നല്ല വിവാഹ തീയതി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെയധികം പ്രധാന്യം നൽകണം. എന്നാൽ വിവാഹ പൊരുത്ത നിർണയത്തിൽ പരമ്പരാഗത ജ്യോതിഷ മാർഗങ്ങൾ തന്നെ അവലംബിക്കുന്നതാകും കൂടുതൽ അഭിലഷണീയം.
സംഖ്യാശാസ്ത്രപ്രകാരം ഒരാളുടെ ജനന തീയതി നിരവധി കാര്യങ്ങളുടെ സൂചകങ്ങളാണ്.
ജനനത്തീയതിയിൽ ഓരോ വ്യക്തിയെക്കുറിച്ചും ധാരാളം വിവരങ്ങൾ അടങ്ങിയിരിക്കുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് ജീവിത പങ്കാളിയെക്കുറിച്ചുള്ള കാര്യങ്ങൾ. പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കുന്ന സ്വഭാവം, പെരുമാറ്റ സവിശേഷതകൾ, പൊരുത്തം എന്നിവ ഇവയിൽ ചിലതാണ്. അതിനാൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള പൊരുത്തം കണ്ടെത്തുന്നതിന് ഒരു വ്യക്തിയുടെ ജനന തീയതി അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്.
സംഖ്യകളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖയാണ് സംഖ്യാശാസ്ത്രം. ഒരു വ്യക്തിയുടെ ജനനത്തീയതിയും വ്യക്തിയുടെ പേരിൻ്റെ സംഖ്യാ മൂല്യവും അയാളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് ഈ ശാസ്ത്രം വിശ്വസിക്കുന്നു. ജനനത്തീയതിയെ അടിസ്ഥാനമാക്കി സംഖ്യാശാസ്ത്രത്തിന് ഓരോ വ്യക്തിയുടെയും സവിശേഷതകൾ നൽകാൻ കഴിയും. വിജയകരമായ ദാമ്പത്യത്തിന് അനുയോജ്യമായ പൊരുത്തം എങ്ങനെ കണ്ടെത്താമെന്നും സംഖ്യാശാസ്ത്രത്തിലൂടെ സാധ്യമാകും.
വിവാഹത്തിനുള്ള ഭാഗ്യ നമ്പർ എങ്ങനെ കണക്കാക്കാം?
ആദ്യം വരൻ്റേയും വധുവിൻ്റേയും വിവാഹത്തിനുള്ള ഭാഗ്യ നമ്പർ കണക്കാക്കണം. പിന്നീട് വേണം അവയെ ഒരുമിച്ച് ചേർക്കാൻ. ഭാഗ്യ സംഖ്യയായ ഒറ്റ അക്കം കണ്ടെത്തുന്നതിനായി ജനന തീയതിലെ അക്കങ്ങൾ പരസ്പരം ചേർക്കണം. അതായത് വരൻ്റെ ജനന തീയതി 24/10/1995 ആണെന്ന് കരുതുക. എങ്കിൽ ഭാഗ്യ സംഖ്യ കണ്ടെത്തുന്നതിനുള്ള ഘട്ടങ്ങളാണ് ഇനി പറയുന്നത്.
ഘട്ടം ഒന്ന്
2+4+1+0+1+9+9+5= 31
ഘട്ടം രണ്ട്
3+1= 4
അതായത് വരന് വിവാഹത്തിനുള്ള ഭാഗ്യസംഖ്യ നാല് ആണ്.
ഇനി വധുവിൻ്റെ ജനനതീയതി പരിഗണിക്കാം. വധുവിൻ്റെ ജനന തീയതി 12/10/1998 ആണെന്ന് കരുതുക
ഘട്ടം ഒന്ന്
1+2+1+0+1+9+9+8= 31
ഘട്ടം രണ്ട്
3+1= 4
ഇനി വരൻ്റേയും വധുവിൻ്റേയും ഭാഗ്യസംഖ്യയുടെ ആകെ തുക കാണുക. അതായത് 4+4. ഇവിടെ എട്ട് ആണ് നമുക്ക് ലഭിക്കുന്ന സംഖ്യ.
ഒഴിവാക്കേണ്ട തീയതികൾ
സംഖ്യാ ശാസ്ത്രമനുസരിച്ച് വരൻ്റേയും വധുവിൻ്റേയും വിവാഹത്തിനുള്ള പൊതുവായ ഭാഗ്യസംഖ്യ 4,5,8 എന്നിവയാകുന്നത് വിവാഹത്തിന് ഉചിതമല്ല. അഞ്ച് എന്നത് വിവാഹത്തിനുള്ള ഏറ്റവും മോശമായ തീയതിയായാണ് സംഖ്യാശാസ്ത്രം കണക്കാക്കുന്നത്. വിവാഹ മോചനം ഉൾപ്പെടെയുള്ള ഗുരുതര പ്രത്യാഖ്യാതങ്ങൾക്ക് ഇത് കാരണമായേക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.