ഈയൊരു രത്നം ധരിച്ചാൽ പ്രയോജനം ഒട്ടനവധി…

ഈയൊരു രത്നം ധരിച്ചാൽ പ്രയോജനം ഒട്ടനവധി…

ചന്ദ്രനെ ജ്യോതിഷത്തിൽ കാണുന്നത് മനസ്സിന്റെ കാരകനായിട്ടാണ്. ചന്ദ്രന്റെ ബലാബലം അനുസരിച്ചായിരിക്കും ഒരാളുടെ മനസ്സിന്റെ ബലവും ആത്മവിശ്വാസവും പ്രതികരണ ശേഷിയും ഒക്കെ. ചന്ദ്രൻ ലഗ്നാൽ 6,8,12 എന്നീ സ്ഥാനങ്ങളിൽ മറഞ്ഞവർക്ക് അനാവശ്യമായ മനസമ്മർദവും തൊട്ടാവാടി സ്വഭാവവും വർദ്ധിച്ചിരിക്കും. ജാതകത്തിൽ ചന്ദ്രന് പക്ഷബലം കുറഞ്ഞവർക്കും ഫലം ഇത് തന്നെ. ജാതകത്തിൽ ചന്ദ്രന് ബലമില്ലാത്തവർ ജ്യോതിഷന്മാരെ കൂടുതലായിആശ്രയിക്കുന്നവരായി കണ്ടു വരുന്നു.

ബുധനും അഞ്ചാം ഭാവാധിപനും ഒക്കെ സാമാന്യത്തിലധികം ബലമുണ്ടായിട്ടും, വിദ്യായോഗങ്ങൾ ഉണ്ടായിട്ടും പഠനത്തിൽ ചിലർ പിന്നാക്കം പോകുന്നതിലെ വില്ലനും ചന്ദ്രൻ തന്നെയാണ്. രത്ന ധാരണത്തിലൂടെ ചന്ദ്രനെ ശക്തിപ്പെടുത്തിയാൽ ഇത്തരം പ്രശ്നങ്ങൾ വലിയ അളവിൽ പരിഹരിക്കുവാൻ കഴിയും. രത്ന ശാസ്ത്ര പ്രകാരം ചന്ദ്രന്റെ രത്നം മുത്തും ഉപരത്നം ചന്ദ്രകാന്തവും ആകുന്നു. മുത്തിന് രാസ പ്രതികരണം കൂടുതൽ ആയതിനാൽ സോപ്പ്, രാസവസ്തുക്കൾ മുതലായവ മൂലം നിറം മങ്ങുവാനും കേടുപാടുകൾ വരുവാനും സാധ്യത കൂടുതൽ ആണ്. എന്നാൽ ചന്ദ്രകാന്തത്തിന് ഇത്തരം പ്രശ്നങ്ങൾ കുറവാണ്. ആയതിനാൽ ചന്ദ്രാനുകൂല്യം ലഭിക്കുവാനായി കൂടുതൽ ആളുകളും ഇപ്പോൾ മുത്തിനേക്കാളും ചന്ദ്രകാന്തത്തെ ആശ്രയിക്കുന്നു.

ശരിയായ ജാതക പരിശോധന നടത്തി മാത്രം രത്നം ധരിക്കുന്നതാണ് ഉത്തമം. എങ്കിലും പൊതുവിൽ മേടം, കർക്കിടകം, ചിങ്ങം, വൃശ്ചികം, മീനം എന്നീ ലഗ്നങ്ങളിൽ ജനിച്ചവർക്കും, 2,11,20 തീയതികളിൽ ജനിച്ചവർക്കും രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാർക്കും ചന്ദ്രകാന്തം ധരിക്കാം. ചന്ദ്രന്റെ ലോഹം വെള്ളി ആയതിനാൽ ചന്ദ്രകാന്തം വെള്ളിയിൽ ധരിക്കുന്നതാണ് കൂടുതൽ പ്രയോജനകരം. വിവാഹ ആലോചനകൾ നടത്തി മടുത്ത് അവിവാഹിതരായി തുടരുന്ന പുരുഷന്മാർ ചന്ദ്രകാന്തം ധരിച്ചു നോക്കൂ. വിവാഹ സാധ്യത വർധിക്കും. ജാതകപ്രകാരം അനുകൂലമല്ലെങ്കിലും പരീക്ഷിക്കാം. വിവാഹ ശേഷം ധരിക്കാതെ മാറ്റി വച്ചാൽ മതി.

7 വയസ്സ് വരെയുള്ള കുട്ടികളിലെ ബാലാരിഷ്ടത മാറാനും ചന്ദ്രകാന്തം ഉത്തമം. മന സംഘർഷം കുറയാനും ഓർമശക്തി വർധിക്കാനും ശ്വാസകോശ രോഗങ്ങളുടെ ശമനത്തിനായും ചന്ദ്രകാന്തം ധരിക്കാം. ഉറക്കക്കുറവിനും അത്യുത്തമമായ പരിഹാരമാണ് ചന്ദ്രകാന്ത ധാരണം. ഇന്ദ്രനീലം, മരതകം, വജ്രം, ഗോമേദകം, വൈഡൂര്യം എന്നീ രത്നങ്ങൾ ചന്ദ്രകാന്തത്തിനൊപ്പം ധരിക്കുന്നത് നന്നല്ല. മോതിരമായി ധരിക്കുന്നവർ കുറഞ്ഞത് 3 കാരറ്റ് എങ്കിലും ഭാരത്തിൽ മോതിര വിരലിലോ ചൂണ്ടു വിരലിലോ ധരിക്കുക. താരതമ്യേന വില കുറഞ്ഞ ഉപരത്നമാണ് ചന്ദ്രകാന്തം. ഒന്നു കൂടി ഓർമ്മപ്പെടുത്തട്ടെ.. ശരിയായ ജാതക പരിശോധന നടത്തി മാത്രം ഏതു രത്നവും ധരിക്കുക.

Gemstones