ഏറ്റവും പിടിവാശിക്കാരായ രാശിക്കാർ ഇവരോ?

ഏറ്റവും പിടിവാശിക്കാരായ രാശിക്കാർ ഇവരോ?

Share this Post

ചില രാശികളിലുള്ളവരിൽ നിർബന്ധ ബുദ്ധി ഉള്ളവരും തെറ്റ് സംഭവിച്ചാൽ പോലും മറ്റുള്ളവരോട് മാപ്പു പറയില്ല എന്ന വാശിയുമായി ജീവിക്കുന്നവരാണെന്നും കാണുവാൻ കഴിയും. അത്തരത്തിൽ പിടിവാശിക്കാർ എന്ന പേരുദോഷം നേരിടുന്ന രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

സിംഹം എന്ന വാക്കിന്റെ തദ്ഭവമാണ് ചിങ്ങം. ചിങ്ങം രാശിയിൽ ജനിച്ചവർക്ക് അതിനാൽ തന്നെ സിംഹങ്ങളുടെ സ്വഭാവമാണെന്ന് പറയപ്പെടുന്നു. തങ്ങളുടെ അധികാരത്തിലും അവകാശങ്ങളിലും ആരും കൈകടത്തുന്നത് ഇവർക്ക് ഇഷ്ടമല്ല. എന്നാൽ മറ്റുള്ളവരെ ഭരിക്കാൻ ഇവർക്ക് ഏറെയിഷ്ടമാണു താനും. ചിങ്ങം രാശിയിൽ പിറന്ന പുരുഷന്മാരിലാണ് ഈ സ്വഭാവം കൂടുതലായി കാണുന്നത്. ദുരഭിമാനത്തിന്റെ ആൾരൂപമായ ഇവരോട് വഴക്കിടേണ്ടി വന്നാൽ, തെറ്റ് അവരുടെ ഭാഗത്താണെങ്കിൽപ്പോലും കുറ്റബോധമോ മാപ്പു പറച്ചിലോ ഒന്നും പ്രതീക്ഷിക്കരുത്. ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും മേൽക്കൈ വേണമെന്ന ഭാവമവർക്കുണ്ട്. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ എന്തുകൊണ്ട് അത് ചെയ്തു എന്നൊന്നും വിശദീകരിക്കാൻ അവർക്ക് തീരെയിഷ്ടമല്ല. എങ്കിലും പൊതുവെ ബന്ധങ്ങളിലും ഇടപാടുകളിലും സത്യസന്ധത പുലർത്തുന്നവരാണ് ചിങ്ങക്കൂറുകാർ.

വികാരങ്ങലും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്നതിനു മുൻപ് നൂറുവട്ടം ചിന്തിക്കുന്നവരാണ് മകരം രാശിയിൽ ജനിച്ച സ്ത്രീകൾ. ആവശ്യമില്ലാതെ ഇവരുമായി തർക്കിക്കാൻ പോയാൽ വിവരം അറിഞ്ഞത് തന്നെ! അവർ തർക്കിക്കാൻ തുടങ്ങിയാൽ നിയന്ത്രിക്കാൻ കഴിയില്ല. പലപ്പോഴും അവർ പോലുമറിയാതെ കാര്യങ്ങൾ കൈവിട്ടു പോകും. മാപ്പുപറയേണ്ടുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കാനും ഒരിക്കലും ആവർത്തിക്കാതിരിക്കാനും അവർ നന്നായി ശ്രദ്ധിക്കും. ആത്മനിയന്ത്രണത്തിന്റെ അങ്ങേയറ്റം വരെ പോകാൻ അവർ തയാറാകും. എന്നിട്ടും നിയന്ത്രിക്കാൻ ആയില്ലെങ്കിൽ അവർ പൊട്ടിത്തെറിക്കും.

ഉറച്ച ചില വിശ്വാസങ്ങളാണ് വൃശ്ചികം രാശിക്കാരുടെ മുഖമുദ്ര. കേവലം ആശയങ്ങളിലല്ല, മറിച്ച് അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുന്ന പ്രകൃതമാണ് അവരുടേത്. തങ്ങളുടെ കാഴ്ചപ്പാടുകൾ ശരിയാണെന്ന് വിശ്വസിക്കുന്ന ഇവർ ആ വിശ്വാസത്തിൽ നിന്ന് പുറത്തു വരാൻ ശ്രമിക്കാറില്ല. തങ്ങളുടെ അഭിപ്രായങ്ങൾ ശരിയാണെന്നു സ്ഥാപിക്കാൻ എത്ര സമയവും ഊർജവും പാഴാക്കാനും ഇവർക്കൊരു മടിയുമില്ല. വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന സ്വഭാവം ചിലപ്പോൾ ഇവർക്ക് വിനയായി ഭവിക്കാറുണ്ട്.

ഇടവം രാശിക്കാർ വളരെ ക്ഷമയും സഹനശക്തിയുമുള്ളവരാണെങ്കിലും തർക്കിക്കേണ്ടി വന്നാൽ ഇവർ ക്ഷമ പറയുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. മറിച്ച് നിങ്ങൾക്കാണ് ഇവരോട് ദേഷ്യം തോന്നിയതെങ്കിൽ അതിനു പിന്നിലുള്ള കാരണങ്ങളെ ഇഴപിരിച്ച് പരിശോധിച്ച് നിങ്ങളുടെ മനസ്സ് മാറ്റിയെടുക്കുവാനുള്ള ശ്രമം നടത്തുകയും അതിനുവേണ്ടി ഏതറ്റംവരെ പോകാൻ തയാറാവുകയും ചെയ്യും. തെറ്റും ശരിയും എന്തു തന്നെയായിക്കോട്ടെ, അവസാനവാക്ക് എന്റേതാണ് എന്ന് വിശ്വസിക്കുന്നവരാണത്രേ ഇടവം രാശിക്കാർ.

ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന ചിന്താഗതിക്കാരാണ് കുംഭം രാശിയിൽ പിറന്നവർ. സദാചാരത്തിന്റെ അവസാനത്തെ അളവുകോൽ തങ്ങളാണെന്ന തോന്നലുണ്ട് അവരിൽ ചിലർക്ക്. ഏറെ നന്മയുള്ളയാളുകൾ എന്നതിൽ തർക്കമില്ലെങ്കിലും ഒരിക്കലും തങ്ങൾക്ക് തെറ്റുപറ്റില്ലെന്ന് ഈ രാശിയിൽ പിറന്ന പുരുഷന്മാർ ഉറച്ചു വിശ്വസിക്കുന്നു. തെറ്റുപറ്റാത്ത തങ്ങളുടെ പാത വേണം മറ്റുള്ളവരും പിന്തുടരാൻ എന്ന നിർബന്ധവും അവർക്കുണ്ട്. എല്ലാക്കാര്യങ്ങൾക്കും തെറ്റും ശരിയുമുണ്ടെന്ന തിരിച്ചറിവ് ഇവർക്ക് പലപ്പോഴും ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ തർക്കമൊഴിവാക്കാൻ പലപ്പോഴും ജീവിത പങ്കാളികളുൾപ്പടെയുള്ളവർ ഇവരുടെ വാദങ്ങൾ കണ്ണുമടച്ച് അംഗീകരിക്കുകയാണ് പതിവ്.


Share this Post
Astrology