ഈ ദിവസം നാഗങ്ങളെ പൂജിച്ചാൽ നാഗദോഷം അകലും..!

ഈ ദിവസം നാഗങ്ങളെ പൂജിച്ചാൽ നാഗദോഷം അകലും..!

ഐശ്വര്യത്തിനായും കുടുംബത്തിന്റെ അഭിവൃദ്ധിക്കായും സന്താനലബ്ധിക്കും മാംഗല്യദോഷം അകറ്റാനും ജാതകത്തിലെ സര്‍പ്പദോഷം അകറ്റാനുമൊക്കെയായി വിശ്വാസികള്‍ നാഗങ്ങളെ ആരാധിക്കുന്നു.

കേരളത്തിനു പുറത്ത് നാഗാരാധനയ്ക്ക് പ്രസിദ്ധമായ ദിനമാണ് നാഗപഞ്ചമി. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നാഗപഞ്ചമി വിശേഷ ദിനമായി കണക്കാക്കുന്നു.

നാഗപഞ്ചമി ദിനത്തില്‍ നാഗ പൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ വിശേഷ ദിവസം നാഗങ്ങളെ ആരാധിക്കുന്നവര്‍ എല്ലാവിധ സര്‍പ്പ ദോഷങ്ങളില്‍ നിന്നും മുക്തിനേടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ വര്‍ഷം ഓഗസ്റ്റ് 13 വെള്ളിയാഴ്ചയാണ് നാഗപഞ്ചമി ആഘോഷിക്കുന്നത്.

ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തില്‍ വരുന്ന പഞ്ചമിയാണ് നാഗപഞ്ചമി. പാരമ്പര്യമനുസരിച്ച്, പല പ്രദേശങ്ങളിലും ചൈത്ര ശുക്ല പഞ്ചമി അല്ലെങ്കില്‍ ഭദ്രപദ ശുക്ല പഞ്ചമിയിലും നാഗപഞ്ചമി ആഘോഷിക്കുന്നു. ഓരോ പ്രദേശത്തും സംസ്‌കാരങ്ങളിലും പാരമ്പര്യങ്ങളിലുമുള്ള വ്യത്യാസം കാരണം, ചിലയിടങ്ങളില്‍ കൃഷ്ണപക്ഷത്തിലും ഈ ഉത്സവം ആഘോഷിച്ചുവരുന്നു. നാഗങ്ങളെ ആരാധിക്കുന്നതിനൊപ്പം പാമ്പിന് പാല് നല്‍കുന്നതും ഭക്തര്‍ക്ക് ദിവ്യാനുഗ്രഹങ്ങള്‍ കൈവരുത്തുന്നുവെന്നു വിശ്വസിക്കുന്നു. കൂടാതെ, സര്‍പ്പദോഷങ്ങളില്‍ നിന്ന് വാസസ്ഥലം സംരക്ഷിക്കാന്‍ വീടിന്റെ വാതില്‍പ്പടിക്കല്‍ നാഗത്തിന്റെ രൂപം വരയ്ക്കുന്നതും ഒരു ആചാരമാണ്.

ശ്രീകൃഷ്ണ ഭഗവാന്‍ കാളിയ സര്‍പ്പത്തെ കീഴടക്കിയ ദിനമായും നാഗപഞ്ചമി കരുതിവരുന്നു. ആസ്തികമുനി നാഗരക്ഷ ചെയ്തത് നാഗപഞ്ചമിക്കാണെന്നും ഈ ദിനത്തില്‍ പൂജകള്‍ നടത്തിയാല്‍ നാഗങ്ങളെ പ്രീതിപ്പെടുത്താനാകുമെന്നും പുരാണങ്ങള്‍ പറയുന്നു. അന്നേ ദിവസം നാഗ തീര്‍ത്ഥത്തിലോ നദികളിലോ കുളിച്ച ശേഷം നാഗപൂജകള്‍ ചെയ്യാം. ഉത്തരേന്ത്യയില്‍ വിശ്വാസികള്‍ നാഗപഞ്ചമി ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കുന്നു.

നാഗപഞ്ചമി വ്രതം

അനന്തന്‍, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ അഷ്ട നാഗ ശ്രേഷ്ഠൻമാരെ ഈ ഉത്സവത്തിന്റെ ആരാധനാ മൂര്‍ത്തികളായി കണക്കാക്കുന്നു. ചതുര്‍ത്ഥി ദിനത്തില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് അടുത്ത ദിവസം അതായത് പഞ്ചമി ദിനത്തില്‍ വ്രതം അവസാനിപ്പിച്ച ശേഷം അത്താഴം കഴിക്കാം.

സര്‍പ്പപുറ്റുകളില്‍ മണ്ണ്, ചാണകം, ഗോമൂത്രം, പാല്, ചന്ദനം എന്നിവ അടങ്ങിയ പഞ്ചരജസ് കൊണ്ട് നിവേദ്യം അര്‍പ്പിക്കുന്നതും ഭിത്തിയിലോ നിലത്തോ മെഴുകി അരിമാവില്‍ മഞ്ഞള്‍ കലക്കി വേപ്പിന്‍ കമ്പുകൊണ്ട് നാഗത്തിന്റെ രൂപങ്ങള്‍ വരയ്ക്കുന്നതും നാഗപഞ്ചമിയുമായി ബന്ധപ്പെട്ട ആചാരങ്ങളാണ്.

Rituals