നാളെ  ശ്രീരാമ നവമി.. ഇങ്ങനെ അനുഷ്ഠിച്ചാൽ ആയുഷ്കാല ഭാഗ്യം..

നാളെ ശ്രീരാമ നവമി.. ഇങ്ങനെ അനുഷ്ഠിച്ചാൽ ആയുഷ്കാല ഭാഗ്യം..

Share this Post

ചൈത്ര മാസത്തിലെ ശുക്ലപക്ഷ നവമിയാണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ കൌസല്യാ ദേവിയുടെ പുത്രനായി അയോധ്യയില്‍ അവതാരം ചെയ്തത്. അതിനാല്‍ ഈ ദിവസം ശ്രീരാമനവമി എന്ന് അറിയപ്പെടുന്നു. ഭാരതത്തിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ശ്രീരാമ നവമി ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ആഘോഷിച്ചു വരുന്നു. ഇത്തവണ ശ്രീരാമനവമി 2023 മാർച്ച് 30 വ്യാഴാഴ്ചയാണ്. വ്യാഴാഴ്ചയും പുണർതവും നവമിയും ചേർന്നു വരുന്ന വിശിഷ്ട ദിനം എന്ന പ്രത്യേകത ഈ വർഷം ഉണ്ട്.

ശ്രീരാമന്റെ ജനന മുഹൂര്‍ത്തത്തെ പറ്റി അധ്യാത്മ രാമായണത്തില്‍ ഇപ്രകാരം പറയുന്നു.

ഉച്ചത്തില്‍ പഞ്ചഗ്രഹം നില്‍ക്കുന്നകാലത്തിങ്കൽ
അച്യുതനയോദ്ധ്യയില്‍ കൗസല്യാത്മജനായാന്‍
നക്ഷത്രം പുനര്‍വസു നവമിയല്ലോതിഥി
നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി
കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ
അര്‍ക്കനുമത്യുച്ചസ്ഥനുദയംകര്‍ക്കടകം
അര്‍ക്കജന്‍ തുലാത്തിലും ഭാര്‍ഗ്ഗവന്‍ മീനത്തിലും
വക്രനുമുച്ചസ്ഥനായ്മകരംരാശിതന്നില്‍
നില്‍ക്കുമ്പോളവതരിച്ചീടിനാന്‍ ജഗന്നാഥന്‍
ദിക്കുകളൊക്കെപ്രസാദിച്ചിതുദേവകളും

കര്‍ക്കടക ലഗ്നത്തില്‍ പുനര്‍വസു (പുണര്‍തം) നക്ഷത്രത്തില്‍ പഞ്ചഗ്രഹങ്ങള്‍ ഉച്ചസ്ഥാനത്തും സൂര്യന്‍ മേടരാശിയിലും നിന്ന ദിനത്തിലാണു ഭഗവാന്‍ ശ്രീരാമന്‍ കൗസല്യാത്മജനായി അയോദ്ധ്യയില്‍ അവതരിച്ചത്.

അങ്ങനെയുള്ളതായ പുണ്യദിനമായ ശ്രീരാമ നവമിയില്‍ വ്രതം അനുഷ്ടിക്കുകയും ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തുന്നതും രാമായണത്തിലെ ശ്രീരാമാവതാരഭാഗം ഭക്തി പൂര്‍വ്വം പാരായണം ചെയ്യുന്നതും അങ്ങേയറ്റം പുണ്യദായകവും ഐശ്വര്യാഭിവൃധികരവും ആകുന്നു.

ഈ മന്ത്രജപം അന്ന് അതീവ പുണ്യദായകം

കലിയുഗത്തില്‍ മനുഷ്യമനസ്സ്‌ കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായി. അതുകൊണ്ട്‌ ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടു. ദ്വാപരയുഗത്തിന്റെ അന്ത്യത്തില്‍ നാരദമഹര്‍ഷി ബ്രഹ്മദേവന്റെ സന്നിധിയിലെത്തി. വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന്‌ അപേക്ഷിച്ചു. ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ്‌ കലിയുഗദുഃഖങ്ങള്‍ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന്‌ ബ്രഹ്മാവ്‌ ഉപദേശിച്ചു.

ഏതൊക്കെ നാമങ്ങളാണ്‌ എന്ന നാരദന്റെ ചോദ്യത്തിന്‌ മറുപടിയായി ബ്രഹ്മാവ്‌ പ്രസിദ്ധമായ ഷോഡശമഹാമന്ത്രം ഉപദേശിച്ചു.

‘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ’ ഇതാണ്‌ ആ മന്ത്രം. ഈ 16 നാമങ്ങള്‍ ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. എന്നതാണനുഭവം.

ഇത്‌ ജപിക്കുന്നതിന്‌ ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതാണ്‌ സാലോക്യമോക്ഷം. ഭഗവാന്റെ സമീപത്തുതന്നെ എത്തിച്ചേരുന്നത്‌ സാമീപ്യമോക്ഷം. ഭഗവാന്റെ രൂപത്തെ പ്രാപിക്കുന്നത്‌ സാരൂപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ തന്നെയായിത്തീരുന്നത്‌ സായൂജ്യമോക്ഷം. ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നാമജപംകൊണ്ട്‌ സിദ്ധിക്കുന്നു എന്നാണ്‌ ബ്രഹ്മാവ്‌ അരുളിചെയ്തത്‌. അപ്പോള്‍ ഗ്രഹദോഷങ്ങള്‍ പരിഹരിക്കപ്പെടുമെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. മുജ്ജന്മപാപങ്ങളാണ്‌ ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്‌. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകല ഗ്രഹപ്പിഴകളും ഒഴിവാകുമെന്ന്‌ അതില്‍നിന്നുതന്നെ വ്യക്തമാകുന്നു. കൃഷ്ണയജുര്‍വ്വേദാന്തര്‍ഗ്ഗതമായ കലിസന്തരണ ഉപനിഷത്തിലാണ്‌ ഈ നാമമാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെടുന്നത്‌.

ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതില്‍ നാമകീര്‍ത്തനമാണ്‌ ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന്‌ നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. അതീവ സൂക്ഷ്മത ആവശ്യമുള്ളതും സങ്കീര്‍ണ്ണവുമായ മന്ത്രോപാസന, താന്ത്രിക കര്‍മ്മങ്ങള്‍, ഹോമ, പൂജാദികള്‍, തപസ്സ്‌ ആദിയായ ഉപാസനാമാര്‍ഗ്ഗങ്ങള്‍ എങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കും എന്നോര്‍ത്ത്‌ വിഷമിക്കുന്ന സാധാരണ മനുഷ്യന്‌ അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.  

ശ്രീരാമനവമി വ്രതം ആചരിക്കേണ്ടതെങ്ങനെ?

തലേന്ന് അഷ്ടമി ദിനത്തില്‍ ഒരിക്കലൂണ്. ഒരിക്കലൂണ്. നവമി ദിനത്തില്‍ ഉച്ച വരെ ഉപവാസം അനുഷ്ടിക്കണം. പുലര്‍ച്ചെ രാമക്ഷേത്രത്തിലോ വിഷ്ണു ക്ഷേത്രത്തിലോ ദര്‍ശനം നടത്തണം. രാമായണത്തിലെ അവതാര ഭാഗം, ശ്രീരാമ അഷ്ടോത്തരം, രാമചരിതമാനസം മുതലായവ പാരായണം ചെയ്യണം. പാരായണ ശേഷം ഭഗവാന്റെ പ്രതിമയിലോ ചിത്രത്തിലോ ആരതി നടത്താം. മദ്ധ്യാഹ്നം വരെ പൂര്‍ണ്ണ ഉപവാസം അനുഷ്ടിച്ച് ഉച്ചയ്ക്ക് അരി ആഹാരം കഴിക്കാം. ഭഗവാന്റെ ജന്മ ദിനമാകയാല്‍ വിശേഷ വിഭവങ്ങളും മധുരവും ഒക്കെ ആകാം. വൈകുന്നേരം സമൂഹ ആരതി, ഭജന എന്നിവയിലൊക്കെ പങ്കു കൊള്ളുക. കുടുംബ സുഖം, ആഗ്രഹ സാഫല്യം, ധനൈശ്വര്യം എന്നിവ ഫലമാകുന്നു. അവതാര വിഷ്ണു ബുധന്റെ ടെവതയാകയാല്‍ ജാതകത്തില്‍ ബുധന്റെ മൌഡ്യം, നീചസ്ഥിതി, അനിഷ്ട സ്ഥിതി എന്നിവ മൂലം വരുന്ന വിദ്യാ തടസ്സത്തിനും അലസതയ്ക്കും ഭാഗ്യലോപത്തിനും പരിഹാരമായി വിദ്യാര്‍ഥികല്‍ ശ്രീരാമ നവമിയില്‍ വ്രതം അനുഷ്ടിക്കുന്നത് ഉത്തമമാകുന്നു.


Share this Post
Focus Rituals