ഡിസംബർ 30 ന്  ഈ വ്രതം അനുഷ്ഠിക്കാമോ? ഈ വർഷം നോറ്റാൽ ഇരട്ടി ഫലം.

ഡിസംബർ 30 ന് ഈ വ്രതം അനുഷ്ഠിക്കാമോ? ഈ വർഷം നോറ്റാൽ ഇരട്ടി ഫലം.

Share this Post

ഒരു മാസത്തിൽ വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലുമായി രണ്ടു ഏകാദശികളാണ് ഉള്ളത്. ഇതിൽ പൗഷമാസത്തിലെ കറുത്ത പക്ഷ ഏകാദശി ആണ് സഫലാ ഏകാദശി എന്ന് അറിയപ്പെടുന്നത്. ധനു 15 ന് (30.12.2021) സഫലാ ഏകാദശി ആണ്. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. 2021 ഡിസംബർ 30 വ്യാഴാഴ്ചവരുന്ന ഈ ഏകാദശി വ്രതാനുഷ്ഠാനത്തോടെ ഭഗവാനെ ഭജിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിന് കാരണമാകും എന്നാണ് വിശ്വാസം.

ഈ വർഷം ഏകാദശിയും വിഷ്ണു പ്രീതികരമായ വ്യാഴാഴ്ചയും ഒത്തു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. അതും വളരെ വിശേഷമായ കാര്യമാണ്. ഭക്തർക്ക് വാഞ്ചിത ഫലം നിശ്ചയമായ ഏകാദശി വ്യാഴാഴ്ച വരുന്നത് ഫലസിദ്ധി ഇരട്ടിയാക്കും.

സഫലാ ഏകാദശി വ്രതം, വിധി പ്രകാരം നോക്കുന്ന ഒരാൾക്ക് ലഭിക്കുന്ന പുണ്യം, ഒരു ഭക്തൻ 5000 വർഷം ആരാധനയിൽ കൂടി നേടുന്ന പുണ്യത്തിനു തുല്യം ആണെന്നും, അതിനു സമമായ പുണ്യം മറ്റേതൊരു യജ്ഞം നടത്തുന്നതിൽ നിന്നും ഒരാൾക്കു ലഭിക്കുകയില്ല എന്നും വിശ്വസിക്കപ്പെടുന്നു.

പൂർണ്ണ ഉപവാസം എടുക്കാൻ കഴിയാത്തവർക്കു പഴങ്ങൾ, കരിക്ക് എന്നിവ കഴിച്ച് ഭഗവത് നാമം ജപിച്ചു വ്രതം എടുക്കാവുന്നതാണ്. എന്നാൽ ധാന്യങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. അന്ന് ലഭ്യമായ പഴങ്ങൾ ഭഗവാനു സ്നേഹത്തോടെ നിവേദിക്കാം. ഫലവർഗ്ഗങ്ങളാണ് ഭഗവാൻ നാരായണന് അന്ന് നിവേദിക്കാൻ ഉത്തമം.
അറിയാതെ ആണെങ്കിലും സഫലാ ഏകാദശി ദിവസം ഉപവസിച്ചു ഉറക്കം ഒഴിഞ്ഞു ഭഗവാനെ ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ ആ വ്യക്തി പ്രസിദ്ധനായി മാറുമെന്നും മരണശേഷം പൂർണ്ണമായും മോക്ഷം നേടി ഭഗവാന്റെ ലോകമായ വൈകുണ്ഢത്ത് പ്രവേശിക്കുവാൻ മഹാഭാഗ്യം സിദ്ധിക്കുമെന്ന കാര്യം നിസ്തർക്കമാണെന്ന് ഭഗവാൻ ഭവിഷ്യ ഉത്തര പുരാണത്തിൽ , സഫലാ ഏകാദശിയെ കുറിച്ച് അറിയാൻ താത്പര്യം പ്രകടിപ്പിച്ച യുധിഷ്ഠിരനോട് പറയുന്നുണ്ട്.

ഏകാദശി തിഥിയുടെ അവസാന 15 നാഴികയും ദ്വാദശിയുടെ ആദ്യ 15 നാഴികയും ചേരുന്ന 30 നാഴിക (12 മണിക്കൂർ) സമയമാണ് ഹരിവാസരം. ഈ വർഷത്തെ സഫലാ ഏകാദശി ദിനത്തിൽ ഹരിവാസര സമയം അന്നേദിവസം 08.19 a.m. മുതൽ 06.55 p.m. വരെ. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. കൂടാതെ ഹരിവാസര സമയം മുഴുവൻ അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.

ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് മുതൽ വ്രതം ആരംഭിക്കണം. ദശമി ദിനത്തിൽ ഒരിക്കലൂണ് അഭികാമ്യം . ഏകാദശി നാൾ പൂർണ ഉപവാസം അനുഷ്ഠിക്കണം. ആരോഗ്യസ്ഥിതി അനുസരിച്ച് പൂർണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങളോ, അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കാം. വെളുത്ത വസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്ര ദർശനം നടത്തി തുളസീ തീർഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവ കൊണ്ടുള്ള അർച്ചന നടത്തുന്നതും നല്ലതാണ്. കഴിയുമെങ്കിൽ അന്നേ ദിവസം നാമജപവും ഭജനവുമായി ഭക്തിപൂർവം കഴിച്ചു കൂട്ടുക. വിഷ്ണു സഹസ്രനാമം ചൊല്ലുന്നതും ഉത്തമം. ഏകാദശി ദിനത്തിലെ തുളസിപൂജ സർവ പാപഹരമാണ്.

ഏകാദശി ഒരിക്കൽ
29/12/2021 ബുധനാഴ്ച

ഏകാദശി വ്രതം
30/12/2021 വ്യാഴാഴ്ച

ഹരിവാസര സമയം
08.19 a.m. മുതൽ 06.55 p.m. വരെ

പാരണ സമയം (വ്രതം വീടുന്ന സമയം)

31/12/2021 വെള്ളിയാഴ്ച
07.11 a.m. മുതൽ 09.23 a.m. വരെ

ഏകാദശി തിഥി ആരംഭം
29/12/2021 04.12 p.m

ഏകാദശി തിഥി അവസാനം 30/12/2021 01.40 p.m


Share this Post
Focus Rituals