17.11.2023 നു വൃശ്ചിക മാസം ആരംഭിക്കുന്നതോടെ മണ്ഡലകാലം ആരംഭിക്കുകയാണ്. 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല ശാസ്താവിനെ ദര്‍ശിക്കുന്നതാണുത്തമം. ദുരിത പൂര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ പെട്ട് അലയുന്നവര്‍ക്കും ജീവിത വിജയത്തിനും ഏറ്റവും നല്ല മാര്‍ഗ്ഗമാണ് അയ്യപ്പ ഭജനം. ശനിദോഷം അകലാൻ ശബരിമല ദർശനം പോലെ മറ്റൊരു കർമമില്ല. ശനിപ്പിഴയാൽ കർമ്മ വൈഷമ്യം നേരിടുന്നവർ വിധിപ്രകാരം ശബരിമല ദർശനം ചെയ്താൽ പിന്നെ തൊഴിലിൽ വച്ചടി വച്ചടി കയറ്റമായിരിക്കും എന്നത് ലക്ഷക്കണക്കിന് ഭക്തരുടെ അനുഭവ സാക്ഷ്യമാണ്.
വ്രതാരംഭം
ഏറ്റവും യോഗ്യനായ ആചാര്യനില്‍ നിന്ന് നേരത്തെ തന്നെ ഉപദേശാനുഞ്ജകള്‍ വാങ്ങി വ്രതമെടുക്കുന്നതാണ് നല്ലത്. ബ്രഹ്മചാരിഭാവത്തിലുള്ള പ്രതിഷ്ഠ ആയതിനാല്‍ ബ്രഹ്മചര്യവ്രതത്തിനാണ് പരമ പ്രാധാന്യം. ഒരു മണ്ഡലകാലമായ നാല്പത്തിയൊന്നു ദിവസമാണ് വ്രതമെടുക്കേണ്ടത്. വൃശ്ചികം ഒന്നു മുതല്‍ 41 ദിവസമാണ് ഒരു മണ്ഡലകാലം. പൊന്നും പതിനെട്ടാം പടി ചവിട്ടുന്നവര്‍ നിർബന്ധമായും 41 ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടതാണ്.
എന്തുകൊണ്ട് പതിനെട്ടാം പടി ചവിട്ടാൻ വ്രതം നിർബന്ധം?
ലോകത്ത് ഒരു ക്ഷേത്രത്തിലും ക്ഷേത്രപ്പടികളില്‍ ഹവിസ്സ് തൂവാറില്ല. ഹവിസ്സ് എന്നാല്‍ ദേവതകള്‍ക്ക് ഹോമാഗ്നിയില്‍ അര്‍പ്പിക്കുന്ന പവിത്രമായ അന്നമാണ്. അത് പടികളില്‍ തൂവുന്നതിന്റെ പൊരുള്‍ എന്തെന്നാല്‍ പടികളില്‍ ഹവിസ്സിന് അര്‍ഹരായ ദേവതകള്‍ അധിവസിക്കുന്നു എന്നതാണ്. ആ ദേവതകളെ പാദ സ്പര്‍ശം ചെയ്താണ് നാം അയ്യപ്പനെ കാണേണ്ടത്. അത്ര പവിത്രമായ പടികളെ വ്രതശുദ്ധി കൂടാതെ സ്പര്‍ശിക്കാമോ?
പാടില്ലതന്നെ.
മാലയിടീല്‍
വ്രതത്തിന്റെ ആദ്യപടി മാലയിടീല്‍ ആണ്. വൃശ്ചികം ഒന്നാം തീയതി മാലയിടുന്നതാണ് ഏറ്റവും നല്ലത്. അയ്യപ്പക്ഷേത്രങ്ങളില്‍ നിന്ന്, അതു പ്രയാസമാണെങ്കില്‍ മറ്റേതെങ്കിലും ക്ഷേത്രത്തില്‍ നിന്ന് അതുമല്ലെങ്കില്‍ ഗുരുസ്വാമിയില്‍ നിന്ന് പൂജാമുറിയില്‍ വച്ചോ മാലയിടാം. അതിരാവിലെ ഉണര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ ചെയ്ത് കുളിച്ച് അലക്കിത്തേച്ച അല്ലെങ്കില്‍ പുതുവസ്ത്രമണിഞ്ഞ് ക്ഷേത്രദര്‍ശനം നടത്തി ഗണപതിക്ക് തേങ്ങ ഉടച്ചശേഷമേ മാലയിടാവൂ. മുദ്ര ധരിക്കല്‍ എന്നും മാലയിടുന്നതിനു പറയാറുണ്ട്. തുളസിമാലയാണ് ഉത്തമം. രുദ്രാക്ഷമാലയും ധരിക്കാം. അയ്യപ്പഭഗവാന്റെ മുദ്രയുള്ള മാല വേണം ധരിക്കാന്‍. ശനിയാഴ്ചയോ ഒന്നാം തീയതിയോ ഭഗവത് പ്രീതികരമായ കറുത്തവസ്ത്രമോ നീല വസ്ത്രമോ ധരിച്ച് മുദ്ര ധരിക്കണം. ആ സമയത്ത് അറിയാതെയോ അറിഞ്ഞോ ചെയ്ത്‌തോ പറഞ്ഞതോ ചിന്തിച്ചതോ ആയ തെറ്റുകള്‍ക്ക് ഭഗവാനോട് ക്ഷമചോദിക്കണം.
മുദ്രാധാരണം
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. മാലയിട്ടാല് പിന്നെ ആ ഭക്തന് അയ്യപ്പനാണ്. മറ്റുള്ളവർ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്. ഏതു ദിവസവും മാലയിടാം. വൃശ്ചികം ഒന്നാം തീയതി ഉത്തമം. വൃശ്ചികം ആദ്യം ദർശനം നടത്തേണ്ടവർ 41 ദിനങ്ങൾ മുൻപേ മാലയിടണം. ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മനാളാണ്. തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, താമരക്കായ എന്നിവ മുത്താക്കിയുള്ള മാലയും ധരിക്കാം. മാലയിടുമ്പോള് ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം. മന്ത്രം ഇതാണ്
‘ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം
ശാന്മുദ്രാം സത്യമുദ്രാം
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന
മുദ്രാംപാതു സദാപിമേം
ഗുരുദക്ഷിണയാപൂര്വ്വം
തസ്യാനുഗ്രഹകാരണേ
ശരണാഗതമുദ്രാഖ്യാം
തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ
നമസ്തുഭ്യം നമോ നമ
വ്രതനിഷ്ഠ
മാല ധരിച്ചു കഴിഞ്ഞാല്‍ കഴിവതും ഭഗവത് നാമവും ഭഗവത് കാര്യങ്ങളും മാത്രം ചിന്തിക്കുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. ഇന്നത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ലാത്തതിനാല്‍ കുറഞ്ഞത് പരദൂഷണം പറയാതിരിക്കുകയോ പരദോഷം ചിന്തിക്കാതിരിക്കുകയോ എങ്കിലും ചെയ്യുക. മത്സ്യം, മാംസം, മുട്ട, പഴകിയ ഭക്ഷണം, മറ്റുള്ളവര്‍ കഴിച്ചതിന്റെ ബാക്കി ഇവ കഴിക്കരുത്. ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ശരീരവും മനസ്‌സും ഒരു പോലെ ശുദ്ധമാണെങ്കിലേ വ്രതം പൂര്‍ണ്ണമാകൂ. പതിനെട്ടാം പടി ചവിട്ടാന്‍ വ്രതമെടുക്കുന്നവര്‍ ആരായാലും അവര്‍ അയ്യപ്പന്‍ തന്നെയാണ്. അതിനാലാണ് അവരെ സ്വാമി എന്നു വിളിക്കുന്നത്. സ്ത്രീകളാണെങ്കിൽ മാളികപ്പുറം എന്നു വിളിക്കാം. അതിനാല്‍ അവരുടെ വാക്കും നോക്കും പ്രവര്‍ത്തിയും സ്വയം അയ്യപ്പനാണെന്ന ചിന്തയോടെ വേണം.
ആരോടെങ്കിലും സംസാരിക്കുന്നതിനു മുമ്പും പിമ്പും സ്വാമി ശരണം എന്നു പറയുന്നത് ഏറ്റവും ഉത്തമമാണ്. കഴിയുന്നതും എല്ലാ ദിവസവും ക്ഷേത്രദര്‍ശനം നടത്തണം. വ്രതം മുറിഞ്ഞാല്‍ വീണ്ടും ആദ്യം മുതല്‍ വ്രതം തുടങ്ങുകയേ നിര്‍വാഹമുള്ളൂ എന്നറിയണം.
നിത്യവും ഈ 21 ശാസ്തൃ മന്ത്രങ്ങൾ സ്നാന ശേഷം ജപിക്കുക.. ജീവിതം മാറിമറിയും
21 വിശിഷ്ട ശാസ്തൃ മന്ത്രങ്ങൾ
ഓം കപാലിനേ നമഃ
ഓം മാനനീയായ നമഃ
ഓം മഹാധീരായ നമഃ
ഓം വീരായ നമഃ
ഓം മഹാബാഹവേ നമഃ
ഓം ജടാധരായ നമഃ
ഓം കവയേ നമഃ
ഓം ശൂലിനേ നമഃ
ഓം ശ്രീദായ നമഃ
ഓം വിഷ്‌ണുപുത്രായ നമഃ
ഓം ഋഗ്വേദരൂപായ നമഃ
ഓം പൂജ്യായ നമഃ
ഓം പരമേശ്വരായ നമഃ
ഓം പുഷ്‌കലായ നമഃ
ഓം അതിബലായ നമഃ
ഓം ശരധരായ നമഃ
ഓം ദീര്‍ഘനാസായ നമഃ
ഓം ചന്ദ്രരൂപായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം കാലശാസ്‌ത്രേ നമഃ
ഓം മദനായ നമഃ”
ശബരിമലയ്ക്ക് പോകാൻ കഴിയാത്തവർക്കും 41 ദിവസം ഈ മന്ത്രം ജപിച്ചാൽ അയ്യപ്പൻറെ അനുഗ്രഹം ലഭിക്കും. തീർച്ച.