വിനോദ് ശ്രേയസ്.
ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാണ്. നരകാസുര വധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെ അവ നീണ്ടു കിടക്കുന്നു. എങ്കിലും മഹാവിഷ്ണു നരകാസുരനെ വധിച്ച കഥയ്ക്കാണ് കൂടുതല്‍ പ്രചാരം. പാലാഴി മഥന വേളയില്‍ പാലാഴിയില്‍ നിന്നും ലക്ഷ്മീദേവി പ്രത്യക്ഷമായതും ദീപാവലി ദിവസത്തില്‍ ആണെന്ന് കരുതപ്പെടുന്നു.എന്തുതന്നെ ആയാലും തിന്മയുടെ ഇരുട്ടിന്മേല്‍ നന്മയുടെ വെളിച്ചം വിജയിക്കുന്ന ദിവസമാണ് ദീപാവലി.
തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമാണ് ദീപാവലി എന്ന് പ്രശസ്തിയാര്‍ജിച്ച ആഘോഷം. ഈ വർഷം 2023 നവംബർ മാസം പന്ത്രണ്ടാം തീയതി ഞായറാഴ്ചയാണ് ഈ പുണ്യദിനം. കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് നരകചതുര്‍ദശിയായും ദീപാവലിയായും ആഘോഷിക്കുന്നത്. നരകാസുരന്റെ വധവുമായി ബന്ധപ്പെട്ടതാണ് ദീപാവലി ആഘോഷത്തിന്റെ ഐതിഹ്യം. ധിക്കാരിയും അഹങ്കാരിയും ക്രൂരനുമായ നരകാസുരന്‍ ഭൂമിദേവിയുടെ മകനായിരുന്നു. ദേവന്മാരുമായി കടുത്ത ശത്രുതയിലായിരുന്ന ഈ അസുരന്‍ അവരെ ദ്രോഹിക്കുന്നതില്‍ അതിയായ ആനന്ദം കണ്ടെത്തി. സഹികെട്ടവരും അവശരുമായ ദേവന്മാര്‍ ഓം ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ എന്ന് ഉരുവിട്ടുകൊണ്ട് ശ്രീകൃഷ്ണ ഭഗവാനെ അഭയം പ്രാപിച്ചു. അവരുടെ സങ്കടവും പരവശതയും കണ്ട് നരകാസുരനെ വധിക്കാമെന്ന് ഭഗവാന്‍ വാക്ക് കൊടുത്തതനുസരിച്ച് കൃത്തിക മാസം ചതുര്‍ദശി ദിവസം ആ കൃത്യം നിര്‍വഹിക്കുകയും ചെയ്തു. മരണശയ്യയില്‍ നരകാസുരന്‍ പശ്ചാത്തപിച്ച് ഭഗവാനോട് എന്തെങ്കിലും തനിക്ക് ചെയ്തുതരണമെന്ന് പ്രാര്‍ത്ഥിച്ചു. ഭൂമിദേവിയും മകന്റെ ഓര്‍മയ്ക്ക് ഒരു ദിവസം ഭൂമിയില്‍ കൊണ്ടാടണമെന്ന് പ്രാര്‍ത്ഥനയിലൂടെ തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ശ്രീകൃഷ്ണ ഭഗവാന്‍ അതിനനുവദിച്ച ദിവസമത്രെ ദീപാവലി.
ദീപാവലി കുളി
പദ്മ പുരാണത്തില്‍ ഭഗവാന്‍ പരമശിവന്‍ പുത്രനായ സുബ്രഹ്മണ്യനോട് ഇപ്രകാരം പറയുന്നു.
തൈലേ ലക്ഷ്മിര്‍ ജലേ ഗംഗാ
ദീപാവല്യാം ചതുര്‍ദ്ദശീം
പ്രാത സ്നാനാം ഹിയ കുത്യാത്
യമലോകം നപശുതി
ദീപാവലി ദിനത്തില്‍ ലക്ഷ്മീ ദേവി എണ്ണയിലും ഗംഗാദേവി ജലത്തിലും സാന്നിധ്യപ്പെടുന്നു. ആ ദിവസത്തില്‍ പ്രഭാത സ്നാനം സര്‍വ്വൈശ്വര്യങ്ങളും നല്‍കും. അതിലൂടെ അപമൃത്യുവും അകാലമൃത്യുവും പോലും കീഴടക്കാം. മരണാനന്തരം യമ ലോകം എന്ന ഭീതിയും ഒഴിവാകും.
നരകാസുര നിഗ്രഹ ശേഷം യുദ്ധ ക്ഷീണം അകറ്റുവാനായി ശ്രീകൃഷ്ണ ഭഗവാന്‍ വിസ്തരിച്ച് എണ്ണ തേച്ചു കുളിച്ചതിന്‍റെ സ്മരണയാണ് ദീപാവലി ദിവസത്തെ എണ്ണ തേച്ചു കുളിയിലൂടെ അനുസ്മരിക്കപ്പെടുന്നത്. യുദ്ധ വിജയ സന്തോഷാര്‍ത്ഥം ദീപങ്ങള്‍ തെളിയിച്ചതിന്‍റെയും മധുരം പങ്കിട്ടതിന്‍റെയും സ്മരണ ഈ ദിവസം അനുസ്മരിക്ക പ്പെടുന്നു. വിശദമായ എണ്ണ തേച്ചു കുളി, വിഭവ സമൃദ്ധമായ സദ്യയും മധുര പലഹാരങ്ങളും, വൈകിട്ട് ദീപ പ്രഭയാല്‍ പ്രകാശപൂര്‍ണ്ണമായ അന്തരീക്ഷം മുതലായവ ദീപാവലിയുടെ മാത്രം പ്രത്യേകതകളാണ്. തമിഴ് ബ്രാഹ്മണര്‍ അന്നേ ദിവസം രാവിലെ തമ്മില്‍ കാണുമ്പോള്‍ ”എന്നാ ഗംഗാസ്‌നാനം ആച്ചാ?” എന്നാണ് അഭിസംബോധന ചെയ്യുക. എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങള്‍ ധരിക്കല്‍, മധുരപലഹാരങ്ങള്‍ ഭുജിക്കല്‍, വിതരണം ചെയ്യല്‍, പടക്കം പൊട്ടിക്കല്‍, മറ്റ് ആഘോഷങ്ങള്‍ നടത്തല്‍ എന്നിവ ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. വൈകുന്നേരം യമധര്‍മരാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും നിലവിലുണ്ട്. യമരാജാവിന്റെ 14 നാമങ്ങള്‍ ചൊല്ലി യമന് ജലത്താല്‍ അര്‍ഘ്യം സമര്‍പ്പിക്കുന്ന സമ്പ്രദായവും ചില സ്ഥലങ്ങളില്‍ ഉണ്ട്.
യമായ – ധര്‍മരാജായ – മൃത്യുവേ ച – അന്തകായ ച – വൈവസ്വതായ – കാലായ – സര്‍വഭൂത – ക്ഷയായ ച – ഔദുംബരായ – ദധ്‌നായ – നീലായ – പരമോഷ്ഠിനെ – വൃകോദരായ – ചിത്രായ – ചിത്രഗുപ്തായ തേ നമഃ എന്നതാണ് 14 മന്ത്രം. യമധര്‍മന് അര്‍ഘ്യം സമര്‍പ്പിക്കുമ്പോള്‍ ഈ മന്ത്രമാണ് ചൊല്ലേണ്ടത്. യമഭയം ഇല്ലാതാക്കുവാന്‍ ദീപാവലി ദിവസം നിറച്ചും ദീപങ്ങള്‍ തെളിയിച്ച് മംഗളസ്‌നാനം ചെയ്ത് ഈ സുദിനം ധന്യധന്യമായി കൊണ്ടാടണം എന്ന് മഹാബലി നിര്‍ദ്ദേശിച്ചതായി ചില ഗ്രന്ഥങ്ങളിൽ കാണുന്നു.
ദീപാവലി ദിനത്തില്‍ മഹാലക്ഷ്മീ പൂജ നടത്തുന്നത് സര്‍വൈശ്വര്യ പ്രദായകമാണ്. കൂടാതെ ഈ ദിവസം ധനപതിയായ കുബേരന്‍, വിഘ്നേശ്വരന്‍, ഇന്ദ്രന്‍, മഹാവിഷ്ണു, സരസ്വതി എന്നിവരെയും പൂജിക്കണം. സമ്പത്ത് ഉണ്ടാകുവാന്‍ കുബേരനെയും വിഘ്ന നിവാരണത്തിന് ഗണപതിയെയും സുഖ ലബ്ധിക്ക് ഇന്ദ്രനെയും ആഗ്രഹ സാഫല്യത്തിന് മഹാവിഷ്ണുവിനെയും വിദ്യാഭിവൃദ്ധിക്കും ബുദ്ധി വികാസത്തിനും സരസ്വതിയെയും പൂജിക്കുക.
ഉത്തരേന്ത്യയില്‍ ദീപാവലിയുടെ ഐതിഹ്യം മറ്റൊന്നാണ്. രാവണ-കുംഭകര്‍ണ-ഹനനത്തിന് ശേഷം തിരിച്ചെത്തുന്ന ശ്രീരാമചന്ദ്ര പ്രഭുവിനെ വരവേല്‍ക്കുന്ന ഒരു മഹത്തായ ഉത്സവമായി ദീപാവലി ആഘോഷിക്കപ്പെടുന്നു. ശ്രീരാമചന്ദ്ര ഭഗവാന്റെ രാജ്യാഭിഷേകത്തിന്റെ ഭാഗമായും ഈ ദീപോത്സവം ആഘോഷവും തിമിര്‍പ്പും ചേര്‍ന്ന് പവനമായ ഒരു അന്തരീക്ഷത്തില്‍ ഭംഗിയായി ആഘോഷിക്കുന്നു. രാവണ, കുംഭകര്‍ണാദികളുടെ വികൃതവും നല്ല ഉയരവുമുള്ളതും ആയ പ്രതിമകള്‍ പടക്കം നിറച്ച് സന്ധ്യാ സമയത്ത് തീ കൊടുത്ത് കത്തിക്കുന്നത് ഒട്ടേറെ സ്ഥലങ്ങളില്‍ കാണാം. അഹംഭാവം മാറും എന്നതാണ് ഇതിന്റെ പിന്നിലെ വിശ്വാസം.
ഗുജറാത്തില്‍ ദീപാവലി പുതുവര്‍ഷ പിറവിയാണ്. മഹാരാഷ്ട്രയില്‍ നാല് ദിവസത്തെ ഉത്സവമാണ് ദീപാവലി. പശ്ചിമബംഗാളിലും രാജസ്ഥാനിലും മരിച്ചുപോയ പിതൃക്കള്‍ തിരിച്ചുവരുന്നതായി സങ്കല്പിച്ച് ആചരിക്കുന്നു. ജൈനമതക്കാര്‍ വര്‍ദ്ധമാനന്റെ നിര്‍വാണ ദിനമായി ആചരിക്കുന്നു.