ഏഴര ശനി ,കണ്ടക ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ 

ഏഴര ശനി ,കണ്ടക ശനി ദോഷമുള്ളവര്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍ 

Share this Post

ജ്യോതിഷത്തില്‍ ശനിയുടെ അധിദേവതയാണ്‌ ശാസ്താവ്‌. ശനി ദോഷങ്ങളകറ്റുന്നതിന്‌ ശാസ്തൃഭജനമാണ്‌ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്‌. ശനിയാഴ്ചകളില്‍ ഉപവാസവ്രതാദികള്‍ അനുഷ്ഠിച്ച്‌ ശാസ്താ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിക്കുക. നീരാജനമാണ്‌ ശാസ്താപ്രീതിക്കായി നടത്തുന്ന ലളിതവും മുഖ്യവുമായ വഴിപാട്‌. നാളികേരം ഉടച്ച്‌ ആ മുറികളില്‍ എള്ളെണ്ണ ഒഴിച്ച്‌ എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ്‌ നീരാഞ്ജനം. ഇത്‌ വീടുകളിലും ശാസ്താവിന്റെ ചിത്രത്തിനുമുന്നിലും കത്തിക്കാവുന്നതാണ്‌. ശനിദോഷപരിഹാരത്തിനും ഈ കര്‍മം ഫലപ്രദം. എള്ളിന്റെയും എള്ളെണ്ണയുടെയും കാരകനും ശനിയാണെന്ന്‌ ഓര്‍ക്കുക.ജാതകത്തില്‍ ശനി ഒന്‍പതില്‍ നില്‍ക്കുന്നവരും ഇടവ, മിഥുന, തുലാം ലഗ്നങ്ങളില്‍ ജനിച്ചവരും ജീവിതത്തില്‍ പതിവായി ശാസ്താവിനെ ഭജിക്കുന്നത്‌ ഭാഗ്യപുഷ്ടിയും ദുരിതശാന്തിയും നല്‍കും.

ശനിക്ക്‌ മംഗല്യസ്ഥാനവുമായി ദൃഷ്ടിയോഗാദികളുള്ള ജാതകര്‍ക്ക്‌ വിവാഹത്തിന്‌ കാലതാമസമനുഭവപ്പെടാം. ഇതിന്റെ പരിഹാരത്തിന്‌ ഭാര്യാസമേതനായി ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രത്തില്‍ നിശ്ചിത ശനിയാഴ്ചകള്‍ (ദോഷകാഠിന്യമനുസരിച്ച്‌ 18,21,41) തുടര്‍ച്ചയായി ദര്‍ശനം നടത്തി ശാസ്തൃസൂക്തപുഷ്പാഞ്ജലി, നീരാജനം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നത്‌ ഫലപ്രദമായിരിക്കും. സമാപന ശനിയാഴ്ച ശാസ്തൃപൂജയും സ്വയംവരപൂജയും നടത്തുന്നത്‌ കൂടുതല്‍ ഫലപ്രദമാണ്‌.

ശനിയാഴ്ചകളില്‍ കറുത്തതോ നീലയോ വസ്ത്രങ്ങള്‍ ധരിക്കുകയും ഒരിക്കലൂണോ പൂര്‍ണ ഉപവാസമോ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ടുവേണം ക്ഷേത്രദര്‍ശനം നടത്തുകയും പൂജാകര്‍മത്തില്‍ പങ്കാളിയാവുകയും ചെയ്യേണ്ടത്‌. ജാതകത്തില്‍ അനിഷ്ടസ്ഥിതനായ ശനിയുടെ ദശാകാലം, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവകളില്‍ നിത്യവും ശാസ്താവിനെ ഭജിക്കുകയും ശനിയാഴ്ചകളിലും ജാതകന്റെ ജന്മനക്ഷത്രദിവസവും വ്രതശുദ്ധിയോടെ ശാസ്താക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യേണ്ടതാണ്‌.

നാലില്‍ നില്‍ക്കുന്ന ശനിയുടെ ദശാകാലത്തും ശനി ഗോചരാല്‍ നാലില്‍ സഞ്ചരിക്കുന്ന കാലത്തും മാതാവും കുടുംബാംഗങ്ങളും ഒന്നിച്ച്‌ ശനിയാഴ്ചതോറും ശാസ്താക്ഷേത്രദര്‍ശനം നടത്തുന്നത്‌ നന്നായിരിക്കും. അതുപോലെ ഏഴില്‍ നില്‍ക്കുന്ന ശനിയുടെ ദശാകാലത്തും ശനി ഗോചരാല്‍ ഏഴില്‍ സഞ്ചരിക്കുന്ന കാലത്തും ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച്‌ ശാസ്താക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമാണ്‌.

തിരുവാതിര, ചോതി, ചതയം, രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം എന്നീ നക്ഷത്രക്കാര്‍ ശനിദശകാലത്ത്‌ സവിശേഷ പ്രാധാന്യത്തോടെ ശാസ്തൃഭജനം നടത്തേണ്ടതാണ്‌. പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രങ്ങളുടെ അധിപന്‍ ശനിയായതിനാല്‍ ഈ നക്ഷത്രക്കാര്‍ ദശാകാലപരിഗണനകളില്ലാതെ പതിവായി ശാസ്താവിനെ ഭജിക്കുന്നത്‌ ജീവിതത്തില്‍ പൊതുവായ ശുഭഫലങ്ങള്‍ ലഭിക്കുന്നതിന്‌ ഉത്തമം.


ശബരിമല ശാസ്താവിന്റെ ധ്യാനം:

ധ്യായേത് ചാരു ജടാനിബദ്ധമകുടം ദിവ്യാംബരം ജ്ഞാനമു-ദ്രോദ്യദ്ദക്ഷകരംപ്രസന്നവദനംജാനുസ്ഥഹസ്തേതരം
മേഘശ്യാമളകോമളംസുരനുതം ശ്രീയോഗപട്ടാംബരം
വിജ്ഞാനപ്രദമപ്രമേയസുഷമം ശ്രീഭൂതനാഥംവിഭും
അര്‍ഥം :-
ശോഭയാര്‍ന്ന ജടാമകുടത്തില്‍ കിരീടം ധരിച്ചവനും ദിവ്യവസ്ത്രം ധരിച്ചവനും വലതുകൈ ജ്ഞാനമുദ്രയോടുകൂടിയവനും പ്രസന്നവദനത്തോടുകൂടിയവനും ഇടതുകൈ കാല്‍മുട്ടിന്‍മേല്‍ വെച്ചിരിക്കുന്നവനും മേഘം പോലെ കറുത്തു ശോഭയാര്‍ന്നവനും ദേവന്മാരാല്‍സ്തുതിക്കപ്പെടുന്നവനുംയോഗപട്ടത്തോടുകൂടിയവനും വിജ്ഞാനദായകനും മനോഹരനുമായ ശ്രീഭൂതനാഥനെ ധ്യാനിക്കണം.
മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായഗോപ്ത്രേ നമഃ
പ്രാര്‍ത്ഥനാമന്ത്രങ്ങള്‍


 1. ഭൂതനാഥ സദാനന്ദ
  സര്‍വഭൂതദയാപര
  രക്ഷരക്ഷമഹാബാഹോ
  ശാസ്ത്രേതുഭ്യം നമോ നമഃ

 2. ഭൂതനാഥമഹം വന്ദേ
  സര്‍വലോകഹിതേ രതം
  കൃപാനിധേ സദാസ്മാകം
  ഗ്രഹപീഡാംസമാഹര

Share this Post
Astrology Rituals