കുടുംബ പ്രാരബ്ധങ്ങൾ, ജാതകദോഷം, ജോലി, വിദ്യാഭ്യാസം എന്നീ പല കാരണങ്ങളാൽ ചിലരുടെ വിവാഹം നീണ്ടുപോവാറുണ്ട്. വിശദമായ ജാതകപരിശോധനയിലൂടെ പരിഹാരങ്ങൾ ചെയ്‌താൽ ഒരു പരിധിവരെ വിവാഹതടസ്സങ്ങൾ മാറും. ചില പ്രത്യേക വഴിപാടുകളും വ്രതങ്ങളും ക്ഷേത്രദർശനങ്ങളും മൂലം മംഗല്യഭാഗ്യവും ഉത്തമപങ്കാളിയെയും ലഭിക്കും എന്നാണ് വിശ്വാസം.
പാർവതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നതും ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ കഴിപ്പിക്കുന്നതും വിവാഹ തടസ്സം നീങ്ങാൻ ഉത്തമമാണ്. തിങ്കളാഴ്ചയും രോഹിണിയും ഒരുമിച്ചു വരുന്ന ദിനത്തിൽ നടത്തുന്ന സ്വയംവരപുഷ്പാഞ്ജലി ആഗ്രഹസിദ്ധി വരുത്തുന്നു. ഉമയോടു കൂടിയ ശിവഭഗവാനെ തിങ്കളാഴ്ചദിവസം ഭക്തിയോടെ സ്മരിക്കണം. ശിവക്ഷേത്രത്തിൽ പാർവതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കൽ സമർപ്പിക്കുന്നതും ഉത്തമം. നാല്പത്തൊന്നു തിങ്കളാഴ്ച ശ്രീപാർവതീദേവിയെ പ്രാർഥിച്ചു തുമ്പപ്പൂക്കൾ ശിവന്റെ നടയ്ക്കൽ സമർപ്പിച്ചാൽ മംഗല്യഭാഗ്യം സുനിശ്ചയം. പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ ”ഓം ഹ്രീം ഉമായൈ നമ :” ഭക്തിയോടെ ജപിക്കാവുന്നതാണ്.
ധനുമാസത്തിലെ തിരുവാതിര ശ്രീപരമേശ്വരന്റെ ജന്മനാളാണ്. അന്നേ ദിവസം തിരുവാതിര വ്രതം അനുഷ്ഠിക്കുന്നതും ശിവപ്രീതികരമായ ജപങ്ങളും പൂജകളും നടത്തുന്നത് ഉത്തമം. ശിവഭഗവാന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ആദ്യമായി തിരുവാതിരവ്രതം അനുഷ്ഠിച്ചത് പാർവതീ ദേവിയായിരുന്നു. കൂടാതെ ശ്രീപരമേശ്വരനും പാർവതീദേവിയും തമ്മിലുളള വിവാഹം നടന്നത് തിരുവാതിര നാളിലാണെന്നും ഐതീഹ്യമുണ്ട്. ശക്തി ശിവനോടൊപ്പം ചേരുന്ന ഈ തിരുവാതിര ദിനത്തിൽ വ്രതം അനുഷ്ഠിച്ചാൽ ഉത്തമ ദാമ്പത്യ ജീവിതം ലഭ്യമാകുമെന്നാണ് വിശ്വാസം.
മംഗല്യഭാഗ്യത്തിനും ഉത്തമ ദാമ്പത്യജീവിതത്തിനും ദർശിക്കേണ്ട ചില ക്ഷേത്രങ്ങളെ കുറിച്ചു കൂടി കൂടി അറിയാം .
ക്ഷിപ്രപ്രസാദിനിയായ കന്യാകുമാരി ദേവി
ആദിപരാശക്തിയുടെ അവതാരമായ കന്യാകുമാരീദേവിയോട് അവിവാഹിതരായവർ പ്രാർത്ഥിച്ചാൽ പെട്ടെന്ന് വിവാഹം നടക്കുമെന്നാണ് വിശ്വാസം.
എല്ലാമറിയുന്ന തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമി
ജാതകദോഷത്താൽ വിവാഹപ്രായം അതിക്രമിച്ചവർക്കും വിവാഹം നടത്താനുള്ള എല്ലാ സൗകര്യങ്ങളുണ്ടായിരുന്നിട്ടും വിവാഹതടസ്സം നേരിടുന്നവർക്കും തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ വിരഹദാമ്പത്യം അനുഭവിക്കുന്നവർക്കും ആശ്രയകേന്ദ്രമാകുന്ന ദേവസ്ഥാനമാണു തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയുടെ സമുദ്രതീരത്തു സ്ഥിതിചെയ്യുന്ന വള്ളീദേവസേനാ സമേതനായ തിരുച്ചെന്തൂർ ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രം. നിർമാല്യ ദർശനത്തിശേഷം പാൽ, പനിനീർ, പഞ്ചാമൃതം, വിഭൂതി, നല്ലെണ്ണ, തേൻ, പഴം എന്നീ ദ്രവ്യങ്ങൾ കൊണ്ട് ഭഗവാന് അഭിഷേകം നടത്തുന്നത് ഉത്തമം.
ദീർഘമാംഗല്യവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ചെങ്ങന്നൂരമ്മ
പരബ്രഹ്മസ്വരൂപനായ മഹാദേവനെ കിഴക്കു ഭാഗത്തേക്കും ആദിപരാശക്തിയായ ശ്രീ പാർവതീദേവിയെ പടിഞ്ഞാറു ഭാഗത്തേക്കും അഭിമുഖമായി ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവക്ഷേത്രം . ചെങ്ങന്നൂരമ്മ രജസ്വലയാകുന്നു എന്ന സങ്കൽപ്പത്തിൽ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് ഇവിടെ പ്രസിദ്ധമാണ് . വിവാഹതടസം ഒഴിയാനും ദീർഘമംഗല്യത്തിനും ഐശ്വര്യത്തിനും ദേവീദർശനം ഉത്തമമാണ്. ഉമാമഹേശ്വരപൂജ നടത്തി പ്രാർത്ഥിച്ചാൽ ഉത്തമദാമ്പത്യം ലഭിക്കുമെന്നാണ് വിശ്വാസം.

വിവാഹത്തെ സംബന്ധിച്ച് ജ്യോതിഷത്തില്‍ വിശകലനം നടത്തുമ്പോള്‍ ജാതകന്‍റെ ( ജാതകിയുടെ) ജാതകത്തിലെ ഏഴാം ഭാവം, ഏഴാം ഭാവാധിപന്‍, എട്ടാം ഭാവം, അതിന്‍റെ അധിപന്‍, ലഗ്നം, ശുക്രന്‍, ചന്ദ്രന്‍, ചൊവ്വ, ശനി, രാഹു എന്നീ ഗ്രഹങ്ങളുടെ സ്ഥാനം, വ്യാഴത്തിന്‍റെ സ്ഥാനം, മേല്‍പ്പറഞ്ഞഗ്രഹങ്ങളുടെ ദൃഷ്ടി ഇവയ്ക്കെല്ലാം വലിയ പ്രാധാന്യംഉണ്ട്.
ക ളത്രസ്ഥാനമായ ഏഴാം ഭാവത്തിന്‍റെ അധിപതി ജാതകത്തിലെ അനിഷ്ടസ്ഥാനങ്ങളായ ആറ്, എട്ട്, പന്ത്രണ്ട് എന്നീ സ്ഥാനങ്ങളിലോ ബാധകസ്ഥാനത്തിലോ ഇരുന്നാലും, കുജന്‍(ചൊവ്വാ) രണ്ട്, നാല്, ഏഴ്, എട്ട്, പന്ത്രണ്ട് എന്നീ ഭാവങ്ങളില്‍ ഇരുന്നാലും അതായത് ജാതകപ്രകാരം ചൊവ്വാദോഷമുണ്ടായിരുന്നാലും, ചൊവ്വാ അഞ്ചില്‍ നിന്നാലും ജാതകത്തില്‍ ഗുരുശുക്രയോഗമുണ്ടായാലും വിവാഹം വൈകി മാത്രമേ നടക്കാറുള്ളൂ. മേല്‍പ്പറഞ്ഞ രാശികളില്‍ രാഹുനിന്നാലും വിവാഹം താമസിക്കും.
ശനി നാലാം ഭാവത്തിലോ ഏഴാം ഭാവത്തിലോ (കളത്ര സ്ഥാനം) ശുഭഗ്രഹ വീക്ഷണമില്ലാതെ നിന്നാലും വിവാഹം വൈകുന്നതാണ്. ഇനി, ലഗസ്ഥിതനായ ശനി ഏഴാം ഭാവത്തെ വീക്ഷിക്കുകയോ മറ്റുഏതെങ്കിലും ഭാവത്തില്‍നിന്ന് ഏഴാം ഭാവാധിപനെ വീക്ഷിക്കുകയോ ചെയ്താലും ദോഷകരമാണ്. കൂടാതെ, ശനി ഏഴില്‍ നിന്നാലും വിവാഹം താമസിക്കും. ശനിക്ക് മൂന്നിലേക്കും ഏഴിലേയ്ക്കും പത്തിലേയ്ക്കും ദൃഷ്ടിയുണ്ട്. എന്നാല്‍, ഏഴാം ഭാവത്തില്‍ വ്യാഴം നില്‍ക്കുകയോ ഏഴാം ഭാവത്തെയോ ഏഴാം ഭാവാധിപനെയോ വ്യാഴം വീക്ഷിക്കുകയോ ചെയ്‌താല്‍ ശനിദോഷം കുറയും. വിവാഹം അധികം വൈകാതെ നടക്കും.
ഏഴാം ഭാവാധിപന്‍ പാപഗ്രഹമാവുകയും ജാതകത്തില്‍ മിഥുനം, കര്‍ക്കിടകം, കന്നി, മീനം രാശികളില്‍ നില്‍ക്കുകയും സൂര്യന്‍ ശുക്ര യോഗം ചെയ്ത് മിഥുനം, ചിങ്ങം, കന്നി എന്നീ രാശികളില്‍ നില്‍ക്കുകയും കളത്രകാരനായ ശുക്രന്‍ ഏഴില്‍ നില്ക്കുകയും ചെയ്താലും വിവാഹം വൈകും.
ശനിയും ചൊവ്വയും ഒന്നിച്ച് എഴില്‍ നിന്നാല്‍ വിവാഹത്തിന് കാലതാമസവും വിവാഹബന്ധത്തില്‍ തന്നെക്കാള്‍ വളരെ പ്രായംകൂടിയ (പ്രായവ്യത്യാസമുള്ള) ആളിനെ സ്വീകരിക്കേണ്ടിയും വരുന്നതാണ്. ശനിയും ചൊവ്വയും പരസ്പരം വീക്ഷിക്കുന്നതും നന്നല്ല. ശുക്രന്‍ കന്നി രാശിയില്‍ നിന്നാലും വിവാഹതടസ്സം ഉണ്ടാകാം. നടന്നാല്‍ തന്നെ, തന്നെക്കാള്‍ കുറഞ്ഞ നിലവാരമുള്ള ബന്ധമായിരിക്കും വന്നുചേരുന്നത്.
പരിഹാരങ്ങള്‍-:-
ചൊവ്വാദോഷംകൊണ്ട് വിവാഹത്തിനു പ്രതിബന്ധം നേരിടുന്നവരും പാപസാമ്യമില്ലാത്തതുമൂലം ചൊവ്വയുടെ അനിഷ്ടഫലമനുഭവിക്കുന്നവരും ചൊവ്വാഴ്ച വ്രതമനുഷ്ഠിക്കുന്നത് വളരെനല്ലതാണ്. ചുവന്ന പൂക്കള്‍ കൊണ്ട് അംഗാരകപൂജ നടത്തുക, അംഗാരകസ്‌തോത്രങ്ങള്‍ ജപിക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യാവുന്നതാണ്. ചൊവ്വ തന്‍റെ ഉച്ചരാശിയായ മകരത്തില്‍ സഞ്ചരിക്കുന്ന കാലം ഈ വ്രതമനുഷ്ഠിക്കുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും. ജാതകത്തില്‍ ചൊവ്വ യുഗ്മരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ഭദ്രകാളീക്ഷേത്രദര്‍ശനം, ഭദ്രകാളിസ്‌ത്രോത്രജപം എന്നിവ ചെയ്യണം. ജാതകത്തില്‍ ചൊവ്വ ഓജരാശിയില്‍ നില്‍ക്കുന്നവര്‍ ചൊവ്വാഴ്ച വ്രതദിവസം സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും സുബ്രഹ്മണ്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങളുടെ ജപവും നടത്തേണ്ടതാണ്.
ശനിയാണ് ദോഷകാരകന്‍ എങ്കില്‍ ശാസ്താവിന് നീരാജനം, ഹനുമാന്‍സ്വാമിക്ക് വെറ്റിലഹാരം എന്നിവ സമര്‍പ്പിക്കണം. ‘മണികണ്ഠ മംഗളാര്‍ച്ചന’ ശനിയാഴ്ചകളില്‍ ചെയ്യുന്നതും ഏറെ ഗുണംനല്‍കും. ശുക്രനെക്കൊണ്ടുള്ള ദോഷങ്ങള്‍ക്ക് ലക്ഷ്മീനാരായണ പൂജവളരെ ഫലപ്രദമാണ്.
ശിവപാര്‍വ്വതീ ക്ഷേത്രങ്ങളില്‍ ചെയ്യുന്ന ‘ഉമാമഹേശ്വരപൂജ’ അസാധാരണ ഫലംനല്‍കുന്ന ഒരു വഴിപാടാണ്. പ്രത്യേകിച്ച് യുവതികള്‍ക്ക് വളരെ ഗുണകരമാണ്. എന്നാല്‍, ഈ അര്‍ച്ചന മുടങ്ങാതെ നിശ്ചിത എണ്ണം പൂര്‍ത്തീകരിക്കണം എന്നത് നിര്‍ബന്ധമാണ്. രാഹുമൂലമുള്ള ദോഷത്തിന് സര്‍പ്പത്തിന്‍റെ ഇനം അനുസരിച്ച് ഉത്തമമായ ദോഷപരിഹാരം ചെയ്യേണ്ടതാണ്. ബാണേശി ഹോമം, ബഗളാമുഖി പൂജ തുടങ്ങിയ ശാക്തേയ ക്രിയകള്‍ ഗുണകരമാണെന്നും ചില കാര്‍മ്മികര്‍ അഭിപ്രായപ്പെടുന്നു.