ഏകാദശി വ്രതാനുഷ്ടാനങ്ങളിൽ അതി വിശിഷ്ടമായി അറിയപ്പെടുന്ന ഏകാദശിയാണ് വൈകുണ്ഠ ഏകാദശി അല്ലെങ്കിൽ സ്വർഗ്ഗവാതിൽ ഏകാദശി. ധനുവിലെ വെളുത്ത ഏകാദശി തിഥിയാണ് വൈകുണ്ഠ ഏകാദശി. മനുഷ്യജന്മ ശേഷം സ്വർഗത്തിൽ വസിക്കാൻ കഴിയുന്നു എന്നതു മാത്രമല്ല, ഇഹലോകത്തും സർവ ഭാഗ്യാനുഭവങ്ങളോടു കൂടി വസിക്കാൻ ഈ വ്രതം സഹായിക്കും. എന്നത് മാത്രമല്ല, പിതൃ പ്രീതിയില്ലായ്മ, പിതൃദോഷം, പിതൃ കർമങ്ങളിൽ വന്ന ലോപങ്ങൾ മൂലമുള്ള ദോഷങ്ങൾ മുതലായവ അനുഭവിക്കുന്നവരും ഈ വ്രതം അനുഷ്ഠിച്ചാൽ സർവ ദോഷങ്ങളും അകലുന്നതാണ്.
ഈ വർഷത്തെ സ്വർഗ്ഗവാതിൽ ഏകാദശി 2025 ജനുവരി മാസം പത്താം തീയതി വെള്ളിയാഴ്ചയാണ്.
വ്രതാനുഷ്ടാനം എങ്ങനെ?
ഏകാദശിയുടെ തലേന്നാളായ ദശമി ദിവസം ഒരിക്കല്‍ ഉപവാസം അനുഷ്ടിക്കണം. അതായത് ഒരു നേരം മാത്രം ഊണു കഴിക്കുക. രാത്രി വെറും നിലത്തു കിടന്നേ ഉറങ്ങാവൂ. ഏകാദശി ദിവസം അന്നപാനാദികള്‍ ഒന്നുമില്ലാതെ ഉപവാസം അനുഷ്ഠിക്കണം. ആരോഗ്യം അനുവദിക്കാത്തവർ ഒരു നേരം പാലോ പഴമോ കഴിക്കുക. ഔഷധങ്ങൾ മുടക്കേണ്ടതില്ല. ഏണ്ണ തേച്ചു കുളിക്കരുത്. പ്രഭാതസ്നാനം നിര്‍വ്വഹിച്ച് മനസ്സില്‍ അന്യചിന്തകള്‍ക്കൊന്നും ഇട നല്‍കാതെ ശുദ്ധമനസ്സോടെ ഭഗവാനെ ധ്യാനിക്കുകയും, ശുഭ്രവസ്ത്രം ധരിക്കുകയും വേണം. ക്ഷേത്രോപവാസത്തിന് ഏറെ പ്രാധാന്യമാണുള്ളത്. വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഭഗവാനെ വന്ദിച്ച് പ്രദക്ഷിണം വയ്ക്കുക. വിഷ്ണുസഹസ്രനാമം ജപിക്കുക. മൌനവ്രതം പാലിക്കുവാന്‍ സാധിച്ചാല്‍ അത്രയും ഉത്തമമാണ്. ശ്രീമദ്ഭാഗവതം , ഭഗവദ് ഗീത, ഏകാദശി മാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുകയോ, ശ്രവിക്കുകയോ ചെയ്യുക. ബ്രഹ്മചര്യം പാലിക്കണം. താംബൂലചര്‍വ്വണം അരുത്.
ദ്വാദശിയിൽ ഹരിവാസര സമയത്തിന് ശേഷം തുളസിയും മലരും ഇട്ട തീർത്ഥം സേവിച്ച് പാരണ വീടാം.
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി അതി വിശേഷമാണ്. അന്നേ ദിവസം ശ്രീകോവിലിലെ ഒരു പ്രതേക വാതിൽ സ്വർഗ്ഗവാതിൽ എന്ന രീതിയിൽ സവിശേഷ പൂജകൾ നടത്തും. ശീവേലിയും എഴുന്നള്ളത്തും ഉണ്ടായിരിക്കും. ഇത് ദർശിക്കുന്നതേ പുണ്യം തന്നെ.