ചതുർത്ഥി വ്രതം നാളെ തുടങ്ങിയാൽ ആഗ്രഹ സാധ്യം.

ചതുർത്ഥി വ്രതം നാളെ തുടങ്ങിയാൽ ആഗ്രഹ സാധ്യം.

Share this Post

ആഗ്രഹങ്ങൾ സാധിക്കാനും തടസ്സങ്ങൾ അകലാനും ഗണപതി പ്രീതി അത്യന്താപേക്ഷിതമാണ്. വിനായകപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ പുണ്യ ദിനമാണ് വിനായകചതുർത്ഥി. വിനായക ചതുർത്ഥിയിൽ വ്രതനിഷ്ഠയോടെ ഗണപതിയെ ആരാധിച്ചാൽ അസാധ്യമായ കാര്യങ്ങൾ വരെ സാധിക്കും.

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർത്ഥി വെളുത്തപക്ഷ ചതുർത്ഥി തിഥിയാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഇത്തവണ 2022 ഓഗസ്റ്റ് 31 നാണ് ഈ പുണ്യ ദിനം. അന്നേദിവസം ഗണേശ പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്.

ഈ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്. വിനായകചതുർഥിയിൽ ഗണേശ സഹസ്രനാമം ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം. വിനായക ചതുർഥി ദിനത്തിലെ ഗണപതി പ്രീതി കർമങ്ങളുടെ ഫലസിദ്ധി അടുത്ത വിനായക ചതുർഥി വരെയുള്ള ഒരു വർഷക്കാലം നിലനിൽക്കും എന്നാണ് മറ്റൊരു വിശ്വാസം. ഭക്തരുടെ അനുഭവങ്ങളും അത് സാധൂകരിക്കുന്നു.


സർവ്വാഭീഷ്ടസിദ്ധിക്ക്
ചതുർഥി ദിനത്തിൽ ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ട് മാല, അർച്ചന, മോദകനേദ്യം, ഗണപതി ഹോമം എന്നിവ നടത്തിയാൽ സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം. വീടുകളിൽ മോദകമോ കൊഴുക്കട്ടയോ അടയോ ഉണ്ടാക്കി ഭക്ഷണപ്രിയനായ ഭഗവാനെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നത് കുടുംബൈശ്യര്യവർദ്ധനവിന് ഉത്തമമാണ്.


ചതുർഥി വ്രതം എന്തിന്?
വിനായക ചതുർഥി ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. ചതുർഥി വ്രതം എന്നറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിച്ചാൽ അടുത്ത വിനായക ചതുര്‍ഥി വരെയുള്ള ഒരു വര്‍ഷക്കാലം ഗണേശപ്രീതിയിലൂടെ സർവ വിഘ്‌നങ്ങൾ നീങ്ങി ഉദ്ദിഷ്ട കാര്യലബ്‌ധിയുണ്ടാവുമെന്നാണ് വിശ്വാസം.


ചതുർഥി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ?
ചതുർഥിയുടെ തലേന്ന് മുതൽ വ്രതം ആരംഭിക്കുന്ന രീതിയിൽ വ്രതം ആചരിക്കാവുന്നതാണ്. വെളുത്തപക്ഷ പ്രഥമയായ 2022 ആഗസ്റ്റ് 28 ഞായറാഴ്ച മുതൽ ചതുർത്ഥിവ്രതം ആചരിക്കുന്നത് കൂടുതൽ നല്ലതാണ്. ആഗ്രഹ സിദ്ധിക്കും തടസ്സ നിവാരണത്തിനും ഇതു കൂടുതൽ സഹായിക്കും. വ്രതനിഷ്ഠയോടെ ഗണേശ ഭഗവാനെ ആരാധിച്ച് പ്രീതിപ്പെടുത്തിയാൽ എല്ലാ വിഘ്നങ്ങളും അകലും. ഈ ദിവസം നടത്തുന്ന ചതുർഥി പൂജ, ഗണപതി ഹോമം, മോദകം, ഉണ്ണിയപ്പം, അട നിവേദ്യം എന്നിവയ്ക്കും മന്ത്ര-സ്തോത്ര ജപങ്ങൾക്കും മറ്റ് ഉപാസനയ്ക്കും സവിശേഷ ഫലസിദ്ധിയുണ്ട്.

എല്ലാ വ്രതാനുഷ്ടാനങ്ങളും പോലെ പ്രഥമ മുതൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കുക. ഒരിക്കലൂണ് ആവാം. എണ്ണതേച്ചു കുളി, പകലുറക്കം എന്നിവ നിഷിദ്ധമാണ്. ചതുർഥി ദിനത്തിൽ സൂര്യോദയത്തിനു മുന്നേ കുളിച്ചു ശരീരശുദ്ധി വരുത്തി നിലവിളക്കു തെളിയിച്ചു ഗണപതി ഗായത്രികൾ ഭക്തിയോടെ ജപിക്കണം. കിഴക്കോട്ടു തിരിഞ്ഞാവണം ജപം. 108 തവ ജപിക്കുന്നതാണ് ഏറ്റവും ഉത്തമമെങ്കിലും കുറഞ്ഞത് 10 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കുക. തുടർന്ന് ഗണേശ ക്ഷേത്ര ദർശനം നടത്തി അവനവനാൽ കഴിയുന്ന വഴിപാടുകൾ സമർപ്പിക്കുക.

ധാന്യഭക്ഷണം ഒരുനേരമായി കുറച്ചുകൊണ്ട് മറ്റുള്ള സമയങ്ങളിൽ പാലും പഴവും മറ്റും കഴിക്കുക. ദിനം മുഴുവൻ ഗണേശസമരണയോടെ കഴിച്ചുകൂട്ടുന്നത് അത്യുത്തമം. കഴിയാവുന്നത്ര തവണ മൂലമന്ത്രമായ ” ഓം ഗം ഗണപതയേ നമഃ” ജപിക്കുക. സാധ്യമെങ്കിൽ വൈകുന്നേരവും ക്ഷേത്രദർശനം നടത്തുക. പിറ്റേന്ന് തുളസീ തീർഥമോ ക്ഷേത്രത്തിലെ തീർഥമോ സേവിച്ചു പാരണ വിടാം.

ഉദിഷ്ട കാര്യസിദ്ധിക്ക്
ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്


വിഘ്‌നനിവാരണത്തിന്
ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്


Share this Post
Rituals Specials